Sunday, July 08, 2007

അധ്യായം പതിനാറ്

അപ്പോള്‍ കൃഷ്‌ണന്‍ ഹെലനുമായി പാര്‍ക്കിനോടു ചേര്‍ന്നുളള കടല്‍ ഭിത്തിയിലിരിക്കുകയാണ്‌. കാറ്റ്‌ കായലില്‍ ഓളങ്ങള്‍ ഞൊറിഞ്ഞ്‌ കരയോടു ചേര്‍ത്ത്‌ തുന്നുന്നു. ഞായറാഴ്‌ച ആയതിനാലാണെന്നു തോന്നുന്നു പാര്‍ക്കില്‍ ധാരാളമാളുകള്‍. പരുക്കനല്ലാത്ത കുട്ടികളുടെ ശബ്‌ദങ്ങള്‍ കൂടിക്കുഴഞ്ഞാല്‍ വാദ്യമേളത്തിന്റെ പ്രതീതിയാണ്‌. ഹെലന്‍ അവരുടെ കൂടെയൊന്നും കൂടുന്നില്ല. ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ അവള്‍. ചില സമയങ്ങളില്‍ ഹെലന്‍ ഒന്നും മിണ്ടില്ല. പക്ഷേ, സംസാരിക്കാന്‍ തുടങ്ങിയാല്‍ അണ തുറന്നതുപോലെ.

പാര്‍ക്കിലിരുന്നാല്‍ തുറമുഖം കാണാം, അവിടെ അടുത്തിരിക്കുന്ന കപ്പലുകളും. കാറ്റില്ലെങ്കില്‍ കരയിലെ വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രതിബിംബങ്ങളാല്‍ സായാഹ്‌നവേളയില്‍ ഉജ്ജ്വലമാകുന്ന കായല്‍പ്പരപ്പ്‌ ഇടയ്‌ക്ക്‌. കടല്‍ക്കെട്ടിലെ കല്‍പ്പോതുകളിലിരിക്കുന്ന വര്‍ണ്ണഭംഗിയുളള ഞണ്ടുകളുടെ കാഴ്‌ച വെറെയാണ്‌.

പെട്ടന്നേതോ കപ്പലില്‍ നിന്ന്‌ സൈറണ്‍ മുഴങ്ങിയപ്പോള്‍ അവരുടെ സംഭാഷണം മുറിഞ്ഞു. കൃഷ്‌ണന്‍ ഓളങ്ങളില്ലാത്ത ആ കായല്‍പ്പരപ്പ്‌ ശ്രദ്ധിച്ചിരുന്നു പോയി. ഹെലനാണെങ്കിലും ഒന്നും മിണ്ടുന്നില്ല. ആ നിശബ്ദത കുറെനേരം തുടര്‍ന്നു. ഒടുവില്‍...

"അങ്കിള്‍, ഞാനുടനെ വരാം. അവിടെ എന്റെയൊരു ഫ്രണ്ട്‌ വന്നിട്ടുണ്ടെന്ന്‌ തോന്നുന്നു".



"ഓ.കെ."



കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഒരിടത്തേക്കാണ്‌ അവള്‍ പോയത്‌. വെറുതെയിരുന്നപ്പോള്‍ കൃഷ്‌ണന്റെ മനസ്സിലേക്ക്‌ ഓരോ വിചാരങ്ങള്‍ കടന്നുവന്നു. കടലില്‍ നിന്ന്‌ ഉപ്പും തണുപ്പും വഹിച്ചെത്തുന്ന കാറ്റ്‌. താനൊരു നിമിഷം മയങ്ങിയോ? ചുമലില്‍ ആരോ സ്പര്‍ശിച്ചതറിഞ്ഞപ്പോഴാണ്‌ അയാള്‍ക്ക്‌ ഓര്‍മ്മ വന്നത്‌.



ആഗ്നസ്‌!



അയാള്‍ ചിരിച്ചെന്നു വരുത്തി, ഉവ്വോ? സംശയമാണ്‌.



"ഇവിടെയിരുന്ന്‌ ഉറക്കം തൂങ്ങിയാല്‍ വെളളത്തിലേക്ക്‌ വീഴില്ലേ?" ആഗ്നസ്‌ ചോദിക്കുന്നു.



"ആരെങ്കിലും വന്ന്‌ ഉണര്‍ത്തുമെന്ന്‌ തോന്നിയിരുന്നു", തമാശ കണക്കെ അയാള്‍ പറഞ്ഞു.



"ഇവിടെ എപ്പോഴും വരാറുണ്ടോ?"



"സമയം കിട്ടുമ്പോഴൊക്കെ, ഹെലനും കൂടെയുണ്ട്‌. അവള്‍ കൂട്ടുകാരുടെയടുത്തേക്ക്‌ പോയിരിക്കയാണ്‌".



ആഗ്നസ്‌ ഭിത്തിയില്‍ അയാളുടെ ഒപ്പമിരുന്നു. വെണ്ണയുടെ നിറമുളള ഷോര്‍ട്ട്‌ സ്‌കര്‍ട്ടാണ്‌ വേഷം. ആ ഇരുപ്പ്‌ വസ്‌ത്രത്തിന്റെ അതേ നിറമുളള ഉരുണ്ട കാല്‍മുട്ടുകളെ നഗ്നമാക്കി. ഒരു നിമിഷം അയാളുടെ ദൃഷ്‌ടി അവിടെ ഉറക്കി നിന്നു.



"കൃഷ്‌ണനെ കാണണമെന്നു വിചാരിച്ച്‌ ഞാന്‍ കുറെ നാളായി നടക്കുന്നു. ഭയങ്കര തിരക്കല്ലേ. പിന്നെയെങ്ങനെയാണ്‌ ഒന്നു കണ്ടുകിട്ടുക?"



"അതു കളളം. ഞാനൊരിക്കലും ക്ലാസ്സില്‍ വരാതിരുന്നിട്ടില്ല".



കുറച്ചു സമയത്തേക്ക്‌ ആഗ്നസ്‌ ഒന്നും മിണ്ടിയില്ല, എന്തോ ആലോചിക്കുന്നതുപോലെ.



"കൃഷ്‌ണന്‍, അതൊരു ചെറിയ നുണയായിരുന്നു. സോറി. ശരിക്കു പറയാണെങ്കില്‍, കൃഷ്‌ണനെ നേരിടാനുളള ധൈര്യമുണ്ടായില്ല എനിക്ക്‌. ഭയങ്കര ചമ്മല്‍. ഒരു നിമിഷം നിയന്ത്രണം വീട്ട്‌ ഞാനങ്ങനെയങ്ങു പറഞ്ഞുപോയി. കൃഷ്‌ണന്‍, താനിപ്പോള്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടോ?"



എന്തുത്തരം പറയാനാണ്‌ അയാള്‍? ഒന്നും മിണ്ടാതിരുന്നു.



എങ്കിലും ആ ഓര്‍മ്മകള്‍ അയാളെ പൊതിഞ്ഞു. പെരിഞ്ചേരിയില്‍ നിന്നുപോന്നിട്ട്‌ അധികനാളുകളായിട്ടില്ലായിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങളുടെ ചീളുകള്‍ തലച്ചോറിനെപ്പോലും വ്രണപ്പെടുത്തുന്ന സമയം. ഇഷ്‌ടമാണോയെന്ന്‌ ആഗ്നസ്‌ ചോദിച്ചപ്പോള്‍ ഒന്നുമാലോചിക്കാന്‍ തോന്നിയില്ല അയാള്‍ക്ക്‌.



ആഗ്നസിപ്പോള്‍ അന്വേഷിക്കുന്നു, അതൊക്കെ ഓര്‍ക്കുന്നുണ്ടോയെന്ന്‌. ഞാനതേക്കുറിച്ച്‌ ആലോചിക്കണോ ആഗ്നസ്‌? എനിക്കു ചുറ്റും കടലാണ്‌. ഒരു കര പറ്റാന്‍ നീന്തുമ്പോള്‍ അതാലോചിക്കാന്‍ സമയമുണ്ടോ? ശ്രമിച്ചിട്ടില്ല. ഈ കടലിന്റെ നിശബ്‌ദത അസഹനീയമെങ്കിലും- കൃഷ്‌ണന്‍ ഉളളില്‍ പറഞ്ഞു.



"കൃഷ്‌ണന്‍ എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്‌? ഞാനൊന്നും കരുതിക്കൂട്ടി പറഞ്ഞതല്ലാട്ടോ. ആ പഴയ കൃഷ്‌ണന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നോക്കിയതാണ്‌."



വീണ്ടും വെളിച്ചത്തിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന അപരിചിതത്വവും അവ്യക്തതയുമാണ്‌ അയാള്‍ക്കുണ്ടാകുന്നത്‌.



"ങ്‌ഹാ, എന്നിട്ട്‌ പഴയ കൃഷ്‌ണനെക്കണ്ടോ?"



"നാമിപ്പോള്‍ കണ്ടുമുട്ടിയതല്ലേയുളളൂ. അവസാനം റിസള്‍ട്ട്‌ പറയാം."



"ശരി."



ജോലിക്കാര്യത്തെപ്പറ്റി കൃഷ്‌ണന്‍ ആഗ്നസിനോട്‌ പറഞ്ഞു. ചിരിക്കുമ്പോഴും ആഗ്നസിന്റെ കണ്ണുകളില്‍ സഹതാപം നിഴലിടുന്നത്‌ അയാള്‍ കണ്ടു. പലപ്പോഴും സഹിക്കാന്‍ കഴിയാത്തതും അതുതന്നെയാണ്‌ അയാള്‍ക്ക്‌.



ഹെലന്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ ഐസ്‌ക്രീം പാര്‍ലറിലേക്കുനീങ്ങി. ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വില്‍പനക്കാരന്‍ സുന്ദരേട്ടന്റെ കുസൃതിച്ചോദ്യം. "പുതിയ ആള്‍?"



"ഞങ്ങള്‍ ഒരേ കോളേജിലാണ്‌ സുന്ദരേട്ടാ." കൃഷ്‌ണന്‍ പറഞ്ഞു. സുന്ദരേട്ടനപ്പോള്‍ 'ഉം, ഉവ്വട കളളാ' എന്ന മട്ടില്‍ ഒരു ചിരി മുഖത്തു വരുത്തിക്കൊണ്ട്‌ തിരിഞ്ഞു നടന്നു.



ആഗ്നസ്‌ 'ഗുഡ്‌ബൈ' പറയുമ്പോള്‍ അയാള്‍ക്ക്‌ ചോദിക്കാതിരിക്കാനായില്ല. "കൃഷ്‌ണന്‍ ഇപ്പോഴുമുണ്ടോ?"



"മരിച്ചിട്ടില്ല. ഇനിയും ജീവിക്കാവുന്നതേയുളളൂ." അതും പറഞ്ഞിട്ട്‌ അവള്‍ തിടുക്കത്തില്‍ നടന്നുപോയി.



കൃഷ്‌ണന്റെ മനസ്സില്‍ മുഴുവന്‍ ചിന്തകളായിരുന്നു. ഹെലന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുമ്പോള്‍ പെട്ടെന്ന്‌ ബ്രേക്ക്‌ പിടിക്കുന്നതിന്റെ സീല്‍ക്കാരം. എന്തെല്ലാമോ തട്ടിമറിഞ്ഞു വീഴുന്ന വിചിത്രാനുഭവം. തുളഞ്ഞു കയറുന്ന വേദനയുടെ മൂര്‍ച്ച. മങ്ങി വരുന്ന ബോധം, ഇരുട്ട്‌.



കൃഷ്‌ണന്‌ ബോധം തെളിയുമ്പോള്‍ ഒരു ഡെസ്‌കില്‍ കിടക്കുകയായിരുന്നു. എങ്ങും സ്പിരിറ്റിന്റെ മണം തങ്ങി നില്‌ക്കുന്നു. ആരൊക്കെയോ ചുറ്റിലും ഉണ്ട്‌. കാഴ്‌ച കുറച്ചുകൂടി വ്യക്തമാകുമ്പോള്‍ പ്രഫസ്സര്‍ ഡാനിയേലിനെയും ആഗ്നസിനെയും മനസ്സിലായി.



കൃഷ്‌ണന്റെ മനസ്സില്‍ ഹെലന്റെ വിചാരമായിരുന്നു. നാവനക്കാന്‍ പറ്റുമോയെന്ന്‌ നോക്കി. ഉവ്വ്‌, കുഴപ്പമില്ല.

"ഹെലന്‍.....?" പലതും അന്വേഷിക്കാന്‍ കൃഷ്‌ണന്‍ ശ്രമിച്ചെങ്കിലും അത്രയും പറയാനേ പറ്റിയുളളൂ.



"യേശു അവളെ കാത്തു. ഒരു പോറല്‍പോലുമേറ്റില്ല." ആഗ്നസാണത്‌ പറഞ്ഞത്‌. ആ കണ്ണിലെ ഉറവുകള്‍ തിളങ്ങുന്നുണ്ടോ?



താന്‍ സംസാരിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങള്‍ പ്രകാശിക്കുന്നതും അയാള്‍ ശ്രദ്ധിച്ചു.



അയാള്‍ക്ക്‌ പറയത്തക്ക പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. മോട്ടോര്‍ സൈക്കിളാണ്‌ ഇടിച്ചത്‌. ബ്രേക്ക്‌ ചെയ്‌തിരുന്നതുകൊണ്ട്‌ രക്ഷപ്പെട്ടു. പെട്ടന്നുണ്ടായ ഷോക്കുമൂലമാണത്രേ ബോധം പോയത്‌. എങ്കിലും രണ്ടു ദിവസം കിടന്നിട്ട്‌ പോയാല്‍ മതിയെന്നാണ്‌ ഡോക്‌ടറുടെ നിര്‍ദ്ദേശം.



വീട്ടില്‍ അറിയിക്കാന്‍ സാധ്യതയുളളതിനാല്‍ അങ്ങനെ ചെയ്യരുതെന്ന്‌ പ്രഫസ്സറോട്‌ കൃഷ്‌ണന്‍ പറഞ്ഞേല്‍പിച്ചു. എന്തിനു വെറുതെ അവരെ വിഷമിപ്പിക്കണം. അയാള്‍ അങ്ങനെയാണ്‌ ചിന്തിച്ചത്‌.



എഴുന്നേറ്റ്‌ നടക്കാന്‍ വിഷമമുണ്ടായിരുന്നില്ലെങ്കിലും കൈയിലും കാലിലുമുളള മുറിവുകള്‍ വേദനിപ്പിച്ചു. ഡിസ്‌ചാര്‍ജ്‌ ചെയ്യപ്പെടുന്ന അന്ന്‌ പ്രഫസ്സര്‍ കാറും കൊണ്ടെത്തി.



തിരിച്ചുപോകുമ്പോള്‍ വണ്ടി മാര്‍ക്കറ്റു റോഡും കഴിഞ്ഞ്‌ പ്രഫസ്സറുടെ വീട്ടിലേക്കുളള വഴിയിലേക്കാണ്‌ തിരിയുന്നത്‌.

"സര്‍, ഞാന്‍ റൂമിലേക്കു പൊയ്‌ക്കൊളളാം. ഞാന്‍ ഇനി അവിടെയും വന്ന്‌ ബുദ്ധിമുട്ടിക്കണോ?"



"ഡോണ്‍ട്‌ ബി ചെയില്‍ഡിഷ്‌ കൃഷ്‌ണന്‍. ഈ പരുക്കുകളൊക്കെ വച്ച്‌ എങ്ങനെയാണവിടെ ഒറ്റയ്‌ക്ക്‌ കഴിയുക?"



ഉത്തരമില്ല. അയാള്‍ നേരത്തെയത്‌ ആലോചിച്ചുമില്ല. എങ്കിലും പറഞ്ഞു. "സാറും ഹെലനും മാത്രമല്ലേയുളളൂ അവിടെ......."



"അതോര്‍ത്ത്‌ വിഷമിക്കേണ്ട. ഇടയ്‌ക്കൊക്കെ വന്ന്‌ സഹായിക്കാന്‍ ഞാന്‍ ആഗ്നസിനോട്‌ പറഞ്ഞിട്ടുണ്ട്‌. രണ്ടാഴ്‌ചത്തെ വിശ്രമം എടുക്കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിട്ടുളള സ്‌ഥിതിക്ക്‌ കൃഷ്‌ണന്‍ ഒറ്റയ്‌ക്കു താമസിക്കുന്നത്‌ ശരിയാവില്ല."



പിന്നെ ഒന്നും അയാള്‍ പറഞ്ഞില്ല. ഒന്നും ചിന്തിക്കാനില്ലാതെ പുറത്തു നോക്കിയിരുന്നു. പിന്നിലേക്ക്‌ തെന്നിനീങ്ങുന്ന വൃക്ഷങ്ങള്‍, വീടുകള്‍, ആള്‍ക്കൂട്ടങ്ങള്‍....അവസാനം ഹെലന്‍ വില്ലയുടെ ഗേറ്റ്‌. ഡാലിയയുടെയും നാനാതരം റോസുകളുടെയും പുഷ്‌പങ്ങളാല്‍ മനോഹരമായ തൊടി. ഫ്രില്ലുകള്‍ പിടിപ്പിച്ച ഹെലന്റെ ശുഭവസ്‌ത്രം. വെളുത്ത പനിനീര്‍പ്പൂവിന്റെയത്രയും നൈര്‍മ്മല്യമുളള അവളുടെ പുഞ്ചിരി.



അവളധികം മിണ്ടുന്നില്ല. കൃഷ്‌ണനെന്തോ വലിയ ആപത്ത്‌ പിണഞ്ഞതുപോലെയാണ്‌ അവളുടെ വാക്കും നോക്കും.



ആദ്യത്തെ ഒരാഴ്‌ച അധികം ഇറങ്ങി നടക്കരുതെന്ന വിലക്കുണ്ടായിരുന്നു. കട്ടിലില്‍ കിടക്കുകയോ അല്ലെങ്കില്‍ അടുത്തിട്ടിട്ടുളള കസേരയില്‍ ഇരിക്കുകയോ മാത്രം. രാവിലെയും വൈകീട്ട്‌ കോളേജ്‌ കഴിഞ്ഞു വരുമ്പോഴും ആഗ്നസ്‌ എത്തുമായിരുന്നു. വൈകുന്നേരം വരുമ്പോള്‍ കൂട്ടുകാരെയും കൂട്ടിക്കൊണ്ടായിരിക്കും മിക്കവാറും അവളുടെ വരവ്‌. തനിക്ക്‌ കുഴപ്പമൊന്നുമില്ല എന്ന്‌ അയാള്‍ പറഞ്ഞാലും അധികം സംസാരിക്കാതെ, സഹതാപം സ്‌ഫുരിക്കുന്ന നയനങ്ങളോടെ അവര്‍ കൃഷ്‌ണനെ ചുറ്റിപ്പറ്റി നില്‌ക്കും.



രണ്ടാമത്തെ ആഴ്‌ചമുതല്‍ പ്രഫസ്സറുടെ ലൈബ്രറിയിലെ ഈസിചെയറിലായി വിശ്രമം. അറിവിന്റെയും ആത്‌മാവിഷ്‌ക്കാരങ്ങളുടെയും മനോജ്ഞമായ കവാടം തനിക്കു മുമ്പില്‍ തുറന്നു കിടക്കുന്നതായി കൃഷ്‌ണന്‍ അറിഞ്ഞു കുറഞ്ഞ നാളുകള്‍ക്കൊണ്ട്‌ അയാള്‍ അതിലൂടെ ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്‌തു. വളരെ നാളുകളായി വായിക്കാനാഗ്രഹിച്ചിരുന്ന പുസ്‌തകങ്ങള്‍, സംശയനിവൃത്തിക്കായി പലതരം റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍.... അങ്ങനെ ഒരു നിധിയായിത്തന്നെ തോന്നി കൃഷ്‌ണന്‌ ആ ഗ്രന്ഥശേഖരം.



ഒരു ദിവസം അസമയത്ത്‌, ഉച്ചയ്‌ക്ക്‌, ആഗ്നസ്‌ ലൈബ്രറിയിലേക്കു കടന്നുവന്നു.



"എന്താ ആഗ്നസ്‌, ഉച്ചകഴിഞ്ഞ്‌ ക്ലാസ്സില്ലേ?" കൃഷ്‌ണന്‍ ചോദിച്ചു.



"ഉവ്വ്‌. രണ്ടവറും ഇലക്‌ട്രോണിക്‌സാ. ദാറ്റ്‌ റ്റു അവേഴ്‌സ്‌ വില്‍ മേക്ക്‌ മി മാഡ്‌."



"ഇത്ര ബോറാണോ ഇലക്‌ട്രോണിക്‌സ്‌?"



"ഹോ, ഒന്നും പറയണ്ട. ഈ ഫിസിക്‌സ്‌ എടുത്തതുതന്നെ ഇപ്പോള്‍ വലിയ അബദ്ധമായെന്നു തോന്നുന്നു."



"ബട്ട്‌, യു ആര്‍ റ്റൂ ലേറ്റ്‌"



"യെസ്‌, ഐ ഹാവ്‌ റ്റു സഫര്‍."



കാര്‍ലോസ്‌ ഫുവന്റസിന്റെ ഒരു നോവലാണ്‌ അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്‌. ആഗ്നസ്‌ അതു വാങ്ങി മറിച്ചു നോക്കിയിട്ട്‌ ഷെല്‍ഫിനുളളിലേക്കു വച്ചു.



കുറച്ചുനേരം ഒന്നും ഉരിയാടാതെ അയാളുടെ കണ്ണുകളില്‍ത്തന്നെ നോക്കിനിന്നു അവള്‍. പിന്നെ പറഞ്ഞു "നമുക്ക്‌ താഴേക്കു പോകാം. ഇവിടെയിരുന്നാല്‍ കൃഷ്‌ണന്റെ മനസ്സു മുഴുവന്‍ പുസ്തകങ്ങളിലായിരിക്കും. ഐ ലൈക്‌ റ്റു ഹിയര്‍ യു, വെന്‍ യുവര്‍ മൈന്‍ഡ്‌ ഈസ്‌ വൈഡ്‌ലി ഓപ്പണ്‍ഡ്‌."



താഴെയെത്തിയപ്പോള്‍ തിടുക്കത്തില്‍ ആഗ്നസ്‌ ഉളളിലേക്കുപോയി. ട്രേയില്‍ രണ്ടുകപ്പ്‌ ചായയുമായാണ്‌ തിരിച്ചുവന്നത്‌.

"ഇത്‌ ഇത്ര പെട്ടന്ന്‌ എങ്ങനെയുണ്ടാക്കി?"



"രാവിലെ ബാക്കിയുണ്ടായിരുന്നത്‌ ഫ്ലാസ്‌കിലെടുത്തു വച്ചതാണ്‌." അവള്‍ പറഞ്ഞു.



എന്തിനോവേണ്ടി തയ്യാറെടുക്കുന്നതുപോലെയാണ്‌ അവളുടെ പെരുമാറ്റം. ചായ ഊതിയൂതി കുടിക്കുന്നുമുണ്ട്‌. കപ്പ്‌ കാലിയാക്കിയിട്ടേ നിലത്തുവച്ചുളളൂ.



"ഞാന്‍ ഒരു ദുഃശ്ശകുനമെന്നോ ശപിക്കപ്പെട്ടവളെന്നോ ഒക്കെ കൃഷ്‌ണന്‌ തോന്നിയിട്ടുണ്ടോ?" ആഗ്നസില്‍ നിന്ന്‌ പെട്ടന്നൊരു ചോദ്യം.



"ആഗ്നസെന്തൊക്കെയാണീ പറയുന്നത്‌?"



ഇടറിയ കണ്‌ഠത്തോടെ, വേഗതകൊണ്ട്‌ ചിലമ്പിയ ശബ്‌ദത്തില്‍ അവള്‍ തുടര്‍ന്നു. "എന്നെ പ്രസവിച്ചെന്നറിഞ്ഞ്‌ തിടുക്കത്തില്‍ കാണാന്‍ വന്ന വഴിക്കാണ്‌ ഡാഡി മരിച്ചത്‌. അന്നെനിക്ക്‌ ഒന്നുമറിയില്ലല്ലോ. എല്ലാ കുത്തുവാക്കുകളും മമ്മി സഹിച്ചു. പക്ഷേ, രണ്ടാമത്തെ തവണ എനിക്കെന്റെ മമ്മിപോലും താങ്ങായില്ല. എന്റെ പതിനഞ്ചാമത്തെ പിറന്നാള്‍ ആഘോഷിക്കുമ്പോഴായിരുന്നു അത്‌. എല്ലാ മെഴുകുതിരികളും ഊതിക്കെടുത്തി കേക്കില്‍ കത്തിവയ്‌ക്കാന്‍ പോവുകയായിരുന്നു. അപ്പോളാണ്‌ യൂണിഫോമില്‍ നേവല്‍ ബേസില്‍ നിന്നെത്തിയ ഒരോഫീസര്‍ കടന്നുവന്നത്‌, ബ്രദറിന്റെ മരണവാര്‍ത്തയുമായി. അന്ന്‌ മമ്മി എന്നെയും കൂട്ടി ഒരു മുറിയില്‍ കയറി വാതിലടച്ചു. മമ്മി കരയുകയാണോ അലറുകയാണോയെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. എന്റെ ഇരുകവിളുകളിലും അവര്‍ മാറിമാറി അടിച്ചു; തലമുടിയില്‍ പിടിച്ച്‌ വലിച്ച്‌ തല ചുമരിലിടിപ്പിച്ചു. ആരോ വാതില്‍ ചവിട്ടിപ്പൊളിച്ചാണ്‌ എന്നെ രക്ഷപ്പെടുത്തിയത്‌. ഒരു വര്‍ഷക്കാലത്തേക്ക്‌ തികച്ചും ഒരു ഭ്രാന്തിയായിരുന്നു മമ്മി. എന്നെ കാണുമ്പോള്‍ 'ചെകുത്താന്റെ സന്തതി' എന്ന്‌ പിറുപിറുത്ത്‌ കുരിശു വരയ്‌ക്കുകപോലും ചെയ്യുമായിരുന്നു അവര്‍."



"ഒരു കാരണവുമില്ലാതെ ഇതൊക്കെയെന്തിനാ ആഗ്നസിപ്പോള്‍ പറയുന്നത്‌? ഇനി വീട്ടിലെന്തെങ്കിലും......" കൃഷ്‌ണന്‍ ഇടയ്‌ക്കു ചോദിച്ചു.



"പറയാന്‍ കാരണമുണ്ട്‌ കൃഷ്‌ണന്‍. ഇന്നെനിക്ക്‌ ഇരുപത്‌ വയസ്സ്‌ തികഞ്ഞു. ടീനേജ്‌ അവസാനിച്ച ദിവസമല്ലേ. ഞാന്‍ രാവിലെ എഴുന്നേറ്റ്‌ മമ്മിയോടു ചോദിച്ചു, 'മമ്മീ, ഇന്നെന്താണ്‌ വിശേഷമെന്നറിയാമോ?" അപ്പോള്‍ മമ്മി പറഞ്ഞതെന്താണെന്നറിയാമോ കൃഷ്‌ണന്‍, 'ഓ, ഞാനതെങ്ങനെ മറക്കും ആഗ്നസ്‌? ഇന്ന്‌ ഒരപകടവും സംഭവിക്കാതിരിക്കാന്‍ ഞാന്‍ മാതാവിന്‌ രണ്ട്‌ മെഴുകുതിരി നേര്‍ന്നിട്ടുണ്ട്‌' എന്ന്‌. തിരിച്ച്‌ കിടക്കയില്‍ പോയിവീണ്‌, തലയിണ കുതിര്‍ന്ന്‌ ഒട്ടുന്നതുവരെ ഞാന്‍ കരഞ്ഞു. എല്ലാം ആരുടെയടുത്തും പറയാതിരുന്നാല്‍ വീണ്ടും കരഞ്ഞുപോകുമെന്ന്‌ തോന്നിയപ്പോഴാണ്‌ ഞാന്‍ ക്ലാസ്സും കട്ട്‌ ചെയ്‌ത്‌ ഇങ്ങോട്ട്‌ പോന്നത്‌." വിതുമ്പുന്ന ചുണ്ടുകള്‍ കൈകൊണ്ട്‌ മറച്ച്‌ ആഗ്നസ്‌ കുനിഞ്ഞിരുന്നു.



ആ ഏങ്ങലടിയുടെ താളം അയാള്‍ക്കു ചുറ്റും ഇരമ്പിയാര്‍ത്തു. അയാളുടെ ഹൃദയഭാരം ഏറുകയായിരുന്നു. വിയര്‍പ്പും കണ്ണീരുംകൊണ്ട്‌ കുതിര്‍ന്ന ആ വദനം അയാള്‍ പിടിച്ചുയര്‍ത്തി. ചുവന്നു കലങ്ങിയ രണ്ടു കണ്ണുകള്‍ അയാളെ ഉറ്റുനോക്കി. ആ നയനങ്ങള്‍ വീണ്ടും നിറയുമ്പോള്‍ ആര്‍ദ്രമായി അയാള്‍ വിളിച്ചു. "ആഗ്നസ്‌"



നനവൂറുന്ന ആ ശബ്‌ദം കേട്ടപ്പോള്‍ ആഗ്നസ്‌ അയാളുടെ മാറിലേക്ക്‌ ചാഞ്ഞു.



"ആഗ്നസ്‌ കരയാതെ. എനിക്കിതിലൊന്നും തീരെ വിശ്വാസമില്ല. മോറോവര്‍ വി ആര്‍ സയന്‍സ്‌ സ്‌റ്റുഡന്റ്‌സ്‌." അയാള്‍ ആശ്വസിപ്പിച്ചു.



"യു ആര്‍ ലയിങ്‌ കൃഷ്‌ണന്‍. എന്റെ മമ്മി പറയുന്നതാണു ശരി, ഞാന്‍ ശപിക്കപ്പെട്ടവളാണ്‌."



"നെവര്‍ ആഗ്നസ്‌. ഞാന്‍ നിന്റെ കൂടെയുണ്ട്‌. എപ്പോഴും."



"എനിക്കത്‌ വിശ്വസിക്കാമോ കൃഷ്‌ണന്‍? ആദ്യമായെനിക്കൊരു കൂട്ടുണ്ടായിരിക്കുന്നു. ആരെയും മൈന്റ്‌ ചെയ്യാതെ നമുക്കെന്തെല്ലാം പറഞ്ഞിരിക്കാം, അല്ലേ?"



"ആഗ്നസ്‌ എന്തൊക്കെയാണീ പറയുന്നത്‌?"



"ഓ, സോറി കൃഷ്‌ണന്‍. ഐ വാസ്‌ ഇന്‍ എ ഡ്രീം, ഒഫ്‌ കോഴ്‌സ്‌ എ ഡ്രീം."

No comments: