Sunday, July 08, 2007

അധ്യായം ഒമ്പത്

കൃഷ്‌ണന്‍ രാവിലെ കോളേജിലെത്തിയപ്പോള്‍ ടോം ക്ലാസ്സില്‍ അയാളെ കാത്തിരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ടോം വൈകിയേ എത്താറുളളൂ. കാരണമന്വേഷിക്കാറുളള അധ്യാപകര്‍ക്ക്‌ അവന്‍ സത്യസന്ധമായി ഉത്തരം കൊടുക്കും- ഉറങ്ങിപ്പോയി; കടയില്‍ ചായ ആയിട്ടില്ലായിരുന്നു; മഴയായിരുന്നു എന്നൊക്കെ. ഇന്നുമാത്രമിങ്ങനെ നേരത്തെ എത്താന്‍........?

"ഇന്നെന്താ നേരത്തെ പോന്നത്‌? ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക്‌ തന്നെ കിടന്നിരിക്കും, അല്ലേ?" കൃഷ്ണന്‍ ചോദിച്ചു.

"ഒരു കോളുണ്ടളിയാ, വാ കാന്റീനിലേക്ക്‌ പോകാം. എന്റെ വക ഒരു ട്രീറ്റുണ്ട്‌".

ടോം എന്തോ അടിച്ചെടുത്തിട്ടുണ്ടെന്നു തീര്‍ച്ച. ആരെങ്കിലും നിര്‍ബന്ധിക്കാതെ ടോം ചെലവ്‌ ചെയ്യാന്‍ തയ്യാറാകുന്നത്‌ അങ്ങനെയുളള അവസരങ്ങളില്‍ മാത്രം.

കാന്റീനില്‍ നിന്ന്‌ ടോം ഫ്രൂട്ട് സാലഡ് ഓര്‍ഡര്‍ ചെയ്തു. വളരെ അപൂര്‍വ്വമായി കഴിക്കുന്ന ഒരു ഐറ്റമാണ്‍ ആ വിഭവം; വില കൂടുതല്‍ തന്നെ കാരണം.

"പ്രേമിക്കാന്‍ നിനക്കു മാത്രമല്ല, ഞങ്ങള്‍ക്കും പറ്റും". ഫ്രൂട്ട്‌ സാലഡ്‌ കഴിക്കുന്നതിനിടയില്‍ ടോം പറഞ്ഞു.

അപ്പോള്‍ അതാണ്‌ കാര്യം. ടോമിന്റെ ചിരകാലാഭിലാഷം പൂവണിഞ്ഞിരിക്കുന്നു.

"ആരാ ആള്‍?" കൃഷ്‌ണന്‍ അന്വേഷിച്ചു.

"ആളെ അറിയുമ്പോള്‍ നീ ഞെട്ടരുത്‌. ദാ, സംശയമുണ്ടെങ്കില്‍ ഈ കത്ത്‌ നോക്ക്‌".

ഇന്‍ലന്റില്‍ എഴുതയിട്ടുളള ഒരു കത്തെടുത്ത്‌ ടോം കൃഷ്‌ണന്റെ കൈയില്‍ കൊടുത്തു. സുന്ദരമായ കൈയക്ഷരത്തില്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

Dear E,

അയച്ചിരുന്ന കത്ത്‌ കിട്ടി. അങ്ങനെ കത്തയക്കുന്നത്‌ തീരെ safe അല്ല എന്നാണ് എനിക്ക്‌ തോന്നുന്നത്‌. കത്തുകള്‍ എല്ലാവരും കാണുന്ന ലെറ്റര്‍ ബോര്‍ഡില്‍ നിന്നും ആരെങ്കിലും എടുത്തു വായിച്ചാല്‍ നമുക്ക്‌ രണ്ടുപേര്‍ക്കും മോശമുളള കാര്യമല്ലേ. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് വരുന്ന കത്തുകള്‍ എപ്പോഴും മറ്റുള്ളവര്‍ എടുത്തുകൊണ്ടു പോയി വായിക്കാറുണ്ട്.

എന്റെ ആദ്യത്തെ പ്രേമലേഖനമാണെങ്കിലും അതിന്റെ തുടക്കം വളരെ boring ആയിപ്പോയി എന്ന്‌ തോന്നുന്നു. E-യെപ്പോലെ കത്തുവഴി മനോഹരമായി കാര്യങ്ങള്‍ പറയാന്‍ എനിക്ക്‌ അറിയില്ല. അതുകൊണ്ട്‌ തിങ്കളാഴ്‌ച ക്ലാസ്സുകഴിയുമ്പോള്‍ കാന്റീനിന്റെ പടിഞ്ഞാറുവശത്തുളള പ്ലാവിന്റെ ചുവട്ടില്‍ വരാമോ? എനിക്കും പറയാന്‍ ധാരാളം കാര്യങ്ങളുണ്ട് മനസ്സില്‍‌.

എന്ന്‌
സുനിത.

ടോമിന്റെ പ്രേമഭാജനത്തിന്റെ പേരറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല കൃഷ്‌ണന്‌. കഴിഞ്ഞവര്‍ഷം കോളേജ്‌ യൂണിയന്‍ സംഘടിപ്പിച്ച ഫാഷന്‍ പരേഡില്‍ ഒന്നാമതായ പെണ്‍കുട്ടിയാണ്‌ സുനിത. ഒരേ വര്‍ഷമാണെങ്കിലും സുനിതയുടെ മെയിന്‍ ഇംഗ്ലീഷ്‌ ലിറ്ററേച്ചറാണ്‌. ആണുങ്ങളുടെ ഇടയില്‍ ടോം ഒരു വലിയ കാര്യമാണ്‌ സാധിച്ചിരിക്കുന്നത്‌; സുനിതയുടെ സ്നേഹം സമ്പാദിക്കുക വഴി. കൃഷ്‌ണന്‍ അവനെ ചുമലില്‍ തട്ടി അദിനന്ദിച്ചു.

"കൃഷ്‌ണാ, ഇന്നാ തിങ്കളാഴ്‌ചയാണ്‌- ആളെ കാണേണ്ട ദിവസം. പക്ഷേ, എനിക്ക്‌ സംസാരിക്കാന്‍ അധികം വിഷയങ്ങളൊന്നും തോന്നുന്നില്ല. ഒന്നുരണ്ടു ഡയലോഗുകള്‍ ഞാന്‍ മനസ്സില്‍ കരുതിവച്ചിട്ടുണ്ടെന്നല്ലാതെ"

"അതു കുഴപ്പില്ല. സുനിതാ ജോര്‍ജ്ജിനെ സംസാരിച്ചു തോല്‌പിക്കാന്‍ പറ്റില്ല; നീ കേട്ടിട്ടില്ലേ കക്ഷിയുടെ സംസാരം? നീ വെറുതെ നിന്നു കൊടുത്താല്‍ മതി, ബാക്കിയൊക്കെ അവള്‍ കൈകാര്യം ചെയ്തോളും. അവസാനം നിനക്ക്‌ അവസാനിപ്പിച്ചു പോരാനായിരിക്കും പരസഹായം വേണ്ടി വരിക." തമാശകണക്കെ കൃഷ്‌ണന്‍ പറഞ്ഞു.

"നീയും സുനിലും എന്റെ കൂടെയുണ്ടാവണം, ഒരു ധൈര്യത്തിന്‌."

"അതുശരി, പ്ലാവിന്റെ ചോട്ടില്‍ നീ പെണ്ണു കാണലാണോ ഒരുക്കിട്ടുളളത്‌ ഞങ്ങളെല്ലാവരും വരാന്‍?"

"അങ്ങോട്ടൊന്നും വരണ്ട, നിങ്ങള്‍ കാന്റീനില്‍ ഇരുന്നാല്‍ മതി.".

കണ്ടുമുട്ടലിനുള്ള സമയം അടുക്കുമ്പോള്‍ ടോമിന്റെ മുഖത്ത്‌ പരിഭ്രമം നിഴലിടുന്നതു കണ്ടു. കോളെജ്‌ ഒഴിഞ്ഞപ്പോള്‍ അവര്‍ കാന്റീനിലേക്ക്‌ നടന്നു. ചായ കുടിച്ചശേഷം നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക്‌ ടോം ചെന്നു. കാന്റീനിനുളളിലിരുന്നാല്‍ ആ സ്ഥലം വ്യക്തമായി കാണാം. ടോം അവിടെ നില്‌ക്കുകയാണ്‌. പരിസരം മുഴുവന്‍ കമ്യൂണിസ്‌റ്റു പച്ചയും വളളികളും വളര്‍ന്നുണ്ടായ വലിയ പൊന്തയാണ്‌.

പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ടോമല്ലാതെ മറ്റൊരാള്‍ അവിടെ നില്‌ക്കുന്നതു കാണാന്‍ കഴിഞ്ഞില്ല. കൃഷ്‌ണന്റെ ഉളളില്‍ സംശയങ്ങള്‍ മുളപൊട്ടി. ആകാംക്ഷയില്‍ പൊതിഞ്ഞ നീണ്ടമൗനത്തെ ഭജ്ഞിച്ചത്‌ സുനിലാണ്‌, "കൃഷ്‌ണാ, ഒന്നും കാണാനില്ലല്ലോ. ഇനിയവനെ ആരെങ്കിലും പറ്റിച്ചതാവുമോ?"

"ഞാനും അതുതന്നെയാണ്‌ ചിന്തിക്കുന്നത്‌."

കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അവരുടെ എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ പൊന്തയ്‌ക്കുളളില്‍ നിന്ന്‍ നീണ്ട കൂവലുകള്‍ ഉയര്‍ന്നു. ലിറ്ററേച്ചറിലെ അഞ്ചോ ആറോ പേര്‍ പുറത്തുവന്ന്‌ ടോമിനു ചുറ്റും വട്ടമിട്ട്‌ തുള്ളിച്ചാടിക്കൊണ്ട് കളിയാക്കുകയാണ്‌. വിളറിവെളുത്ത്‌ ടോം കാന്റീനിലേക്കു വരുന്ന കാഴ്‌ച കുറച്ച്‌ ബുദ്ധിമുട്ടോടെ മാത്രമേ അയാള്‍ക്ക് നോക്കിയിരിക്കാന്‍ കഴിഞ്ഞുളളൂ‌.

ടോം എഴുതിയ കത്ത്‌ ഒരു പക്ഷേ ആരെങ്കിലും ചോര്‍ത്തിയിരിക്കും. അതല്ലെങ്കില്‍ ആ കത്ത്‌ സുനിത സ്വന്തം ക്ലാസ്സിലെ കുട്ടികളെ കാണിച്ചിട്ടുണ്ടാവും. അങ്ങനെ ടോമിനെ പറ്റിക്കാനുളള പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കാനാണ്‌ സാധ്യത.

ചമ്മലോടെ ടോം കൃഷ്‌ണന്റെയും സുനിലിന്റെയും അടുത്ത്‌ ചെന്നിരുന്നു. ലിറ്ററേച്ചറുകാരോട്‌ കൃഷ്‌ണന്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും അവര്‍ക്ക്‌ ടോമിന്‌ ചുറ്റുംനിന്ന്‌ കളിയാക്കുന്നതിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. പെട്ടെന്ന്‌ ടോം തന്റെ സങ്കടവും ദേഷ്യവുമെല്ലാം തൊട്ടടുത്തുനിന്നവന്റെമേല്‍ തീര്‍ത്തു. കോളറില്‍ പിടിച്ച്‌ വലിച്ചപ്പോള്‍ ഷര്‍ട്ട്‌ കീറി. കൃഷ്‌ണനും സുനിലും പിടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍ അവിടെ ഒരു കൂട്ടസംഘട്ടനം നടക്കുമായിരുന്നു. പതുക്കെ എല്ലാവരും നിശബ്ദരായി. ടോം അവിടെനിന്ന്‌ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവങ്ങള്‍ക്ക്‌ ഇങ്ങനെയൊരു പരിസമാപ്തിയുണ്ടാവുമെന്ന്‌ ആരും കരുതിയിട്ടുണ്ടാവില്ല.

പിറ്റേന്ന് കോളേജിലെത്തിയപ്പോള്‍ സുനിതയോടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന്‌ കൃഷ്‌ണന്‍ തീരുമാനിച്ചു. ടോം ഇനിയും ക്ലാസ്സിലെത്തിയിട്ടില്ല. സുനിലിനെയും കൂട്ടി ലിറ്ററേച്ചര്‍ ക്ലാസ്സില്‍ ചെന്നു. സുനിത ജോര്‍ജ്ജിനെ അയാള്‍ അറിയുമെന്നല്ലാതെ നേരിട്ടു പരിചയമൊന്നുമില്ല. എങ്കിലും അവളെ വിളിച്ച്‌ മുഖവുരയൊന്നും കൂടാതെ ചോദിച്ചു, "താന്‍ ഞങ്ങളുടെ ക്ലാസ്സിലെ ടോമിനെ അറിയുമോ?"

സുനിതയുടെ ചുണ്ടില്‍ ഒരു കളളച്ചിരി വിരിയുന്നതു കണ്ടു.

"ഉം എന്താ? ഞാന്‍ അയാളെപ്പറ്റി എന്തൊക്കെയോ കേട്ടു."

"എന്നാലും താന്‍ അവനെ ഇങ്ങനെയൊരു കുടുക്കില്‍പ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. തനിക്കിഷമില്ലെങ്കില്‍ ആ കാര്യം അവനോട്‌ തുറന്നുപറഞ്ഞാല്‍ മതിയായിരുന്നല്ലോ. അല്ലെങ്കില്‍ വെറുതെ അവഗണിക്കാമായിരുന്നു."

"എനിക്കൊന്നും മനസ്സിലാകുന്നില്ല. ടോം എനിക്ക്‌ ഒരു കത്തെഴുതിയിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ, എനിക്കത്‌ കിട്ടിയിരുന്നില്ല. ആണ്‍കുട്ടികളാണത് എടുത്തത്‌."

തലേന്ന്‌ നടന്ന എല്ലാ കാര്യങ്ങള്‍ കൃഷ്‌ണന്‍ സുനിതയോട്‌ പറഞ്ഞു.

"ദൈവമേ, ഞാന്‍ കാരണം ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായോ? പ്ലീസ്സ്‌, എനിക്ക്‌ ടോമിനെ പരിചയപ്പെടുത്തിത്തന്നം. എനിക്കീ പ്രശ്നങ്ങളുമായി ബന്ധമൊന്നുമില്ലെന്ന്‌ പറയാനാണ്‌."

"ശരി നാളെ രാവിലെ ക്ലാസ്സിലേക്കു വരൂ."

"നീ ആളു കൊളളാമല്ലോ. ടോമിന്റെ പേരും പറഞ്ഞ്‌ സുനിതയെ പഞ്ചാര അടിക്കുക, അല്ലേ?" തിരികെ നടക്കുമ്പോള്‍ കൃഷ്‌ണനോട്‌ സുനില്‍ പറഞ്ഞു.

"നിനക്കു തെറ്റി. നാമിപ്പോള്‍ ഒരു സഹതാപതരംഗം സൃഷിച്ചിരിക്കുകയാണ്‌. അതിലൂടെ പിടിച്ചു കയറിയാല്‍ ടോമിന്‌ സുനിതയെ എളുപ്പം വളച്ചെടുക്കാം. നമ്മുടെ ദൗത്യത്തിന്റെ ഒന്നാംഘട്ടം പ്രതീക്ഷിച്ചതിലും വിജയമായിരിക്കുന്നു." കൃഷ്‌ണന്‍ പറഞ്ഞു.

പതിവുപോലെ ടോം വൈകിയാണെത്തിയത്‌. ഒരിക്കലും മായാത്ത അവന്റെ മുഖത്തെ പ്രസന്നത ഇന്നില്ല. ഇന്നലത്തെ ഷോക്കില്‍ നിന്ന്‌ ഇതുവരെ വിമുക്തനായിട്ടില്ല അവന്‍.

ആദ്യ അവറു കഴിഞ്ഞപ്പോള്‍ അവനെ കൃഷ്‌ണന്‍ രഹസ്യമായി വിളിച്ച്‌ സുനിത പറഞ്ഞ കാര്യങ്ങള്‍ കേള്‍പ്പിച്ചു. നാളെ രാവിലെ അവളെ കാണുന്നതിന്‌ നേരത്തെ എത്തണം എന്നു കൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ അവന്‍ കോപം കൊണ്ടു ചുവന്നു.

"അവളുടെ മുമ്പില്‍ വച്ച്‌ നിനക്കും എന്നെ പരിഹാസ്യനാക്കണമല്ലേ?" അവന്‍ പൊട്ടിത്തെറിച്ചു.

സുനിലും സംഭാഷണത്തില്‍ ചേര്‍ന്നപ്പോള്‍ അവനെ സമാധാനിപ്പിക്കാനായി. അവനെ കളിയാക്കിയവരോട്‌ പകരം ചോദിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്‌ഗം സുനിതയുടെ സ്നേഹം സ്വന്തമാക്കുക എന്നതാണെന്ന്‌ കൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ പിന്നെ അവനൊന്നും എതിര്‍ത്തു പറഞ്ഞില്ല. അടുത്തദിവസം സുനിതയെ കാണാമെന്നു തന്നെ സമ്മതിച്ചു.

പിറ്റേന്നു രാവിലെ കോളേജിലേക്ക്‌ വരുമ്പോള്‍ അശ്വതിയോട്‌ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എല്ലാ കാര്യങ്ങളും കൃഷ്‌ണന്‍ വിവരിച്ചു. അശ്വതിയുടെ സീനിയറാണല്ലോ സുനിത. മറ്റുളളവരോട്‌ സംസാരിക്കുമ്പോള്‍ ടോമും സുനിതയും പ്രേമത്തിലാണെന്ന വാര്‍ത്ത പരത്താന്‍ കൃഷ്‌ണന്‍ അശ്വതിയെ ഏല്‌പിച്ചു. മുഖം രക്ഷിക്കാന്‍ യഥാര്‍ത്ഥ പ്രേമത്തേക്കാള്‍ ടോമിനിപ്പോള്‍ ആവശ്യം അതിന്റെ പരസ്യമാണ്‌. അതുകൊണ്ടാണ്‌ കൃഷ്‌ണന്‍ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടതും.

കൃഷ്‌ണന്‍ ക്ലാസ്സിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ സുനിത വന്നു. മനസ്‌സിലിരിപ്പ്‌ എന്തെന്ന്‌ തീര്‍ച്ചയില്ലെങ്കിലും അവള്‍ ആ പ്രശ്നം കാര്യമായെടുത്തിട്ടുണ്ടെന്ന്‌ ഉറപ്പ്‌. അവര്‍ സംസാരിച്ചു നില്‌ക്കുന്നതിനിടയിലാണ്‌ ടോമെത്തിയത്‌. സുനിതയെ കണ്ടപ്പോള്‍ ടോം ഒന്നു ചൂളിയതുപോലെ തോന്നി‌. സുനിതയ്‌ക്ക്‌ ഭാവഭേദങ്ങളൊന്നുമില്ല.

"ഗുഡ്‌ മോണിംഗ്‌ ടോം. സുനിത കുറച്ചു നേരമായി നിന്നെ കാത്തു നില്‌ക്കുന്നു, എന്തോ പറയാനുണ്ടെന്ന്‌". അങ്ങനെ പറഞ്ഞിട്ട്‌ കൃഷ്‌ണന്‍ അവിടെ നിന്നും നിഷ്‌ക്രമിച്ചു. കാമ്പസിന്‌ പുറത്തുളള ഹാഫീസ്‌ ഇക്കായുടെ കടയില്‍ ഒരു ചായയും കുടിച്ചിരുന്നു അയാള്‍. ക്ലാസ്സ്‌ തുടങ്ങാന്‍ സമയമായപ്പോഴാണ്‌ അവിടെനിന്നും എഴുന്നേറ്റത്‌.

കൃഷ്‌ണന്‍ ക്ലാസ്സിലെത്തിയപ്പോള്‍ ടോമിനെ സന്തോഷവാനായാണ്‌ കണ്ടത്‌.

"എന്തുണ്ട്‌ കാമുകാ പുതിയ വിശേഷങ്ങള്‍?"

"ഹൊ, എന്റെ കൃഷ്‌ണാ, സംസാരിച്ച്‌ അവള്‍ എന്നെ നിന്നനില്‌പില്‍ കൊന്നു. ഇപ്പോ കുറച്ചു മുമ്പ്‌ പോയതേ ഉളളൂ. പക്ഷേ, പോകുന്നതിനുമുമ്പ്‌ ഞാന്‍ ചെത്തി മിനുക്കി വച്ചിരുന്ന ആ ഡയലോഗ്‌ പുറത്തെടുത്തു- സുനിതേ, ഞാനൊരു തമാശ പറയട്ടെ; എനിക്കു തന്നെ ഇഷ്ടമാണ്‌ എന്ന്‌. അപ്പോള്‍ അവള്‍ നിര്‍ത്താതെ ചിരിച്ചു. ചിരി അവസാനിക്കാതെയായപ്പോള്‍ ഞാന്‍ കാരണം തിരക്കി. അപ്പോള്‍ അവള്‍ പറഞ്ഞു, തമാശപറഞ്ഞാല്‍ ചിരിക്കണ്ടേയെന്ന്‌. ധൈര്യം കൈവെടിയാതെ ഞാന്‍ വീണ്ടും പറഞ്ഞു- സുനിതേ, ഇന്നു ഞാന്‍ താന്‍ ക്ഷണിച്ചിട്ടാണ്‌ വന്നത്‌. നാളെ ഞാന്‍ വിളിച്ചാല്‍ വരുമോ, കുറെ കാര്യങ്ങള്‍ പറയാനുണ്ട്‌ എന്ന്‌. അപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട്‌ ഓടിപ്പോയി".

"അതായത്‌, നാളെ രാവിലെ സുനിത വരികയാണെങ്കില്‍ നീ രക്ഷപ്പെട്ടു. കോളേജ്‌ ബ്യൂട്ടി നിന്റെ സ്വന്തമാകും. ഗുഡ്‌ ലക്ക്‌. ചെലവുവേണം."

"വരുമോയെന്ന്‌ നോക്കട്ടെ. വന്നാല്‍‍ നാളെ മുഴുവന്‍ സമയവും നാം ടൗണിലായിരിക്കും."

രാവിലെ പതിവിലും വൈകിയാണ്‌ കൃഷ്‌ണന്‍ കോളേജിലേക്ക്‌ പുറപ്പെട്ടത്‌. സുനിത വരികയാണെങ്കില്‍ അവര്‍ക്കിടയില്‍ താനൊരു തടസ്സമാകേണ്ടല്ലോ എന്നോര്‍ത്തു അയാള്‍. കോളേജു ഗേറ്റില്‍ നിന്നാല്‍ ക്ലാസ്സിന്റെ വരാന്ത കാണാം. പക്ഷേ, കൃഷ്‌ണന്‍ അവിടെ ആരെയും കണ്ടില്ല. എല്ലാം പൊളിഞ്ഞിരിക്കുമോ എന്ന്‌ ശങ്കിച്ച്‌ അയാള്‍ ക്ലാസ്സിലേക്ക്‌ കയറുമ്പോഴുണ്ട്‌ അവര്‍ അവിടെയിരിക്കുന്നു. കൃഷ്‌ണന്‍ അത്ര പ്രതീക്ഷിച്ചിരുന്നില്ല. മറ്റാരും ക്ലാസ്‌സില്‍ ഇല്ലായിരുന്നു.

അയാള്‍ ഫയല്‍ ഡസ്‌ക്കില്‍വച്ച്‌ പുറത്തിറങ്ങുമ്പോള്‍ ഒരു കള്ളച്ചിരിയോടെ ടോം പറഞ്ഞു, "എത്ര നേരമെന്നു കരുതിയാണ്‌ കൃഷ്‌ണാ വെറും കാലില്‍ നില്‌ക്കുന്നത്‌. കുറച്ചുനേരം ഞങ്ങള്‍ ഇരുന്നു സംസാരിക്കാമെന്നു കരുതി."

"ബെസ്‌റ്റ്‌ വിഷസ്‌." കൃഷ്‌ണന്‍ അവരോടായി പറഞ്ഞു.

ഒരാളുടെ സങ്കടത്തിന്‌ പരിഹാരമായല്ലോയെന്ന്‌ പുറത്തു തന്നെയിരിക്കുമ്പോള്‍ കൃഷ്‌ണന്‍ ചിന്തിച്ചു. ഉദാത്ത പ്രേമത്തിന്റെ ഊഷ്മളത ശിതീകരിക്കപ്പെട്ട മനസ്സിനെ വീണ്ടും ഉണര്‍ത്തും. അടുക്കും ചിട്ടയുമില്ലാത്ത ടോമിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാണ്‌ ഈ പ്രേമം, അതു പരാജയപ്പെട്ടിരുന്നെങ്കില്‍ നിരാശതയുടെ ഗര്‍ത്തത്തില്‍ നിന്ന്‌ അവന്‍ ഉയരില്ലായിരുന്നു ചിലപ്പോള്‍.

ഉച്ചകഴിഞ്ഞുളള ക്ലാസ്സ്‌ കട്ടുചെയ്ത്‌ മൂന്നുപേരും ആഘോഷിക്കാനായി ടൗണിലേക്കു പറപ്പെട്ടു. ആദ്യം സിനിമ കണ്ടു. പിന്നെ ഗാനമേളയുടെ അന്ന്‌ കുടിച്ചു ബഹളമുണ്ടാക്കിയ റെസ്റ്റോറന്റില്‍ കയറി. ആ സംഭവത്തിനുശേഷം മൂന്നുപേരും തീരുമാനിച്ചിരിക്കുകയാണ്‌ ഒന്നിച്ചിരുന്ന്‌ മദ്യപിക്കില്ലെന്ന്‌. ചൈനീസ്‌ വിഭവങ്ങള്‍ ആവശ്യാനുസരണം കഴിച്ചു. ടോമിന്റെ കൈയില്‍ ധാരാളം പണമുണ്ട്‌. കരുതിത്തന്നെയാണ്‌ വന്നിരിക്കുന്നത്‌. സുനിത ടോമിന്റെ പ്രേമാഭ്യര്‍ത്ഥന തിരസ്‌ക്കരിച്ചിരുന്നെങ്കില്‍ ഇപ്പോഴെന്താവും സ്ഥിതിയെന്ന്‌ കൃഷ്‌ണന്‍ ആലോചിച്ചു. ക്രൂരമെങ്കിലും അങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന്‌ അയാള്‍ക്ക്‌ തോന്നി.

എല്ലാം കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ കൃഷ്‌ണനാണ്‌ പ്രഫസ്സര്‍ ഡാനിയേലിന്റെ വീട്ടില്‍ പോകാന്‍ നിര്‍ദ്ദേശം വച്ചത്‌. പ്രഫസര്‍ കുറെ നാളുകളായി ക്ഷണിക്കുന്നു. ടോമും സുനിലും ആദ്യം എതിര്‍ത്തെങ്കിലും പിന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി കൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. ടൗണിന്റെ അതിര്‍ത്തിയിലുളള അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ ഓട്ടോറിക്ഷയ്‌ക്ക്‌ പോകാനുളള ദൂരമേ ഉണ്ടായിരുന്നുളളൂ.

സന്ധ്യ മയങ്ങുന്നു. പഴയതെങ്കിലും ഭംഗിയുളള ഒരു രണ്ടുനില കെട്ടിടത്തിന്റെ മുമ്പില്‍ ഓട്ടോറിക്ഷ നിന്നു. കോളിംഗ്‌ബെല്ലില്‍ കൃഷ്‌ണന്‍ വിരല്‍ അമര്‍ത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഫ്രോക്കിട്ട ഒരു കൊച്ചുസുന്ദരി ഡോര്‍ തുറന്നു. ഹെലനാവും, കൃഷ്‌ണന്‍ ഊഹിച്ചു.

"ഹലോ മൈ ഡിയര്‍ ചില്‍ഡ്രന്‍. ഹാര്‍ട്ടി വെല്‍കം റ്റു ഓള്‍"

പ്രഫസ്സര്‍ മുകളില്‍ നിന്ന്‌ ഇറങ്ങിവന്നു. കോളേജില്‍ വച്ചുകാണുന്നതിനെക്കാള്‍ പ്രായക്കൂടുതല്‍ ഉളളതുപോലെ തോന്നി. ഹെലന്‍ തുന്നലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.

"ഹൂ ആര്‍ ദെ പപ്പാ?" ഹെലന്‍ തുന്നലുപകരണങ്ങള്‍ താഴെ വച്ചു.

"മൈ സ്‌റ്റ്യുഡന്റ്‌സ്‌ ഹെലീന". പ്രഫസ്സര്‍ അവളുടെ കവിളില്‍ ചുംബിച്ചു. എല്ലാവരും പേരു പറഞ്ഞ്‌ ഹെലനെ പരിചയപ്പെട്ടു. കുട്ടിയെങ്കിലും വളരെ പക്വതയുളള പെരുമാറ്റമാണ്‌ ഹെലന്റെ.

"പിന്നെ നിങ്ങളെന്താണ്‌ ഇങ്ങനെ ഒന്നിച്ചിറങ്ങാന്‍ കാരണം? ഇങ്ങോട്ടു മാത്രമായി വന്നതാണോ, അതോ..........."

എല്ലാവരും മുഖത്തോടുമുഖം നോക്കി. യഥാര്‍ത്ഥ കാരണം പറയണോയെന്ന്‌ ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം അതു്‌ വെളിപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു കൃഷ്‌ണന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രസകരമായ സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചപ്പോള്‍ പ്രഫസ്സര്‍ പറഞ്ഞു, "ബെസ്‌റ്റ്‌ വിഷസ്‌ ടോം. ഞാന്‍ തനിക്ക്‌ ഒരു ചെറിയ ചിലവ്‌ ചെയ്യുന്നുണ്ട്‌.".

പ്രഫസ്സര്‍ ചുമരലമാരി തുറന്ന്‌ ഒരു കുപ്പി പുറത്തെടുത്തു. അതില്‍ നിന്ന്‌ ഒരു ഗ്ലാസ്സിലേക്കു പകര്‍ന്ന്‌ ടോമിനു മാത്രം കൊടുത്തുകൊണ്ട്‌ പ്രഫസ്സര്‍ പറഞ്ഞു, "പുതിയ പ്രേമം കമിതാക്കള്‍ക്ക്‌ വീഞ്ഞുപോലെയാണ്‌, ഒരെരിവും പുളിയും മധുരവുമൊക്കെ അതിനുണ്ടാവും"

"കൃഷ്‌ണനും മോശക്കാരനല്ല സര്‍", വീഞ്ഞു കുടിക്കുന്നതിനിടയില്‍ ഇടം കണ്ണിട്ടുനോക്കി ടോം പറഞ്ഞു.

"അതുശരി. എന്നിട്ട്‌ മിണ്ടാതിരിക്കുകയാണോ. ആരാണാള്‍? കോളേജില്‍ തന്നെയാണോ?" പ്രഫസ്സര്‍ ചോദിച്ചു.

പുന്നെ സുനിലും ടോമും ചേര്‍ന്ന്‌ ആ കഥകള്‍ വിസ്തരിച്ചു പറഞ്ഞു.

"ഇപ്പോള്‍ വീഞ്ഞിന്റെ വീര്യം കെട്ടിട്ടുണ്ടാകും, അല്ലേ കൃഷ്‌ണന്‍? യഥാര്‍ത്ഥ പ്രേമം എന്തെന്ന്‌ ഇനിയാവും അറിയുക."

സ്നേഹത്തിന്റെ സുഖം അധികനാള്‍ അനുഭവിച്ചറിയാന്‍ കഴിയാത്ത വ്യക്തി എന്ന്‌ വിലപിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്ന്‌ കൃഷ്‌ണന്‍ ഓര്‍ത്തു.

പ്രഫസ്സറോടൊപ്പം വീടെല്ലാം ചുറ്റിനടന്ന്‌ കണ്ടു. അടുക്കും ചിട്ടയോടെ ക്രമീകരിച്ചിട്ടുളള ഭംഗിയുളള മുറികളായിരുന്നെങ്കിലും അവയുടെ ഓരോ കോണിലും മൗനം തളം കെട്ടി നില്‌ക്കുന്നതുപോലെ കൃഷ്‌ണന്‌ അനുഭവപ്പെട്ടു. പ്രഫസ്സറുടെ ശബ്ദം ഇടയ്‌ക്കിടെ ചുമരുകളില്‍ തട്ടി ചിലമ്പലോടെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

അവസാനം മുകളിലെ നിലയിലെത്തി. അവിടെ ഒരു വലിയ ലൈബ്രറിയും പ്രഫസ്സറുടെ സ്വകാര്യമുറിയുമാണ്‌ ഉളളത്‌. ബള്‍ബിന്റെ വെട്ടത്തില്‍ പുസ്തകങ്ങളടുക്കി വച്ചിട്ടുളള വാര്‍ണീഷടിച്ചുമിനുക്കിയ അലമാരികള്‍ വെട്ടിത്തിളങ്ങി. ഒരാളുടെ സ്വകാര്യ ലൈബ്രറി എന്ന്‌ വിശ്വസിക്കാനാവാത്തവിധം അതു്‌ വലുതായിരുന്നു.

"ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അതീ പുസ്തകങ്ങളാണ്‌. ഇനിയും ആര്‍ക്കുവേണ്ടിയാണ്‌ സമ്പാദിക്കുന്നത്‌? ഹെലന്‌ ആവശ്യത്തിലധികം സ്വത്ത്‌ അവളുടെ മമ്മിയടേതായിട്ടുണ്ട്‌. ഈ കണ്ണുകള്കൊണ്ട്‌ വായിക്കാന്‍ പറ്റാതെയായാല്‍ക്കൂടി ഞാന്‍ പുസ്തതകങ്ങള്‍ വാങ്ങി ഈ അലമാരികള്‍ നിറയ്‌ക്കും. എന്നിട്ട്‌ അവയുടെ താളുകള്‍ക്കിടയിലെ പുതുമണം വലിച്ചെടുക്കും". പ്രഫസ്സര്‍ പെട്ടന്ന്‌ നിര്‍ത്തി. അദ്ദേഹം സംസാരിക്കുമ്പോള്‍ പലപ്പോഴും വികാരധീനനാകുന്നു.

"ആവശ്യമുളളപ്പോഴൊക്കെ നിങ്ങള്‍ വന്ന്‌ ഇത്‌ ഉപയോഗിച്ചുകൊളളൂ. ലിറ്ററേച്ചറും ഫിലോസഫി‍യും മാത്തമാറ്റിക്സിം എല്ലാമുണ്ട്‌. പ്രത്യേകിച്ച്‌ കൃഷ്‌ണനോട്‌. തന്റെ സംശയങ്ങള്‍ ധുരീകരിക്കാനുതകുന്ന അടിസ്ഥാനപരമായ ധാരാളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്‌."

തിരിച്ചു താഴെ ചെന്നിരുന്നപ്പോള്‍ ഹെലന്‍ സ്‌ക്വാഷുമായി വന്നു. മുഖത്ത്‌ അത്ഭുതം പ്രകടമായതിനാലാണെന്നു തോന്നുന്നു പ്രഫസ്സര്‍ പറഞ്ഞു, "ഞാന്‍ ഹെലനെ സ്വന്തം കാലില്‍ നില്‌ക്കാന്‍ പരിശീലിപ്പിക്കുകയാണ്‌. ഇതുപോലുളള ചെറിയ ജോലികളൊക്കെ അവള്‍ക്കറിയാം. ഇപ്പോള്‍ തുന്നല്‍ പഠിക്കുകയാണ്‌. എംബ്രോയ്‌ഡറി ചെയ്ത കുറെ ടൗവ്വലുകള്‍ അവള്‍ എനിക്ക്‌ സമ്മാനിച്ചു കഴിഞ്ഞു."

പ്രഫസ്സര്‍ക്കും ഹെലനും നന്ദി പറഞ്ഞുകൊണ്ട്‌ അവര്‍ പുറത്തിറങ്ങി. നടക്കല്ലില്‍ നിന്ന്‌ കൃഷ്‌ണന്‍ ഹെലനോട്‌ ബൈ പറഞ്ഞു. തിരിച്ച്‌ അവള്‍ 'ഗുഡ്‌നൈറ്റ്' പറയുമ്പോഴും ആ കുട്ടി പുഞ്ചിരിച്ചു കണ്ടില്ല. പ്രായത്തേക്കാളേറെ ഗൌരവമായിരുന്നു ഹെലന്റെ മുഖത്ത്‌.

No comments: