Sunday, July 08, 2007

അധ്യായം പതിനേഴ്

ആഗ്നസുമായുളള ബന്ധത്തിന്‌ ഒരു പുതിയ തുടര്‍ച്ച വന്നതോടെ തന്നിലേക്കു മാത്രമായി ചുരുങ്ങിയിരുന്ന കൃഷ്‌ണന്റെ കോളേജ്‌ ജീവിതത്തിന്‌ വളരെ വ്യത്യാസങ്ങളുണ്ടായി. കാമ്പസിനുളളിലെ ഓരോ നിമിഷവും മുളളിലെന്നവണ്ണമാണ്‌ അയാള്‍ നിന്നിരുന്നത്‌. അതിനാല്‍ കൃത്യസമയത്ത്‌ മാത്രം എത്തും, എത്ര നേരത്തെ പോരാമോ അത്രയും വേഗത്തില്‍ അവിടെ നിന്ന്‌ രക്ഷപ്പെടും. ഇപ്പോള്‍ പക്ഷേ ആരൊക്കെയോ തനിക്കുണ്ടെന്ന അവബോധം കൃഷ്‌ണനെ അവിടെ തടുത്തു നിര്‍ത്തുന്നു.

നീണ്ടുപോകാറുളള സംഭാഷണങ്ങള്‍ക്ക്‌ ആഗ്നസാണ്‌ പലപ്പോഴും മുന്‍കൈ എടുക്കുക. പ്രഭാതങ്ങളില്‍, ജോലിയില്ലാത്ത സായാഹ്‌നങ്ങളില്‍ ഒക്കെ അവള്‍ എവിടെയെങ്കിലും വച്ച്‌ പിടിച്ചു നിറുത്തും. കോളേജ്‌ ഗ്രൗണ്ടിലെ ഉണങ്ങിയ സ്‌നേഹപ്പുല്ലുകള്‍, ക്ലാസ്സിലേക്കു കയറുന്ന നടക്കല്ലിലേക്ക്‌ ചാഞ്ഞു കിടക്കുന്ന പ്ലാവിന്റെ ശിഖരങ്ങള്‍, മമ്മദിക്കയുടെ ചായക്കടയിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ എന്നിവ യാതൊര്‍ത്ഥവുമില്ലാത്ത ആ വര്‍ത്തമാനങ്ങള്‍ കേട്ട്‌ മടുത്തിട്ടുണ്ടാകും.

അശ്വതിയെ ആകസ്മികമായി കണ്ടുമുട്ടുമ്പോള്‍ കൃഷ്‌ണന്റെ മനസ്സില്‍ ഒരിക്കലും വിദ്വേഷത്തിന്റെ നാമ്പുകള്‍ കുരുത്തിട്ടില്ല, മറിച്ച്‌ വേദനയുടേതാണ്‌. പക്ഷേ, അവള്‍ക്ക്‌ അങ്ങനെയല്ലെന്ന്‌ ആ ഭാവപ്രകടനങ്ങളില്‍ നിന്ന്‌ സ്പഷ്‌ടമായിരുന്നു. ഉരുണ്ടുകൂടിയ കാര്‍മേഘപടലങ്ങളോടെ മുഖം വെട്ടിച്ച്‌ ഒരേപോക്കാണ്‌ അയാളെ കാണുമ്പോള്‍. അനുഭവങ്ങളുടെ പരുക്കന്‍ അരികുകള്‍, കൊഴിഞ്ഞു വീഴുന്ന ദിനങ്ങള്‍ മിനുക്കി തെളിച്ചപ്പോള്‍ കൃഷ്‌ണന്‌ ഒരേട്ടന്റെ സ്‌ഥാനത്തുനിന്ന്‌ അവളോട്‌ സംസാരിക്കണമെന്നുവരെ തോന്നി. താന്‍ ചെന്നുകേറി സംസാരിച്ചാല്‍ നല്ല രീതിയിലാവില്ല അവളും അമ്മായിയും അതിനെ കാണുക. മുതല്‍ തട്ടിയെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നു വരെ അവര്‍ പറഞ്ഞേക്കും. വേണ്ട വെറുതെ ആ മാനഹാനി വരുത്തി വയ്‌ക്കേണ്ട കാര്യമില്ല. ഇടിയും മിന്നലുമുണ്ടാവുമെങ്കിലും മഴമേഘങ്ങള്‍ പെയ്‌തുതന്നെ ഒടുങ്ങട്ടെ. അതുവരെ കാത്തിരിക്കാം. കൃഷ്‌ണന്‍ തീരുമാനിച്ചു.

സമയമെത്ര വേഗമാണ്‌ നീങ്ങുന്നത്‌. ആദ്യ വര്‍ഷത്തെ റിസല്‍ട്ട്‌ വന്നു. അയാളുടേത്‌ മോശമില്ലായിരുന്നു. ഇംപ്രൂവ്‌മെന്റ്‌ ചെയ്യേണ്ട കാര്യമില്ല. മെയിനിന്റെ ഒരു പേപ്പറിന്‌ മുഴുവന്‍ മാര്‍ക്കും കിട്ടി.

രണ്ടാംവര്‍ഷത്തെ പരീക്ഷയടുത്തപ്പോളാണ്‌ ജോലി കൃഷ്‌ണനൊരു പ്രശ്‌നമായത്‌. പ്രഫസ്സര്‍ തക്കസമയത്തു തന്നെ സഹായിച്ചു. ജോലി നഷ്‌ടപ്പെടാതെ സ്‌റ്റഡിലീവിലും പരീക്ഷാസമയത്തും അവധി ശരിയാക്കി കൊടുത്തു.

സ്‌റ്റിഡിലീവ്‌ മുഴുവന്‍ വീട്ടില്‍ ചിലവഴിക്കണമെന്നാണ്‌ അയാള്‍ തീരുമാനിച്ചിരുന്നത്‌. പിന്നെ വേണ്ടെന്നു വച്ചു. വീട്ടിലായാല്‍ അമ്മ ആവര്‍ത്തിച്ചു പറയും. "നീ ചെന്ന്‌ അമ്മാമനോട്‌ ക്ഷമ ചോദിച്ചു വാ. കാരണവന്‍മാരെ ധിക്കരിക്കല്‌ അനന്തരവന്‍മാര്‍ക്ക്‌ ചേര്‍ന്നതല്ല." കൂടുതല്‍ ദിവസങ്ങള്‍ അവിടെ തങ്ങിയാല്‍ ആ പല്ലവി കേട്ട്‌ ക്ഷമ നശിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. എന്തെങ്കിലും തിരിച്ചു പറഞ്ഞാല്‍ അമ്മ കരച്ചിലിന്റെ വക്കോളമെത്തും. അത്‌ തന്റെയും മനസ്സിന്‌ വിഷമകരമാവും. എല്ലാം ആലോചിക്കുമ്പോള്‍ വീട്ടിലേക്കു പോകാതിരിക്കുന്നതു തന്നെയാണ്‌ ഭംഗിയെന്ന്‌ അയാള്‍ക്ക്‌ തോന്നി. ഇപ്പോള്‍ത്തന്നെ ഹ്രസ്വസന്ദര്‍ശകനായി മാറിയിട്ടുണ്ട്‌ വീട്ടില്‍ അയാള്‍.

മിക്ക സായാഹ്നങ്ങളും കൃഷ്‌ണന്‍ പാര്‍ക്കിലാവും ചിലവഴിക്കുക. കൂടെ ഹെലനും ചിലപ്പോള്‍ ആഗ്നസും. തനിക്കു കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നിയാണാവോ, ഒരു ദിവസം ഹെലനെ വിളിച്ചപ്പോള്‍ വരുന്നില്ലെന്നു പറഞ്ഞു. കുറെ നിര്‍ബന്ധിക്കേണ്ടി വന്നു അയാള്‍ക്ക്‌.

ഇത്ര സന്തോഷകരമായ ഒരു പരീക്ഷാകാലം ഇതുവരെ അയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പരീക്ഷയെ നേരിടേണ്ടതിനെക്കുറിച്ചുളള പിരിമുറുക്കമായിരിക്കും മിക്കവാറും. അതു കഴിഞ്ഞു കിട്ടിയാല്‍ പിന്നെ ഫലത്തെക്കുറിച്ചോര്‍ത്താവും. ഇതു രണ്ടുമുണ്ടായില്ല ഇത്തവണ. ഉയര്‍ന്ന വിജയത്തെക്കുറിച്ച്‌ സംശയം തീരെയില്ല. പക്ഷേ, ആഗ്നസ്‌ ഓരോ പരീക്ഷ കഴിഞ്ഞ്‌ പുറത്തുവരുമ്പോഴും തോല്‌ക്കുമെന്നു പറഞ്ഞാവും വരിക. പോരാത്തതിന്‌ ആദ്യവര്‍ഷത്തെ പേപ്പറുകളുമുണ്ട്‌ അവള്‍ക്ക്‌ എഴുതിയെടുക്കാന്‍.

പരീക്ഷകഴിഞ്ഞുളള രണ്ടാഴ്‌ചത്തെ അവധിക്ക്‌ എന്നും കൃഷ്‌ണന്‍ ജോലിക്കുപോയി. ചെറിയൊരു സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞു ആ നാളുകള്‍ കൊണ്ട്‌.

അവസാനവര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ മഴ കൊടുമ്പിരിക്കൊണ്ടിരുന്നു. കടല്‍ക്ഷോഭത്തെ അകലെനിന്ന്‌ വീക്ഷിക്കുന്നത്‌ രസകരമെങ്കിലും വീശിയടിക്കുന്ന കാറ്റും പേമാരിയും പാര്‍ക്കിലേക്കു പോകുന്ന ദിനങ്ങളെ ചുരുക്കി. ഒഴിവുളള സായാഹ്നങ്ങള്‍ മിക്കവാറും പ്രഫസ്സറുടെ ലൈബ്രറിയിലാവും അയാള്‍ ചിലവഴിക്കുക. ഒരു ദിവസം ചെന്നപ്പോള്‍ പുതുതായി ഒരു മേശയും കസേരയും അവിടെ ഇട്ടിരിക്കുന്നതുകണ്ടു. പ്രഫസ്സര്‍ അതേക്കുറിച്ച്‌ സന്തോഷപൂര്‍വ്വം പറയുകയും ചെയ്‌തു. "കൃഷ്‌ണനു വേണ്ടിയാണ്‌ ആ പുതിയ ടേബിള്‍. എന്തെങ്കിലും എഴുതിയെടുക്കണമെങ്കില്‍ സൗകര്യമായല്ലോ."

അപ്രതീക്ഷിതമായ കുറെ കാര്യങ്ങള്‍ ആ വര്‍ഷകാലത്ത്‌ അയാളുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജക്ഷാമത്തെ പരിഹരിക്കാന്‍വേണ്ടി, ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി പ്രശസ്തമായ ഒരു വാരികയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു അത്‌. ഉര്‍ജ്ജനിലയത്തെ പിന്താങ്ങിയും എതിര്‍ത്തും എങ്ങുമെങ്ങും തൊടാതെയും പല ശാസ്‌ത്രജ്ഞരും പരിസ്‌ഥിതി വാദികളും സാമൂഹ്യപ്രവര്‍ത്തകരും എഴുതി. ഭൂതകാലാനുഭവങ്ങളും സ്‌ഥിതിവിവരകണക്കുകളും വച്ചുകൊണ്ടുളള അഭ്യാസങ്ങളായിട്ടേ പല ലേഖനങ്ങളും കൃഷ്‌ണന്‌ തോന്നിയുളളൂ. കഴമ്പുളളവ ശാസൃ‍തീയാംശത്തിന്റെ അതിപ്രസരത്താല്‍ സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹങ്ങളുമായി. മൊത്തത്തില്‍ പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാകാത്ത രീതിയിലായിരുന്നു ആ ചര്‍ച്ചകളുടെ പോക്ക്‌. അക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി, സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചിട്ടുളളവര്‍ക്ക്‌ ചര്‍ച്ചകളിലേക്ക്‌ കടന്നുചെല്ലാനാവുംവിധം ആണവനിലയത്തിന്റെ പ്രാഥമിക ആശയങ്ങളെയും ഉള്‍ക്കൊളളിച്ചുകൊണ്ട്‌ ആ വാരികയിലേക്ക്‌ നീണ്ട ഒരു കത്തുതന്നെ എഴുതി കൃഷ്‌ണന്‍.



മൂന്നാഴ്‌ചകള്‍ കഴിഞ്ഞ്‌ വാരികയെടുത്തു നിവര്‍ത്തിയപ്പോള്‍ കൃഷ്‌ണന്‍ അമ്പരന്നുപോയി. അയാളുടെ കത്തിന്നൊരു തലവാചകവും കൊടുത്ത്‌ അത്തവണത്തെ ചര്‍ച്ചയിലെ ലേഖനമാക്കിയിരിക്കുന്നു. കൂടെ പത്രാധികരുടെ 'വെറുമൊരു കത്തില്‍ കവിഞ്ഞ പ്രാധാന്യമുളളതിനാല്‍ ഇത്‌ ചര്‍ച്ചയുടെ ഭാഗമാക്കുന്നു' എന്ന കുറിപ്പും.



താമസിയാതെ പത്രാധിപരില്‍ നിന്ന്‌ ശാസ്‌ത്രീയകാര്യങ്ങളെക്കുറിച്ച്‌ ഇനിയും എഴുതണമെന്നു പറഞ്ഞുളള കത്തും നൂറുരൂപയുടെ ചെക്കും ലഭിച്ചു.



പ്രഫസ്സര്‍ അതെല്ലാം അറിഞ്ഞപ്പോള്‍ അഭിനന്ദനങ്ങള്‍കൊണ്ട്‌ വീര്‍പ്പുമുട്ടിച്ചു അയാളെ. തന്റെ ലൈബ്രറി ആദ്യമായിട്ടൊരാള്‍ ഫലപ്രദമായി ഉപയോഗിച്ചല്ലോ എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്‌ കൂടുതല്‍.



വാരികയിലെ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ട പ്രശസ്‌തനായ ഒരു ശാസ്‌ത്രസാഹിത്യകാരന്‍ അതിന്നു മറുപടി പറയുമ്പോള്‍ കൃഷ്‌ണന്റെ ലേഖനത്തിന്റെ സദുദ്ദ്യേശത്തെ പേരെടുത്തു പറഞ്ഞു പ്രകീര്‍ത്തിച്ചു. സാധാരണക്കാരനെ, അവന്നു മനസ്സിലാകുന്ന ഭാഷയില്‍ ശാസ്‌ത്രം പറഞ്ഞു മനസ്സിലാക്കുകയാണ്‌ യഥാര്‍ത്ഥ ശാസ്‌ത്രസാഹിത്യകാരന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. പോരാത്തതിന്‌ അതിനെക്കുറിച്ചുളള കുറെ കത്തുകളും.



തന്റെ ആദ്യസൃഷ്‌ടിതന്നെ ഇത്രയേറെ വിജയിച്ചത്‌ കൃഷ്‌ണന്‌ പ്രചോദനമായി. പിന്നെ തുടര്‍ച്ചയായി രണ്ടുമൂന്നു ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. സ്വന്തം കൃതികള്‍ അച്ചടിമഷി പുരണ്ടു വരുന്ന സന്തോഷത്തോടൊപ്പം നല്ലൊരു തുകയും കൈയില്‍ വന്നുചേരുന്നത്‌ കൃഷ്‌ണന്‍ അറിഞ്ഞു.



നാലാമത്തെ കൃതിക്കുളള പ്രതിഫലം പത്രാധിപര്‍ നൂറ്റമ്പതുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. താന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന തോന്നല്‍ അത്‌ കൃഷ്‌ണനിലുളവാക്കി.



ആ സാഹിത്യശ്രമങ്ങള്‍ ക്യാമ്പസിനുളളില്‍ അയാള്‍ക്ക്‌ പ്രശസ്തിയും നേടിക്കൊടുത്തു. അയാള്‍ അറിയാത്ത, മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപകര്‍ തടുത്തുനിര്‍ത്തി അഭിനന്ദനങ്ങള്‍ അറിയിക്കുമ്പോള്‍ കൃഷ്‌ണന്‌ ഉളളില്‍ തന്റെ കഴിവിനെക്കുറിച്ച്‌ അഭിമാനം തോന്നാതെയിരുന്നില്ല. അപ്പോഴൊക്കെ പ്രഫസ്സറെയും കൃഷ്‌ണന്‍ ഓര്‍ത്തു. എല്ലാം അദ്ദേഹത്തിന്റെ സൗജന്യത്തിന്റെ ഫലമാണ്‌. ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്ഷയനിധിയിലെ നുറുങ്ങുകള്‍ ചേര്‍ത്തുവച്ച്‌ താന്‍ പ്രശസ്‌തനുമായിരിക്കുന്നു.



ഒരു ദിവസം കൃഷ്‌ണന്‍ പ്രഫസ്സറുടെ ലൈബ്രറിയിലേക്കു കടന്നു ചെല്ലുമ്പോള്‍ വളരെ സന്തോഷവാനായാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.



"ഞാന്‍ തന്നെയും കാത്തിരിക്കുകയായിരുന്നു"



"പ്രത്യേകിച്ചെന്തെങ്കിലും.......?"



"തനിക്ക്‌ നല്ലൊരു ഓഫര്‍ വന്നിട്ടുണ്ട്‌, നഗരത്തിലെ 'നവതരംഗം' പത്രത്തില്‍ നിന്ന്‌. എന്റെയൊരു സുഹൃത്താണ്‌ അതിന്റെ ഇപ്പോഴത്തെ പത്രാധിപര്‍ ആര്‍.കെ.പിളള. ഇന്നലെ ഞങ്ങള്‍ കണ്ടു സംസാരിച്ചപ്പോള്‍ തന്റെ കാര്യവും ഞാന്‍ പറഞ്ഞു. പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഒരു ശാസ്‌ത്രപംക്തിയുണ്ട്‌. മിസ്‌റ്റര്‍ പിളളയായിരുന്നു ഇതുവരെ അതു കൈകാര്യം ചെയ്‌തിരുന്നത്‌. ഇപ്പോഴയാള്‍ക്ക്‌ മടുത്തു, വായിക്കാന്‍ സമയം കിട്ടാറില്ലത്രെ പത്രാധിപരായശേഷം. അദ്ദേഹം തന്നെപ്പറ്റി കേട്ടിട്ടുമുണ്ട്‌. പറ്റുമെങ്കില്‍ തുടര്‍ച്ചയായി എഴുതാനും പറഞ്ഞു. നാനൂറ്‌ രൂപവച്ച്‌ തരാമെന്ന്‌ ആദ്യം പറഞ്ഞെങ്കിലും വാദിച്ച്‌ ഞാനത്‌ അറുന്നൂറാക്കിയിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രതിഫലമല്ല കാര്യം, കഴിവുണ്ടെന്നു തെളിഞ്ഞാല്‍ പഠനത്തിനുശേഷം ചിലപ്പോള്‍ സബ്‌എഡിറ്ററായി എടുത്തേക്കും. സര്‍ക്കുലേഷന്‍ ഒരുവിധം കൂടിവരുന്ന ഘട്ടത്തിലാണ്‌ 'നവതരംഗം' ഇപ്പോള്‍.



ഒന്നും സംശയിക്കാതെ അയാള്‍ പ്രഫസ്സറോട്‌ സമ്മതംമൂളി. എത്‌ ഉറപ്പുളള വരുമാനമാണെങ്കില്‍ ഇനി 'ശക്തി പ്രഷര്‍ വെസല്‍സി'ലേക്ക്‌ പോകേണ്ട. ഫ്ലക്സ്‌ കരിഞ്ഞമണം ശ്വസിക്കേണ്ട, കണ്ണും ചുവപ്പിച്ച്‌ ഉറക്കമൊഴിഞ്ഞിരിക്കേണ്ട.



പത്രമോഫീസിലേക്ക്‌ പ്രഫസ്സറോടൊപ്പമാണ്‌ കൃഷ്‌ണന്‍ പോയത്‌. ആര്‍.കെ.പിളള ഉപദേശിക്കുന്ന മട്ടില്‍ കുറെ സംസാരിച്ചു. പിന്നെ ഒരു രേഖയില്‍ അയാളെക്കൊണ്ട്‌ ഒപ്പിടുവിച്ചു വാങ്ങുകയും ചെയ്‌തു. താന്‍ കൈകാര്യം ചെയ്യുന്ന പംക്തി മുടക്കുവരുത്താതെ നടത്തിക്കൊളളാമെന്ന വാഗ്ദാനം ഉള്‍ക്കൊണ്ടതായിരുന്നു അത്‌. പ്രതിഫലത്തെപ്പറ്റി ഒന്നും അതില്‍ എഴുതി കണ്ടില്ല.



തിരിച്ചു വരുമ്പോള്‍ 'ശക്തി'യില്‍ നിന്നും വിട്ടുപോരുന്നതിനെപറ്റി കൃഷ്‌ണന്‍ പ്രഫസ്സറോട്‌ സംസാരിച്ചു.



"പഠിക്കുന്ന സമയത്ത്‌ സമ്പാദിക്കാന്‍ താല്‌പര്യമില്ലെങ്കില്‍ അവിടെ നിന്ന്‌ രാജിവച്ചുകൊളളൂ. പൊരാത്തതിന്‌ അവസാനവര്‍ഷവുമല്ലേ."



അടുത്ത സുഹൃത്തുക്കളായി 'ശക്തി'യില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ വിട്ടുപോരാനും തീരെ വിഷമമില്ലായിരുന്നു. ജോലി ഉപേക്ഷിക്കുന്നു എന്ന്‌ സൂചിപ്പിച്ചുകൊണ്ടുളള ഒരു കത്ത്‌, സൂപ്രണ്ടിന്റെ നനഞ്ഞ ചിരി, അത്രമാത്രം.



ആഴ്‌ചതോറും എഴുതേണ്ടതുകൊണ്ട്‌ വിഷയദൗര്‍ലഭ്യം ഒരു പ്രശ്‌നമാണ്‌. ശാസ്‌ത്രരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും അറിവുകളും പരതിയെടുക്കാന്‍ പരന്ന വായനതന്നെ വേണം. വിദേശ മാസികകള്‍ വായിച്ച്‌ കുറിപ്പുകളെഴുതിയെടുക്കാന്‍ ആഴ്‌ചയില്‍ രണ്ടു സായാഹ്‌നങ്ങള്‍ പബ്ലിക്‌ ലൈബ്രറിയിലേക്കുവേണ്ടി മാറ്റി വച്ചു. പിന്നെ അടിസ്‌ഥാന വിവരങ്ങള്‍ക്ക്‌ പ്രഫസ്സറുടെ ലൈബ്രറി. എല്ലാം ശേഖരിച്ചു കഴിഞ്ഞാല്‍ ലേഖനരൂപത്തിലാക്കാന്‍ വലിയ വിഷമം അയാള്‍ക്ക്‌ തോന്നിയിരുന്നില്ല.



ഇപ്പോള്‍ ആകെകൂടി ഒരു സ്വസ്ഥത കൈവന്നിട്ടുണ്ട്‌ അയാള്‍ക്ക്‌. അലച്ചിലിന്റെ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുറച്ച്‌ അധ്വാനിക്കണമെങ്കിലും അതിന്റെ ഫലം വളരെ വലുതാണ്‌; മോശമല്ലാത്ത പ്രതിഫലം, പ്രശസ്തി, എവിടെച്ചെന്നാലും ഒരെഴുത്തുകാരനെന്ന വില.

No comments: