Friday, September 15, 2006

അധ്യായം രണ്ട്

കൃഷ്ണന്‍ കാലത്ത്‌ ഉണര്‍ന്നപ്പോള്‍ കുറച്ചു വൈകി. കുളിയെല്ലാം വേഗം കഴിച്ചു. രാവിലെതന്നെയുള്ള ബസ്‌സു പോയാല്‍ പിന്നെ കുറെ വൈകും. ചായ കുടിച്ചെന്നു വരുത്തി അയാള്‍ ഉടനെ പെരിഞ്ചേരിക്ക്‌ പുറപ്പെട്ടു.

കൃഷ്ണന്റെ മനസ്‌സില്‍ മുഴുവന്‍ അശ്വതിയായിരുന്നു. അമ്മ അവളെക്കുറിച്ച്‌ മനഃപൂവ്വം അയാളോട്‌ പറയാറുണ്ട്‌. അപ്പോള്‍ എങ്ങനെയെങ്കിലും അയാള്‍ അവിടെ നിന്ന്‌ രക്ഷപ്പെടും. പക്ഷേ അവളെക്കുറിച്ചോത്ത്‌ വളരെ നേരമയാള്‍ ഇരുന്നു പോയിട്ടുണ്ട്‌. ഹൈസ്‌ക്കൂളിലായതിന്നു ശേഷം വളരെക്കുറച്ചേ കാണാറുള്ളൂ, അമ്പലത്തിലെ ഉത്സവത്തിനു വരുമ്പോള്‍, അല്ലെങ്കില്‍ പെരിഞ്ചേരിയില്‍ എന്തെങ്കിലും കാര്യത്തിന്‌ അയാള്‍ ചെല്ലുമ്പോള്‍. കാണുമ്പോള്‍ വളരെയൊന്നും സംസാരിക്കാറില്ല. ജയിച്ചോ, എത്ര മാര്‍ക്കുണ്ട്‌ എന്നൊക്കെ മാത്രം. ഒരുപാട്‌ സംസാരിക്കാറുണ്ടെങ്കിലും വിഷയങ്ങളുടെ അപര്യാപ്തത.

അശ്വതി പ്രീഡിഗ്രിക്കു ചേര്‍ന്നതില്‍പ്പിന്നെ ഇതുവരെ അയാള്‍ കണ്ടിട്ടില്ല അവളെ. കഴിഞ്ഞ വര്‍ഷം ഉത്സവത്തിന്റെ സമയത്ത്‌ അവള്‍ക്ക്‌ പരീക്ഷയായിരുന്നു. ഇപ്പോള്‍ പരിഷ്‌ക്കാരിയായിട്ടുണ്ടാവും, ടൗണിലെ കോളേജിലല്ലേ അവള്‍ പഠിക്കുന്നത്‌- അയാള്‍ വിചാരിച്ചു.

ആദ്യമൊക്കെ സ്‌കൂളടച്ചാല്‍ പെരിഞ്ചേരിയിലാണ്‌ അവധിക്കാലം ചിലവഴിക്കുക. അവിടെ അയാളുടെ പ്രധാന കൂട്ട്‌ അടുത്ത വീട്ടിലെ സതീഷായിരുന്നു. അശ്വതി ചെറുതായിരുന്നെങ്കിലും അവരുടെ പിന്നാലെ കൂടും.ചിലപ്പോളതു ശല്ല്യമായിത്തീരാറുണ്ടായിരുന്നു. ആരും കാണാതെ ചിറയില്‍ ആമ്പല്‍പ്പൂ പറിക്കാന്‍ പോകുമ്പോള്‍ അവളെക്കൂട്ടാറില്ല. അവള്‍ ആദ്യം നിന്നു ചിണുങ്ങും. പിന്നെ ഉച്ചത്തിലുള്ള കരച്ചിലാവും. അമ്മാവനോ അമ്മായിയോ അറിയും. ശേഷം വഴക്കിന്റെ ബഹളമാണ്‌. അമ്മാവന്‍ പരമ ശുദ്ധനാണ്‌. മുന്‍കോപം മാത്രമേയുള്ളൂ. വഴക്കുകേട്ട്‌ കോലായില്‍ മുഖവും വീര്‍പ്പിച്ചിരിക്കുമ്പോള്‍ അമ്മാവന്‍ വന്നു തലോടിക്കൊണ്ടു പറയും,

"മോന്‍ വിഷമിക്കണ്ടാട്ടോ അവളിങ്ങോട്ടു കൊണ്ടാക്കിയ പോലെ ഞാനങ്ങട്ട്‌ കൊണ്ടുചെല്ലണ്ടേ നിന്നെ. നീ വല്ല കുഴിലോ കുളത്തിലോ വീണാലെങ്ങനാ?"

കണ്ണു നനഞ്ഞെങ്കില്‍ തോര്‍ത്തെടുത്ത്‌ അതു തുടച്ചു തരും. പിന്നെ അയാളുടെ കൈയില്‍ പിടിച്ച്‌ നാരായണന്‍നായരുടെ പീടികയിലേക്കു നടക്കും. അമ്മാവന്‌ പാലൊഴിക്കാത്ത കാപ്പി. അയാള്‍ക്ക്‌ എന്തുവേണമെന്ന്‌ നാരായണന്‍ ‍ നായര്‍ക്കറിയാം, പാലുംവെള്ളവും നല്ലവണ്ണം മൊരിഞ്ഞ പരിപ്പുവടയും. അമ്മയും അമ്മായിയും എങ്ങനെയുണ്ടാക്കിയാലും ആ പരിപ്പുവടയുടെ രുചി വരില്ല. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാവന്‍ നാരായണന്‍ നായരോട്‌ അയാളുടേയും സതീഷിന്റേയും കുസൃതികളെപ്പറ്റി പറഞ്ഞു ചിരിക്കും. ആ അമ്മാവന്‍ വീണ്ടും ദേഷ്യപ്പെടുമ്പോള്‍ കൃഷ്ണന്‌ അത്ഭുതം തോന്നാറുണ്ടായിരുന്നു.

പെരിഞ്ചേരിയില്‍ വീടിനു കുറച്ചു മാറി ഔട്ട്‌ഹൗസുണ്ടായിരുന്നു. പണ്ട്‌ നെല്ലിടാനോ മറ്റോ ഉപയോഗിച്ചിരുന്നതാണ്‌. ഇപ്പോള്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ അവിടെയാണു കിടപ്പ്‌. മുതിര്‍ന്നതിനു ശേഷം പെരീഞ്ചേരിയില്‍ ചെന്നാല്‍ ഔട്ട്‌ഹൗസിലാണയാള്‍ താമസിക്കുക. കുട്ടിക്കാലത്ത്‌ ഒളിച്ചുകളിക്കാറുണ്ടായിരുന്ന പ്രധാന സ്ഥലം അതായിരുന്നു. അശ്വതിയെക്കൂട്ടിയിരുന്ന ഏക കളിയാണൊളിച്ചു കളി. അപ്പോള്‍ മാത്രം അവള്‍ കരയാനിടവരാറില്ല.

സതീഷ്‌ നല്ലവണ്ണം വരക്കുമായിരുന്നു. ഏറ്റവും ഇഷം കിളികളെ വരക്കാനും. കളിച്ചു മടുക്കുമ്പോള്‍ പലപ്പോഴായി എല്ലാവരും പോകും. അവസാനം അയാളും സതീഷും മാത്രമാകും. കരിയോ അപ്പയുടെ ഇലയോ കൊണ്ട്‌ സതീഷ്‌ ചിത്രം വരക്കുമ്പോള്‍ അശ്വതി അനങ്ങാതെ നോക്കിയിരിക്കും. കുറെ ആകുമ്പോള്‍ ഒറ്റ ഓട്ടമാണു വീട്ടിലേക്ക്‌. അവള്‍ പോകുമ്പോള്‍ സതീഷിനറിയാം അമ്മാവനെ വിളിക്കാനായിരിക്കുമെന്ന്‌. ഉടനെ അവനും സ്ഥലം വിടും. അത്സാവനെത്തുമ്പോള്‍ കുറ്റങ്ങളും വഴക്കും ഏറ്റുവാങ്ങാന്‍ കൃഷ്ണന്‍ മാത്രമേ കാണൂ. രാമന്‍കുട്ടിക്ക്‌ നല്ല പണിയാണ്‌ പിന്നെ, ചുമരു കഴുകി വൃത്തിയാക്കല്‍. ഒപ്പം ഉപദേശങ്ങളും.

ഊഞ്ഞാലാടണമെന്നു തോന്നിയാല്‍ പിന്നെ അശ്വതി സ്വൈര്യം കൊടുക്കില്ല. അയാളുടെ പിന്നാലെ കൂടും. ഊഞ്ഞാലു കെട്ടണമെങ്കില്‍ വളരെ ബുദ്ധിമുട്ടണമായിരുന്നു. പറമ്പിന്റെ മൂലയില്‍ ചാഞ്ഞുകിടക്കുന്ന പറങ്കിമാവിന്റെ കൊമ്പായിരുന്നു ഊഞ്ഞാല്‍ കെട്ടുന്ന സ്ഥലം. കിണറ്റില്‍ ഉപയോഗിച്ചരുന്ന കയറിനു മാത്രമേ ഒത്ത നീളം കിട്ടുമായിരുന്നുള്ളൂ. അത്‌ ആരും കാണാതെ അഴിച്ചെടുക്കണം. നല്ല പൊക്കമുള്ള പറങ്കിമാവില്‍ വലിഞ്ഞുകയറി, ഊഞ്ഞാലും കെട്ടി താഴെയിറങ്ങുമ്പോള്‍ നെഞ്ചുപൊട്ടി നീറുന്നുണ്ടാവും. പിന്നെ തെങ്ങിന്‍മടലു മുറിച്ചെടുത്ത്‌ ഊഞ്ഞാലില്‍ ഇരിപ്പിടം ഉണ്ടാക്കണം. എന്നാലും അശ്വതി അതിലിരുന്ന്‌ ആടുന്നതു കാണുമ്പോള്‍ എന്തൊക്കെയോ ചെയ്തു തീര്‍ത്ത സംതൃപ്തിയാണ്‌ ഉണ്ടായിരുന്നത്‌.

കവലയില്‍ ബസ്‌സിറങ്ങി കൃഷ്ണന്‍ ചുറ്റും നോക്കി. ഒരുവര്‍ഷത്തിലധികമായി ഇങ്ങോട്ടു വന്നിട്ട്‌. പട്ടണത്തിലെ വ്യത്യാസങ്ങള്‍ വളരെപ്പെട്ടന്ന്‌ ഇവിടെയെത്തും. നാരായണന്‍നായരുടെ കട തന്നെ ആകെ മാറിയിരിക്കുന്നു. പണ്ട്‌ പനമ്പു തട്ടികവച്ച്‌ മറച്ചിരുന്ന ഭാഗങ്ങളെല്ലാം കല്‍ച്ചുമര്‌ പണിതു മറച്ചിട്ടുണ്ട്‌. പഴയ ബെഞ്ചിനും ഡസ്‌കിനും പരം കസേരയും മേശയുമൊക്കെയായി. ബോര്‍ഡും വച്ചിരിക്കുന്നു- നാരായണ കോഫി ഹൗസ്‌. നടുവില്‍ ഓം എന്ന അക്ഷരം വലുതായെഴുതിട്ടുണ്ട്‌.

പഴയ നാരായണന്‍നായര്‍ക്കു മാത്രം മാറ്റമില്ല. സ്ഥിരം വേഷമായ കരിപുരണ്ട വെള്ളമുണ്ടുമുടുത്ത്‌ ചായ അടിക്കുന്നു.

"കൃഷ്ണന്‍കുട്ടിയല്ലേ ആ പോണേ?" നാരായണന്‍നായര്‍ കണ്ടെത്തിക്കഴിഞ്ഞു.

"അതേ". കൃഷ്ണന്‍ തിരിഞ്ഞു നിന്നു.

"നീയെന്താ കുട്ടീ ആ ചെളീലു നില്‍ക്കണേ? ഇങ്ങോട്ടു കയറിയിരിക്കൂ."

ക്ഷണം നിരസിച്ചില്ല. അയാള്‍ കയറിയിരുന്നു.

"നിനക്ക്‌ പാലുവെള്ളം വേണോ, ചായ വേണോ?"

കൃഷ്ണന്‍ വെറുതെ ചിരിച്ചു. നാരായണന്‍നായരുടെ ഓര്‍മ്മയെക്കുറിച്ചു മതിപ്പു തോന്നി.

"നിന്റെ മീശ കണ്ടിട്ട്‌ ഞാന്‍ പാലുംവെള്ളം തരോന്റെ കുട്ട്യേ? കൊച്ചുകുട്ടികളല്ലേ അതു കുടിക്കണത്‌."

ചായ കൊണ്ടു വച്ചു.

"നീ ഏതു ക്ലാസ്‌സിലായി ഇപ്പോള്‍?"

"പ്രീഡിഗ്രി പാസ്‌സായി".

"ആ ചെറുക്കന്‍ തോറ്റു തുന്നംപാടി നടക്കാ. ഇത്തവണയും പത്തിലു എഴ്‌തീട്ട്‌ തോറ്റൂന്നാ തോന്നണെ."

സതീഷിനെക്കുറിച്ചാണു പറയുന്നത്‌. അവന്റെ അമ്മയുടെ ബന്ധത്തിലേതോ ഒരമ്മാവനാണ്‌ നാരായണന്‍ നായര്‍. സതീഷിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മുതല്‍ നാരായണന്‍ നായരുടെ കൂടെയാണു താമസം.

നാട്ടുവിശേഷങ്ങളെല്ലാം നാരായണന്‍ നായര്‍ ചോദിച്ചറിഞ്ഞു. ചായയുടെ പൈസ കൊടുക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചെങ്കിലും, കളിയാക്കി അവിടുന്നു വിട്ടു.

അമ്മായിയെ വഴിയില്‍ വച്ചു തന്നെ കണ്ടു. പനിയായിട്ട്‌ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വീട്ടില്‍ ആരുമില്ല. അമ്മാവന്‍ പാടത്താണത്രേ.

അപ്പോള്‍ അശ്വതി?

കൃഷ്ണന്‍ അതു ചോദിച്ചില്ല. അമ്മായിക്കെന്തു തോന്നും. ചൊവ്വാഴ്‌ച ആയതുകൊണ്ടു കോളേജില്‍ പോയതാവും.

പ്രതീക്ഷിച്ച പോലെ തന്നെ അമ്മാവനെ വീട്ടില്‍ കണ്ടില്ല. പാടത്തുനിന്നു തിരി്‌ച്ചു വന്നില്ലായിരിക്കും. വെറുതെ ഔട്ട്‌ഹൗസിന്റെ അടുത്തു ചെന്ന്‌ അയാള്‍ നോക്കി. ചുമരുകള്‍ അഴുക്കു പുരണ്ട്‌ ആകെ വൃത്തികേടായിക്കിടക്കുകയാണ്‌. അമ്മായിക്ക്‌ പഴയതു പോലുള്ള ആരോഗ്യമൊന്നും ഇല്ലായിരിക്കും. കൈയില്‍ എന്തെങ്കിലും ഉപകരണവുമായിട്ടേ പണ്ടവരെ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. അമ്മാവന്റെ അഭിവൃദ്ധി അമ്മായിയുടേയും കൂടി ശ്രമഫലമാണ്‌.

വയലിലേക്ക്‌ പോകാമെന്ന്‌ കൃഷ്ണന്‍ തീരുമാനിച്ചു. പഴയ കേളീരംഗമൊക്കെ കാണാമല്ലോ. അവിടേക്കു നടക്കുമ്പോള്‍ ആ ചിന്തയായിരുന്നു അയാളുടെ മനസ്‌സില്‍.

രാമന്‍കുട്ടി വയലില്‍ കെട്ടിക്കിടക്കുന്ന വെള്ളം പൊളിച്ചു കളയുകയാണ്‌. അമ്മാവന്‍ അടുത്തുതന്നെ നില്‌ക്കുന്നുണ്ട്‌. അയാളെക്കണ്ട ഉടനെ തന്നെ അമ്മാവന്‍ വിളിച്ചു ചോദിച്ചു.

"ഇങ്ങോട്ടൊക്കെവരാന്‍ വഴി അറിയുവോ കൃഷ്ണന്‍കുട്ടിയേ?"

അമ്മാവന്‍ കരയിലേക്കു കയറി നിന്നു.

പെരിഞ്ചേരിയിലേക്കു നടക്കുമ്പോള്‍ അമ്മാവന്‍ ധാരാളം സംസാരിക്കുന്നുണ്ടായിരുന്നു. റിസല്‍ട്ടിന്റെ കാര്യം പെട്ടന്നാണോര്‍ത്തതെന്നു തോന്നുന്നു.

"നീ പാസ്‌സായോ കൃഷ്ണന്‍കുട്ടിയേ?"

മറുപടി കൊടുത്തു അയാള്‍. ക്ലാസ്‌സുള്ള കാര്യവും പറഞ്ഞു.

അമ്മാവന്‌ സന്തോഷമായി. അത്‌ വര്‍ത്തമാനത്തില്‍ സ്‌ഫുരിക്കുന്നുണ്ട്‌. എന്നിട്ടും അമ്മാവന്‍ എന്തിനാണു വരാന്‍ പറഞ്ഞതെന്നു പറയുന്നില്ലല്ലോ. ചോദിക്കാനും അയാള്‍ക്കൊരു മടി, വിളിച്ചതുകൊണ്ടു മാത്രമാണുവന്നതെന്നു ചിന്തിക്കും. അമ്മാവന്‌ അതു മതി പിന്നെ പരിഭവം പറഞ്ഞു നടക്കാന്‍.

ഉച്ചക്ക്‌ അമ്മാവനും രാമന്‍കുട്ടിയുമൊത്ത്‌ കൃഷ്ണന്‍ ഊണു കഴിച്ചു. ഉള്ള സമയംകൊണ്ട്‌ രണ്ടു മൂന്നു കറികളുണ്ടാക്കിയെന്നമ്മായി പറഞ്ഞു. ജലദോഷപ്പനി കൊണ്ട്‌ പ്രത്യേകമൊന്നും വേണ്ടായെന്നു വിചാരിച്ചിരിക്കുകയായിരുന്നത്രേ.

അമ്മാവന്‌ മീന്‍കറി വേണം. വേറൊന്നുമില്ലെങ്കിലും അതു നിര്‍ബന്ധമാണ്‌. അമ്മായിക്ക്‌ അമ്മാവനോടു വിരോധമുള്ള കാര്യവും അതു തന്നെ. തിരുവോണത്തിന്‍നാളും മീനുണ്ടാക്കിക്കൊടുക്കണമെന്ന്‌ അമ്മായി പരിഭവം പറയാറുണ്ട്‌. വീട്ടില്‍ക്കയറ്റാത്തതുകൊണ്ട്‌ മീന്‍ കഴിക്കണമെങ്കില്‍ കൃഷ്ണനു പെരിഞ്ചേരിയില്‍ വരണം. കുളത്തില്‍ നിന്നു പിടിച്ച വരാലാണെന്നു തോന്നുന്നു. പുളിയിട്ടു വറ്റിച്ച വലിയ കഷണങ്ങള്‍. വലവച്ച്‌ മീന്‍ പിടിക്കാന്‍ രാമന്‍കുട്ടി മിടുക്കനാണ്‌.

അമ്മാവന്‍ ഊണു കഴിഞ്ഞ്‌ ഉമ്മറത്തെ ചാരു കസാലയില്‍ കിടപ്പായി. പത്രവും എടുത്ത്‌ കൃഷ്ണ്ണന്‍ അടുത്തുതന്നെ പോയിരുന്നു.

"കൃഷ്ണാ, ഇങ്ങടുത്തു വന്നേ." അമ്മാവന്റെ വിളി സാവധാനമാണ്‌. കാര്യമായിട്ടെന്തോ പറയാനാണെന്നു തോന്നുന്നു. അപ്പോള്‍ "കൃഷ്ണാ" എന്നേ വിളിക്കൂ. സാധാരണ കൃഷ്ണന്‍കുട്ടിയെന്നാണ്‌ വിളിക്കാറ്‌.

അയാള്‍ അമ്മാവന്റെ അടുത്തു പോയി നിന്നു.

"ഇനി നീയെന്തിനാ ചേരാന്‍ പോണെ?"

"ബി.എസ്‌സിക്കു ചേരാന്നാ വിചാരിക്കണെ."

"അതു പട്ടണത്തിലെ സെന്റ്‌ പോള്‍സില്‍ കിട്ട്വോ? അശ്വതി പഠിക്കണേടത്ത്‌?"

"ഉവ്വ്."

"എവിടെയായാലും നീ ഇവിടെ നിന്നു പഠി‌ച്ചാ മതി. ഞാനങ്ങനെയാ തീരുമാനിച്ചിരിക്കുന്നെ. ഇവിടെ ആരാ ഒരാണ്‍തരിയുള്ളെ. കാര്‍ത്തൂന്‌ മനോഹരനില്ലേ അവിടെ. എന്റെ കണ്ണടഞ്ഞാ ഇതൊക്കെ അന്യാധീനപ്പെടരുതെന്ന്‌ ആഗ്രഹോണ്ട്‌. അതാ നിന്നോടിവിടെ നില്‌കാന്‍ പറയണെ."

എന്തൊക്കെയോ തീരുമാനങ്ങളുണ്ടെന്ന്‌ കൃഷ്ണനുറപ്പുണ്ടായിരുന്നു. പക്ഷേ, ഇത്രയും വിചാരിച്ചില്ല അയാള്‍. അമ്മയും അമ്മാവനും ചേര്‍ന്ന്‌ ആലോചിച്ചുറപ്പിച്ചതാവും എല്ലാം.

"നിനക്ക്‌ കോളേജില്‍ ചേരാന്‍ സമയമാകുമ്പോള്‍ ഇങ്ങോട്ടു പോരെ. അത്യാവശ്യം പാഠപുസ്തകങ്ങളൊക്കെയെടുത്താ മതി. ബാക്കി ഇവിടെ ഒരുക്കി വച്ചേക്കാം."

കൃഷ്ണന്‍ മറുപടി ഒന്നും പറഞ്ഞില്ല. നല്ല കാര്യമാണ്‌. വീട്ടില്‍ നിന്നു സെന്റ്‌ പോള്‍സില്‍ പോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്‌. ദൂരമധികമില്ലെങ്കിലും ബസ്‌സ്‌ സമയത്തിനൊന്നും കിട്ടില്ല. ശര്‍മ്മസാര്‍ പറഞ്ഞപ്പോള്‍ മുതല്‍ സെന്റ്‌ പോള്‍സിലെങ്ങനെ പോകും എന്നാലോചിക്കുകയായിരുന്നു അയാള്‍. ഇവിടെയാണെങ്കില്‍ ആഴ്‌ചയിലൊരിക്കല്‍ വീട്ടിലും പോകാം.

കുറച്ചുനേരം കൂടി നിന്നാല്‍ അശ്വതിയെ കാണാന്‍ സാധിക്കുമെന്ന്‌ അയാള്‍ വിചരിച്ചു. പക്ഷേ, വര്‍ത്തമാനത്തിനിടക്ക്‌, ട്യൂഷനുള്ളതു കൊണ്ട്‌ അവള്‍ വൈകുന്നേരമേ എത്തൂ എന്ന്‌ അമ്മായി പറഞ്ഞു.

യാത്ര പറഞ്ഞിറങ്ങുമ്പോഴും സെന്റ്‌ പോള്‍സില്‍ ചേരുന്നതിനെക്കുറിച്ച്‌ അമ്മാവന്‍ ഓര്‍മ്മിപ്പിച്ചു.

Thursday, September 14, 2006

അധ്യായം ഒന്ന്

മഴ ചാറുന്നുണ്ട്‌. വയല്‍വരമ്പ്‌ കുതിര്‍ന്നു തെന്നുന്നു. അമ്മ കുടയെടുക്കാന്‍ ഓര്‍മ്മിപ്പിച്ചതായിരുന്നു അയാളെ. അത്‌ ഒരു ഭാരമാകേണ്ട എന്നു കൃഷ്ണന്‍ കരുതി. നനയുക തന്നെ. ചോലയില്‍ എവിടെയെങ്കിലും കേറി നിന്നാലും കാര്യമില്ല. മഴവെള്ളം ഇറ്റിറ്റു വീഴുന്നു. കവലയില്‍ ചെന്നാല്‍ രക്ഷപ്പെട്ടു.

ഇത്‌ മൂന്നാം പ്രാവശ്യമാണ്‌ റിസല്‍ട്ടറിയാന്‍ പോകുന്നത്‌. കഴിഞ്ഞ രണ്ടിലും തോല്‍ക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു തീരെ ഭയമില്ലയാള്‍ക്ക്‌. അല്ലെങ്കിലും പേടിക്കാനെന്ത്‌ ഒരു പേപ്പറും മോശമായെഴുതിയിട്ടില്ല.

ബസ്‌സിലിരുന്നു തന്നെ കൃഷ്ണന്‌ കോളേജിന്റെ സജീവമായ കവാടം കാണാമായിരുന്നു.

ബസ്‌സിറങ്ങി റോഡു മുറിച്ചു കടന്നതേയുള്ളൂ അയാള്‍. പുറകില്‍ നിന്നു വിളിവന്നു. "കൃഷ്ണാ".

വിശ്വംഭരനായിരിക്കും. അവന്റെ മുഴങ്ങുന്ന ശബ്ദം തന്നെ.

വിശ്വംഭരന്‍ പ്രസന്നവദനനാകാന്‍ ശ്രമിക്കുന്നതുപോലെ തോന്നി കൃഷ്ണന്‌.

"നിന്റെ റിസല്‍ട്ടു ഞാന്‍ നോക്കി. ക്ലാസ്‌സുണ്ട്‌. എന്നെ ആ തൊലഞ്ഞ സാധനം ചതിച്ചു. നിന്റെ ആ ഇഷപ്രാണേശ്വരിയില്ലേ, മാത്‌സ്‌. അച്ഛന്‌ അത്യാഗ്രഹം മൂത്തിട്ടാ. ഞാന്‍ അന്നേ പറഞ്ഞതാ വല്ല ആര്‍ട്‌സ്‌ ഗ്രൂപ്പും എടുത്താ മതിയെന്ന്‌."

വിഷമങ്ങള്‍ വിദൂഷകന്റെ വേഷംകെട്ടി മറക്കാന്‍ ശ്രമിക്കുന്നു വിശ്വംഭരന്‍. വീട്ടില്‍ ധാരാളം കാശുണ്ട്‌. പക്ഷേ അച്ഛന്റെ പിശുക്കുകൊണ്ട്‌ പരസഹായമായിരുന്നു ക്യാന്റീനിലും ചന്ദ്രന്റെ മുറുക്കാന്‍ കടയിലുമൊക്കെ മാര്‍ഗ്‌ഗം.

പാസ്‌സായീ എന്നു കേട്ടപ്പോള്‍ കൃഷ്ണന്‌ ആശ്വാസംതോന്നി.

"പേടിക്കണ്ടെടോ, സെപ്തംബറില്‍ എളുപ്പത്തില്‍ എഴുതിയെടുക്കാം. മാത്‌സ്‌ അല്ലേ, ഇഷം പോലെ സമയവുമുണ്ട്‌." കൃഷ്ണന്‍ വിശ്വംഭരനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"ഓ അതൊക്കെ കള. വരാനുള്ളതു വന്നു.വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങിയാലേ നാലു കാശു കാണാന്‍ കിട്ടൂ. സെപ്തംബര്‍ എക്സാമെന്നു പറഞ്ഞിനി രണ്ടു മൂന്നുമാസം എന്തെങ്കിലും കിട്ടിയേക്കും. പാസ്‌സായാല്‍ രക്ഷപ്പെട്ടു. കര്‍ണ്ണാടകത്തിലെവിടെയെങ്കിലുമുള്ള ഒരു എഞ്ചിനീയറിംഗ്‌ കോളേജില്‍ അച്ഛന്‍ കൊണ്ടുപോയാക്കും. പിന്നെ ആരുടേയും മുഖം കാണേണ്ടി വരില്ല. മാസാമാസം മണിയോര്‍ഡറിന് ഒപ്പിട്ടുകൊടുത്താല്‍ മതി. അങ്ങോര്‍ക്കു പറഞ്ഞു നടക്കേംചെയ്യാല്ലോ മോന്‍ എഞ്ചിനീയറാണെന്ന്‌."

വിശ്വംഭരനുമൊത്ത്‌ കൃഷ്ണന്‍ കാന്റീനില്‍ നിന്ന്‌ ചായകുടിച്ചു. വിശ്വംഭരന്‍ എന്തൊക്കെയോ പറയുന്നുണ്ട്‌. ക്യാന്റീനിനടുത്തെ കെമിസറ്റ്രി ലാബ്‌, ഫുട്‌ബോള്‍ ഗ്രൗണ്ട്‌, മതിലിനു പിന്നിലെ റബര്‍ എസ്റ്ററ്റ്‌. എല്ലാം ഒന്നുകൂടി അയാള്‍ നോക്കിക്കണ്ടു. ബി.എസ്‌.സി മാത്‌സ്‌ ഇവിടെയില്ല. ഇങ്ങോട്ടുള്ള അവസാന വരവുകളില്‍ ഒന്നാണിത്. ഇനി മാര്‍ക്കുലിസ്‌റ്റും ടി.സിയും വാങ്ങാന്‍. പിന്നെ തീര്‍ന്നു.

വിശ്വംഭരന്‍ എങ്ങോട്ടോ വഴി തിരിഞ്ഞു പോയി. കൃഷ്ണന്‍ സ്‌റ്റാഫ്‌ റൂമിലേക്കു നടന്നു. കാണേണ്ടയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു-ശര്‍മ്മസാര്‍. പുറത്തേക്കുനോക്കി നിശ്ചലനായിരിക്കുകയാണ്‌ അദ്ദേഹം. തടിച്ച ഗ്ലാസ്‌സുകള്‍ക്കുള്ളിലൂടെ ആ കണ്ണുകള്‍ രണ്ടും തുറിച്ചു നോക്കുന്നതു പോലെ തോന്നി കൃഷ്ണന്‌.

"സര്‍, ഫസ്‌റ്റ്‌ ക്ലാസ്‌സുണ്ട്‌." ചെന്നയുടനെ കൃഷ്ണന്‍ പറഞ്ഞു.

"ഗുഡ്‌, മാര്‍ക്കറിഞ്ഞോ?"

"ഇല്ല. മാര്‍ക്ക്‌ലിസ്‌റ്റ്‌ നാളെക്കിട്ടുമായിരിക്കും."

"മാത്‌സിനു ഫുള്ളുണ്ടാവുമോ?"

"ഉവ്വ്‌"

"ഇനി എഞ്ചിനീയറിംഗിനു പോകുന്നുണ്ടോ?"

"ഇല്ല, മാത്‌സ്‌ എടുക്കാമെന്നു വിചാരിക്കുന്നു."

"വിചാരിച്ചാല്‍ പോര എടുക്കണം. പോള്‍സില്‍ ചേര്‍ന്നാല്‍ മതി അവിടുത്തെ നല്ല ഡിപ്പാര്‍ട്ടുമെന്റാണ്‌."

പഠനത്തെ സംബന്ധിക്കുന്ന ധാരാളം കാര്യങ്ങള്‍ പിന്നെയുംസംസാരിച്ചു. കൃഷ്ണന്‍ പുറത്തിറങ്ങുമ്പോള്‍ ഉള്ളു നിറയെ ശര്‍മ്മ സാറായിരുന്നു. ഗണിതശാസ്ര്തത്തെ ആസ്വദിക്കാന്‍ പഠിപ്പിച്ചത്‌ അദ്ദേഹത്തിന്റെ ക്ലാസ്‌സുകളാണ്‌. പിന്നെ തന്നോടുണ്ടായിരുന്ന ആ പ്രത്യേക മമത. അതായിരുന്നു എപ്പോഴും ഒരു തണല്‍- കൃഷ്ണന്‍ ഓര്‍ത്തു.

മെലിഞ്ഞ ശരീരം. ശിരസ്‌സിനു താങ്ങാവുന്നതിലും അധികം മുടി. കൊച്ചു കണ്ണുകളെ വലുതാക്കുന്ന തടിച്ച ഗ്ലാസ്‌സുകള്‍. അതാണു ഡോക്ടര്‍ ശര്‍മ്മ. ലക്‌ചററായിട്ട്‌ മൂന്നോ നാലോ വര്‍ഷമേ ആയിട്ടുള്ളൂ. എങ്കിലും ഒരു പ്രഫസ്‌സറിന്റെ പാകത നടപ്പിലും ചെയ്തികളിലും. പുറത്തെ ഒരു നല്ല ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണദ്ദേഹം പി. എച്ച്‌. ഡി എടുത്തിട്ടുള്ളത്‌. ഇവിടെ ജോലി ചെയ്യുന്നതില്‍ അദ്ദേഹത്തിനു വിഷമമുണ്ട്‌. മാനേജുമെന്റിന്റെ അഭ്യര്‍ത്ഥനയാണ്‌ വിട്ടു പോകുന്നതില്‍ നിന്നു ഡോ. ശര്‍മ്മയെ തടയുന്നത്‌. ഇവിടെ പ്രീഡിഗ്രിക്കാര്‍ക്കു മാത്രമേ മാത്‌സ്‌ എടുക്കാനാവുകയുള്ളൂ. അറിവിന്റെ താളുകളില്‍ പറ്റുന്ന പൊടിപടലങ്ങള്‍ തട്ടിക്കളഞ്ഞ്‌ പുത്തനാക്കാനവസരം കിട്ടില്ലല്ലോ എന്നാണ്‌ അദ്ദേഹത്തിന്റെ ദുഃഖം.

എപ്പോഴും പറയുമായിരുന്നുഃ നാം കുറെയേറെക്കാര്യങ്ങള്‍ പഠിക്കകയും അനുഭവിക്കുകയും ചെയുന്നു. കാലത്തിനു പോറലേല്‍പിക്കാനാവാതെ അവയില്‍ ഏതെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതാണു വിജ്ഞാനമെന്ന്‌. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഡോ.ശര്‍മ്മ ഒരു കടംകഥ ആയിരുന്നു. അദ്ദേഹത്തിനു സ്‌കൂള്‍ ഫൈനലിന്‌ വെറും പാസ്‌സ്‌ മാര്‍ക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ. പ്രീഡിഗ്രിക്ക്‌ ആദ്യവസരത്തില്‍ ഇംഗ്ലീഷിന്‌ തോറ്റു. അതു പാസ്‌സാക്കി എടുത്തതില്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല, ഉയരങ്ങളിലേക്കുള്ള പ്രയാണം മാത്രം.

ഡോ. ശര്‍മ്മയുമായി കൂടുതല്‍ അടുക്കാനുള്ള സാഹചര്യം കൃഷ്ണന്‍ ഓര്‍ത്തു. അന്നു തിങ്കളാഴ്‌ചയായിരുന്നു. എന്തോ ആവശ്യമുണ്ടായിരുന്നതിനാല്‍ പതിവിലും നേരത്തെ അമ്പലക്കുളത്തിലേക്കു പുറപ്പെട്ടു. അമ്പലത്തിന്‌ ,മുന്‍പിലും കുളത്തിന്റെ ഭാഗത്തു നിന്നും പടികളുണ്ട്‌. ചുറ്റിക്കറങ്ങിയും പോകാം. അന്നു ചെന്നപ്പോള്‍ പടികള്‍ ഒന്നും തുറന്നിരുന്നില്ല. കുളത്തിനടുത്തെത്തിയപ്പോള്‍ ശര്‍മ്മസാര്‍ പടിക്കു പുറത്ത്‌ തൊഴുതു നില്‌ക്കുന്നതു കണ്ടു.

ഇരുളിന്റെ പാട അവശേഷിക്കുന്നുണ്ടെങ്കിലും കൃഷ്ണനെ മനസ്‌സിലായി അദ്ദേഹത്തിന്‌.

"കൃഷ്ണകുമാറല്ലേ?" അദ്ദേഹം ചോദിച്ചു. രണ്ടാം വര്‍ഷം ആരംഭിച്ചിട്ടുണ്ടായിരുന്നതേയുള്ളൂ. പേരുകള്‍ ശരിക്കു പഠിച്ചു തുടങ്ങിയിട്ടില്ല അദ്ധ്യാപകര്‍.

"അതേ, സാറിവിടെ?"

"എനിക്കിന്നാടോ ആഴ്‌ച തുടങ്ങുന്നത്‌. ഒന്നു കുളിച്ചു തൊഴുതാല്‍ പ്രത്യേക സുഖമാണ്‌. അതും ശിവന്റെ അമ്പലത്തിലായാല്‍ കേമായി".

യുക്തിയുക്തം പറയുകയും സിദ്ധാന്തങ്ങളെ തെളിയിക്കുകയും ചെയ്യുന്ന ഡോ. ശര്‍മ്മയുടെ കടംകഥകളിലേക്ക ്‌ഒന്നുകൂടി. വഴിയില്‍ സ്‌കൂട്ടറിരിപ്പുണ്ട്‌. രണ്ടു മയിലുകളോളം അകലെ നിന്നാണ്‌ ശിവക്ഷേത്രവും തേടി അദ്ദേഹം എത്തിയിരിക്കുന്നത്‌.

വേറൊരു ദിവസം.

കോളേജു മാഗസിന്റെ സ്‌റ്റാഫ്‌ എഡിറ്റര്‍ അദ്ദേഹമായിരുന്നു. സങ്കോചത്തോടെയാണ്‌ കൃഷ്ണന്‍ ഒരു കവിത കൊടുക്കുവാന്‍ സ്‌റ്റാഫ്‌ റൂമിലെത്തിയത്‌.

"സര്‍, മാഗസിനിലേക്കൊരു കവിത.........."

കൈയിലേക്കു കൊടുത്തു.

"മാഗസിനിലേക്കായി എഴുതിയതാണോ, അതോ, സാധാരണ എഴുതാറുള്ളതാണോ?"

"വല്ലപ്പോഴുമൊക്കെ....."

"വായന എങ്ങനെ?"

"മലയാള പുസ്തകങ്ങള്‍ വായിക്കാറുണ്ട്‌". കൃഷ്ണന്‍ പറഞ്ഞു.

"ഇംഗ്ലീഷും വേണം. പിന്നെ ഒരു കാര്യം. ഇടക്കുനിന്ന്‌ തുടങ്ങരുത്‌."

"എന്നു വച്ചാല്‍......"

"ആധുനികരിയിലേക്ക്‌ നേരെ കേറണ്ടാന്ന്‌. ക്ലാസിക്കുകളുടെ നല്ല പുനരാഖ്യാനങ്ങള്‍ നമ്മുടെ ലൈബ്രറിയിലുണ്ട്‌ അവയില്‍ നിന്നു തുടങ്ങിയാല്‍ മതി."

"ശരി സാര്‍".

"കവിതയും നല്ല കഥയുമൊക്കെ വായിക്കുമ്പോള്‍ കണക്കു പഠിച്ചവന്റെ കൂര്‍മ്മബുദ്ധി മാറ്റി വച്ചേക്കണം. ആത്മാവിഷ്‌ക്കാരം ഗണിതശാസ്ര്തത്തിന്റെ ഭാഷയില്‍ വസ്തുനിഷ്‌ഠമാകണമെന്നില്ല. എന്നുവച്ചാല്‍ നമ്മുടെ ഗണിതം ആ നിലയിലേക്കു വളന്നിട്ടില്ലാന്നര്‍ത്ഥം. ഉത്തമ സാഹിത്യം കാലാതീതമാണ്‌. നാലുമാനങ്ങളുള്ള ഒരു യാഥാര്‍ത്ഥ്യം എന്നു കരുതിക്കൊള്ളൂ. ഗണിതത്തിലെ മൂന്നക്ഷരങ്ങളുടെ പരിധിക്കുള്ളില്‍ അതിനെ മെരുക്കി നിര്‍ത്താനാവില്ല. ഇറ്റ്‌ ക്യാന്റ്‌ ബീ കംപേര്‍ഡ്‌ വിത്ത്‌ ദ സയന്‍സസ്‌........" ഡോ.ശര്‍മ്മ വാചാലനാവുകയായിരുന്നു. അദ്ദേഹത്തിന്റെ അന്യമായിരുന്ന മറ്റൊരു മുഖം അനാവരണം ചെയ്യപ്പെടുകയും.

ആ ബന്ധം വളന്നു. കൃഷ്ണനു മുകളില്‍ ഒരരയാലായി ഡോ.ശര്‍മ്മ. സുഹൃത്തിന്റെ സ്ഥാനത്തേക്ക്‌ അദ്ദേഹം ഇറങ്ങി വരുന്നതും പിതാവിന്റെ സ്ഥാനത്തേക്ക്‌ ഉയരുന്നതുമൊക്കെ അയാള്‍ കണ്ടു.

പഴയ മുഖങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ചിലവ ആഹ്ലാദം കൊണ്ടു തുടിക്കുന്നത്‌, മറ്റു ചിലത്‌ മ്ലാനതയില്‍ ഭംഗി നഷപ്പെട്ടത്‌. കുശലം പറഞ്ഞും ഭാവി കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തും എല്ലാവരും പിരിഞ്ഞു തുടങ്ങുന്നു. സബ്‌ജക്ടിനു നല്ല മാര്‍ക്കു പ്രതീക്ഷിക്കുന്നവര്‍ എഞ്ചിനീയറിംങ്ങിനു പോകാനാണു ശ്രമിക്കുന്നത്‌. ആ ആഗ്രഹം കൃഷ്ണന്‍ പണ്ടേ വേണ്ടന്നു വച്ചതാണ്‌. മാത്തമാറ്റിക്സ്‌ എടുത്ത്‌ ബി.എസ്‌സ്‌.സിക്ക്‌ പോകുന്നു എന്നു പറയുമ്പോള്‍ പലരും അത്ഭുതംപ്രകടിപ്പിക്കുന്നു.

ബസ്‌സിലിരിക്കുമ്പോള്‍ ഈ വിജയവാര്‍ത്ത അറിയിക്കാന്‍ അച്ഛനില്ലല്ലോന്ന്‌ കൃഷ്ണന്‍ ഓര്‍ത്തു. പത്താംതരം പാസ്‌സായപ്പോള്‍ കോളേജില്‍ പോകാനായിരുന്നു ആഗ്രഹം. അച്ഛനോടതു സൂചിപ്പിച്ചു. നിരാശയായിരുന്നു ഫലം. അച്ഛന്റെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു, "കൃഷ്ണാ, കോളേജിലാണെങ്കില്‍ അഞ്ചുകൊല്ലം പഠിക്കാതെ ഒരു ഡിഗ്രി കിട്ടില്ല. എന്നാലും ഒരു ജോലിക്കു വിഷമം. രണ്ടു കൊല്ലം തെണ്ടീട്ടല്ലേ മനോഹരന്‌ ഒരുദ്യോകം കിട്ടിയത്‌; അതും നക്കാപ്പിച്ചക്ക്‌. എന്റെ കണ്ണടയും മുമ്പ്‌ നീ എവിടെയെങ്കിലും എത്തണമെന്ന് എനിക്കാഗ്രഹമുണ്ട്‌. അതുകൊണ്ട്‌ സമയം കളയാതെ ഒരു പണി പഠിക്ക്‌."

കൃഷിക്കാരനായ അച്ഛന്‍. ഇരുന്നു തിന്നാനുള്ളതൊന്നും അദ്ദേഹം സമ്പാദിച്ചിട്ടില്ല.

കൃഷ്ണന്‍ അന്ന്‌ ഒന്നും എതിര്‍ത്തു പറഞ്ഞില്ല. എതിര്‍ക്കാന്‍ അതില്‍ ഒന്നുമുണ്ടായില്ല എന്നല്ലേ വാസ്തവം. അങ്ങനെ ഐ.ടി.ഐയില്‍ ചേര്‍ന്നു, വെല്‍ഡര്‍ ട്രേഡെടുത്ത്‌. ഒന്നരക്കൊല്ലം കഴിഞ്ഞ്‌ പുറത്തിറങ്ങിയത്‌ വലിയ പ്രതീക്ഷകളോടെയായിരുന്നു. കാത്തിരിപ്പ്‌ കുറെ നാള്‍ തുടര്‍ന്നു. അപ്രന്റീസായിട്ടു പോലും എങ്ങും വിളിച്ചില്ല. അച്ഛനാണ്‌ ഏറ്റവും നിരാശനായത്‌. അത്‌ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഒരു നല്ല വഴിക്ക്‌ തിരിച്ചുവിടാന്‍ സാധിച്ചല്ലല്ലോ എന്നോര്‍ത്തായിരിക്കും.

പിറ്റേക്കൊല്ലം പ്രീഡിഗ്രിക്കു ചേരാന്‍ കൃഷ്ണന്‍ അനുവാദം ചോദിച്ചു. മൗനമായിരുന്നു മറുപടി. അമ്മയോടു പറഞ്ഞത്രേഃ അവന്റെ ഇഷം പോലെ ചെയ്തോട്ടെ തടുക്കണ്ടാ എന്ന്‌. പാവം. സമാധാനത്തോടു കൂടി കണ്ണടക്കാനായില്ല. കൃഷ്ണന്‍ ഓര്‍ത്തു.

ഉമ്മറത്തു തന്നെ അമ്മയിരുപ്പുണ്ട്‌. ചിരിച്ചുകൊണ്ട്‌ അയാള്‍ ചെല്ലുമ്പോള്‍ തന്നെ മനസ്‌സിലാവുമായിരിക്കും. ചോദ്യരൂപേണയായിരുന്നു അമ്മയുടെ നോട്ടം.

"ജയിച്ചു. ക്ലാസ്‌സുണ്ട്‌."

സമാധാനം ആ മുഖത്തിനു വെളിച്ചം കൊടുക്കുന്നത്‌ അയാള്‍ക്കു കാണാം. പിന്നെ അവര്‍ കണ്ണടച്ചു കുറെ നേരമിരുന്നു. ഭഗവതിയും അച്ഛന്റെ ആത്മാവുമൊക്കെ ഇപ്പോള്‍ അമ്മയുടെ മനസ്‌സിലുണ്ടാവും. പറമ്പിന്റെ കിഴക്കേ മൂലയിലേക്ക്‌ കൃഷ്ണന്റെ കണ്ണുകള്‍ താനേ പോയി. അവിടെയിപ്പോഴും ധൂമവലയങ്ങളുള്ളതു പോലെ. ആ നല്ല ഹൃദയം ഇപ്പോള്‍ എവിടെയാണെങ്കിലും സന്തോഷം കൊണ്ടു വേഗത്തില്‍ സ്പന്ദിക്കുന്നുണ്ടാവും. അമ്മയെ അയാള്‍ ഒളിഞ്ഞു നോക്കി. ആ ചുവന്നു കലങ്ങിയ കണ്ണുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണ്‌.

"മോനേ പെരിഞ്ചേരിയില്‍ നിന്ന്‌ അമ്മാവന്‍ വന്നിരുന്നു. പറമ്പില്‍ വാഴക്കന്ന്‌ ആയോന്നറിയന്‍ വന്നതാ. പണിക്കാരെ ആരേം കിട്ടിയില്ല പറിക്കാന്‍."

"തിരിച്ചു പോയോ?"

"ഉവ്വ്‌. നിന്നോടൊരു ദിവസം അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു. അമ്മാവന്‌ എന്തോ നിന്നോടു പറയാനുണ്ടത്രേ."

"പോകാം."

"എന്നാ, നാളെത്തന്നെ പൊയ്ക്കാള്ളൂ. വൈകിയാല്‍ നീ പോവില്ല. ഞാന്‍ നിന്റെ കാര്യങ്ങളെല്ലാം അമ്മാവനോടു പറഞ്ഞിട്ടുണ്ട്‌."

കൃഷ്ണന്‍ മുറിയില്‍ ചെന്നു കിടന്ന്‌ ജന്നല്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ്‌ ഉള്ളിലേക്ക്‌ കയറി.

എല്ലാം അയാള്‍ പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും ആശങ്കകളുടെ മഴമേഘങ്ങള്‍ പെയ്തു തീര്‍ന്നപ്പോള്‍ പ്രത്യേക സുഖം മനസ്‌സിന്‌.