Sunday, July 08, 2007

അധ്യായം ഇരുപത്

മൂന്നുവര്‍ഷങ്ങള്‍ക്കുളളില്‍ ഇതാദ്യമായാണ്‌ വീട്ടിലേക്കുപോകുമ്പോള്‍, എവിടെയും അനിശ്ചിതത്വമെങ്കിലും, സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കണികകള്‍ തന്റെ മനസ്സിലുളളതായി കൃഷ്‌ണന്‍ അറിയുന്നത്‌. വരുന്ന ദിനങ്ങളില്‍ ചെയ്‌തു തീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ട്‌ അയാള്‍ക്ക്‌. തനിക്കു കീഴടക്കേണ്ടവ മുമ്പില്‍ ഉയര്‍ന്നു കിടക്കുന്നു ഃ നാട്ടിലേക്കുളള ബസ്സിലിരിക്കുമ്പോള്‍ കൃഷ്‌ണന്‍ ചിന്തിച്ചു. മുമ്പ്‌ തനിക്ക്‌ ചുറ്റും അവ്യക്തതയുടെ പുകമഞ്ഞായിരുന്നു. യഥാര്‍ത്ഥ ദിശയെക്കുറിച്ചറിയാതെ, പലപ്പോഴും മിന്നാംമിനുങ്ങുകളുടെ വെട്ടവും ശബ്‌ദങ്ങള്‍ വരുന്ന ദിക്കും ആധാരമാക്കിയായിരുന്നല്ലോ യാത്ര. അസംഭാവ്യതയുടെ അതിരുകളിലെത്തുന്നുവെങ്കിലും ദൃഢമായ തീരുമാനങ്ങള്‍ ഇന്ന്‌ മനസ്സിലുണ്ട്‌. ഒപ്പം അതിന്നു നേരിടേണ്ട വൈഷമ്യങ്ങള്‍ക്കുമുണ്ട്‌ കടുപ്പം. അവയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല ഇനി.

ഒരു മാസത്തിലധികം സ്‌റ്റഡിലീവുണ്ട്‌. ഒരു പേപ്പറൊഴിച്ച്‌ ബാക്കിയുളളവയെല്ലാം വളരെ എളുപ്പമായിട്ടാണ്‌ കൃഷ്‌ണന്‌ തോന്നിയിട്ടുളളത്‌. മിക്കവാറും വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ ഒരാവര്‍ത്തി ചെയ്‌തിട്ടുമുണ്ട്‌. അതിനാല്‍ ഇനി അധികസമയം ചിവഴിക്കേണ്ട കാര്യമില്ല.

മൈസൂരില്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ പോയ വിനയന്‍ വന്ന വാര്‍ത്തയാണ്‌ നാട്ടിലെത്തിയപ്പോള്‍ കൃഷ്‌ണനെ കാത്തിരുന്നത്‌. അമ്മായിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്‌ക്കാതെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു - അമ്മ വിനയനെത്തിയ വിശേഷം പറയുമ്പോള്‍ കൃഷ്‌ണന്‍ ഓര്‍ത്തു.





"എന്നാലും ഇങ്ങനെയുണ്ടോ ഒരു സൃഷ്‌ടി." അമ്മ അതുപറയുമ്പോള്‍ കൃഷ്‌ണന്‍ മനോവ്യാപാരങ്ങളില്‍ നിന്ന്‌ ഉണര്‍ന്നു, പിന്നെ തിരക്കി, "എന്താ?"





"നെഞ്ചെത്തെ താടി വളര്‍ത്തി, കാവിയും രുദ്രാക്ഷവുമണിഞ്ഞ്‌ സന്യാസ്യേപ്പോലാണത്രേ വിനയന്‍ വന്നിരിക്കണെ. ഞാന്‍ കണ്ടില്യ. ഗോപാലന്‍ പറഞ്ഞതാ. ഏതു സമേത്തും പൊകേം വലിച്ചോണ്ട്‌ ഒരേ ഇര്‌പ്പാ. കാര്‍ന്നോമ്മാര്‌ ചെന്ന്‌ അതുമിതുമൊക്കെ ചോദിച്ചിട്ട്‌ ഒന്നിനും കൃത്യമായ മറുപടീല്യ."





അതുകേട്ട്‌ കൃഷ്‌ണന്‍ ഒന്നും പറഞ്ഞില്ല. മനസ്സിന്റെ ഏതോ കോണില്‍ പകയുടെ വിഷബീജങ്ങള്‍ തിമിര്‍ത്താര്‍ക്കുന്നുണ്ടോ? അശ്വതിയുടെ ദൗര്‍ഭാഗ്യം എന്ന്‌ ആലോചിക്കാന്‍ ശ്രമിച്ചു അയാള്‍ പിന്നെ.





പെരിഞ്ചേരിയില്‍ നിന്നുളള പോക്കുവരവ്‌ തീരെ കുറഞ്ഞിരുന്നു. അമ്മാവനാണ്‌ പണ്ട്‌ കൂടെക്കൂടെ വന്നിരുന്നത്‌. അമ്മാവന്‌ അടുത്തയിടെ തീരെ വയ്യാതായിട്ടുണ്ട്‌. വിശേഷിച്ചെന്തെങ്കിലുമുണ്ടെങ്കില്‍ ഇപ്പോള്‍ ഗോപാലനാണ്‌ വരിക. ഒരു ദിവസം ഗോപാലന്‍ വന്നപ്പോള്‍ വിനയനെക്കുറിച്ച്‌ സവിസ്‌തരം കൃഷ്‌ണനോടു പറഞ്ഞു. ലഹരിമരുന്ന്‌ കഴിച്ച്‌ മാനസികനില തകര്‍ന്നായിരുന്നത്രേ ആ വരവ്‌. വന്നതിനുശേഷം ഇതുവരെ കുളിച്ചിട്ടില്ല. ദേഹത്തോ വസ്‌ത്രത്തിലോ തൊടാന്‍പോലും സമ്മതിക്കുന്നില്ല. കുറേശ്ശേ ഭക്ഷണം കഴിക്കും. ഉറക്കവും വളരെ അപൂര്‍വ്വമായേ ഉളളൂ. അമ്മായിയുടെ പ്രതീക്ഷകകളെല്ലാം വിനയന്‍ വന്ന അന്നു തന്നെ പൊലിഞ്ഞുപോയി. അവര്‍ ആകെ തകര്‍ന്നിരിക്കയാണത്രേ. വിനയന്റെ വീട്ടിലെക്കാളും ദുഃഖം തളംകെട്ടി നില്‌ക്കുന്നത്‌ പെരിഞ്ചേരിയിലാണ്‌. അമ്മാവന്‍ ആദ്യമേ നിശ്ചേഷ്‌ടനായി ഒരിടത്ത്‌, ഇപ്പോള്‍ അമ്മായിയും അശ്വതിയും. വിനയന്റെ പരീക്ഷകഴിഞ്ഞാല്‍ ഉടനെ അശ്വതിയുമായുളള വിവാഹം ഉറപ്പിക്കണമെന്നും പറഞ്ഞ്‌ ധൃതിയില്‍ കോപ്പുകൂട്ടുകയായിരുന്നു അമ്മായി. അമ്മായിയുടെ വീട്ടിന്നും പെരിഞ്ചേരിക്കുമിടയിലുളള ദൂതു മുഴുവന്നും ഗോപാലനാണ്‌ നിര്‍വ്വഹിക്കുക. അതിനാല്‍ എല്ലാത്തിന്നും സാക്ഷിയാകേണ്ടിവന്നു അയാള്‍.





അന്ന്‌ വിശേഷങ്ങളെല്ലാം പറഞ്ഞ്‌ പോയശേഷം പൈറ്റ്‌ ദിവസവും ഗോപാലന്‍ പടികയറിവരുന്നതു കണ്ടപ്പോള്‍ പ്രത്യേകിച്ചെന്തെങ്കിലും കാര്യത്തിന്നായിരിക്കുമെന്ന്‌ കൃഷ്‌ണന്‍ ഊഹിച്ചു. ഒരുപക്ഷേ, താനിവിടെയുണ്ടെന്നറിഞ്ഞ്‌ അമ്മാവന്‍ ഇനിയും പെരിഞ്ചേരിയിലേക്ക്‌ ക്ഷണിച്ചിരിക്കുകയായിരിക്കുമോ?





ഗോപാലന്റെ മുഖത്ത്‌ സാധാരണയുളള പ്രസരിപ്പും പുഞ്ചിരിയും കാണാനില്ല. മുറ്റത്തുനിന്നുതന്നെ അയാള്‍ കൃഷ്‌ണനെ വിളിച്ചു ഃ "കുഞ്ഞിങ്ങോട്ടിറങ്ങി വന്നേ."





പുറത്തേക്കിറങ്ങി ചെല്ലുമ്പോള്‍ ഗോപാലന്‍ പതുക്കെ ചോദിച്ചു, "അമ്മ അകത്തുണ്ടോ?"





"ഉവ്വ്‌, വിളിക്കണോ?"





വേണ്ടെന്ന്‌ കൈകൊണ്ട്‌ ആംഗ്യം കാട്ടി. എന്നിട്ട്‌ തൊടിയിലേക്ക്‌ കൃഷ്‌ണനെ വിളിച്ചിറക്കിക്കൊണ്ടുപോയി പറഞ്ഞു, "കുഞ്ഞേ, അമ്മാവന്‌ ഇത്തിരി കൂടുതലാ. നമുക്കമ്മേക്കൂട്ടി ഒടനെ അങ്ങോട്ടുപോകാം, കാറ്‌ കൊണ്ടുവന്നിട്ടുണ്ട്‌." എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു ഗോപാലന്‍.





ആ പെരുമാറ്റത്തില്‍ ആകെ ഒരു പന്തികേട്‌. സംശയത്തിന്റെ കറുത്ത പക്ഷികള്‍ കൃഷ്‌ണന്റെ മനസ്സിന്നുളളില്‍ കിടന്ന്‌ ചിറകിട്ടടിച്ചാര്‍ക്കുകയാണ്‌.





"സത്യം പറ ഗോപാലാ, അമ്മാവന്‌ എന്താ പറ്റ്യേ?"





ഗോപാലന്‍ അപ്പോള്‍ മേറ്റ്വിടെയോ ദൃഷ്‌ടിയൂന്നി നില്‌ക്കുകയായിരുന്നു. കൃഷ്‌ണന്‍ വീണ്ടും ചോദിച്ചു, "എന്നോടൊന്നും ഒളിച്ചു വയ്‌ക്കേണ്ട ഗോപാലാ, ഞാന്‍ അറിഞ്ഞെന്നു വച്ച്‌ ഒന്നും വരാനില്ല. എന്താണ്ടായേ?"





ഗോപാലന്‍ വീണ്ടും കൃഷ്‌ണന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ആ നയനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. അര്‍ത്ഥഗര്‍ഭമായ ആ നോട്ടവും മൗനവും തന്റെ മനസ്സിനെയും ഉലയ്‌ക്കുകയാണെന്ന്‌ കൃഷ്‌ണനറിഞ്ഞു.





അമ്മയോട്‌ അമ്മാവന്‌ കൂടുതലാണെന്നേ പറഞ്ഞുളളൂ. പക്ഷേ, പെരിഞ്ചേരിയോടടുക്കുന്തോറും അമ്മയും യാഥാര്‍ത്ഥ്യം അറിയുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും വെറുതെ എന്തിന്‌ നുണപറയണമെന്നു കരുതി അയാള്‍ മറുപടിയൊന്നും കൊടുത്തില്ല, മൗനസമ്മതങ്ങള്‍ പോലെ. അപ്പോഴേ വിതുമ്പിത്തുടങ്ങിയിരുന്നു അമ്മ. പെരിഞ്ചേരിയുടെ പടികയറുമ്പോള്‍ ഉളളില്‍ നിന്നുമുയരുന്ന വിലപനങ്ങളുടെ മുഴക്കം മതിയായിരുന്നു അമ്മയുടെകരച്ചില്‍ ഉറക്കെയാവാന്‍.





എല്ലാത്തിലും അയാള്‍ ഒരു പ്രതിമ കണക്കെ നിന്നു. ശേഷക്രിയയ്‌ക്ക്‌ അനന്തരവന്റെ സ്‌ഥാനത്തുനിന്നുളള കാര്യങ്ങള്‍ ചെയ്യണം. പതിന്നാലു കഴിയുന്നതുവരെ പെരിഞ്ചേരിയിലെ ഔട്ട്‌ഹൗസിലായിരുന്നു താമസം. തീരെ ഇഷ്‌ടമുണ്ടായിട്ടല്ല അയാള്‍ അവിടെ കഴിഞ്ഞത്‌, എങ്കിലും മറ്റുളളവരെപ്രതി അമ്മാവന്റെ ആത്മാവിനെ നിന്ദിക്കാന്‍ എട കൊടുക്കരുത്‌. ഏട്ടന്‍ ഒരു കാരണവരെപ്പോലെയാണ്‌ പെരുമാറുന്നത്‌. എല്ലാ ആവശ്യങ്ങള്‍ക്കും ഓടിനടക്കാനും വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കാനും ഏട്ടന്‍ മുന്നിരയില്‍ തന്നെയുണ്ട്‌. പഴയ ആ തണുപ്പന്‍ പ്രകൃതം എവിടെയൊ പോയി ഒളിച്ചിരിക്കുന്നു.





ആഗ്നസിനെ വിശേഷങ്ങള്‍ എഴുതി അറിയിക്കണമെന്ന്‌ കൃഷ്‌ണന്‍ വിചാരിച്ചിരുന്നതാണ്‌. പിന്നെ വെണ്ടന്നു വച്ചു. എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തിയശേഷം സ്വസ്‌ഥമായിരുന്നൊരു കത്തെഴുതാം.





പതിന്നാലു കഴിഞ്ഞ അന്നുസന്ധ്യക്കുതന്നെ കൃഷ്‌ണന്‍ ഔട്ട്‌ഹൗസില്‍ നിന്ന്‌ പെരിഞ്ചേരിയിലേക്കു വന്നു, വീട്ടിലേക്കു പോകാന്‍ തയ്യാറായി. അയാളുടെ വേഷം തീരെ മുഷിഞ്ഞിരുന്നു അപ്പോഴേക്കും.





ഉമ്മറത്ത്‌ ആരെയും കാണുന്നില്ല. അമ്മയെയാണ്‌ കൃഷ്‌ണന്‍ വിളിച്ചത്‌. അയാളെ കണ്ടയുടനെ അമ്മ ചോദിച്ചു, "നീ പോവ്വായിരിക്കും, അല്ലേ?"





"ങ്‌ഹാ, പരീക്ഷയടുക്കാറായില്ലേ. അമ്മായിയെ ഒന്നു വിളിക്കൂ."





അകത്ത്‌ കാല്‍പ്പെരുമാറ്റങ്ങള്‍. ആരൊക്കെയോ തന്നെ ശ്രദ്ധിച്ച്‌ ഉളളില്‍ നില്‌ക്കുന്നുണ്ടെന്ന്‌ വ്യക്തം. അയാള്‍ അങ്ങോട്ട്‌ നോക്കാന്‍ പോയില്ല.





അമ്മായി വരാന്തയില്‍ വന്നു നില്‌ക്കുന്നത്‌ കൃഷ്‌ണനറിഞ്ഞു. കരഞ്ഞു ചീര്‍ത്ത അവരുടെ കണ്‍പോളകള്‍ ഇപ്പോഴും അങ്ങനെ തന്നെ. കണ്ണുകള്‍ കൂടുതല്‍ ഉളളിലേക്കാണ്ടു പോയിരിക്കുന്നു.





"നീ ഇങ്ങോട്ട്‌ കയറണില്ലേ, കൃഷ്‌ണാ?" അമ്മായി ചോദിക്കുന്നു. അതു മനഃപൂര്‍വ്വം തന്നെയാണല്ലോ. എങ്കിലും അയാള്‍ മറുപടി കൊടുത്തു, "ഓ, ഞാന്‍ കേറണില്ല അമ്മായി. പോവ്വാണെന്നു പറയാന്‍ വിളിച്ചതാ, പരീക്ഷയ്‌ക്കിനി കുറച്ചു ദിവസമേയുളളൂ."





"നീയും പൊയ്‌ക്കോ മോനെ, ഞങ്ങള്‍ക്ക്‌ ആരും വേണ്ടല്ലോ." അവരതു പറഞ്ഞു മുഴുപ്പിക്കുന്നതിനു മുമ്പുതന്നെ കണ്ണുകള്‍ ആര്‍ദ്രമാകുന്നതു കണ്ടു. മുണ്ടിന്റെ കോന്തലകൊണ്ട്‌ കണ്ണീരൊപ്പി, അവര്‍ തുടര്‍ന്നു, "എനിക്കു നിന്നെ തടുത്തുനിര്‍ത്താനുളള അര്‍ഹതയില്ലല്ലോ. അതാ ഞാന്‍ പറയാത്തേ."





"അമ്മ ഇവിടെ ഉണ്ടല്ലോ അമ്മായി. ഏട്ടനേം ഞാന്‍ ഇങ്ങോട്ട്‌ പറഞ്ഞു വിടാം."





"ങ്‌ഹാ, ശരി."





പടിയിറങ്ങി നടക്കുമ്പോള്‍ അമ്മായിയുടെ സ്വഭാവവ്യത്യാസത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു അയാള്‍. അശ്വതിക്ക്‌ വിനയന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ എന്നേ കരുതിയിരുന്നുളളൂ. പക്ഷേ, കുറച്ചു മുമ്പു കേട്ട ആ വാക്കുകളുടെ ധ്വനി വീണ്ടും തന്നെ ഒരു വിഷമവൃത്തത്തില്‍ കുടുക്കുന്നതിന്റേതാണ്‌. അമ്മാവന്റെ വിയോഗം മൂലം പെരിഞ്ചേരിയില്‍ ഒരു ആണ്‍തുണ അത്യാവശ്യമാണ്‌. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ നേരെ തന്നിലേക്കേ തിരിയുകയുളളൂ. ഇടയ്‌ക്കുണ്ടായ അപശ്രുതികളൊന്നും ആര്‍ക്കുമറിയില്ല. കൃഷ്‌ണന്‍ ചിന്തിച്ചു.

ഏറെ ആലോചിക്കാതിരിക്കുന്നതാണ്‌ നന്നെന്ന്‌ പിന്നെ അയാള്‍ക്കു തോന്നി.

വീട്ടിലെത്തി കുളിച്ചു. വെളളത്തിന്റെ കുളിര്‍മ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. പഠിക്കാനിരുന്നപ്പോള്‍ ഏട്ടിലെയക്ഷരങ്ങള്‍ വളരെ അകലെയെന്ന വണ്ണം തോന്നിപ്പിക്കുന്നു. ഒപ്പം തലവേദനയും. കിടക്കയിലേക്കു ചരിയുമ്പോള്‍ സ്‌റ്റഡിലീവിലെ പൊലിഞ്ഞു പോയ പകുതി ദിനങ്ങളെക്കുറിച്ച്‌ അയാള്‍ വെറുതെ ഓര്‍ത്തു.

1 comment:

സുധി അറയ്ക്കൽ said...

ആകെ വിഷമവൃത്തത്തിലായല്ലോ!!!