Tuesday, January 30, 2007

അധ്യായം ഏഴ്

ഗ്രൗണ്ടിനടുത്തുളള മരത്തണലുകളിലും ഒന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ്സ്‌ മുറികള്‍ക്കു മുമ്പിലെ തൂണുകള്‍ക്കരികിലും കണ്ടു തുടങ്ങിയ പുതിയ 'ലൈന്‍' കോളേജില്‍ സംസാരവിഷയമാകാന്‍ അധികനാള്‍ എടുത്തില്ല. കൃഷ്‌ണനെ കാണുമ്പോള്‍ അയാളെ പരിചയപ്പെട്ടിട്ടില്ലാത്ത 'ഗാംങ്ങു'കള്‍ക്കിടയില്‍ പിറുപിറുക്കലുയര്‍ന്നു. പരിചയമുളളവര്‍ കളിയാക്കി സംസാരിച്ചു. ഒരു ദിവസം ഫിസിക്സിലെ അന്‍വര്‍ അയാളെ വിളിച്ചു പറഞ്ഞു, "എന്നാലും നീ ആ പെണ്ണിനെ പ്രേമിക്കേണ്ട കാര്യമില്ലായിരുന്നെടാ കൃഷ്ണാ. പ്രേമമെന്നൊക്കെ പറഞ്ഞാല്‍ ഒരു ത്രില്ലുവേണം. ഒട്ടും പരിചയമില്ലാത്ത ഒരുത്തിയെ അതിസാഹസപൂര്‍വം പരിചയപ്പെട്ട്‌, പിറകെ നടന്ന്‌ വാചകമടിച്ച്‌, വേണ്ടിവന്നാല്‍ കരഞ്ഞ്‌ 'ലൈന്‍' ഒപ്പിച്ചെടുക്കണം. അല്ലാതെ നിന്നെപ്പോലെ വീടു മുതല്‍ ഒന്നിച്ചു വരുന്നവളെയല്ല പ്രേമിക്കേണ്ടത്‌. അത്‌ ഏതവനും പറ്റുന്ന കാര്യമാണ്‌. അവള്‍ക്കൊരു പ്രേമലേഖനം കൊടുക്കാന്‍ പറ്റ്വൊ നിനക്ക്‌?"

പ്രേമിക്കുകയെന്നത്‌ അന്‍വറിനൊരു സാഹസിക സംരംഭമാണ്‌. ക്ലേശങ്ങള്‍ സഹിച്ച്‌ ലക്ഷ്യ സ്ഥാനത്തെത്തിയാല്‍ ചിലപ്പോള്‍ അതിന്റെ ആകര്‍ഷണീയത ഇല്ലാതായേക്കും.

ഒന്നാം വര്‍ഷം ഏതാണ്ട്‌ കഴിയാറായി. അശ്വതി രണ്ടാംവര്‍ഷ പ്രീഡിഗ്രിയായതിനാല്‍ സ്‌റ്റഡിലീവ്‌ നേരത്തേ തുടങ്ങിക്കഴിഞ്ഞു. എട്ടുമാസങ്ങള്‍ക്കിടയ്‌ക്ക്‌ കൃഷ്‌ണനുണ്ടായ അനുഭവങ്ങള്‍ ആ കാമ്പസില്‍ താനൊരന്യനല്ല എന്ന ബോധം അയാളിലുണ്ടാക്കി. സ്‌റ്റഡിലീവായതിനാല്‍ കൃഷ്‌ണന്‌ അശ്വതിയെ അധികം കാണാന്‍ തരപ്പെടാറില്ല. വല്ലപ്പോഴും സംശയം ചോദിക്കലിന്റെ മറപിടിച്ച്‌ അവള്‍ ഔട്ട്‌ഹൗസില്‍ എത്തും. മനസ്സൊഴിയുംവരെ സ്വാതന്ത്ര്യത്തോടുകൂടി അയാള്‍ക്ക്‌ സംസാരിക്കാന്‍ സാധിക്കാറില്ല അപ്പോള്‍. അകാരണമായ ഭയം പലതില്‍ നിന്നും തന്നെ ചങ്ങലയ്‌ക്കിട്ടു നിറുത്തുന്നതായി കൃഷ്‌ണന്‌ തോന്നി.

സ്‌റ്റഡിലീവ്‌ തുടങ്ങുന്നതിന്‌ തലേദിവസം രാത്രി പെരിഞ്ചേരിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ അശ്വതിയെ ഒറ്റയ്‌ക്കുകണ്ടു സംസാരിക്കണമെന്നു തോന്നി അയാള്‍ക്ക്‌. അമ്മാവനോടു്‌ കുറെനേരം സംസാരിച്ചിരുന്നു. യാത്രപറഞ്ഞ്‌ മുറ്റത്തേക്കിറങ്ങുമ്പോള്‍ എവിടെനിന്നോ പൊട്ടിവീണപോലെ അശ്വതി അയാളുടെ മുമ്പില്‍ വന്നുപെട്ടു. "നാളെ സ്‌റ്റഡിലീവ്‌ തുടങ്ങും. രാവിലെ വീട്ടിലേക്ക്‌ പോവാണ്‌. യാത്ര ചോദിക്കുന്നത്‌ ഇപ്പോള്‍ തന്നെയാക്കുന്നു. ഇനി, മിണ്ടാതെ പോയെന്നു പറയരുത്‌". അവള്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടു മിണ്ടാതെ നിന്നു.

കൊണ്ടുപോകാനുളള ഡ്രസ്സും പുസ്തകങ്ങളുമെല്ലാം അയാള്‍ രാത്രിതന്നെ ബാഗില്‍ എടുത്തുവച്ചു. രാത്രി എല്ലാം മറന്ന്‌ സുഖമായി ഉറങ്ങി. ഇനിയുളള രാവുകള്‍ ഉറക്കമൊഴിച്ചിലിന്റേതാണെന്ന്‌ കിടക്കുമ്പോള്‍ കൃഷ്‌ണന്‍ ഓര്‍ത്തു.

പിറ്റേദിവസം രാവിലെ കുളിക്കാന്‍ പോകുമ്പോള്‍ ബോഗൈന്‍വില്ലയുടെ ഒരു കുല വെളുത്ത പൂക്കള്‍ കിട്ടി. അശ്വതിക്കു കൊടുക്കാമെന്നു വച്ച്‌ അയാള്‍ അത്‌ ഭദ്രമായി മുറിയില്‍ കൊണ്ടുവന്നു വച്ചു.

പെരിഞ്ചേരിയില്‍ ചെന്ന്‌ പ്രാതല്‍ കഴിച്ചശേഷം വീട്ടിലേക്ക്‌ പോകാനാണ്‌ അയാള്‍ തീരുമാനിച്ചത്‌. വസ്‌ത്രം ധരിക്കുമ്പോള്‍ പുറത്തേക്കായിരുന്നു അയാളുടെ കണ്ണ്‌, അശ്വതി വരുന്നുണ്ടോ എന്നു നോക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ ചുവന്ന പാവാടയിലെ പുളളികള്‍ മുറ്റത്തുവളര്‍ന്നു നില്‍ക്കുന്ന കോഴിവാലന്‍ ചെടിയുടെ ചില്ലകള്‍ക്കിടയിലൂടെ അയാള്‍ കണ്ടു.

"ഞാന്‍ അശ്വതിയെ പ്രതീക്ഷിച്ചിരുന്നു".

"കൃഷ്ണേട്ടന്‍ പോകുന്നതിനുമുമ്പ്‌ ഞാനൊരു ബുക്കു വാങ്ങിവരട്ടെ എന്നും പറഞ്ഞാണ്‌ പോന്നത്‌. പുസ്തകത്തിന്റെ മുമ്പീന്ന്‌ മാറാന്‍ അമ്മ സമ്മതിക്കണില്യ. ഹോ, ഈ നശിച്ച പരീക്ഷ ഒന്നു തുടങ്ങിയാല്‍ മതിയായിരുന്നു."

"ഇനി എന്നാണ്‌ കാണാന്‍ പറ്റുന്നത്‌ അശ്വതീ?"

"എത്ര ദിവസത്തേക്കാണ്‌ സ്‌റ്റഡിലീവ്‌?"

"മൂന്നാഴ്‌ചയോളം ഉണ്ട്‌."

അശ്വതിയുടെ മുഖഭാവം മാറുന്നത്‌ അയാള്‍ കണ്ടു.

"അശ്വതിക്ക്‌ ഞാനൊരു സാധനം കരുതിവച്ചിട്ടുണ്ട്‌". കൃഷ്‌ണന്‍ ബോഗൈന്‍ വില്ലയുടെ പൂക്കള്‍ അവളുടെ നേരെ നീട്ടി. അശ്വതിയുടെ മുഖം പ്രസന്നമായി. അവളതു വാങ്ങുമ്പോള്‍ കൈകള്‍ തമ്മിലുരഞ്ഞു. ഒരു നിമിഷം പരിസരം മറന്ന്‌, നിണ്ടുമെലിഞ്ഞ ആ വിരലുകളില്‍ കൃഷ്ണന്‍ പിടിമുറുക്കി. അശ്വതി കൈയനക്കാതെ ശിരസ്സു കുനിച്ചു നിന്നു. കൃഷ്‌ണന്‍ പിന്നെ അവളെ തന്നോട്‌ ചേര്‍ത്തുപിടിച്ച്‌; അവളുടെ നെറുകയില്‍ മുഖമമര്‍ത്തി.

വാതിക്കല്‍ ഒരു നിഴലാട്ടം. അമ്മാവന്‍? കൃഷ്‌ണന്റെ ചിന്തയിലൂടെ വിദ്യുത്‌തരംഗങ്ങള്‍ പാഞ്ഞൂ.

അവര്‍ വേര്‍പെട്ടു. ശപിക്കപെട്ട്‌, ശിലകളായെന്നപോലെ കുറച്ചു നിമിഷങ്ങള്‍ നിന്നു അവര്‍.

"അശ്വതീ". അമ്മാവന്‍ എല്ലാം കണ്ടെന്നു തീര്‍ച്ച. അതിന്റെ ക്ഷോഭം ആ വിളിയിലുണ്ട്‌.

അശ്വതി ഒന്നും മിണ്ടാതെ നില്‌ക്കുകയാണ്‌.

"അശ്വതീീ‍..." അതൊരലര്‍ച്ചയായിരുന്നു.

"എന്തോ", അശ്വതിയുടെ അത്ര നേര്‍ത്ത ശബ്‌ദം ഇതുവരെ അയാള്‍ കേട്ടിട്ടില്ല.

"വീട്ടിലേക്ക്‌ പോ".

അശ്വതി ഇടംവലംനോക്കാതെ പുറത്തേക്കിറങ്ങിപ്പോയി.

ആ മുഖത്ത്‌ എങ്ങനെ നോക്കും എന്നോര്‍ത്ത്‌ അയാള്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അമ്മാവന്‍ വിളിച്ചു, "കൃഷ്‌ണാ".

അമ്മാവന്‍ ഇങ്ങനെ സംസാരിക്കുമ്പോഴാണ്‌ മനസ്സ്‌ കൂടുതല്‍ വേദനിക്കുന്നത്‌. 'ഇറങ്ങിപ്പോടാ നന്ദിയില്ലാത്ത പട്ടീ' എന്ന്‌ പറഞ്ഞ്‌ തന്നെ ആട്ടിപ്പുറത്താക്കിയിരുന്നെങ്കില്‍ ഇത്ര വിഷമം തോന്നുകയില്ലായിരുന്നെന്ന്‌ അയാള്‍ ഓര്‍ത്തു.

അമ്മാവന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അറിയാതെ കണ്ണില്‍ പൊടിഞ്ഞ കണ്ണീര്‍ കണങ്ങളിലൂടെയുളള കാഴ്‌ചയില്‍ ആ മുഖം അവ്യക്തമായി അയാള്‍ കണ്ടു. "മോനെ കൃഷ്‌ണാ, എന്തെല്ലാം പ്രതീക്ഷകളോടെയാണ്‌ നിന്നെ ഇവിടെ വരുത്തിയതെന്നറിമോ? നീയതെല്ലാം തച്ചുടക്കാന്‍ പോകുമ്പോഴാണ്‌ എന്റെ മനസ്സ്‌ നീറുന്നത്‌. നടന്നതൊക്കെ നിന്റെ അമ്മായിയുടെ ചെവിട്ടില്‍ എത്തിയാല്‍ പിന്നെ ഞാന്‍ വിചാരിച്ചപോലൊന്നും ഇവിടെ നടക്കില്ല. അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ തൂങ്ങിച്ചാവ്യല്ലേ നിവൃത്തിയുളളൂ. മരുമകനാണെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല, നാട്ടുകാരെ സഹിക്കാന്‍ പറ്റൂല. ഇതേക്കുറിച്ച്‌ നീ ആലോചിച്ചു്‌ വിഷമിക്കേണ്ട, എല്ലാം മറന്നു കളഞ്ഞേക്കൂ. പിന്നെ ഒരു കാര്യം- ഇന്നു നടന്നത്‌ ആദ്യത്തേതും അവസാനത്തേതുമായിരിക്കണം. അതാവര്‍ത്തിച്ചാല്‍ എനിക്ക്‌ സഹിക്കാനാവില്ല."

അമ്മാവനോട്‌ യാത്രപറഞ്ഞ്‌ ഔട്ഹൌസില്‍ നിന്ന്‌ ഇറങ്ങുമ്പോള്‍ സ്വപ്നലോകത്തില്‍ക്കൂടി നടക്കുന്നതുപോലെ തോന്നി അയാള്‍ക്ക്‌. പ്രാതല്‍ കഴിക്കാന്‍ വിശപ്പനുഭവപ്പെടുന്നില്ല. അമ്മായിയോട്‌ പറഞ്ഞ്‌, പെരിഞ്ചേരിയില്‍ നിന്നും തിരിക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞു കൃഷ്‌ണന്‍.

വീട്ടിലെത്തിയശേഷം പഠിത്തമാരംഭിക്കാന്‍ തീരെ ഉത്സാഹമുണ്ടായില്ല അയാള്‍ക്ക്‌. പഠനമേശയ്ക്കരികിലിരിക്കുമ്പോള്‍ ഔട്ഹൌസില്‍ നടന്ന സംഭവങ്ങള്‍ ഒരോന്നായി അയാളുടെ മനസ്സില്‍ തെളിഞ്ഞു വരും. ഓരോ കാര്യങ്ങള്‍ ആലോചിച്ച്‌, അവസാനം ഉറക്കം വരുമ്പോള്‍ അയാള്‍ പോയി കിടക്കും. ജനാലയിലൂടെ നോക്കുന്ന ആ ഈറനണിഞ്ഞ കണ്ണുകള്‍ ഉറക്കത്തില്‍പ്പോലും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടേ അയാള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചുളളൂ. പിന്നെ എല്ലാം മറന്നമട്ടായി. സമവാക്യങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും പദ്യശകലങ്ങള്‍ക്കും മാത്രമായി മനസ്സില്‍ സ്ഥാനം.

ആദ്യമായിട്ടാണ്‌ വീട്ടില്‍ അത്രയും ദിവസങ്ങള്‍ അടുപ്പിച്ച്‌ കൃഷ്‌ണന്‍ നില്‍ക്കുന്നത്‌. അയാള്‍ ചെന്നശേഷം അമ്മ കറികളുടെ എണ്ണവും രുചിയും കൂട്ടിയിട്ടുണ്ടെന്ന്‌ ഏട്ടന്‍ തമാശ കണക്കെ പറഞ്ഞൂ. ഏട്ടന്‍ അയാളോട്‌ അധികമൊന്നും സംസാരിക്കാറില്ല. വേറെയൊന്നും ഉണ്ടായിട്ടല്ല. ഏട്ടന്റെ പ്രകൃതം അങ്ങനെയാണ്‌. ചിലപ്പോള്‍ വളരെ നേരം തന്നെ ഇമപൂട്ടാതെ വെറുതെ നോക്കിയിരിക്കുന്നതു കാണാം- കൃഷ്‌ണന്‍ ഓര്‍ത്തു.

പരീക്ഷ തുടങ്ങുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ പെരിഞ്ചേരിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു അയാള്‍. ഹാള്‍ടിക്കറ്റ്‌ വാങ്ങാന്‍ ഇതുവരെ കോളേജില്‍ പോയിട്ടില്ല. പെരിഞ്ചേരിയില്‍ ചെന്നിട്ടുവേണം എല്ലാം ചെയ്യാന്‍.

പെരിഞ്ചേരിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞതെല്ലാം കഴിവതും ഓര്‍മ്മിക്കാതിരിക്കാന്‍ കൃഷ്‌ണന്‍ ശ്രമിച്ചു. അമ്മാവന്‍ ഒന്നും ഉളളില്‍ വച്ച്‌ പെരുമാറുന്നതായി തോന്നിയില്ല അയാള്‍ക്ക്‌. എല്ലാം സാധാരണപോലെ. പ്രാക്‌ടിക്കലുകള്‍ ഒഴിച്ച്‌ അശ്വതിയുടെ എല്ലാ പരീക്ഷകളും കഴിഞ്ഞിരുന്നു. എളുപ്പമായിരുന്നത്രേ. അശ്വതിയെ ഔട്ട്‌ഹൗസിലേക്ക്‌ തീരെ കണ്ടില്ല. വല്ലപ്പോഴും വീട്ടില്‍വച്ച്‌ സൗകര്യമായി സംസാരിക്കാന്‍ കിട്ടിയെങ്കിലായി. അയാള്‍ പോന്നശേഷം അച്ഛന്‍ തന്നെ വിളിച്ച്‌ കുറെ ഉപദേശിച്ചെന്ന്‌ അശ്വതി കൃഷ്‌ണനോട്‌ പറഞ്ഞു.

പരീക്ഷകളെല്ലാം വേഗം കഴിഞ്ഞു. മിക്ക പേപ്പറുകളും അയാള്‍ പ്രതിക്ഷിച്ചതിലും എളുപ്പമായിരുന്നു. വീണ്ടും അവധികളുടെ നിര. കൃഷ്ണന്‌ വീട്ടിലിരുന്ന്‌ ബോറടിച്ചു. കോളേജിലെ അന്തരീക്ഷവുമായി താന്‍ ഇത്രയധികം ഇഴുകിച്ചേര്‍ന്നുവോ എന്നോര്‍ത്ത്‌ കൃഷ്‌ണന്‍ അത്ഭുതപ്പെട്ടു.

അയാള്‍ എന്തൊക്കെയോ എഴുതിക്കൂട്ടിയത്‌ ആ അവധിക്കാലത്താണ്‌. വിരസതയെ ഒഴിവാക്കുന്ന നല്ല നിമിഷങ്ങളായിരുന്നു അവ. എഴുതിത്തീര്‍ത്തവ വായിച്ചുനോക്കുമ്പോള്‍ മനസ്സിലെ ആശയങ്ങള്‍ അതേപടി കടലാസ്സിലേക്കു പകര്‍ത്താനായില്ല എന്നു തോന്നും. എങ്കിലും തനിക്ക്‌ എഴുതാനാകും എന്ന കാര്യം മനസ്സിലായി അയാള്‍ക്ക്‌.

രണ്ടാം വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചു. അശ്വതി റിസള്‍ട്ടും കാത്ത്‌ ഇരിപ്പാണ്‌. മഴകൊണ്ടുപിടിച്ചിരിക്കുന്നു. കുടയും പിടിച്ച്‌, വയല്‍വരമ്പില്‍ തെറ്റി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച്‌ നടക്കുമ്പോള്‍ ഒരുകൊല്ലം വരെ പഴക്കമുളള ഓര്‍മകളില്‍ കൃഷ്‌ണന്റെ വിചാരങ്ങള്‍ ചെന്നെത്തും.

പ്രീഡിഗ്രിയുടെ റിസള്‍ട്ട്‌ വന്നു. അശ്വതിക്ക്‌ സെക്കന്റ്‌ ക്ലാസ്സേയുളളൂ. തുടര്‍ന്ന്‌ അവളെ കോളേജില്‍ വിടാന്‍ അമ്മാവന്‌ താല്‌പര്യമുണ്ടായിരുന്നില്ല. അവസാനം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി സെന്റ്‌ പോള്‍സില്‍ തന്നെ ചേര്‍ത്തു. ബി.എ. യ്‌ക്കേ പ്രവേശനം ലഭിച്ചുളളൂ. മെയിന്‍ ഇംഗ്ലീഷ്‌ സാഹിത്യം.

അശ്വതിയോട്‌ പറയാനുളള ഓരോ കാര്യങ്ങള്‍ കൃഷ്‌ണന്റെ മനസ്സില്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. രണ്ടുമൂന്ന്‌ ഒത്തുചേരലുകള്‍ക്കുളളില്‍ അവയെല്ലാം പറഞ്ഞുതീര്‍ത്ത്‌ ആശ്വാസം കൊണ്ടു അയാള്‍.

ബി.എ.യ്‌ക്കു ചേര്‍ന്നശേഷം അശ്വതി പക്വതയോടെ പെരുമാറുന്നത്‌ കൃഷ്‌ണന്‍ ശ്രദ്ധിച്ചു. പഴയ വായാടിപ്പെണ്ണിന്റെ സ്വഭാവം ചില സന്ദര്‍ഭങ്ങളിലേ പുറത്തെടുക്കുന്നുളളൂ.

സന്തോഷം നിറഞ്ഞുനിന്നിരുന്ന തന്റെ നല്ല ദിനങ്ങള്‍ വീണ്ടും വന്നെത്തിയതായി കൃഷ്‌ണന്‌ അനുഭവപ്പെട്ടു.

Sunday, January 28, 2007

അധ്യായം ആറ്

പിറ്റേന്ന് കാലത്ത്‌ എഴുന്നേറ്റപ്പോള്‍ കൃഷ്‌ണന്‌ ദേഹമാസകലം വേദനിക്കുന്നുണ്ടായിരുന്നു. തലേന്ന്‌ താമസിച്ചേയെത്തൂ എന്ന്‌ പറഞ്ഞിരുന്നതിനാല്‍ ആരും ഒന്നും ചോദിച്ചില്ല.

സൗകര്യം കിട്ടുമ്പോള്‍ അശ്വതിയോട്‌ ഉളളുതുറന്നൊന്ന്‌ സംസാരിക്കണമെന്ന്‌ അയാള്‍ തീരുമാനിച്ചു. ഒന്നിച്ചാണ്‌ കോളേജിലേക്ക്‌ പോകുന്നതെങ്കിലും നാട്ടിന്‍പുറത്തെ കണ്ണും കാതുമുളള വഴിയിലൂടെ ഇങ്ങനെയുളള കാര്യങ്ങളൊക്കെ എങ്ങനെ പറഞ്ഞുകൊണ്ടുപോകും എന്ന ചിന്തയാണ്‌ അയാളുടെ മനസ്സിനെ സദാ അലട്ടുന്നത്‌.

ഹോട്ടലിലെ ബാക്കി കഥ സുനില്‍ പറഞ്ഞറിഞ്ഞു. അവസാനം അവരോട്‌ എഴുന്നേറ്റുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെവിക്കൊണ്ടില്ല. പിന്നെ ബലമായി പറഞ്ഞു വിട്ടത്രെ.

അന്ന്‌ ടോം വൈകിയാണ്‌ എത്തിയത്‌. കൃഷ്‌ണനെ കണ്ടപ്പോള്‍ അയാള്‍ വട്ടംകയറിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു, "കൃഷ്‌ണാ, ക്ഷമിക്കണം. വെളളത്തിന്റെ പുറത്ത്‌ ഞാനെന്തൊക്കെയോ കാണിച്ചുകൂട്ടി. ഞാന്‍ പലപ്പോഴും നിന്നെ ഇന്‍സള്‍ട്ടു ചെയ്താണ്‌ സംസാരിച്ചതെന്ന്‌ പിന്നെയാണ്‌ മനസ്സിലായത്‌".

"ഓ, അതൊക്കെ മറന്നു കളയടാ. നിന്നെ തളളിയിട്ട്‌ പുറത്തിറങ്ങിയപ്പോള്‍ എനിക്കും വിഷമം തോന്നി. എന്തായാലും രണ്ടുപേരുടെയും പ്രശ്നം തീര്‍ന്നല്ലോ. അതുമതി." കൃഷ്‌ണന്‍ പറഞ്ഞു.

സ്നേഹബന്ധങ്ങള്‍ ഒന്നുകൂടി വലിച്ചുമുറുക്കി കെട്ടപ്പെട്ടതുപോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു.

ആ വെളളിയാഴ്‌ച കൃഷ്‌ണന്‍ വീട്ടില്‍ പോയില്ല, പെരിഞ്ചേരിയില്‍ തന്നെ കൂടി.

ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഊണും കഴിച്ച്‌ അയാള്‍ വെറുതെ കിടക്കുകയായിരുന്നു. അപ്പോഴാണ്‌ അശ്വതിയുടെ വരവ്‌. എന്തോ പുസ്തകങ്ങളൊക്കെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട്‌. സംശയം ചോദിക്കാനാവും എന്ന്‌ അയാള്‍ ഊഹിച്ചു.

"കൃഷ്ണേട്ടാ, ഈ വെക്ടര്‍ ആള്‍ജിബ്രയിലെ കുറച്ച്‌ പ്രോബ്ലംസ്‌ ചെയ്യാന്‍ സഹായിക്കാമോ?"

"പിന്നെന്താ, ഏതൊക്കെയാണ്‌?"

അശ്വതി ടെക്സ്റ്റുബുക്ക്‌ തുറന്നു. അതില്‍ കുറെ കണക്കുകളുടെ നേരെ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പറഞ്ഞുകൊടുത്തവയെല്ലാം അവള്‍ മനസ്സിലാക്കുന്നുണ്ട്‌, കുറെ നേരം എടുക്കുമെന്നു മാത്രം.

അശ്വതി കണക്കുചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ്‌ ടോം പറഞ്ഞ കാര്യം കൃഷ്‌ണന്റെ ഓര്‍മ്മയില്‍ വന്നത്‌. ഉടനെ അശ്വതിയോട്‌ അതിനെപ്പറ്റി ചോദിച്ചു കളയാമെന്ന്‌ അയാള്‍ തന്നെ തീരുമാനിച്ചു.

"അശ്വതിയോട്‌ ഒരു കാര്യം ചോദിക്കാന്‍ പോവാണ്‌. നേര്‌ പറഞ്ഞേ തീരൂ". കൃഷ്‌ണന്‍ തമാശമട്ടില്‍ തുടങ്ങി.

"അങ്ങനെയാവട്ടെ തിരുമനസ്സേ". അശ്വതി ആര്‍ക്കും വിട്ടുകൊടുക്കാറില്ല.

"അശ്വതി റിന്‍സിയോട്‌ എന്തെങ്കിലും പറഞ്ഞിരുന്നോ?"

"ഹൊ, ഇതാണോ ആനക്കാര്യമെന്നമട്ടില്‍ ചോദിക്കാന്‍ വന്നത്‌? ഞാന്‍ റിന്‍സിയോട്‌ എന്തെല്ലാം കാര്യങ്ങള്‍ പറയാറുണ്ട്‌."

"എന്നെപ്പറ്റി എന്തെങ്കിലും.........?"

"കൃഷ്ണേട്ടനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ റിന്‍സിയോട്‌ പറഞ്ഞിട്ടുണ്ട്‌".

"ഓ, അപ്പോള്‍ ഭയങ്കര കൂട്ടാണല്ലോ. എന്നിട്ട്‌ അവള്‍ പറഞ്ഞു നടക്കുന്നത്‌ എന്താണെന്നറിയാമോ?"

"നമ്മള്‍ തമ്മില്‍ ഇഷ്‌ടമാണെന്നായിരിക്കും, കൃഷ്ണേട്ടന്‌ ഭയം തോന്നുന്നുണ്ടോ?"

അശ്വതി അങ്ങനെ പറയുമെന്ന്‌ അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആ ചോദ്യം അയാള്‍ അശ്വതിയോട്‌ ചോദിക്കേണ്ടതായിരുന്നല്ലോ.

അശ്വതി മുഖം കുനിച്ചിരിക്കുകയാണ്‌. വികാരക്ഷോഭത്തില്‍ പെട്ടന്നങ്ങനെ പറഞ്ഞുപോയതായിരിക്കും അവള്‍.

"അശ്വതി, എനിക്ക്‌ നിന്നെ ഇഷ്‌ടമാണ്‌. അത്‌ ഇവിടെ വന്നശേഷം എനിക്ക്‌ തോന്നിയതൊന്നുമല്ല. നാം ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പ്രേമത്തിലാണെന്ന്‌ പുറത്തുളളവരറിയുമ്പോള്‍ പല രീതിയിലായിരിക്കും ചിന്തിക്കുക. എനിക്ക്‌ അനുഭവമുണ്ടായിക്കഴിഞ്ഞു", അയാള്‍ അശ്വതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"അപ്പോള്‍ ഞാന്‍ പുറത്തുവച്ചു കണ്ടാല്‍ മുഖംവെട്ടിച്ച്‌ നടക്കണമെന്ന്‌, അല്ലേ?"

അതിന്‌ ഉത്തരം കൊടുക്കാന്‍ സാധിച്ചില്ല അയാള്‍ക്ക്‌.

അശ്വതിയുടെ മനസ്സ്‌ മനസ്സിലാക്കാന്‍ ഇനിയും തനിക്ക്‌ കഴിഞ്ഞിട്ടില്ല. താന്‍ അവളുടെ മൃദുലവികാരങ്ങളെ ഉണര്‍ത്തി വിട്ടിരിക്കുന്നു. പക്ഷേ, തനിക്ക്‌ ഒരു രക്ഷകര്‍ത്താവിന്റെയോ സംരക്ഷകന്റെയോ നിലയിലേക്കേ എത്താനാവുന്നുളളൂ. അവള്‍ അത്‌ ഇഷ്‌ടപ്പെടുന്നില്ല. അവള്‍ക്ക്‌ വെറുമൊരു കാമുകനെയാണിഷ്‌ടം. തന്നിലെ സന്മാര്‍ഗ്ഗവാദിയുടെ ചിലന്തിക്കണ്ണുകള്‍ തന്റെയും അവളുടെയും ഹൃദയങ്ങള്‍ക്കിടയ്‌ക്ക്‌ വന്‍മതിലുകളെ കാട്ടിത്തരുന്നു. ബന്ധനങ്ങളില്‍ നിന്ന്‌ വിമുക്തമായ മനസ്സിനേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കൂ എന്ന തോന്നലുമുണ്ടായി അയാള്‍ക്ക്‌. സകലവിധ മുന്‍ധാരണകളില്‍ നിന്നും വിമുക്തി നേടണം. കൃഷ്‌ണന്‍ ചിന്തിച്ചു. അല്ലെങ്കില്‍ ഒരു മഹാപാപം ഏറ്റുവാങ്ങേണ്ടിവരും. ഒരുപക്ഷേ, അശ്വതിയുടെ സ്നേഹം നഷ്‌ടപ്പെടാനും ഇതൊക്കെ ധാരാളമാണ്‌.

പിറ്റേന്ന്‌ ബസ്‌റ്റോപ്പിലേക്കു പോകുമ്പോള്‍ അശ്വതി മിണ്ടാതെ നടക്കുന്നത്‌ കൃഷ്ണന്‍ ശ്രദ്ധിച്ചു. അശ്വതിയുടെ പെരുമാറ്റത്തിലും അസാധാരണത്വം തോന്നി.

"പിണക്കമാണോ?" കൃഷ്‌ണന്‍ ചോദിച്ചു.

പ്രതികരണമില്ല. മുഖം കുനിച്ച്‌ ഒരേ നടപ്പുതന്നെ.

"അശ്വതിയോട്‌ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. ഉച്ചയ്‌ക്ക്‌ ഫസ്‌റ്റു്‌ ഫ്ലോറില്‍ ഏതെങ്കിലും ഒഴിവുളള ക്ലാസ്സ്‌ റൂമില്‍ കാണാം".

അശ്വതി അപ്പോഴും ഒരേ നടപ്പായിരുന്നു. പിന്നെ അധികനേരം ഒന്നും മിണ്ടാതെ ഒപ്പം നടക്കാന്‍ കൃഷ്‌ണന്‌ കഴിഞ്ഞില്ല. അയാള്‍ ധൃതിയില്‍ ബസ്റ്റോപ്പിലേക്ക്‌ നടന്നു.

ഉച്ചയടുത്തപ്പോഴാണ്‌ പ്രശ്നത്തിന്റെ ഗൗരവത്തെപ്പറ്റി അയാള്‍ കൂടുതല്‍ ചിന്തിച്ചത്‌. സമയം പതുക്കെ നീങ്ങിയാല്‍ മതി എന്ന ആശയുണ്ടായി അയാള്‍ക്ക്‌. പക്ഷേ, പ്രഭാകരന്‍ സാറിന്റെ അറുബോറന്‍ ഫിസിക്സ്‌ ലക്‌ചറിന്റെ നേരത്തുപോലും വാച്ചിന്റെ സൂചികള്‍ അസാധാരണ വേഗതയില്‍ നീങ്ങുന്നതുപോലെ തോന്നി.

ഉത്‌ക്കണ്‌ഠയോടെ കൃഷ്‌ണന്‍ ഒന്നാം നിലയിലേക്കുളള പടവുകള്‍ കയറി. അശ്വതിയെ അവിടെ കണ്ടില്ലെങ്കില്‍?

ചിന്തകള്‍ അയാളുടെ മനസ്സിനെ മഥിക്കുകയായിരുന്നു.

മുകളിലെത്തിയപ്പോള്‍ അശ്വതി റിന്‍സിയോട്‌ സംസാരിച്ചു നില്‌ക്കുന്നതു കണ്ടു. അയാള്‍ക്കാശ്വാസമായി.

കൃഷ്‌ണന്‍ അടുത്തെത്തിയപ്പോള്‍ അവര്‍ സംഭാഷണം നിര്‍ത്തി. രാവിലത്തെ അശ്വതിയുടെ ഗൗരവം ഇപ്പോള്‍ ലജ്ജയായി പരിണമിച്ചെന്നുതോന്നുന്നു.

എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കൃഷ്‌ണന്‍ വലഞ്ഞു. അശ്വതി ചെറിയൊരു പുഞ്ചിരിയോടെ അയാളെന്തു പറയും എന്ന്‌ നോക്കി നില്‍ക്കുകയാണ്‌.

"തനിക്കു കൂട്ടായല്ലോ. ഞാനിനി താഴേക്കു പോട്ടെ അശ്വതി?" റിന്‍സിയാണ്‌. ചുണ്ടില്‍ ഒരു കളളച്ചിരിയോടെ അവള്‍ നടന്നകന്നു.

അശ്വതിയുടെ പിണക്കം തീര്‍ന്നോ?" അയാള്‍ ചോദിച്ചു.

"ഇല്ലെങ്കില്‍ ഞാനിവിടെ കാത്തു നില്‍ക്വോ?" ഒരു കൊച്ചുകുട്ടിയുടെ നിഷ്‌ക്കളങ്കത ആ വാക്കുകളില്‍ തുടിച്ചു നിന്നു.

"ഈ സന്ദര്‍ഭത്തിന്റെ പ്രത്യേകത അശ്വതിക്കറിയാമോ?" അയാള്‍ ആ കണ്ണുകളില്‍ ഉറ്റുനോക്കിയപ്പോള്‍ അവള്‍ തലതാഴ്‌ത്തുന്നതു കണ്ടു, എല്ലാം മനസ്സിലാക്കിയെന്നപോലെ.

"ഒരേ വിചാരങ്ങളോടെ ആദ്യമായി നാം ഒത്തുകൂടുന്നത്‌ ഇന്നല്ലേ അശ്വതി?" അപ്പോഴും അവള്‍ ഒരേ നില്‍പാണ്‌.

"അശ്വതി ചിന്തിക്കുന്നതിന്‌ വിപരീതമായിട്ടാണ്‌ പലപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നത്‌. അശ്വതി എന്റെ സ്വന്തമാകാന്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ തന്നെ ധാരാളമാണെന്ന്‌ ഞാന്‍ കരുതി. അത്‌ തെറ്റാണെന്ന്‌ മനസ്സിലാക്കാന്‍ ഇട നല്‍കിയത്‌ അശ്വതിയാണ്‌. മനസ്സുകള്‍ തമ്മിലുളള ഐക്യം ബന്ധങ്ങള്‍ക്ക്‌ സൃഷ്ടിക്കാനാവില്ല".

"ഓ, മതി വേദാന്തം. ആരൊക്കെയോ പറഞ്ഞു തേയ്മാനം വന്ന വാചകങ്ങളല്ലേ അവ". അശ്വതിയിലെ പഴയ വായാടിപ്പെണ്ണിന്റെ പുനര്‍ജന്മം അയാളില്‍ ആഹ്ലാദം ജനിപ്പിച്ചു. പിന്നെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടു നിന്നു അവര്‍. സംസാരം ദീര്‍ഘിപ്പിക്കാന്‍ വേണ്ടിമാത്രം താന്‍ വിഷയങ്ങള്‍ എടുത്തിടുന്നതുപോലെ തോന്നി കൃഷ്‌ണന്‌.

സ്നേഹിക്കപ്പെടുന്നതിന്റെ സുഖം ആദ്യമായിട്ടാണ്‌ അയാള്‍ അനുഭവിക്കുന്നത്‌. അയാളുടെ കൊട്ടിയടയ്ക്കപ്പെട്ടിരുന്ന മനസ്സിന്റെ ജാലകങ്ങള്‍ ഭൂമിയിലെ പച്ചപ്പിലേക്ക്‌ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്‌. അവയിലൂടെ പറവകള്‍ അകത്തേക്കു കടന്നുവന്ന്‌ എപ്പോഴും ഒച്ചവച്ചുകൊണ്ടേയിരുന്നു .

എല്ലാത്തിനുമൊരു അടുക്കും ചിട്ടയും കൈവന്നപോലെ.

കൃഷ്‌ണന്‌ അശ്വതിയോട്‌ കാര്യമായിട്ടെന്തെങ്കിലും സംസാരിക്കണമെന്നുണ്ടെങ്കില്‍ അതു കോളേജില്‍ വച്ചേ സാധിക്കുകയുളളൂ. സംശയങ്ങള്‍ തീര്‍ക്കാനെന്ന ഭാവേന അശ്വതി ഔട്ട്‌ഹൗസില്‍ എത്താറുണ്ട്‌. അമ്മാവനോ അമ്മായിയോ എത്തുമെന്ന്‌ ഭയന്ന്‌ പലപ്പോഴും സംസാരം കാര്യമാത്രപ്രസക്തമായിപ്പോകും.

ആദ്യമൊക്കെ അശ്വതിയുമായി സംസാരിക്കുമ്പോള്‍ വീട്ടുകാര്യങ്ങളും കോളേജിലെ വിശേഷങ്ങളും മറ്റുമായിരുന്നു വിഷയങ്ങളായിരുന്നത്‌. പക്ഷേ, പിന്നീട്‌ ഭാവിയെപ്പറ്റി ഉത്‌ക്കണ്‌ഠയോടെ അശ്വതി സംസാരിക്കുന്നത്‌ കൃഷ്‌ണന്‍ ശ്രദ്ധിച്ചു.

ഒരു ദിവസം അശ്വതി ലജ്ജയോടെ അതുപറഞ്ഞു, "കൃഷ്ണേട്ടന്റെ കോഴ്സ്‌ കഴിയുമ്പോഴേക്കും അച്ഛന്‍ നമ്മുടെ കാര്യം ശരിയാക്കുമായിരിക്കും, അല്ലേ?"

കൃഷ്‌ണന്‍ അപ്പോള്‍ ചിരിച്ചതേയുളളൂ. അയാള്‍ മനസ്സിലോര്‍ത്തു. അമ്മാവന്‍ എന്തു വിചാരത്താലാണാവോ തന്നെ പെരിഞ്ചേരിയിലാക്കിയിരിക്കുന്നത്‌? ഒരഗതിയുടെ സ്ഥാനമോ, അതോ, മരുമകന്റെ സ്ഥാനമോ? ഒന്നും നിശ്ചയമില്ല. ഒരുപക്ഷേ, അമ്മായി ഈ ബന്ധത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചാല്‍ അശ്വതിയെ കൈപിടിച്ചിറക്കിക്കൊണ്ടുവരാന്‍ തക്ക നിലയില്‍ എത്താന്‍ ഉടനെയൊന്നും സാധിക്കുമെന്ന്‌ തോന്നുന്നില്ല.

അതൊന്നും ഇപ്പോള്‍ വെറുതെ ആലോചിച്ച്‌ വിഷമിക്കേണ്ടതില്ലെന്ന്‌ പിന്നെ കൃഷ്‌ണന്‌ തോന്നി.

Friday, January 26, 2007

അധ്യായം അഞ്ച്

ടൗണിലുളള 'താളം' എന്ന ഒരു ഓര്‍ക്കസ്‌ട്ര ട്രൂപ്പിന്‌ പരിപാടിയുളളപ്പോള്‍ സുനില്‍ ഗിത്താറിസ്റ്റായി പോകാറുണ്ട്‌. അന്ന്‌ സുനിലിന്‌ ഒരു പ്രോഗ്രാമുണ്ടായിരുന്നു. ഏതോ സംഘടനയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തുന്നതാണ്‌ ആ ഗാനമേള. ഗാനമേളയ്ക്കുശേഷം കാണാമെന്ന്‌ സുനില്‍ നേരത്തേ പറഞ്ഞുവച്ചു. ടോമിനോടൊപ്പം നേരെത്തേതന്നെ കൃഷ്ണന്‍ ടൗണിലെത്തി. മഴമാറി ആകാശം തെളിഞ്ഞതോടെ ടൗണില്‍ കറങ്ങിനടക്കുക രസമായിരുന്നു.

ഗാനമേളയുടെ സമയവും കഴിഞ്ഞ്‌ കുറച്ചുകൂടി വൈകിയാണ്‌ അവര്‍ ടൗണ്‍ഹാളിലെത്തിയത്‌. അല്ലെങ്കില്‍ സമ്മേളനം കഴിഞ്ഞിട്ടുണ്ടാവില്ല. ഘോരഘോരപ്രസംഗങ്ങളും മറ്റും സഹിച്ചിരിക്കേണ്ടി വരികയും ചെയ്യും. പുറത്തിറങ്ങി നില്‌ക്കാമെന്നു വച്ചാല്‍ ഉച്ചഭാഷിണികളും വെറുതെ വിടില്ല. ഗാനമേള നന്നായിരുന്നു.

രണ്ടുമൂന്നു പാട്ടുകള്‍ക്കുശേഷമാണ്‌ ആ പെണ്‍കുട്ടി പാടാന്‍ വന്നത്‌. നല്ല മുഖപരിചയം തോന്നി കൃഷ്ണന്‌. കുറെ ആലോചിച്ചിട്ടും ആരെന്ന്‌ ഒരു പിടിയും കിട്ടിയില്ല അയാള്‍ക്ക്‌. അവസാനം ടോമിനോട്‌ അന്വേഷിക്കേണ്ടിവന്നു. "ഓ, നീ വല്യ പുണ്യാളനൊന്നും ചമയണ്ട. ഫിസിക്സിലെ ആഗ്നസിനെ അറിയില്ലേ?നമ്മുടെ കോളേജിന്റെ വാനമ്പാടി". പരിഹാസസ്വരത്തിലാണ്‌ ടോം അതു പറഞ്ഞത്‌.

കൃഷ്ണന്‌ ഓര്‍മ വരൂന്നു. യൂണിയന്‍ ഉല്‍ഘാടനത്തിന്‌ പ്രാര്‍ത്ഥനാഗാനം ആലപിച്ചത്‌ ആഗ്നസായിരുന്നു. ഇപ്പോള്‍ ബോണി എമ്മിന്റെ ഒരു പ്രശസ്ത ഗാനമാണ്‌ പാടുന്നത്‌. സദസ്സിലും സ്റ്റേജിലുമുളള എല്ലാവരും പാട്ടിനൊത്ത്‌ ചലിക്കുന്നുണ്ട്‌. വലിയ തെറ്റില്ലാതെ ആഗ്നസിന്‌ യഥാര്‍ത്ഥ പാട്ടിനെ അനുകരിക്കാനും ആവുന്നുമുണ്ട്‌. സമ്മതിക്കണം. ആഗ്നസിന്റെ ഇപ്പോഴത്തെ മട്ടുകണ്ടാല്‍ മലയാളം വശമുണ്ടെന്നു തോന്നുകയില്ല. ആ രീതിലുളള പാശ്ചാത്യ വസ്‌ത്രധാരണവും, ഭാവവുമാണ്‌ ഇപ്പോഴവള്‍ക്ക്‌. ആംഗ്ലോ ഇന്ത്യനാണെന്നാണ്‌ ടോം പറഞ്ഞത്‌. കോളേജില്‍ വരുന്ന രീതിയിലും അതു കാണാനുണ്ട്‌.

ഗാനമേള കഴിഞ്ഞപ്പോള്‍ രാത്രി പത്തു മണിയായി. സുനിലിനെ കാത്ത്‌ ടോമിനോടൊപ്പം കൃഷ്‌ണന്‍ വരാന്തയില്‍ നിന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ടോമിന്‌ ശുണ്‌ഠി കയറി. "അവനാ പറങ്കിപ്പെണ്ണിന്റെ പിന്നാലെ നടപ്പുണ്ടാകും", ആഗ്നസിനെ ഉദ്ദേശിച്ചാണ്‌ ടോം പറഞ്ഞത്‌.

"അതേടാ, ഞാന്‍ നിനക്ക്‌ പറ്റുമോന്ന്‌ നോക്കുകയായിരുന്നു", സുനില്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ടോം ഉറക്കെ സംസാരിക്കുന്നത്‌ കേട്ടുകൊണ്ടാണ്‌ അവന്‍ വന്നത്‌.

"ഹോ, നിനക്ക്‌ ഭയങ്കര ആയുസ്സാ. ചത്തിട്ട്‌ അടുത്തെങ്ങും അടിയന്തിരമുണ്ണാന്ന്‌ മോഹിക്കണ്ട ആരും". ടോം പറഞ്ഞു.

"അതിന്‌ ഞാന്‍ ചാവാനൊന്നും നീ കാത്തിരിക്കണ്ട. നിനക്കെല്ലാം ഒരുക്കീട്ടാ ഞാന്‍ വരുന്നത്‌. ഉളളിലേക്കു പോകാം." സുനിലിനോടൊപ്പം സ്‌റ്റേജിന്റെ പിറകിലേക്കു നടന്നു. അവിടെ കലവറപോലെ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. അതിനടുത്താണ്‌ ട്രൂപ്പിന്‌ ഒരുങ്ങാനും വിശ്രമിക്കാനുമായി കൊടുത്തിട്ടുളള മുറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. കൃഷ്‌ണനെയും ടോമിനെയും സുനില്‍ അവര്‍ക്ക്‌ പരിചയപ്പെടുത്തി.

ആഗ്നസിനെ പരിചയപ്പെട്ടപ്പോള്‍ കൃഷ്‌ണന്‍ വെറുതെപറഞ്ഞു. "കണ്‍ഗ്രാറ്റ്‌സ്‌ ഫോര്‍ യുവര്‍ ബ്രില്യന്റ്‌ പെര്‍ഫോമന്‍സ്‌".

"താങ്ക്‌ യൂ"

"ആഗ്നസിന്റെ മെയിന്‍ ഫിസിക്സല്ലേ?" സംഭാഷണം ദീര്‍ഘിപ്പിക്കാനാണ്‌ അയാള്‍ അങ്ങനെ ചോദിച്ചത്‌.

"അതെ. എന്നാലും മാത്‌സുമായിട്ട്‌ എനിക്ക്‌ ചെറിയ ബന്ധമൊക്കെയുണ്ട്‌ കേട്ടോ. നിങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസ്സര്‍ ഡാനിയേല്‍ എന്റെ അങ്കിളാണ്‌".

"ഓ, ഒരു ഡാനിയേല്‍ അങ്കിളിന്റെ ഗമ. അയാളുടെ കാര്യവും പറഞ്ഞ്‌ അങ്ങോട്ട്‌ ബന്ധത്തിനൊന്നും വരേണ്ട കേട്ടോ". സുനിലാണ്‌ ഇടയില്‍ കയറി പറഞ്ഞത്‌.

പ്രഫസ്സര്‍ ഡാനിയേല്‍ റോഡ്രിഗ്‌സിനെപ്പറ്റി കൃഷ്‌ണന്‍ കേട്ടിരുന്നു. ഫാ. ചില്ലിക്കൂടന്‍ മാത്തമാറ്റിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണെങ്കിലും, പ്രിന്‍സിപ്പാളുമായതുകൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്‌ പ്രഫസ്സര്‍ ഡാനിയേല്‍ റോഡ്രിഗ്‌സാണത്രേ.

മുറിയില്‍ നിന്ന്‌ പുറത്തിറങ്ങുംവരെ ടോം ക്ഷമിച്ചു. പുറത്തെത്തിയപ്പോള്‍ പരിഭവത്തോടെ സുനിലിനോട്‌ ചോദിച്ചു. "നീയെന്താ അടിയന്തിരാമൂട്ടാമെന്നും പറഞ്ഞ്‌ കൊണ്ടുപോയിട്ട്‌?"

"നീ ധൃതി കൂട്ടാതെ. സാധനം ഇതിലുണ്ട്‌." സുനില്‍ ബാഗു തുറന്നുകൊണ്ടു പറഞ്ഞു. ഒരു ഫുള്‍ ബോട്ടില്‍ ഡിപ്ലൊമാറ്റ്‌ വിസ്കി പുറത്തെടുത്ത്‌ ടോമിന്റെ കൈയിലേക്ക്‌ കൊടുത്തു.

"ഇതിനുളള 'തട' അവിടെ കിട്ടാനില്ല. അതാ നിന്റെ കൂമ്പ്‌ കരിക്കണ്ടാന്നോര്‍ത്ത്‌ പുറത്തേക്കുകൊണ്ടുവന്നത്‌. വല്ല ഹോട്ടലിലും വച്ച്‌ അടിക്കാം". സുനില്‍ പറഞ്ഞു.

"കൃഷ്‌ണനെങ്ങനെ ടാങ്കാണോ?", ടോമിനാണ്‌ ആ സംശയം. ടാങ്കെന്നു വച്ചാല്‍ നല്ലവണ്ണം അകത്താക്കുന്നവന്‍ എന്നര്‍ത്ഥം.

"ഇതുവരെ കഴിച്ചിട്ടില്ല"

"അപ്പോള്‍ ആദ്യമായി നിന്നെ വിഷം കഴിപ്പിച്ചു എന്ന പാപം ഞങ്ങള്‍ക്ക്‌, അല്ലേ?"

കൃഷ്‌ണന്‍ വെറുതെ ചിരിച്ചു. അയാളുടെ മനസ്സപ്പോള്‍ സംഘര്‍ഷത്തിലായിരുന്നു, മദ്യം കഴിക്കണോ വേണ്ടയോ എന്ന വിചാരത്താല്‍.

"ഇതെവിടന്ന്‌ ഒത്താശാനേ?" ടോം ചോദിച്ചു.

"സമ്മേളനം തുടങ്ങിയിട്ട്‌ രണ്ടുദിവസമായില്ലേ. ഇടയ്‌ക്കൊന്ന്‌ വീര്യം കൂട്ടാന്‍ വേണ്ടി നേതാക്കന്മാര്‍ സ്‌റ്റോക്കു ചെയ്തിരുന്നതാ. ഇതല്‍പം കൊടുത്തിട്ട്‌ കുട്ടിനേതാക്കളോട്‌ എന്തു പറഞ്ഞാലും അനുസരിച്ചോളും. പാട്ടുംകൂത്തുമൊക്കെ കഴിയുമ്പോള്‍ ക്ഷീണം മാറ്റിക്കോ എന്നുപറഞ്ഞ്‌ ഞങ്ങള്‍ക്കും തന്നു മൂന്നാലുകുപ്പി. സൂത്രത്തില്‍ ഒരെണ്ണമെടുത്ത്‌ ഞാന്‍ ഒളിച്ചു വച്ചു". സുനില്‍ കുപ്പി ഒപ്പിച്ചെടുത്തതിനെപ്പറ്റി വിവരിച്ചു.

കുടിക്കുന്നതിനോട്‌ കൃഷ്‌ണന്‍ എതിര്‍പ്പു പറഞ്ഞപ്പോള്‍ കമ്പനിക്കുവേണ്ടി മാത്രം കൂടാന്‍ സുനിലും ടോമും നിര്‍ബന്ധിച്ചു. ഒന്നും തന്നെ അവസാനമായി തിരുമാനിച്ചില്ലെങ്കിലും അവരോടൊപ്പം ഒരു ഹോട്ടലിന്നുളളിലേക്ക്‌ അയാളും കയറി.

സമയം വളരെ വൈകിയതുകൊണ്ട്‌ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ഒരു ക്യാബിനിലാണ്‌ കയറിയത്‌. സുനിലിന്‌ ധാരാളം രൂപ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു, ഫ്രൈഡ്‌ റൈസിനും ചില്ലി ചിക്കനുമൊക്കെയാണ്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌. മദ്യക്കുപ്പി കണ്ടപ്പോള്‍ സപ്ലയറുടെ മുഖം തിളങ്ങി, പങ്കും നല്ല ടിപ്പ്‌ കിട്ടുമെന്നറിയാം. ബാര്‍ അറ്റാച്ച്ഡ്‌ ഹോട്ടല്‍ അല്ലായിരുന്നെങ്കിലും രഹസ്യമായി അവിടെ എന്തും കിട്ടും.

ഭക്ഷണസാധനങ്ങളും സോഡയും ഗ്ലാസ്സുകളുമൊക്കെ കൊണ്ടുവന്നു നിരത്തി. സുനിലാണ്‌ ഗ്ലാസ്സുകളില്‍ പകരുന്നതും സോഡയൊഴിക്കുന്നതും.

"എന്നാല്‍ തുടങ്ങിയാലേ?" ടോം അക്ഷമനായി.

സുനിലും ടോമും ഗ്ലാസ്ലുകള്‍ കൈയിലെടുത്തു. കൃഷ്‌ണന്‌ തന്റെ മുമ്പിലുളള ഗ്ലാസ്സ്‌ എടുക്കാന്‍ തോന്നിയില്ല.

"നീയിത്‌ കുറച്ച്‌ കഴിച്ചാല്‍ ചത്തുപോവുകയൊന്നുമില്ല. നിന്നെ നോക്കിയിരുത്തിക്കൊണ്ട്‌ ഞങ്ങള്‍ക്ക്‌ കുടിക്കേണ്ട". കൃഷ്‌ണന്‍ വെറുതെയിരിക്കുന്നതുകണ്ട്‌ സുനില്‍ പറഞ്ഞു.

"ഇതൊരു ശീലമാക്കേണ്ടല്ലോ എന്നു കരുതിയാണ്‌". കൃഷ്‌ണന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

"ഇത്‌ കുറച്ച്‌ ഉളളില്‍ ചെന്നാല്‍ അതിന്‌ അടിമയായിപ്പോവുകയൊന്നുമില്ല. ഭക്ഷണം വേഗം ദഹിക്കാന്‍ കഴിച്ചതാണെന്നു വിചാരിച്ചാല്‍ മതി".

"അമ്മാവനറിഞ്ഞാല്‍?"

"ഇന്നിനി രാത്രി നിന്നെ കാണില്ലല്ലോ. നാളെ ഉറക്കമുണരുമ്പോള്‍ മണമൊന്നും ഉണ്ടാകില്ല".

മധുപാനം ആരംഭിച്ചു. കൃഷ്‌്‌ണന്‍ ഒരു കവിള്‍ അകത്താക്കി കണ്ണുമടച്ച്‌ ഇറക്കി. തൊണ്ട മുതല്‍ വയറിന്റെ അടിത്തട്ടുവരെ എരിയുന്നതുപോലെ. ഗ്ലാസ്സില്‍ ശേഷിച്ചിരുന്നതും അയാള്‍ വേഗം കാലിയാക്കി. ഒരു ഗ്ലാസ്സ്‌ വെളളവും കുടിച്ചു.

"ഇവന്‍ ആദ്യമായിട്ടൊന്നും അല്ലാന്നാ തോന്നണെ. എത്ര പെട്ടന്നാ ഗ്ലാസ്‌ കാലിയാക്കിയത്‌." ടോമിന്റെ കമന്റ്‌.

കൃഷ്‌ണന്‌ ഭക്ഷണം വേഗം കഴിക്കാനാവുന്നുണ്ട്‌. എരിതീയിലേക്ക്‌ ഉണങ്ങിയ വിറക്‌ ഇടുമ്പോള്‍ കത്തിയമരുന്നതുപോലെ തോന്നി അയാള്‍ക്ക്‌.

"അവനിനി കൊടുക്കേണ്ട, ആദ്യമല്ലേ", ടോം വീണ്ടും കൃഷ്‌ണന്റെ ഗ്ലാസ്സിലേക്ക്‌ ഒഴിക്കാനാഞ്ഞപ്പോള്‍ സുനില്‍ തടുത്തു. അവര്‍ യാതൊരു ഭാവഭേദവുമില്ലാതെ കുപ്പി കാലിയാക്കിക്കൊണ്ടിരുന്നു.

തനിക്കു പതുക്കെ തലയ്‌ക്കു പിടിക്കുന്നുണ്ടെന്ന്‌ കൃഷ്‌ണന്‌ മനസ്സിലായി. സുനിലും ടോമും ചിലപ്പോള്‍ വളരെ അകന്നിരിക്കുന്നതുപോലെ. ഭക്ഷണം വീണ്ടും വരുന്നതും കഴിക്കുന്നതുമൊക്കെ ഒരു സ്വപ്നമായി തോന്നി. നല്ല ഓര്‍മ്മയുണ്ട്‌ അയാള്‍ക്ക്‌. അപ്രധാനമായ ഏതോ കാര്യത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനും സാധിക്കുന്നുണ്ട്‌. പതിവിലധികം സംസാരിക്കുന്നുണ്ടെന്നതിന്‌ സംശയമില്ല.

കുറെ കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. സുനിലും ടോമും ഇനിയും നിര്‍ത്തിയിട്ടില്ല. അവസാനം, കുപ്പിയില്‍ കുറച്ച്‌ അവശേഷിക്കുന്നത്‌ ഒന്നും ചേര്‍ക്കാതെ ടോം നേരെ വായിലേക്ക്‌ ഒഴിച്ചു.

"എടാ അളിയാ സുനിലേ, ഇതുവരെ കഴിച്ചത്‌ നിന്റെ ആരോഗ്യത്തിനുവേണ്ടി, ഇത്‌ നിന്റെ ഗിത്താറിനുവേണ്ടി", ടോം പറഞ്ഞു. വാക്കുകള്‍ പലതിനും അംഗഭംഗം പറ്റിയിരുന്നു.

രണ്ടുപേര്‍ക്കും കുടിച്ചത്‌ ഏറ്റുതുടങ്ങിയിട്ടുണ്ട്‌. താന്‍ ഒരു ഗ്ലാസ്സിന്റെ പകുതിപോലും കഴിച്ചില്ല എന്നിട്ടും കറങ്ങിപ്പോയി. സമ്മതിക്കണം അവരെ, ഏതാണ്ട്‌ പകുതിക്കുപ്പി വീതമാണ്‌ വലിച്ചു കേറ്റിയിരിക്കുന്നത്‌. കൃഷ്‌ണന്‍ ചിന്തിച്ചു.

സുനിലിന്റെ കണ്ണുകള്‍ ചുവന്നിരുന്നു. മേറ്റ്ങ്ങും നോക്കാതെ കൃഷ്‌ണനെ തുറിച്ചുനോക്കിക്കൊണ്ട്‌ അയാള്‍ ചോദിച്ചു, "കൃഷ്‌ണാ, ഞാന്‍ ഒരു കാര്യം ചോദി ച്ചാല്‍ നീ സത്യം പറയുമോ?"

"എന്താ?"

"കാലത്ത്‌ നിന്റെ കൂടെ വന്നിറങ്ങുന്ന ആ പെണ്ണേതാ?"

"അശ്വതിയെപ്പറ്റി നിന്നോട്‌ പറഞ്ഞിട്ടില്ലേ, അമ്മാവന്റെ മകള്‍. നീയെന്താ പിന്നെ ബോധമില്ലാതെ സംസാരിക്കുന്നത്‌?"

"അപ്പോള്‍ നീ പറഞ്ഞുവരുന്നത്‌ അവള്‍ നിന്റെ മുറപ്പെണ്ണെന്നാണ്‌. അതായത്‌ യാതൊരു പാടുമില്ലാതെ നീ ഒപ്പിച്ചെടുത്തു എന്ന്‌".

കൃഷ്‌ണന്‍ ഒന്നും മിണ്ടിയില്ല.

"നിന്റെ പൂച്ചപ്രേമം ആരും അറിഞ്ഞില്ലെന്ന്‌ വിചാരിക്കണ്ട. എന്നാലും നീ ഞങ്ങളോട്‌ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോടേയ്‌", അതു ടോമായിരുന്നു.

"നിന്നോടാരാണ്‌ ഇതൊക്കെ പറഞ്ഞത്‌?" കൃഷ്‌ണന്‍ ചോദിച്ചു.

"അതുശരി. ഞങ്ങളും ആ കോളേജിലല്ലേ പഠിക്കുന്നത്‌. നീയെന്റെ കസിനെ അറിയുമോ, അശ്വതിയുടെ ക്ലാസ്സില്‍ പഠിക്കുന്ന റിന്‍സിയെ?"

"ഉവ്വ്‌"

"അവള്‍ ഓരോന്നു പറയണ കേള്‍ക്കണം. നിന്റെ അശ്വതി ചെന്നു പറയുന്ന കാര്യങ്ങളാണ്‌, പ്രാണണേശ്വരനെപ്പറ്റി ഓരോന്ന്‌. നീയെന്തോ വലിയ ആളാണെന്നാ അവളുടെ വിചാരം".

കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല. ടോമിന്റെ തല നേരെയല്ല നില്‌ക്കുന്നത്‌. സുനില്‍ മേശയില്‍ തലചായ്‌ച്ചു കിടക്കുന്നു. ഹോട്ടലിലെ ക്ലോക്ക്‌ പന്ത്രണ്ടടിച്ചു. രണ്ടുമണിക്കൂറോളമായി അതിനുളളില്‍ കയറിയിട്ട്‌.

ടോം രഹസ്യം പറയാനെന്നവണ്ണം വായ കൃഷ്‌ണന്റെ കാതിനോടടുപ്പിച്ചു. മദ്യത്തിന്റെയും മസാലയുടെയും മണം കൂടിക്കുഴഞ്ഞടിച്ചപ്പോള്‍ മനംപുരട്ടുലുണ്ടായി കൃഷ്‌ണന്‌.

"നീ കൃഷ്‌ണനല്ലേ, അവളുടെ അടുത്ത്‌ നിന്റെ ലീലകള്‍ വല്ലതും ചിലവാകാറുണ്ടോ?" ടോം ചോദിച്ചു.

കൃഷ്‌ണന്‌ ആകെ തരിച്ചുകയറി. ടോമിന്റെ മുഖം പിടിച്ച്‌ ഒരു തളളുകൊടുത്തു. അവന്‍ അടുത്ത കസേരയിലേക്ക്‌ മറിഞ്ഞുവീണു. ബഹളം കേട്ട്‌ സുനില്‍ ഉണര്‍ന്നപ്പോള്‍, അവിടന്നു ഇറങ്ങിപ്പോരുന്നതാണ്‌ ഭംഗിയെന്ന്‌ കൃഷ്‌ണന്‌ തോന്നി. ബോധമില്ലാതെയാണ്‌ രണ്ടുപേരും ഇരിക്കുന്നത്‌. ഇനി രംഗം വഷളാവുകയേ ഉളളൂ. കുറച്ചു കുടിച്ചതിന്റെ ഉത്തേജനമാണ്‌ തന്നെ ടോമിനെപ്പിടിച്ച്‌ തളളാന്‍ പ്രേരിപ്പിച്ചതെന്ന്‌ പുറത്തിറങ്ങിയ പ്പോള്‍ അയാള്‍ക്ക്‌ തോന്നി.

ഇനി ബസ്സ്‌ കിട്ടുകയില്ല. ഓട്ടോറിക്ഷയില്‍ പോവുകയേ നിവൃത്തിയുളളു. ഏതായാലും ഒരു കാര്യം കൃഷ്‌ണന്‌ ഉറപ്പായി. അശ്വതി തന്നെപ്പറ്റി എന്തൊക്കെയോ പറഞ്ഞുപരത്തിയിരിക്കുന്നു. പെണ്‍കുട്ടികളല്ലേ. എന്തെങ്കിലും കിട്ടിയാല്‍പ്പിന്നെ അതുമതി ഊതിപ്പെരുപ്പിച്ചു പറയാന്‍.

ഒരു കാമുകന്റെ കണ്ണോടെ താന്‍ ഇതുവരെ അശ്വതിയെ നോക്കിയിട്ടില്ല എന്ന്‌ കൃഷ്‌ണന്‌ നിശ്ചയമാണ്‌. അവള്‍ തന്റെ ബന്ധുവാണ്‌ എന്ന ചിന്താഗതിയാണ്‌ അയാളുടെ മനസ്സിലുളളത്‌. പാവം അശ്വതി, കൗമാരത്തില്‍ നിന്ന്‌ പിച്ചവച്ചു കയറുന്ന അവളുടെ മനസ്സില്‍ കാമുകന്റെ രൂപത്തിലായിരിക്കും താനെന്ന പുരുഷരൂപത്തെ പ്രതിഷ്‌ഠിച്ചിട്ടുണ്ടാവുക. അമ്മയുടെ കാമുകന്‍ അച്ഛന്‍, അമ്മായിയുടെ കാമുകന്‍ അമ്മാവന്‍, പിന്നെ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ചിലപ്പോള്‍ അവള്‍ കരുതിയേക്കാവുന്ന മുറച്ചെറുക്കനെന്ന കാമുകന്‍, താന്‍.... കൃഷ്ണന്‍ ഓരോന്ന്‌ ആലോചിക്കുകയാണ്‌ ഓട്ടോറിക്ഷയിലിരിക്കുമ്പോള്‍.

പ്രേമമെന്ന വീണക്കമ്പിയിലാണ്‌ താന്‍ കൈവച്ചിരിക്കുന്നത്‌. സൂക്ഷിക്കണം, സംഗീതവും അപസ്വരവും അതില്‍ നിന്നുതന്നെ ഉണ്ടാവും.

Tuesday, January 23, 2007

അധ്യായം നാല്

അമ്പലക്കുളത്തില്‍ കുളിക്കാതെ ആദ്യമായാണ്‌ കൃഷ്ണന്‍ കോളേജിലേക്ക്‌ പോകുന്നത്‌. രാവിലെ ഒന്നു നീന്തിക്കുളിച്ച്‌; ഈറന്‍ മാറി; പടിക്കല്‍ നിന്നുതന്നെ തൊഴുത്‌; പിന്നെ ക്ലാസ്സിലേക്ക്‌ പോകാന്‍ പ്രത്യേക സുഖമാണ്‌. വയലുകളുണ്ടെങ്കിലും പെരിഞ്ചേരിക്കടുത്ത്‌ കുളിക്കാന്‍ പറ്റിയ കുളങ്ങളില്ല. പക്ഷേ, പമ്പുളളതുകൊണ്ട്‌ കുളി വേഗം കഴിക്കാം.

ഒരുക്കം കഴിഞ്ഞ്‌ കൃഷ്ണന്‍ പെരിഞ്ചേരിയിലേക്കു നടക്കുമ്പോള്‍ പുതിയൊരു പ്രശ്നം അയാളുടെ മനസ്സില്‍ ഉടക്കിക്കിടന്നു. അശ്വതിക്കും കാലത്തുതന്നെ പോകണം കോളേജിലേക്ക്‌; ഒരേ സമയത്താണ് ക്ലാസ്സ് തുടങ്ങുന്നത്. ഇനി മുതല്‍ ഒന്നിച്ചു പോകേണ്ടി വരുമോയെന്ന വിചാരം അയാളെ അലട്ടി. വരുന്നതുവരട്ടെ എന്ന്‌ പിന്നെ അയാള്‍ മനസ്സില്‍ കരുതുകയും ചെയ്തു.

പെരിഞ്ചേരിയില്‍ എത്തിയപ്പോള്‍ അവിടെ കാപ്പിയും പലഹാരവും തയ്യാറായി ഇരുപ്പുണ്ടായിരുന്നു. ഇളം തവിട്ടു നിറത്തിലുളള നല്ലരിപ്പുട്ടും, തൊലി കറുത്തു തുടങ്ങിയ ഞാലിപ്പൂവന്‍ പഴവും, പിന്നെ നല്ലവണ്ണം പാലൊഴിച്ചുണ്ടാക്കിയ കാപ്പിയും. തനിക്കുവേണ്ടി ഉണ്ടാക്കിയതാവും - കൃഷ്ണന്‍ വിചാരിച്ചു. അമ്മാവന്‌ കാലത്ത്‌ കഞ്ഞി കുടിക്കാതെ പറ്റില്ല. കാപ്പി കുടിക്കുമ്പോള്‍ അമ്മായി ഔട്ട്‌ഹൌസില്‍ അസൌകര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിച്ചു. അമ്മാവനെ എങ്ങും കാണുന്നില്ല. കാലത്തേതന്നെ പാടത്തേക്കു പോയിട്ടുണ്ടാവും.

അശ്വതി എവിടെയാണാവോ? പുറത്തു കാണുന്നില്ല. കാപ്പി കഴിക്കുമ്പോഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടയ്‌ക്കിടെ നാലുപാടും പരതി. ആലോചിച്ചിരിക്കെ അവള്‍ കടന്നുവന്നു. ഒരുങ്ങുകയായിരുന്നെന്നു തോന്നുന്നു. കോളേജിലേക്കുളള വേഷത്തിലാണ്‌. പാവാടയും ബ്ലൌസുമാണ്‌ അണിഞ്ഞിട്ടുളളത്‌. നല്ല യോജിപ്പുളള നിറം. കൃഷ്ണന്‍ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നുപോയി. പിന്നെ അമ്മായി അടുത്തെങ്ങുമില്ലല്ലോ എന്നോര്‍ത്ത്‌ സമാധാനിച്ചു.

"പുട്ടിന്‌ രുചിയുണ്ടോ?" ഒരു ചോദ്യവുമായി അവള്‍ കാലത്തേ തന്നെ വന്നിരിക്കുന്നു. നല്ല മറുപടി കൊടുക്കണമെന്നു തോന്നി അയാള്‍ക്ക്‌.

"അത്‌ ചോദിക്കാന്‍ പുട്ട്‌ ഉണ്ടാക്കിയോര്‍ക്കല്ലേ അവകാശം".

"എന്നാലും എനിക്കു തന്ന്യാ അവകാശം. കാലത്ത്‌ എഴുന്നേറ്റ്‌ ഉണ്ടാക്കീത്‌ ഞാനാ".

"അതുശരി. ഈ കായ പഴുക്കാന്‍ വച്ചതാരാ?"

"എന്താ?"

"പഴത്തിന്‌ നല്ല രുചി. അതിനും അവിടുത്തെ കരസ്പര്‍ശം ഏറ്റിരിക്കും, അല്ലേ?"

അശ്വതി ചിരിച്ചുകൊണ്ട്‌ അവിടെനിന്നും പോയി.

ചുറുചുറുക്കുളള കൈകളും പ്രസന്നവദനവുമാണ്‌ അശ്വതിയുടെ സൌന്ദര്യം എന്ന്‌ അയാളോര്‍ത്തു. ഭക്ഷണം കഴിഞ്ഞ്‌, അമ്മായിയോട്‌ യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുറത്ത് അശ്വതി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വലിയ തലവേദന ഒഴിവായല്ലോ എന്നോര്‍ത്ത്‌ കൃഷ്ണന്‍ ആശ്വസിച്ചു. അശ്വതിക്കുവേണ്ടി കാക്കേണ്ടിവന്നില്ല. തന്റെ കൂടെ പോയാല്‍ മതി എന്ന്‌ അമ്മാവനോ അമ്മായിയോ അശ്വതിയോട്‌ പറഞ്ഞിട്ടുണ്ടാവും. അല്ലാതെ അവളിങ്ങനെ കാത്തുനില്‍ക്കാനിടയില്ല. ഒന്നിച്ചു നടക്കുമ്പോള്‍ അങ്ങനെയോരോ ആലോചനകള്‍ അയാളുടെ മനസ്സിലേക്കു കടന്നുചെന്നു. ഇനിയിപ്പോള്‍ ആളുകള്‍ക്ക്‌ കുറെനാള്‍ പറയാന്‍ ഒരു വിഷയമായി.

"ദേ, ശങ്കരന്‍ നായര്‌ അനന്തരവനെ കൊണ്ടുവന്നു താമസിപ്പിച്ചേക്കണു. മോക്ക്‌ ഒര്‌ ആളായി. അന്യ വീട്ടില്‍ കഴിച്ചാ സമ്പാദിച്ചതൊക്കെ വല്ലോനും കൊണ്ടോയി തിന്നൂലേ. അല്ലേലും ശങ്കരന്‍ നായര്‌ ബുദ്ധിയുളേളാനാ".

എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണെന്നു തോന്നി അയാള്‍ക്ക്‌.

അശ്വതിയോട്‌ കോളേജിലെ വിശേഷങ്ങള്‍ തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചു. അശ്വതി നല്ലൊരു ശ്രോതാവുമാണ്‌. പക്ഷേ, രസം കെടുത്തുന്ന പല വിഡ്‌ഢിച്ചോദ്യങ്ങളും ഇടയ്‌ക്കു ചോദിക്കുമെന്നു മാത്രം. എന്തെങ്കിലും തിരിച്ചു പറയണമല്ലോ എന്നോര്‍ത്തു ചെയ്യുന്നതാവും.

കവലയിലെത്തിയപ്പോള്‍ നാരായണന്‍നായരുടെ കണ്ണുകള്‍ വിടരുന്നതു കണ്ടു. വെറുതെ ചിരിച്ചു.

ബസ്സിറങ്ങി കോളേജിലേക്കു നടക്കുമ്പോള്‍ അയാള്‍ അശ്വതിയോടൊപ്പം വേറെ പെണ്‍കുട്ടികളെയും കണ്ടു. അവരോടൊപ്പം പോവുകയാണെന്ന്‌ അശ്വതി കണ്ണുകൊണ്ട്‌ കാട്ടി.

കോളേജിലേക്ക്‌ ബസ്സ്‌ റൂട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം നടക്കണം. പ്രശസ്തമായ ഒരു കമ്പനിയുടെ സ്വകാര്യ വഴിയെയാണ്‌ കോളേജിലേക്ക്‌ പോകേണ്ടതും. റോഡിന്നിരുവശങ്ങളിലും വാകമരങ്ങള്‍ വളര്‍ന്നു നില്‌ക്കുന്നു. അതിന്റെ ചെറിയ ഇലകളില്‍ മഴവെളളത്തുളളികള്‍ തങ്ങി നിന്ന്‌ വെളളിപോലെ വെയിലില്‍ തിളങ്ങി. ധാരാളം പേര്‍ പോകുന്നുണ്ടെങ്കിലും പരിചയമുളള ഒരു മുഖം പോലും കാണാനില്ല. അശ്വതിയും കൂട്ടരും റോഡിന്നപ്പുറത്തുവശം ചേര്‍ന്നാണ്‌ പോകുന്നത്‌. കൃഷ്ണന്‍ ഒരു തവണ അങ്ങോട്ടു നോക്കിയപ്പോള്‍ അവള്‍ തന്നെ നോക്കി കൂടെയുളള പെണ്‍കുട്ടികളോട്‌ എന്തൊക്കെയോ പറയുന്നത്‌ കണ്ടു. അയാള്‍ നടപ്പിന്‌ വേഗത കൂട്ടി. അപ്പുറത്തു നടക്കുന്നവരുടെ ചിരിയും നോട്ടവുമെല്ലാം സഹിച്ച്‌ ഒറ്റയ്‌ക്കു നടക്കാനാവുന്നില്ല അയാള്‍ക്ക്‌.

പുതിയ ബിരുദവിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കോളേജില്‍ ചടങ്ങൊരുക്കിയിരുന്നു. ഫാ. ചില്ലിക്കൂടന്‍ ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങി; കുറെ കഴിഞ്ഞപ്പോള്‍ അത് മലയാളത്തിലാക്കി. കോളേജിന്റെ ചരിത്രം മുതലാണ്‌ അദ്ദേഹം പറഞ്ഞത്‌. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ വന്നതും അതിന്റെ സ്മരണയ്‌ക്ക്‌ ആ കോളേജ്‌ സ്ഥാപിച്ചതുമൊക്കെ. പിന്നെ ഓരോ ഡിപ്പാര്‍ട്ട്‌മെന്‍്‌റുകളിലെ പ്രധാന അദ്ധ്യാപകരെയും മറ്റും പരിചയപ്പെടുത്തി.

ഉച്ചയ്‌ക്കു മുമ്പുതന്നെ ചടങ്ങ്‌ അവസാനിച്ചു. കൃഷ്ണന്‍ ഹാളിനു വെളിയിലെത്തിയപ്പോള്‍ ടോണിയെ കണ്ടു. പ്രീഡിഗ്രിക്ക്‌ ഒപ്പം പഠിച്ചതാണ്‌. ഒരേ ക്ലാസ്സിലായിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല അവര്‍. നൂറിനടുത്ത്‌ കുട്ടികളുണ്ടായിരുന്ന ആ പ്രീഡിഗ്രി ക്ലാസ്സില്‍ എല്ലാവരോടും അടുത്തുബന്ധപ്പെടാന്‍ സാധ്യമല്ലായിരുന്നു. പക്ഷേ അന്യനാട്ടില്‍ വച്ചു കാണുമ്പോള്‍ നേരിയ പരിചയമേയുളളൂ എങ്കിലും അത്‌ വലിയ സുഹൃത്‌ബന്ധമായി വളരുമല്ലോ. ടോണിയോടൊപ്പം കൃഷ്ണന്‍ കോളേജാകെ നടന്നു കണ്ടു. ഇങ്ങോട്ടുതന്നെ വരാന്‍ കഴിഞ്ഞതില്‍ അയാള്‍ക്ക്‌ സന്തോഷം തോന്നുകയും ചെയ്തു.

ക്ലാസ്സിലെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത്‌ പിറ്റേന്നാണ്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എണ്ണത്തില്‍ ഏതാണ്ട്‌ തുല്യമായിരുന്നു. ആകെ മുപ്പതു പേരോളം. ക്ലാസ്സിലുളള പലര്‍ക്കും തന്നോടുവന്നു പരിചയപ്പെടാന്‍ ബുദ്ധിമുട്ടുളളതുപോലെ അനുഭവപ്പെട്ടു കൃഷ്ണന്‌. പ്രായവ്യത്യാസമാവും ആ അകല്‍ച്ചയുടെ കാരണം.

പക്ഷേ, സുനിലുമായി വളരെ പെട്ടെന്ന്‌ ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. സംസാരത്തിനിടയ്‌ക്ക്‌ പലപ്പോഴും താനും സുനിലും ഒരേ രീതിയില്‍ ചിന്തിക്കുന്നതുപോലെ തോന്നി അയാള്‍ക്ക്‌. രണ്ടുപേര്‍ക്കും ഒരുപോലെ താല്‍പര്യമുളള വിഷയങ്ങള്‍ ധാരാളമുണ്ടായിരുന്നു. സുനില്‍ നല്ലൊരു സാഹിത്യാസ്വാദകനും കലാകാരനുമാണ്‌. സുനിലിന്റെ വീട്‌ അടുത്താണ്‌. അവന്റെ കഥയും രസമുളളതായിരുന്നു. ആദ്യതവണ പ്രീഡിഗ്രി എഴുതിയപ്പോള്‍ ഇംഗ്ലീഷിനു തോറ്റുപോയി. സെപ്തംബര്‍ പരീക്ഷയ്‌ക്ക്‌ വാശിയോടെ കുത്തിയിരുന്ന്‌ പഠിച്ചു. വിധി അവിടെയും സുനിലിന്‌ എതിരായാണ്‌ നിന്നത്‌, ടൈഫോയ്‌ഡിന്റെ രൂപത്തില്‍. അടുത്ത അവസരം വന്നപ്പോഴേക്കും പാഠപുസ്തകങ്ങളെല്ലാം മാറിയിരുന്നു. അതുവരെ പഠിച്ചതെല്ലാം വെറുതെയായപ്പോള്‍ അയാള്‍ നിരാശനായി. ചേട്ടന്‌ ബോംബെയില്‍ ബിസ്സിനസ്സുണ്ട്‌. ചേട്ടനെ സഹായിക്കാനെന്നും പറഞ്ഞ്‌ അങ്ങോട്ടു വണ്ടി കയറി. രണ്ടുവര്‍ഷത്തോളം അവിടെയായിരുന്നു. ചേട്ടന്റെ നിര്‍ബന്ധപ്രകാരം തിരിച്ചുപോന്ന്‌, ട്യൂട്ടോറിയലില്‍ ചേര്‍ന്ന്‌ പഠിച്ച്‌ പിന്നെ ഇംഗ്ലീഷ്‌ എഴുതിയെടുത്തു. മാര്‍ക്ക്‌ അധികമൊന്നും ഉണ്ടായിരുന്നില്ല. ഫാ. ചില്ലിക്കൂടനെ ആദ്യം മുതലേ അറിയുമായിരുന്നത്രേ. അങ്ങനെ മാനേജുമെന്റ്‌ ക്വോട്ടയില്‍ ബി.എസ്സ്‌സിക്കു സീറ്റു കിട്ടി.

ദിവസങ്ങള്‍ പൊഴിയുമ്പോള്‍ ആ സുഹൃത്‌ബന്ധം ദൃഢമാവുകയായിരുന്നു. അതിന്നിടയ്‌ക്കാണ്‌ അവരുടെ ഇടയിലേക്ക്‌ വേറൊരാള്‍കൂടി കടന്നുവന്നത്‌- ടോം കുര്യാക്കോസ്‌. ഒരു പ്രത്യേക സാഹചര്യമായിരുന്നു ആ മൂന്നാമന്റെ വരവിന്‌ വഴിയൊരുക്കിയത്‌. ഒരു ദിവസം സുനിലുമൊത്ത്‌ കൃഷ്ണന്‍ നില്‌ക്കുമ്പോഴായിരുന്നു ടോമിന്റെ വരവ്‌. നല്ല ഉയരവും കട്ടിമീശയുമുളള ചെറുപ്പക്കാരന്‍. ക്ലാസ്സില്‍ കണ്ടു പരിചയമില്ലാത്തതുപോലെ തോന്നി. അപ്പോഴാണ്‌ ടോം ബി.എസ്സ്സി മാത്‌സിന്റെ ക്ലാ‍സ്സ്‌ അന്വേഷിക്കുന്നത്‌. വൈകി ചേര്‍ന്നതാണത്രേ. താമസം അടുത്തുളള ഒരു ലോഡ്‌ജിലും. ടോം രസികനാണ്‌. ഏതു കാര്യത്തിലും തമാശ കണ്ടെത്തുന്നതില്‍ പ്രത്യേക വിരുതുണ്ട്‌. സുഹൃത്‌വലയം മൂന്നു പേരുളളതായിത്തീരാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

മഴയുടെ സമയം നോക്കിയാണ്‌ കോളേജിലേക്ക്‌ ടോമിന്റെ വരവ്‌. ക്ലാസ്സ്‌ സമയത്തിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ മഴ തുടങ്ങിയിട്ടില്ലെങ്കില്‍, ഒരു മണിക്കൂര്‍ മുമ്പുതന്നെ ടോം കോളേജിലെത്തിയിട്ടുണ്ടാവും. അല്ലെങ്കില്‍ മഴ തോര്‍ന്നിട്ട്‌, അതെപ്പോഴായാലും, ആ നേരത്തേ അയാള്‍ ക്ലാസ്സിലെത്തൂ.

മാത്തമാറ്റിക്സ്‌ ഒരു പേപ്പര്‍ മാത്രമേ ആദ്യവര്‍ഷം ഉളളൂ. ബാക്കിയെല്ലാം ഉപവിഷയങ്ങളും ഭാഷകളും ആണ്‌. ക്ലാസ്സുകളെല്ലാം നിലവാരം പുലര്‍ത്തുന്നവയായിരുന്നു, സീനിയര്‍ പ്രഫസ്സര്‍മാര്‍ ക്ലാസ്സ്‌ എടുത്തിരുന്നില്ലെങ്കിലും.

പ്രീഡിഗ്രിക്കു പഠിച്ചിരുന്നപ്പോഴത്തേക്കാള്‍ അധികസമയം താന്‍ പുറംലോകവുമായി ഇടപഴകുന്നുണ്ടെന്ന്‌ കൃഷ്ണന്‌ മനസ്സിലായി. വീട്ടിലേക്കാള്‍ സ്വാതന്ത്ര്യമുണ്ട്‌. പെരിഞ്ചേരിയില്‍ സന്ധ്യകഴിഞ്ഞു ചെന്നാലും ആരും ഒന്നും ചോദിക്കാറില്ല. അമ്മാവനും അതൊരിക്കല്‍ സംസാരത്തിനിടെ സൂചിപ്പിച്ചു. "സ്വന്തം കാര്യം നോക്കാനുളള ത്രാണിയായില്ലേ. അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ പിറകെ നടക്കേണ്ട കാര്യമില്ല ഇനി." വീട്ടിലായിരുന്നപ്പോള്‍ കുറച്ചു സമയം തെറ്റിയാല്‍പ്പോലും അമ്മ വഴിയിലേക്ക്‌ നോക്കി കാത്തിരിക്കും. അതുകൊണ്ട്‌ കഴിയുന്നതും നേരത്തേ ചെല്ലാന്‍ ശ്രമിച്ചിരുന്നു അന്നൊക്കെ. വെളളിയാഴ്‌ച വൈകുന്നേരം മിക്കവാറും വീട്ടിലേക്കായിരിക്കും നേരേ പോവുക. അമ്മ പ്രത്യേകം പലഹാരമെന്തെങ്കിലും ഉണ്ടാക്കി വച്ച്‌ കാത്തിരിപ്പുണ്ടാകും. പെരിഞ്ചേരിയിലേക്ക്‌ പോകാന്‍ ഞായറാഴ്‌ച വൈകുന്നേരം തയ്യാറെടുക്കുമ്പോള്‍ ഒരു പൊതി കൂടി ഏല്‍പിക്കും. മിക്കവാറും കായയോ ചക്കയോ വറുത്തതായിരിക്കും അതില്‍. പെരിഞ്ചേരിയില്‍ അവയൊന്നും കിട്ടാത്ത വസ്തുക്കളല്ല എന്ന്‌ അമ്മക്കറിയാം; എന്നാലും അമ്മ അങ്ങനെയാണ്‌.

അധ്യായം മൂന്ന്

മാര്‍ക്ക്‌ ലിസ്റ്റു കിട്ടിയപ്പോള്‍ അഡ്മിഷന്‌ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന്‌ ഉറപ്പായി. ആകെ എഴുപത്തഞ്ചു ശതമാനത്തിലധികം മാര്‍ക്കുണ്ടായിരുന്നു. കണക്കിനാണെങ്കില്‍ മുഴുവന്‍ മാര്‍ക്കുമുണ്ട്‌.

അധികം സ്ഥലങ്ങളിലേക്കൊന്നും കൃഷ്ണന്‍ അപേക്ഷ അയച്ചില്ല. സെന്റ്‌ പോള്‍സിലേക്കൂം വേറൊരിടത്തേക്കും മാത്രം. രണ്ടിടത്തു നിന്നും ഷുവര്‍ കാര്‍ഡു വന്നു. സെന്റ്‌ പോള്‍സിലെ ഇന്റര്‍വ്യൂന്‌ ഏട്ടനെയും കൂട്ടിയാണ്‌ പോയത്‌. എഞ്ചിനീയറിംഗിനേ പോകൂ എന്ന്‌ ശാഠ്യം പിടിച്ചിരുന്ന പലരും സെലക്ഷന്‍ കിട്ടാതെ ബി.എസ്സിക്കു ചേരാന്‍ വന്നിരിക്കുന്നതു കണ്ടു.

സെന്റ്‌ പോള്‍സിന്റെ കാമ്പസ്‌ വളരെ വലുതാണ്‌. മുന്‍വശത്തുതന്നെ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്‌. പിന്നെ ധാരാളം കളിസ്ഥലങ്ങളും. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം ഡിപ്പാര്‍ട്ട്‌മെന്റുകളും ഉണ്ട്‌. ആദ്യത്തെ കോളേജില്‍ എല്ലാ അദ്ധ്യാപകരും ഒന്നിച്ചാണ്‌ ഇരുന്നിരുന്നത്‌. സെന്റ്‌ പോള്‍സിലെ പ്രിന്‍സിപ്പല്‍ ഒരു വൈദികനായിരുന്നു - ഫാ. ജോര്‍ജ്‌ ചില്ലിക്കൂടന്‍. ഫാ. ചില്ലിക്കൂടന്‍ മാത്തമാറ്റിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ കൂടിയാണെന്നാണ്‌ കേട്ടത്‌. അതുകൊണ്ടാണെന്നു തോന്നുന്നു രേഖകളിലൂടെ സശ്രദ്ധം നോക്കുന്നതു കണ്ടു. എല്ലാ വിവരങ്ങളും അദ്ദേഹം കൃഷ്ണനോട്‌ ചോദിച്ചറിഞ്ഞു. പിതാവിനെപ്പോലെയാണ്‌ ഉപദേശിക്കുന്നത്‌- നല്ലവണ്ണം ക്ലാസ്സില്‍ ശ്രദ്ധിക്കണം; മാത്‌സിലെ മുഴുവന്‍ മാര്‍ക്കൊക്കെ ഇനിയും നിലനിര്‍ത്തണം എന്നൊക്കെ.

കൃഷ്ണന്‌ അശ്വതിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെച്ചെന്ന്‌ അന്വേഷിക്കാനാണ്‌?

ക്ലാസ്സു തുടങ്ങാന്‍ കുറച്ചുദിവസം കൂടിയുണ്ട്‌. ഏട്ടന്‍ ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോള്‍ കൈയില്‍ വലിയ ഒരു പൊതിയുണ്ടായിരുന്നു, രണ്ടു ജോഡി പാന്റിന്റെയും ഷര്‍ട്ടിന്റെയും തുണി. ഒരു മാസത്തെ ശമ്പളം മുഴുവന്‍ ചിലവഴിച്ചിട്ടുണ്ടാവും. പാവം; അനിയന്‌ കാര്യമായൊന്നും ഇതുവരെ കൊടുത്തിട്ടില്ലല്ലോ എന്നു വിചാരിച്ചാവും ചെയ്തത്‌. വീട്ടിലെ പ്രശ്നങ്ങളെപ്പോഴും ഏട്ടന്‍ നിസ്സഹായനായി നോക്കി നില്‌ക്കുന്നതേ കണ്ടിട്ടുളളു. ആളായെങ്കിലും, ത്രാണിയില്ലാതായിപ്പോയല്ലോ എന്ന അപകര്‍ഷതാബോധം മുഖത്തും പേറി.

ബി.കോം പാസ്സായശേഷം രണ്ടുകൊല്ലം ടെസ്‌റ്റും ഇന്റര്‍വ്യൂവുമൊക്കെയായി നടന്നു. അവസാനം അച്ഛന്റെ ഒരു പരിചയക്കാരന്റെ പ്രസ്സില്‍ മാനേജരായി. സുഹൃത്തിന്റെ മകനായിരുന്നെങ്കിലും പ്രസ്സില്‍ പണിയില്ലാതായപ്പോള്‍ ഉടമ ഏട്ടനെ പലപ്പോഴും കുറ്റപ്പെടുത്തി. ഏട്ടന്‍ അഭിമാനിയാണ്‌. അച്ഛന്റെ മരണംവരെ ഒരുവിധം അവിടെ പിടിച്ചു നിന്നു. പിന്നെ ആ ഉദ്യോഗം ഉപേക്ഷിച്ചു. കുറെനാള്‍ വെറുതെ ഇരുന്നശേഷമാണ്‌ സൊസൈറ്റിയില്‍ ക്ലര്‍ക്കാവുന്നത്‌. വലിയ ശമ്പളമൊന്നുമില്ലെങ്കിലും ആരുടെയും കറുത്തമുഖം കാണേണ്ടല്ലോ. ബി.കോംകാരനായതുമൊണ്ട്‌ ചിലപ്പോള്‍ സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ഇപ്പോള്‍.

പാന്‍്‌റും ഷര്‍ട്ടും വേഗം തയ്‌ചുകിട്ടി. ആദ്യമായിട്ടാണ്‌ കൃഷ്ണന്‍ പാന്റ്‌ ഇടുന്നത്‌. കാലുകള്‍ ഇറുകിപ്പിടിക്കുന്നതുപോലെ തോന്നി ആദ്യം. അമ്മയ്‌ക്കു്‌ പാന്‍്‌റിട്ടു കാണുന്നത്‌ ഇഷ്ടമല്ല. പാന്‍്‌റും ധരിച്ച്‌ നല്ലതാണോ എന്ന്‌ ചോദിക്കാന്‍ അമ്മയുടെ അടുത്തു്‌ അയാള്‍ ചെന്നപ്പോള്‍ അവര്‍ മുഖംവെട്ടിച്ചു നിന്നു. കസവുളള കോടിക്കളര്‍ ഡബിള്‍മുണ്ടുടുത്തു്‌ നടന്നാല്‍ അതിന്റെ ഐശ്വര്യം വേറൊന്നാണെന്ന്‌ അമ്മ പറയും.

തിങ്കളാഴ്‌ചയാണ്‌ ക്ലാസ്സ്‌ തുടങ്ങുന്നത്‌. ഞായറാഴ്‌ചതന്നെ പെരിഞ്ചേരിയിലേക്ക്‌ പോകാന്‍ അയാള്‍ തീരുമാനിച്ചു.

ഏട്ടന്‍ ഉപയോഗിച്ചിരുന്ന ഒരു പഴയ ട്രങ്കില്‍ കൊളളിക്കാവുന്ന സാധനങ്ങളേ കൃഷ്ണന്‌ എടുക്കാനുണ്ടായിരുന്നുളളു. ശര്‍മ്മസാര്‍ കൊടുത്ത കുറെ പുസ്തകകങ്ങള്‍, പ്രീഡിഗ്രിക്കു പഠിച്ച ടെക്സ്‌റ്റുകള്‍, പിന്നെ ചെറിയ ഉപകരണങ്ങളും വസ്‌ത്രങ്ങളും. കൃഷ്ണന്‍ യാത്ര പറഞ്ഞപ്പോള്‍ അമ്മ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. അപ്പോള്‍ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക്‌ അയാളുടെ നോട്ടം പാളിപ്പോയി.

കൃഷ്ണന്‍ വേണ്ട എന്ന്‌ കുറെ പറഞ്ഞിട്ടും ഏട്ടന്‍ ട്രങ്ക്‌ കവലവരെ കൊണ്ടുക്കോടുത്തു. വണ്ടിയിറങ്ങിയപ്പോള്‍ ഇത്തവണയും നാരായണന്‍ നായരുടെ കണ്ണു വെട്ടിക്കാനായില്ല കൃഷ്ണന്‌. ബസ്സില്‍ നിന്ന്‌ ആരൊക്കെ ഇറങ്ങുന്നുണ്ടെന്ന്‌ നോക്കിയശേഷമേ നാരായണന്‍ നായര്‍ അടുത്ത ജോലി ചെയ്യുകയുളളു. ഇനിമുതല്‍ പെരിഞ്ചേരിയിലാണ്‌ താമസം എന്നു പറഞ്ഞപ്പോള്‍ നാരായണന്‍ നായര്‍ ഇടങ്കണ്ണിട്ടു നോക്കി ചിരിച്ചു.

പടിയോടടുത്തപ്പോള്‍ തന്നെ കൃഷ്ണന്‍ അമ്മാവന്റെ സ്വരം കേട്ടു. അമ്മാവനും അശ്വതിയും മുന്‍വശത്തുതന്നെയുണ്ട്‌. അമ്മാവന്‍ അശ്വതിയോട്‌ എന്തോ പറയുന്നു. അമ്മാവന്‍ അങ്ങനെയാണ്‌; ഗൗരവമുളള കാര്യമല്ലെങ്കില്‍ ഉച്ചത്തിലേ സംസാരിക്കൂ. മുറ്റത്തെത്തിയപ്പോള്‍ അശ്വതിയാണ്‌ ആദ്യം കണ്ടത്‌. അവള്‍ ചിരിച്ചു.

"അച്ഛാ, കൃഷ്ണേട്ടന്‍ വന്നു."

"വൈകീപ്പോ ഞാന്‍ വിചാരിച്ചു ഇന്നിനി നീ വരില്യാരിക്കൂന്ന്‌. എന്നാ ഞാന്‍ നാളെത്തന്നെ അങ്ങോട്ട്‌ വന്നേനെ". അതുപറഞ്ഞ്‌ അമ്മാവന്‍ ഉറക്കെ ചിരിച്ചു.

"ബസ്സ്‌ കിട്ടീല അമ്മാവാ". തടിതപ്പാന്‍ അതൊക്കെ പറഞ്ഞാല്‍ മതി.

കൃഷ്ണന്‍ ട്രങ്ക്‌ താഴെ വച്ചു. അശ്വതി അത്‌ അകത്തേക്കെടുത്തുകൊണ്ടുപോയി.

അമ്മാവന്‍ പല കാര്യങ്ങളെയും പറ്റി സംസാരിച്ചുകൊണ്ടിരുന്നു, അധികവും കൃഷിക്കാര്യങ്ങള്‍. പലതിനും മറുപടി കൊടുക്കാന്‍ കഴിയില്ലായിരുന്നു അയാള്‍ക്ക്‌.

അശ്വതിയാണ്‌ ചായകൊണ്ടുവന്നതും. അമ്മായിയെ ഇതുവരെ പുറത്തേക്കു കണ്ടില്ല.

"അശ്വതിയുടെ എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു?" കൃഷ്ണന്‍ ചോദിച്ചു. എന്തെങ്കിലും ചോദിക്കണ്ടേ.

"ഇംഗ്ലീഷിന്റെ കാര്യം സംശയാ, ബാക്കിയെല്ലാം എളുപ്പായിരുന്നു".

"അതല്യോടാ കൃഷ്ണന്‍കുട്ടി ഈ മണ്ടീനെ ട്യൂഷനാക്കിയിരിക്കണെ. മാസം അമ്പതു രൂപ്യാ സാറിന്‌." അമ്മാവന്റെ കമന്റ്‌.

അശ്വതി ചിരിച്ചുകൊണ്ട്‌ അകത്തേക്കു പോയി.

"നിനക്ക്‌ താമസം ഔട്ട്‌ഹൗസിലാ ഒരിക്ക്യേക്കണെ. ഒറ്റയ്‌ക്കു കെടക്കാന്‍ പേട്യാവോ"?" അമ്മാവന്റെ ചുണ്ടിലൊരു കുസൃതിച്ചിരി. സന്ധ്യയ്‌ക്കുപോലും പണ്ട്‌ മൂത്രമൊഴിക്കാന്‍ അമ്മാവനെയും കൂട്ടി പോകാറുളളതായിരിക്കും ഇപ്പോള്‍ ആ മനസ്സില്‍.

"ഏയ്‌, ഇല്ല അമ്മാവാ".

അമ്മാവനോടൊപ്പം കൃഷ്ണന്‍ ഔട്ട്‌ഹൗസിലേക്കു നടന്നു. ഭിത്തികളെല്ലാം വെളളയടിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഉളളില്‍ പഠിക്കാനുളള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്‌.

അമ്മായി അതിനിടെ എവിടെനിന്നോ എത്തി, പിറകെ അശ്വതിയും. അശ്വതി ട്രങ്ക്‌ ഒപ്പമെടുത്തിരുന്നു, കൈയില്‍ വിരിപ്പുകളും.

കൃഷ്ണന്‍ ട്രങ്ക്‌ തുറന്നു കൊടുത്തു. അശ്വതി വസ്‌ത്രങ്ങളൊക്കെ ട്രങ്കില്‍ വച്ചിട്ട്‌ പുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കിവച്ചു. പുസ്തകങ്ങളുടെ പേരും മറ്റും വായിച്ചിട്ടാണ്‌ അവള്‍ അവ അടുക്കുന്നത്‌.

"കൃഷ്ണേട്ടന്‌ എത്ര മാര്‍ക്കുണ്ട്‌?" അശ്വതിയില്‍ നിന്ന്‌ പെട്ടന്നൊരു ചോദ്യം.

അയാള്‍ പറഞ്ഞു.

"ഇംഗ്ലീഷിനോ?"

"നൂറ്റി എണ്‍പത്‌".

"ഈ ഇംഗ്ലീഷ്‌ പുസ്തകങ്ങളൊക്കെ വായിച്ചിട്ടാവും ഇത്ര മാര്‍ക്ക്‌, അല്ലേ?"

"അതിന്‌ അത്ര അധികമൊന്നുമില്ലല്ലോ".

അവള്‍ ജോലിയിലേക്കു തിരിഞ്ഞു. ഇനിയും അവളുടെ കുട്ടിത്തം മാറിയിട്ടില്ല. അശ്വതി ജോലി ചെയ്യുന്നതു കാണാന്‍ ഭംഗിയുണ്ട്‌. വിശേഷിച്ചും ആ കൈകളുടെ ചടുലമായ നീക്കങ്ങള്‍.

എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോള്‍ സന്ധ്യയായി. പെരിഞ്ചേരിയില്‍ ചെന്ന്‌ അത്താഴവും കഴിഞ്ഞാണ്‌ അയാള്‍ തിരിച്ചു പോന്നത്‌. നാളെ കോളേജിലേക്കു പോകേണ്ടതല്ലേ എന്ന വിചാരത്താല്‍ കൃഷ്ണന്‍ വേണ്ടതൊക്കെ ശരിയാക്കി വച്ചു.

പിന്നെ, വായിച്ചു തീരാത്ത ഒരു നോവലില്‍ കൃഷ്ണന്‍ വീണ്ടും അടയാളം വയ്‌ക്കുമ്പോള്‍ ഉറക്കം കണ്‍പോളകളെ കനമുളളതാക്കിയിരുന്നു.