ആഗ്നസില്‍ നിന്നും പെട്ടന്നൊരു മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. കോളേജില്‍ വച്ച് കാണാമെന്നാണ് അയാള്‍ ആഗ്നസിന് എഴുതിയിരുന്നത്. ചിലപ്പോള്‍, പരീക്ഷ എഴുതാതിരിക്കരുത് എന്ന ഉപദേശമാവും കത്തില്‍, അതല്ലെങ്കില്‍ വീട്ടിലെ നിര്‍ബന്ധങ്ങളെക്കുറിച്ച്. ആഗ്നസിന്റെ കത്ത് തുറക്കുന്നതിനു മുമ്പ് കൃഷ്‌ണന്‍ ഊഹിച്ചു.
പക്ഷേ.....
ഹ്രസ്വമായ ആ കത്തിന്റെ ഉളളടക്കത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ കൈകള്‍ ആദ്യമായി വിറയ്‌ക്കുന്നത് കൃഷ്‌ണനറിഞ്ഞു. നിര്‍വികാരതയോ ലാഘവമോ, അതോ, നിസ്സഹായാവസ്‌ഥയോ ആ വരികളിലെന്ന് അയാള്‍ക്കു വിവേചിക്കാനായില്ല.
ഡിയര്‍ കൃഷ്‌ണന്‍,
അയച്ച കത്തു കിട്ടി. അല്ലെങ്കിലും ഞാന്‍ എഴുതണമായിരുന്നു. കുറച്ചുനേരത്തേ ഞാന്‍ തോറ്റുകൊടുത്തിരുന്നെങ്കില്‍ കൃഷ്‌ണന് പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വരുമായിരുന്നില്ല. അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഞാന്‍ കീഴടങ്ങിയെന്ന് കൂട്ടിക്കൊളളൂ. അടുത്ത ഞായറാഴ്‌ച എന്റെ വിവാഹമാണ്, എല്ലാം കൃഷ്‌ണന് ഊഹിക്കാവുന്നതുപോലെ. അറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ക്ഷണിക്കുന്നില്ല. നാം തമ്മിലിനി കാണാതിരിക്കുന്നതല്ലേ ഭംഗി. എക്സാമും എഴുതേണ്ടെന്നു തീരുമാനിച്ചു. സ്വിറ്റ്‌സര്‍ലന്റിലേക്ക് ഉടനെ തിരിക്കും, കൂടെ മമ്മിയുമുണ്ട്.
സുഖമെന്നു കരുതട്ടെ.
സ്‌നേഹപൂര്‍വ്വം ആഗ്നസ്.
തനിക്കു ചുറ്റുമുളള കാഴ്‌ചകള്‍ മങ്ങിമറയുകയാണോയെന്ന് കൃഷ്‌ണന്‍ ഒരുനിമിഷം സംശയിച്ചു. കടലാസ്സിലെ അക്ഷരങ്ങളുടെ വളവുകള്‍ വലിയ കുരുക്കുകളായിത്തീരുന്നതും കൃഷ്‌ണനറിഞ്ഞു. ആത്മസംയമനം വീണ്ടെടുത്ത് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോഴും എന്തുചെയ്യണമെന്ന് മനസ്സില്‍ വ്യക്തമല്ലായിരുന്നു. പിന്നെ ഷര്‍ട്ടും മുണ്ടും മാറി അയാള്‍ പുറത്തിറങ്ങി.
തനിക്കെന്താണ് പറ്റിയത്? വിഭ്രാന്തിയിലോ? താനെങ്ങോട്ടാണ് പോകുന്നത്? ആരെക്കാണാനാണ്? എങ്കിലും, ടൗണിലേക്കുളള വണ്ടി വന്നപ്പോള്‍ അതില്‍ കയറി അയാള്‍ ഇരുന്നു. വിയര്‍പ്പുകണങ്ങളിന്‍മേല്‍ കാറ്റേറ്റ് ശരീരം തണുക്കുമ്പോള്‍ ആലോചിക്കാനുളള കഴിവെങ്കിലും അയാളുടെ മനസ്സിനു തിരിച്ചു കിട്ടുന്നു.
മിക്കവാറും ബാച്ചുകള്‍ക്കും സ്‌റ്റഡിലീവായതിനാല്‍ പ്രഫസ്സര്‍ വീട്ടിലുണ്ടാവാനിടയുണ്ട്. അദ്ദേഹമല്ലാതാരുണ്ട് ഇതൊക്കെ കേള്‍ക്കാന്‍? ആഗ്നസിന്റെ മനസ്സ് ഈ കുറഞ്ഞ നാളുകള്‍ക്കുളളില്‍ താനേ മാറാനിടയില്ല. അപ്പോള്‍പിന്നെ പ്രഫസ്സറും സമ്മദ്ദം പ്രയോഗിച്ചിട്ടുണ്ടാവുമോ? ആദ്യം തന്ന വാഗ്ദാനങ്ങളില്‍നിന്നും അദ്ദേഹം വ്യതിചലിക്കാന്‍ ഇടയില്ലാത്തതായിരുന്നു. അദ്ദേഹത്തെപ്പോലെ കുറച്ചുപേരെയെങ്കിലും വിശ്വസിക്കാമെന്നു കരുതിയായിരുന്നു തന്റെ ഇതുവരെയുളള നീക്കങ്ങള്‍. അവരും അവസാനം കൈയൊഴിയുകയാണോ? അതോ, ഇതെല്ലാം ജീവിതത്തിന്റെ മാറ്റിമറിക്കാനാവാത്ത വഴിത്തിരിവുകളോ? ചുഴികളും, ഇത്ര ദൈര്‍ഘ്യവുമുണ്ടെന്നറിഞ്ഞെങ്കില്‍ പച്ചപ്പ് കണ്ടപ്പോള്‍ താനീ പ്രവാഹത്തിലേക്ക് എടുത്തു ചാടുമായിരുന്നില്ല. അതോ, ഉറങ്ങി കിടന്നപ്പോള്‍ കരകവിഞ്ഞൊഴുകിയ പുഴ തന്നെയും മാറിലേറ്റിപ്പോയതോ? ഒന്നും വ്യക്തമല്ല. ഐസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം ശാസ്‌ത്രത്തിന്റെ ഉത്തുംഗഗോപുരങ്ങളില്‍ നിന്നിറങ്ങിവന്ന് വെറും ജീവിതത്തെയും ബാധിക്കുന്നു. ച്ഛെ, എന്താണിതൊക്കെ? ചിന്തകള്‍ കൂടിക്കുഴഞ്ഞ് ഭ്രാന്ത് പിടിപ്പിക്കുകയാണ്. ഒരേസമയത്തൊരായിരം ചിന്തകളുടെ അഗ്നിസ്‌ഫുലിംഗങ്ങള്‍ ജ്വലിച്ച് അയാളുടെ തലച്ചോറിനെ ചൂടുപിടിപ്പിക്കുന്നു.
പ്രഫസ്സറുടെ വീട്ടിന്റെ വാതിലില്‍ മുട്ടുകയോ അതോ തട്ടുകയോയെന്ന് കൃഷ്‌ണന് വ്യക്തമല്ലായിരുന്നു. ഹെലനാണ് ഓടിവന്ന് വാതില്‍ തുറന്നത്. കൃഷ്‌ണനാണെന്നു കണ്ടപ്പോള്‍ അലിവോടെ നോക്കിക്കൊണ്ട് ഹെലന്‍ മാറിനിന്നു.
"ഡാഡി മുകളിലുണ്ട്" അവള്‍ പറഞ്ഞു. ചിരിക്കാനയാള്‍ ശ്രമിച്ചില്ല. എന്തിന് കഴിയാത്ത കാര്യം ചെയ്‌ത് പരാജയപ്പെടണമെന്നായിരുന്നു ആ മനസ്സിലപ്പോള്‍. മുകളിലേക്കു കയറിച്ചെന്നു നോക്കുമ്പോള്‍ പ്രഫസ്സര്‍ ഏതോ പുസ്‌തകത്തില്‍ നിന്ന് കുറിപ്പെഴുാതിയെടുക്കുന്നത് കൃഷ്‌ണന്‍ കണ്ടു. കാല്‍പ്പെരുമാറ്റം കേട്ട് അദ്ദേഹം തിരിഞ്ഞുനോക്കി. പെട്ടന്ന് അയാളെ കണ്ടപ്പോള്‍ പ്രഫസ്സറിലുണ്ടായ ഭാവമാറ്റം വ്യക്‌തമായിരുന്നു.
"ഇരിക്കൂ കൃഷ്‌ണന്‍, ഞാന്‍ തന്നെ പ്രതീക്ഷിച്ചിരുന്നു." അദ്ദേഹം പറഞ്ഞു.
കൃഷ്‌ണന്‍ ഒന്നും മിണ്ടിയില്ല. വികാരക്ഷോഭത്തിനിടയില്‍ വാക്കുകള്‍ മുങ്ങിപ്പോവുകയാണ്. എവിടെയോ അയാള്‍ ഇരുന്നു.
"ആഗ്നസറിയിച്ചായിരിക്കും അല്ലേ? മൂന്നു ദിവസമേ ആയിട്ടുളളൂ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട്. ഐ ആം റിയലി സോറി കൃഷ്‌ണന്‍. അവസാനഘട്ടം വരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒളിച്ചുകളിച്ചെങ്കിലും എനിക്ക് വാക്കുപാലിക്കാനായില്ല. കടകവിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടിയും വന്നു"
"ഇതുവരെ എന്റെയൊപ്പം നിന്നിട്ടും ഇപ്പോഴെന്നെ കൈവിട്ടത് ശരിയായില്ല സര്‍. ബാക്കിയുളളവരുടെയെല്ലാം സ്‌നേഹം നഷ്‌ടപ്പെടുത്തിയിട്ടാണ് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ആര്‍ക്കും വേണ്ടാത്തവനാണ് ഞാനിന്ന്. സാറെന്റെയൊപ്പം നിന്നിരുന്നെങ്കില്‍ എനിക്കെന്തെങ്കിലും ചെയ്യാനാവുമായിരുന്നു, ഞാനൊരാണാണ്. സ്‌ഥിതി വഷളായപ്പോള്‍ സാറെന്നെ അറിയിച്ചു പോലുമില്ല. ആക്‌ച്വലി, യു വേര്‍ ചീറ്റിങ് മി......" കൃഷ്‌ണന്റെ വികാരം അണപൊട്ടി ഒഴുകുകയാണ്. എന്തൊക്കെയാണ് പിന്നെയും അയാള്‍ പുലമ്പുന്നത്. എല്ലാം കേട്ടിട്ടും അക്ഷോഭ്യനായി പ്രഫസ്സര്‍ ഇരുന്നു.
ഒരിടവേളയ്‌ക്കുശേഷം അദ്ദേഹം പറഞ്ഞു. "ആഗ്നസിന്റെ കുടുംബത്തെക്കുറിച്ച് കൃഷ്‌ണന് ശരിക്കറിയാമോയെന്ന് എനിക്ക് നിശ്ചയമില്ല. ആന്‍സിയുടെ മൂത്തമകന്‍ നേവിയില്‍ വച്ചു മരണപ്പെട്ടു. അന്നുമുതല്‍ ആന്‍സി സ്‌ഥിരബോധത്തിലല്ല എല്ലായ്‌പ്പോഴും. ചെറിയൊരു പ്രകോപനം മതി എല്ലാത്തിന്റെയും താളം തെറ്റാന്‍. ഇത്തവണ വലിയൊരു പൊട്ടിത്തെറിയുടെ വക്കത്തായിരുന്നു ആന്‍സി അവസാന നാളുകളില്‍."
"സര്‍, എന്നെയാശ്വസിപ്പിക്കുന്നതിന് ഇങ്ങനെയോരൊന്നു പറയുന്നതില്‍ വല്ല അര്‍ത്ഥമുണ്ടോ?"
"തീര്‍ച്ചയായുമുണ്ട് കൃഷ്‌ണന്‍. ഞാന്‍ നിങ്ങള്‍ക്കൊരു വാഗ്ദാനം നല്‌കിയിരുന്നു. അതെനിക്ക് പാലിക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് കൃഷ്‌ണന്‍ അറിയണം."
അയാള്‍ക്കൊന്നും മറുപടി പറയാനില്ലായിരുന്നു.
"ആഗ്നസിന്റെ പെരുമാറ്റത്തിലുണ്ടായ പന്തികേടുകൊണ്ടോ എന്തോ, ആന്‍സി എന്നെയും കൂടി സംശയിക്കാന്‍ തുടങ്ങി. നേരത്തേതന്നെ വിവാഹം നടത്തണമെന്ന ആന്‍സിയുടെ നിര്‍ബന്ധം, ആഗ്നസ് എന്റെ സഹായത്താല്‍ നീട്ടി വയ്‌പിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‌കി. ഒരാഴ്‌ചമുമ്പ് ഒരു ഭ്രാന്തിയെപ്പോലെ ആന്‍സി ഇവിടെ ഓടിക്കിതച്ചെത്തി. ശരിക്ക് ഡ്രസ്സുപോലും ചെയ്യാതെയാണ് അവള്‍ വന്നത്. ആഗ്നസുമായി വഴക്കുകൂടിയാണ് അന്നെത്തിയതെന്ന് പിന്നെ ഞാനറിഞ്ഞു. വന്നപാടെ അവള്‍ പറഞ്ഞു, 'ഡാനീ, എന്റെ എഡ്‌ഢിയെ കൊലയ്‌ക്കുകൊടുത്തത് നീയാണ്. അവന് നേവിയില്‍ സെലക്ഷന്‍ കിട്ടിയപ്പോള്‍, എനിക്കുളള ഏക ആണ്‍തരിയാണ്, എഡ്‌ഢീ പോകേണ്ട എന്നുപറഞ്ഞപ്പോള്‍ നീയാണ് ഡാനീ എന്നെ നിര്‍ബന്ധിച്ച് അവനെ വിടാന്‍ സമ്മതിപ്പിച്ചത്. ഇനി നീ ആഗ്നസിനെക്കൂടി വഴി തെറ്റിക്കുകയാണെങ്കില്‍ നിന്റെ ആത്മാവിനുപോലും ഗുണം കിട്ടില്ല. ഒരമ്മയുടെ വിഷമം നിനക്കറിയില്ല, നീയൊരാണാണ്. നിന്നെക്കാളധികം ആ കൊച്ചുകുട്ടിക്കു മനസ്സിലാകും. എന്റെ വാക്കു ധിക്കരിച്ച് ആഗ്നസ് എന്തിനെങ്കിലും പുറപ്പെടുന്നയന്ന് ഞാന്‍ ജീവിതം അവസാനിപ്പിക്കും. ആരുടെയും ശല്യമില്ലാതെ നീ സുഖമായി കഴിഞ്ഞോ പിന്നെ". ഉടനെത്തന്നെ ആന്‍സി ഇവിടെനിന്നും പോയി. ഹെലന്‍ അടുത്തുണ്ടായിരുന്നു അപ്പോള്‍. പല രഹസ്യങ്ങളും അവള്‍വഴി ആന്‍സി അറിഞ്ഞോയെന്ന് ഞാന്‍ സംശയിക്കുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു ആന്‍സിയുടെ സംസാരമെങ്കിലും ആ വാക്കുകള്‍ പലതുമെന്റെ മനസ്സിലേക്ക് തുളച്ചുകയറി. എഡ്‌ഢിയുടെ മരണത്തിന്റെ ഉത്തരവാദിയും ഞാനായി. ഒരര്‍ത്ഥത്തില്‍ അതു ശരിയല്ലേ? ഇനിയുമെന്തിന് ഒരു ദുരന്തത്തിന്റെ തുടക്കക്കാരന്‍ ആവണമെന്നു ഞാന്‍ ചിന്തിച്ചുപോയെങ്കില്‍ അതൊരപരാധമാണോ കൃഷ്‌ണന്‍? പറയൂ".
പ്രഫസ്സര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ചുമരിലെ ഷെല്‍ഫില്‍ നിന്നും കുപ്പിയും ഗ്ലാസ്സും വെളളവുമൊക്കെ എടുക്കാനാഞ്ഞു. പെട്ടെന്നു തിരിഞ്ഞുനിന്ന് അയാളോടു ചോദിച്ചു. "ഹാര്‍ഡ് ഓര്‍ സോഫ്‌റ്റ്?"
"എന്തെങ്കിലും". കൃഷ്‌ണന്‍ മറുപടി പറഞ്ഞു.
എല്ലാം വേഗമെടുത്തുവച്ച്, ഗ്ലാസ്സുകളിലേക്ക് പകര്‍ന്ന് പ്രഫസ്സര്‍ ഒരു സിപ്പെടുത്തു. ഗ്ലാസ്സു മുഖത്തേക്കടുപ്പിച്ചപ്പോള്‍ അതു മദ്യം തന്നെയാണെന്ന് കൃഷ്‌ണന് ഉറപ്പായി. കുറച്ചുകൂടി വെളളമൊഴിച്ച് അയാള്‍ രണ്ടു കവിളില്‍ അതകത്താക്കുമ്പോള്‍ ദാഹജലം കഴിക്കുന്ന ലാഘവമേ തോന്നിയുളളൂ, അതിന്റെ തന്നെ തൃപ്‌തിയും. പ്രഫസ്സര്‍ വീണ്ടുമൊഴിക്കുമ്പോള്‍ അയാള്‍ തടഞ്ഞില്ല.
ഗ്ലാസ്സ് കാലിയാക്കി പ്രഫസ്സറും അടുത്തതിന് തുടക്കമിട്ടു. എന്നിട്ടു പറഞ്ഞുഃ "കൃഷ്‌ണന്‍, ഞാന്‍ എന്തു ക്രൂരതയാണ് നിങ്ങളോട് കാണിച്ചത്. ആന്‍സി അന്നിവിടെനിന്നു പോയ ഉടനെ ഞാന്‍ ചെയ്‌തതെന്താണെന്നറിയാമോ? ബാംഗ്ലൂരിലെ ആഗ്നസിന്റെ അങ്കിള്‍ മിസ്‌റ്റര്‍ ലോറന്‍സിനെ ആദ്യം വിളിച്ചു. എന്നിട്ടു പറഞ്ഞുഃ നിങ്ങള്‍ അവിടെയെങ്ങാനും എത്തുകയാണെങ്കില്‍ ഒരു സഹായവും ചെയ്‌തുകൊടുക്കരുതെന്ന്. അക്കാര്യമെന്നിട്ട് ആഗ്നസിനെ അറിയിച്ചു. ഞാനിതെല്ലാം തുറന്നുപറയുന്നത് കൃഷ്‌ണന് ഉള്‍ക്കൊളളാന്‍ കഴിയുമെന്ന വിശ്വാസംകൊണ്ടാണ്."
ഇപ്പോള്‍ അയാള്‍ക്കൊന്നും തിരിയുന്നില്ല. ഉളളില്‍ ജ്വലിച്ചു വരുന്ന രോഷം എവിടെയോവച്ച് അണഞ്ഞുപോകുന്നു.
പ്രഫസ്സര്‍ പിന്നെയും പറയുകയാണ്. "നീണ്ടൊരു വാചകത്തിനിടയ്‌ക്ക് പറ്റിയ അക്ഷരത്തെറ്റാണെന്നു കരുതിയാല്‍ മതി കൃഷ്‌ണന്‍. ജീവിതത്തിന് നിറം കൊടുക്കാന്‍ തനിക്കിനിയും കഴിയും. തന്റെ ബന്ധത്തിലുളള ആ കുട്ടിയുടെ പെരെന്തെന്നാണ് പറഞ്ഞത്? ഞാന്‍ മറന്നുപോയി. പിണക്കമൊക്കെ ഉടനെ തീര്‍ക്കൂ. നഗരത്തിലേക്കു വന്നപ്പോള്‍ പറ്റിയ ഒരു പിഴവാണെന്നു കരുതിയാല്‍ മതി ഇതൊക്കെ. കൃഷ്‌ണന്‍ ആ കുട്ടിയുടെ പേര് പറഞ്ഞില്ല. ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട് ആ കുട്ടിയെ....."
ഒന്നും ഉരിയാടാതെ, കൃഷ്‌ണന്‍ അവിടെ നിന്നെഴുന്നേറ്റ് താഴേക്കിറങ്ങുമ്പോള്‍ പ്രഫസ്സര്‍ വിസ്‌മയം പൂണ്ടിരിക്കുകയായിരുന്നു. താഴെ ഹെലനെ കാണുന്നില്ല. വാതില്‍ തുറന്ന് അയാള്‍ പുറത്തുകടന്നു. ചുറ്റുമുളള മങ്ങിയ കാഴ്‌ചയിലൂടെ ഒരോട്ടോറിക്ഷ വന്നുനിന്നു അയാളുടെ മുമ്പില്‍. പ്രയാസപ്പെട്ട് അതിലേക്കു കയറി ഇരിക്കുമ്പോള്‍, പിന്നില്‍, പ്രഫസ്സറുടെ വീട്ടിലേക്കു തിരിഞ്ഞു നോക്കാന്‍കൂടി തോന്നിയില്ല അയാള്‍ക്ക്.
ഒന്നും ചെയ്യാനില്ലാതെ വീട്ടിലെ ഇരിപ്പു തുടര്‍ന്നപ്പോള്‍ കൃഷ്‌ണന് തന്നോടുതന്നെ വെറുപ്പുതോന്നി. ദിനപ്പത്രംപോലും വായിക്കാന്‍ താല്‌പര്യമില്ലാത്ത അവസ്ഥ. ഇതൊക്കെ അറിഞ്ഞിട്ടെന്തു കാര്യമെന്ന ചിന്തയാണ് അയാളെ ഭരിക്കുന്നത്. ഭക്ഷണത്തിന്റെ സമയമാകുമ്പോള്‍ അമ്മ വിളിക്കും, പോയി ഇരുന്ന് കഴിക്കും. അത്രതന്നെ. മിക്കവാറും ഒന്നും സംസാരിക്കാറില്ല. ഉറങ്ങാന്‍ ശ്രമിച്ചാല്‍ മാത്രം ചിലപ്പോള്‍ വിജയിക്കുന്നു.
ഒരുദിവസം ഏട്ടന്‍ മുറിയിലേക്കു ചെന്നു.
"എന്താ.... ഏട്ടാ, പതിവില്ലാതെ?" അയാള്‍ ചോദിച്ചു.
സാധാരണ ഏട്ടന്‍ മുറിയിലേക്കു വരാറില്ല. മിക്കവാറും പാതിരയാവും ജോലി കഴിഞ്ഞെത്തുമ്പോള്‍. ഒരു സ്വകാര്യകമ്പനിയുടെ അക്കൗണ്ടും നോക്കുന്നുണ്ട്. ഈയിടെ, പലപ്പോഴും ഏട്ടന്‍ തന്നില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായി അയാള്‍ക്കു തോന്നുന്നു.
"നിന്നോടെനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു."
"എന്താ വിശേഷിച്ച്?"
"വേറെയൊന്നുമില്ല, ഞാന്‍ അശ്വതിയെ മംഗല്യം ചെയ്യാനുറച്ചു. നിന്നോട് ഞാന്‍ ഇങ്ങനെവന്ന് പറയുന്നതിന്റെ സാഹചര്യങ്ങളെല്ലാം അറിയാലോ. കൂടുതലൊന്നും പറയണില്ല. ബന്ധങ്ങള്‍ക്ക് ഞാന്‍ വിലകല്‍പിക്കുന്നുണ്ടെന്ന് കരുത്യാ മതി, അല്ലെങ്കില്‍ ഞാനീ സാഹസത്തിന് പുറപ്പെടില്ലായിരുന്നു."
ഞെട്ടേണ്ട അവസ്ഥയെല്ലാം എന്നേ കഴിഞ്ഞു അയാളുടെ ജീവിതത്തില്‍. ഏട്ടന്‍ പിന്നെയും കുറെനേരം അവിടെ നിന്നു. പോകാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞുഃ "രണ്ടാഴ്‌ച കഴിഞ്ഞാണ് ചടങ്ങ് വച്ചിരിക്കുന്നത്. എല്ലാം ലളിതമായിട്ടാണ്. നീയെല്ലാമൊന്ന് നോക്കിപ്പിടിച്ചെടുക്കണം."
കൃഷ്‌ണന്‍ മറുപടിയൊന്നും കൊടുത്തില്ല. ആ ഭംഗിവാക്കുകള്‍ക്ക് ഏട്ടന്‍ ഉത്തരമൊന്നും പ്രതീക്ഷിക്കുന്നുണ്ടാവുകയുമില്ല.
ഏട്ടന്റെ തണുപ്പന്‍മട്ട് എവിടെയോ പോയി ഒളിച്ചിരിക്കുന്നു. ആ വാക്കുകള്‍ പൗരുഷത്തിന്റേതല്ലെങ്കിലും ഉറപ്പുളളവയാണ്. അതിന്റെ ധ്വനി എത്ര വ്യക്തംഃ നീയെന്തിന് ഇവിടെയൊരു കരടായി കൂടുന്നു? മേറ്റ്വിടെയെങ്കിലും പോയി തുലഞ്ഞുകൂടേ? ഞാനെങ്കിലും ഒരു ജീവിതം കെട്ടിപ്പടുക്കട്ടെ.
പാവം! ഏട്ടന്‍ അങ്ങനെയൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. എങ്കിലും മനസ്സിന്റെ അഗാധതയില്‍ നിന്നുവരുന്ന ആ വാക്കുകളെ അവിശ്വസിക്കേണ്ടിയിരിക്കുന്നു.
Sunday, July 08, 2007
അധ്യായം ഇരുപത്തിരണ്ട്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:52 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment