ആര്‍ട്ട്‌സ് ക്ലബിന്റെ ഉല്‍ഘാടനം അടുത്തപ്പോഴാണ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി കൃഷ്‌ണന്‍ ബന്ധപ്പെടാന്‍ ഇടവന്നത്. സെക്രട്ടറി എന്ന നിലയില്‍ സുനിലിന്റെ ചുമതലയിലുളള ജോലികളിലെല്ലാം അവന്റെ നിര്‍ബന്ധംമൂലം അയാള്‍ക്ക് പങ്കുചേരേണ്ടിവന്നു.
ഉല്‍ഘാടനത്തിന് ഒരു സിനിമാതാരത്തെ കൊണ്ടുവരാമെന്നാണ് സുനില്‍ നിര്‍ദ്ദേശിച്ചത്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പ്രതികരണം എതിര്‍പ്പായിരിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു സാഹിത്യകാരനല്ലേ ആ കര്‍മ്മത്തിന് കൂടുതല്‍ അനുയോജ്യനായിരിക്കുക എന്ന് കൃഷ്‌ണന്‍ വാദിച്ചു. അവസാനം ഒരു സിനിമാതാരത്തെയും നഗരത്തിലെ പ്രശസ്‌തമായ ഒരു കോളേജില്‍ പഠിപ്പിക്കുന്ന ഒരു വിമര്‍ശകയെയും ക്ഷണിക്കാന്‍ അവര്‍ തീരുമാനിച്ചു.
പിന്നെ അലച്ചിലിന്റെ ദിനങ്ങളായിരുന്നു. വിമര്‍ശകയെ ക്ഷണിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. സിനിമാതാരത്തെയും തേടി പല ലൊക്കേഷനുകളിലും ചെന്നു. മിക്കവര്‍ക്കും കോളേജുകളിലേക്ക് വരാന്‍ പേടിയാണ്. അവിടെയെത്തുമ്പോള്‍ എതിരേല്‍ക്കുന്ന കൂക്കലും ചീമുട്ടയേറുമൊക്കെയാണ്‍ കാരണം. അവസാനം പ്രശസ്തി ഇനിയും ധാരാളമാവശ്യമുളള ഒരു നടന്‍ വരാമെന്നേറ്റു. വലിയ താരമൊന്നുമല്ലെങ്കിലും ചെറുപ്പക്കാരുടെ ഇടയില്‍ അയാള്‍ ആയിടെ സംസാരവിഷയമാകാന്‍ തുടങ്ങിയിരുന്നു.
പരിപാടികളൊക്കെ ഒരുവിധം ഭംഗിയായി കലാശിച്ചു. പുതിയ ഒരാള്‍ പ്രസംഗം തുടങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് കൂവലൊന്ന് അടങ്ങും. പിന്നെ പൂര്‍വ്വാധികം ശക്തിയോടെ തുടരും. ആര്‍ക്കും നിയന്ത്രിക്കാനാവില്ല; കോളേജില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു അത്.
കോളേജ് ഇലക്ഷനിടയില്‍ ഉണ്ടായ പിണക്കത്തെ ഒട്ടും ഓര്‍മ്മിപ്പിക്കാത്ത രീതിയിലായിരുന്നു അശ്വതിയുടെ പിന്നീടുണ്ടായ പെരുമാറ്റം. നിറം മങ്ങിയ പൊന്ന് ഉമിതീയിലിട്ട് ഊതി കാച്ചിയെടുത്തതുപോലെയായി ആ ബന്ധം. പണ്ടത്തെപ്പോലെ എപ്പോഴും തനിക്ക് കൃഷ്ണേട്ടനെ കാണാനാവുന്നില്ലല്ലോ എന്ന് സംസാരിക്കുന്നതിനിടയില്‍ അശ്വതി പരിഭവിക്കും.
തിരക്കുകളെല്ലാമൊഴിഞ്ഞ് കൃഷ്‌ണന്‍ പഠനത്തില്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങുമ്പോഴാണ് ആര്‍ട്ട് ഫെസ്‌റ്റിവല്‍ വരുന്നത്. ഇനിയും സുനിലിനെ സഹായിക്കേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. മുതിര്‍ന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ എന്തു കാര്യവും നടത്താനാകുമെന്നാണ് സുനിലിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ കൃഷ്‌ണനല്ലാതെ മറ്റൊരാളെ ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ഏല്‍പിക്കാന്‍ അവന് മടിയായിരുന്നു.
ഒരു ദിവസം അവര്‍ വൈകുന്നേരം ഒത്തുകൂടിയപ്പോള്‍ സുനില്‍ പുതിയൊരു പരിപാടി എടുത്തിട്ടു- ആര്‍ട്ട്‌സ് ഫെസ്‌റ്റിവലില്‍ നല്ലൊരു നാടകം അവതരിപ്പിക്കുക. ബുദ്ധിമുട്ടാകില്ലേയെന്ന് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും കോളേജിന് പുറത്തെത്തിയാല്‍ ഇതൊക്കെ പറ്റുമോ എന്ന സുനിലിന്റെ അഭിപ്രായത്തിന്‍മേല്‍ എല്ലാവരും കൂടി നാടകം അവതരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. നല്ലൊരു നാടകം തിരഞ്ഞെടുക്കാനുളള ചുമതല കൃഷ്‌ണന്റെ ചുമലിലാണ് വന്നുവീണത്. നാടകം സംവിധാനം ചെയ്യാന്‍ സുനിലിന്റെ ഒരു കൂട്ടുകാരനുണ്ട്.
കൃഷ്‌ണന്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ ഒരു ദിവസം മുഴുവന്‍ ചിലവഴിച്ച് കുറെ വായിച്ചുനോക്കിയെങ്കിലും ഒരു നാടകവും മനസ്സില്‍ പിടിച്ചില്ല. അവസാനം പ്രഫസ്സര്‍ ഡാനിയേലിന്റെ ഗ്രന്ഥശേഖരത്തെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു. നല്ലൊരു ഇംഗ്ലീഷ് ഏകാങ്കമെടുത്ത് വിവര്‍ത്തനം ചെയ്യാനാണ് കൃഷ്‌ണന്‍ ഉദ്ദേശിച്ചത്. ഗ്രാമത്തിന്റെയും ഗ്രാമീണതയുടെയുമൊക്കെ ശിഥിലീകരണം, ഒരു ഗ്രാമീണ യുവതിയുടെ ജീവിതത്തില്‍ കൂടി ബിംബവല്‍ക്കരിച്ച് കാണിക്കുന്ന മനോഹരമായ ഒരു നാടകമാണ് ഒടുക്കം തെരഞ്ഞെടുത്തത്. ഭാഷാന്തരീകരണത്തിനുശേഷം വായിച്ചുനോക്കിയപ്പോള്‍ കുറച്ചൊക്കെ ചൈതന്യം ചോര്‍ന്നുപോയതുപോലെ തോന്നി. പിന്നെ പദാനുപദം വിവര്‍ത്തനം ചെയ്യുന്ന രീതി ഉപേക്ഷിച്ച് സ്വതന്ത്രമായി ആശയാനുവാദം ചെയ്തപ്പോള്‍ നാടകം കുറച്ചുകൂടി നല്ലതായി.
നാടകം മറ്റുളളവരുടെ മുമ്പില്‍ കൃഷ്‌ണന്‍ വായിച്ചവതരിപ്പിച്ചപ്പോള്‍ ഏവര്‍ക്കും ഇഷ്‌ടമായി. പക്ഷേ, മറ്റൊരു പ്രശ്‌നം തലപൊക്കി. നാടകത്തിലെ പ്രധാനകഥാപാത്രങ്ങള്‍ ഒരു ഗ്രാമീണയുവതിയും പട്ടണത്തില്‍ പോയി നാഗരികത ഉള്‍ക്കൊണ്ടിട്ടുവരുന്ന ഒരു ചെറുപ്പക്കാരനുമായിരുന്നു. പിന്നെയുളള അഞ്ചാറുപേരുടെ റോളുകള്‍ അത്ര പ്രധാനപ്പെട്ടതായിരുന്നില്ല.
ആണിന് പ്രയാസമില്ലെങ്കിലും പെണ്‍കുട്ടിയെ ആരവതരിപ്പിക്കും? സുനിലൊരു നിര്‍ദ്ദേശം വച്ചു- ആഗ്നസിനെ നിര്‍ബന്ധിക്കുക.
പ്രതീക്ഷിച്ചത്ര എതിര്‍പ്പ് ആഗ്‌നസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മലയാളം ഡയലോഗുകള്‍ മുഴുവന്‍ പഠിച്ചെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടുമെന്നും അത് സഹിക്കാന്‍ സമ്മതമാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഇഷ്‌ടമാണെന്നും ആഗ്നസ് പറഞ്ഞു. നാടകത്തെപ്പറ്റി ശരിക്കു മനസ്സിലാക്കാന്‍ മലയാളപകര്‍പ്പും അതിന്റെ ഇംഗ്ലീഷ് രൂപമുളള പുസ്തകവും കൃഷ്‌ണന്‍ ആഗ്നസിനെ ഏല്‌പിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ആഗ്നസ് ക്ലാസ്സില്‍ കൃഷ്‌ണനെ അന്വേഷിച്ചെത്തി. കൈയില്‍ നാടകത്തിന്റെ സ്‌ക്രിപ്‌റ്റുമുണ്ടായിരുന്നു.
"എന്താ കൃഷ്‌ണാ, ഒരു കാര്യമേല്‌പിച്ചുപോയിട്ട് പിന്നെ ആ വഴിക്കെങ്ങും കണ്ടില്ലല്ലോ?"
"എപ്പോഴും വന്ന് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി".
"ഓ, അങ്ങനെയെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നോ. നാടകം മുഴുവന്‍ വായിച്ചു. ഗുഡ് സെലക്ഷന്‍. പിന്നെ ഇന്ന് ക്ലാസ്സു കഴിയുമ്പോള്‍ കൃഷ്‌ണന്‍ കുറച്ചുസമയം വെയ്‌റ്റു ചെയ്യുമോ?"
"എന്തിന്?"
"നാടകത്തില്‍ ചില ഭാഗങ്ങള്‍ എനിക്കൊന്നു മനസ്സിലാക്കിത്തരണം. ഡൈറക്‌ട് ട്രാന്‍സ്‌ലേഷന്‍ ആയിരുന്നെങ്കില്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു."
ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വിവരം സുനിലിനോടും ടോമിനോടും അയാള്‍ പറഞ്ഞു. ടോമിന് വരണമെന്നുണ്ടായിരുന്നു. പക്ഷേ, സുനില്‍ ഉടക്കി നിന്നു, "ഞങ്ങള്‍ നിന്റെയൊപ്പം വന്നാല്‍ ശരിയാവില്ല. നാടകം വിശദീകരിച്ചു കൊടുക്കാന്‍ അവള്‍ നിന്നെയാണ് വിളിച്ചത്; അപ്പോള്‍ നീ മാത്രം പോവുക. ക്ഷണിക്കാത്ത വിരുന്നിന്‍ പോകുന്നത് മാന്യതയല്ല".
അവര്‍ പെട്ടെന്നു നടന്നുനീങ്ങി. ആഗ്നസിനോടു പറഞ്ഞിട്ടുളള വാക്ക് കൃഷ്‌ണനെ അവിടെ പിടിച്ചുനിറുത്തി. എന്നാലും ഒരു പെണ്‍കുട്ടിയുടെ കൂടെ അസമയത്ത് കോളേജില്‍ കണ്ടാല്‍ മറ്റുളളവര്‍ എന്തു കരുതും എന്നായിരുന്നു അയാളുടെ മനസ്സില്‍. ചിലപ്പോള്‍ ആഗ്നസിന്റെ കൂട്ടുകാരികള്‍ ആരെങ്കിലും കാണും- കൃഷ്‌ണന്‍ ആശ്വാസം കൊണ്ടു.
പോര്‍ട്ടിക്കോവില്‍ അയാള്‍ ആഗ്നസിനെ കാത്തുനിന്നു. അല്‌പനേരം കഴിഞ്ഞപ്പോള്‍ അവളെത്തിച്ചേര്‍ന്നു. കൃഷ്‌ണനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആഗ്നസിന്റെ കൂടെയുണ്ടായിരുന്നവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞുപോയി. താനും ആഗ്നസും മാത്രം. നാട്ടിന്‍പുറവും നഗരവും തമ്മിലുളള വ്യത്യാസത്തെപ്പറ്റി ഒരു നിമിഷം അയാള്‍ ചിന്തിച്ചുപോയി.
"കാത്തു നിന്ന് ബോറടിച്ചോ?" ആഗ്നസ് ചോദിച്ചു.
"ഓ, ഇല്ല." കൃഷ്‌ണന്‍ പെട്ടെന്ന് ആലോചനയില്‍ നിന്നുണര്‍ന്ന് പറഞ്ഞു.
"എവിടെയിരുന്നാണ് നമുക്ക് ഡിസ്‌ക്കസ് ചെയ്യേണ്ടത്?"
"ഇവിടെ നടക്കല്ലിലിരുന്ന് പോരെ?"
"അതുവേണ്ട കൃഷ്‌ണാ. ഓരോരുത്തന്‍മാര് വന്ന് വായും പൊളിച്ച് നില്‌ക്കും. ദെ വില്‍ ഹവര്‍ അപ്പോണസ് ആന്റ് വി ക്യാന്‍സ് ഡു എനിതിങ്. നമുക്കാ ഗ്രൗണ്ടിനടുത്തുളള പ്ലാവിന്റെ ചോട്ടില്‍ ചെന്നിരിക്കാം."
കഴുത്തില്‍ കുടുക്കിട്ടു വലിക്കുന്നതുപോലെയാണ് കൃഷ്‌ണന് അങ്ങോട്ട് നടക്കുമ്പോള്‍ തോന്നിയത്.
പ്ലാവിന്റെ ഒരു തടിച്ച വേരില്‍ പ്രഭാഷണം കേള്‍ക്കാനെന്നപോലെ ആഗ്നസ് ഇരുന്നു. കൃഷ്‌ണന്‍ നാടകത്തിന്റെ ഓരോ ഭാഗവും വായിച്ച് വിശദീകരിച്ചു. ഫ്ലാഷ്‌ബാക്കായാണ് നാടകം നീങ്ങുന്നത്. ഗ്രാമത്തില്‍ നിന്ന് തൊഴില്‍ നേടി നഗരത്തിലേക്കു പോയ ഒരു യുവാവ് വളരെ നാളുകള്‍ കഴിഞ്ഞ് തിരിച്ചെത്തുന്നു. താന്‍ പോകുമ്പോള്‍ ഗ്രാമത്തിലുണ്ടായിരുന്ന ഒരു കൃഷീവലന്റെ അതിസുന്ദരിയായ പുത്രിയെപ്പറ്റി അയാള്‍ അന്വേഷിക്കുന്നു. അയാളുടെ പ്രേമാഭ്യര്‍ത്ഥന ജോലിയില്ലാത്തതിന്റെ പേരില്‍ ഒരിക്കല്‍ അവള്‍ തളളിക്കളഞ്ഞതാണ്. ഇപ്പോള്‍ അവന്റെ കൈയില്‍ വേണ്ടുവോളം ധനമുണ്ട്; അവളെ പരിണയിക്കാന്‍ അവന് ആഗ്രഹവുമുണ്ട്. പക്ഷേ, അവളുടെ ദാരുണമായ അന്ത്യത്തിന്റെ കഥ ഒരു വൃദ്ധന്‍ പറയുന്ന രൂപത്തിലാണ് നാടകം. പരിഷ്‌ക്കാരത്തിന്റെ അതിപ്രസരം മൂലം നശിച്ചുപോകുന്ന ഗ്രാമീണതയെ പ്രതിഫലിപ്പിക്കുന്നതാണ് നാടകത്തിന്റെ സജ്ജീകരണങ്ങളും ഡയലോഗുകളും മറ്റും. അവയൊക്കെ ആഗ്നസിനെ പറഞ്ഞുമനസ്സിലാക്കാന്‍ കൃഷ്‌ണന് കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു.
"ആഗ്നസ്, നമുക്ക് നടക്കാം; സമയം വൈകുന്നു." വിവരണം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ കൃഷ്‌ണന്‍ പറഞ്ഞു. എന്നിട്ട് അയാള്‍ എഴുന്നേറ്റ് നടക്കാനോങ്ങി.
പെട്ടന്നാണ് ആഗ്നസ് കൈയില്‍ കയറിപ്പിടിച്ചത്. "കൃഷ്‌ണാ, എന്താണിത്ര ധൃതി. കുറച്ചുനേരം മറ്റെന്തെങ്കിലും പറഞ്ഞിരിക്കാം നമുക്കിവിടെ."
തന്റെ കൈത്തണ്ടയിലൊരു കനല്‍ക്കട്ടയിരുന്നു പുകയുന്നതുപോലെ തോന്നി കൃഷ്‌ണന്. അയാള്‍ കുതറി കൈ വിടുവിച്ചു.
"ഐ ആം സോറി കൃഷ്‌ണന്‍." ആഗ്നസിന്റെ മുഖം ചുവന്നുതുടുത്തിരുന്നു. ഇരിപ്പിടത്തില്‍ നിന്ന് അവള്‍ എഴുന്നേറ്റു.
"തനിക്കാണ് ഇതൊക്കെ കൂടുതല്‍ ദോഷമാവുക. എല്ലാവരും നല്ല രീതിയില്‍ ചിന്തിച്ചെന്നു വരില്ല."
"എനിക്ക് പ്രശ്‌നമൊന്നും തോന്നുന്നില്ല. പിന്നെ കൃഷ്‌ണന് കുഴപ്പമാണെങ്കില്‍, വണ്‍സ് എഗന്‍ ഐ ആം സോറി."
"ലീവ് അറ്റ് ഇറ്റ്, ആഗ്നസ്."
ബസ്‌റ്റോപ്പിലേക്കു നടക്കുമ്പോള്‍ ആഗ്നസ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. കൃഷ്‌ണന്‍ അപ്പോഴും ആഗ്നസിന്റെ പെരുമാറ്റങ്ങളെക്കുറിച്ചുളള ചിന്തയിലാണ്. എന്തേ ആഗ്നസിന് തന്നോടൊരു പ്രത്യേക അടുപ്പം- കൃഷ്‌ണന്‍ ആലോചിച്ചു.
രാവിലെ ക്ലാസിലെത്തിയപ്പോള്‍ തലേന്ന് നടന്നതെല്ലാം സുനിലിനോടും ടോമിനോടും വിശദീകരിച്ചു. "ഒരു ലൈനൊപ്പിച്ചെടുക്കാന്‍ ഓരോരുത്തര്‍ പെടുന്നപാട് എന്തെന്നറിയാമോ? നീ ഈ രംഗത്ത് ശരിക്കും കൃഷ്‌ണന്‍ തന്നെ." ടോമാണ്. അവന്‍ അതും തമാശയായേ എടുത്തിട്ടുളളൂ.
നാടകത്തിന്റെ റിഹേഴ്‌സല്‍ കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ ആരംഭിച്ചു. മൂന്നരയ്‌ക്ക് ക്ലാസ്സ് കഴിയുന്നതു മുതല്‍ രണ്ടു മണിക്കൂറോളം നീണ്ടുപോകുമത്. സുനിലിന്റെ കൂട്ടുകാരന്‍ ഗിരീഷ് ആണ് സംവിധായകന്‍. പല രംഗങ്ങളും കൂടുതല്‍ മിഴിവുളളതാക്കാന്‍ ഗിരീഷിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കുന്നത് കൃഷ്‌ണന്‍ ശ്രദ്ധിച്ചു. പ്രതിഭയുളള കലാകാരനാണ് ഗിരീഷ്. ഡയലോഗുകള്‍ മനപ്പാഠമാക്കാതിരുന്നതിനാല്‍ ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിലെ റിഹേഴ്‌സല്‍ കുറച്ച് ബോറായി തോന്നി. അതു കഴിഞ്ഞപ്പോള്‍ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. നഗരത്തില്‍ നിന്ന് മടങ്ങിയെത്തുന്ന ചെറുപ്പക്കാരന്റെ ഭാഗമാണ് കൃഷ്‌ണന് അനുയോജ്യമാകുക എന്ന് ഗിരീഷ് അഭിപ്രായപ്പെട്ടതുകൊണ്ട് അയാള്‍ ആ ഭാഗം തന്നെ എടുത്തു. നായകപ്രാധാന്യമുളള റോളാണ്.
അതിനിടെ ആഗ്നസിന്റെ വീട്ടിലും പോകേണ്ടിവന്നു കൃഷ്‌ണന്. നാടകത്തിലേക്കാവശ്യമായ ഒരു ബ്യൂഗിളിനു വേണ്ടിയുളള അന്വേഷണമാണ് ഒടുക്കം അവിടെ കൊണ്ടു ചെന്നെത്തിച്ചത്. ബ്യൂഗിളിന്റെ ലഭ്യതയെപ്പറ്റി കൃഷ്‌ണന്‍ ആരാഞ്ഞപ്പോള്‍ ആഗ്നസ് പറഞ്ഞു, "വീട്ടില്‍ പഴയ ഒരു ബ്യൂഗിളുണ്ട്. പക്ഷേ, ഞാന്‍ ചോദിച്ചാല്‍ കിട്ടുമെന്നു തോന്നുന്നില്ല, മമ്മിയുടെ കസ്‌റ്റഡിയിലാണ് സാധനം. കൃഷ്‌ണന്‍ ഒരു ദിവസം വന്നു ചോദിച്ചു നോക്കൂ. ഞാന്‍ കൃഷ്‌ണനെപ്പറ്റി വീട്ടില്‍ പറഞ്ഞിട്ടുണ്ട്."
പുറത്തു പലയിടത്തു തിരക്കിയിട്ടും ബ്യൂഗിള്‍ കിട്ടിയില്ല. അവസാനം ആഗ്നസിന്റെ വീട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു അയാള്‍. ഒരു ശനിയാഴ്‌ചയാണ് പോയത്. ആഗ്നസ് പറഞ്ഞപ്രകാരം അന്വേഷിച്ച് പിടിച്ച് ഒരുവിധത്തില്‍ അവിടെയെത്തി. നഗരമായതിനാല്‍ ഒരു ഫര്‍ലോങ്ങിനിടയില്‍ ഒരേ പോലുളള അഞ്ചും ആറും ഇടവഴികള്‍ ഉണ്ടാകും. കുറച്ചു ബുദ്ധിമുട്ടി ആ വീട് കണ്ടുപിടിക്കാന്‍.
ചെറുതെങ്കിലും ഭംഗിയുളള വീടായിരുന്നു അത്. കൃഷ്‌ണന്‍ കതകില്‍ മുട്ടിയ ഉടനെ, പ്രതീക്ഷിച്ചതുപോലെ ആഗ്നസ് വന്നു വാതില്‍ തുറന്നു.
"വെല്‍കം കൃഷ്‌ണന്‍. ഇന്ന് താന്‍ ഇവിടെ വന്നു കേറുമെന്ന് എനിക്കൊരു വിചാരമുണ്ടായിരുന്നു. ആര്‍ട്ട്‌സ് ഫെസ്‌റ്റിവല്‍ അടുത്തുവരികയല്ലേ."
അവള്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.
"മമ്മീ, എന്റെ ഒരു ഫ്രണ്ട് വന്നിരിക്കുന്നു. ഇരിക്കൂ കൃഷ്‌ണന്‍, വന്നപടി നില്‌ക്കാതെ."
കൃഷ്‌ണന്‍ ഇരുന്നു. പഴക്കമുളള, ചിത്രപ്പണികള്‍ ചെയ്‌ത മരസാമഗ്രഹികളായിരുന്നു ആ മുറി നിറയെ.
ആഗ്നസിന്റെ മമ്മി വന്നു. കൈയിലെ ട്രേയില്‍ എന്തോ കുടിക്കാനുമുണ്ട്.
"മമ്മീ, ഞാനാ ബ്യൂഗിളിന്റെ കാര്യം പറഞ്ഞില്ലേ. അതന്വേഷിച്ചു വന്നതാണ് കൃഷ്‌ണകുമാര്‍. യു റിമെംബര്‍ ഹിം? ഹി ഈസ് ഇന്‍ സെക്കന്റ് ഇയര്‍ മാത്‌സ്, വണ്‍ ഓഫ് മൈ ക്ലോസ് ഫ്രണ്ട്‌സ്."
അവരുടെ മുഖത്ത് മന്ദഹാസം വിടര്‍ന്നു. താന്‍ വന്നശേഷം അവര്‍ ആദ്യമായാണ് ചിരിക്കുന്നതെന്ന് കൃഷ്‌ണന്‍ ശ്രദ്ധിച്ചു.
ഒന്നും മിണ്ടാതെ ആഗ്നസിന്റെ മമ്മി കൃഷ്‌ണനെ നോക്കി നില്‌ക്കുകയാണ്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, "കുട്ടീ, നിന്റെ പേരും ബ്യൂഗിളുമൊക്കെ എന്നെ ക്രിസ്‌റ്റഫറിനെക്കുറിച്ചാണോര്‍മ്മിപ്പിക്കുന്നത്. ന്യൂ ഇയര്‍ പ്രൊസ്സഷന്റെ മുമ്പില്‍ ഒരു ജേതാവിനെപ്പോലെ ബ്യൂഗിളും വായിച്ച് ഈ സ്‌ട്രീറ്റിലൂടെ പോയിരുന്ന കാഴ്‌ച ഇപ്പോഴും മായുന്നില്ല കണ്‍മുമ്പില്‍ നിന്ന്." അവര്‍ ഒന്നു നിര്‍ത്തി. പിന്നെ പറഞ്ഞു, "ബ്യൂഗിള്‍ തരില്ല എന്ന് ആഗ്നസിനോട് പറഞ്ഞു വിട്ടപ്പോള്‍ കുട്ടിക്ക് വിഷമം തോന്നിയോ?"
എന്തുത്തരം പറയണമെന്നറിയാതെ കൃഷ്‌ണന്‍ അവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. ആഗ്നസ് പുറത്തെവിടെയോ നോക്കി ഇരിക്കുകയാണ്.
"വരൂ, ഞാന്‍ ബ്യൂഗിള്‍ തരാം. എന്തോ, കുട്ടിയുടെ മുഖത്തു നോക്കി എനിക്ക് തരാന്‍ പറ്റില്ല എന്നുപറയാന്‍ തോന്നുന്നില്ല."
അവര്‍ എഴുന്നേറ്റ് അകത്തേക്കു നടന്നപ്പോള്‍ കൂടെ പോകണോയെന്ന് ശങ്കിച്ച് കൃഷ്‌ണന്‍ എഴുന്നേറ്റു നിന്നു. അപ്പോള്‍ ആഗ്നസ് അകത്തേക്കു ചെല്ലാന്‍ കണ്ണുകൊണ്ട് കാണിച്ചു.
വെളിച്ചം കടന്നുചെല്ലാത്ത ഇരുണ്ട ഒരു ഇടനാഴിയിലൂടെ നടന്നു. അതിന്നറ്റത്തെ മുറി തുറന്ന് അവര്‍ അകത്തേക്കു കയറി. ഒരു ചെറുപ്പക്കാരന്റെ മുറിയെന്നു തോന്നിപ്പിക്കും വിധം അതിന്റെ ചുമരുകള്‍ അലങ്കരിക്കപ്പെട്ടിരുന്നു. പക്ഷേ, താമസക്കാരന്റെ അസാന്നിദ്ധ്യം സൂചിപ്പിച്ചുകൊണ്ട് ഒരുതരം അടുക്കും ചിട്ടയും ആ മുറിയില്‍ കൃഷ്‌ണന്‍ കണ്ടു.
"കുട്ടീ, ഇതാണ് എന്റെ ക്രിസ്സിന്റെ റൂം. അവന്റെ ബ്യൂഗിള്‍ കാണണ്ടേ?"
അവര്‍ അലമാരി തുറന്ന് ഒരു വലിയ തോല്‍സഞ്ചി പുറത്തെടുത്തു. ബ്യൂഗിള്‍ അതിനുളളിലുണ്ടായിരുന്നു. അതിന്റെ സ്വര്‍ണ്ണനിറമുളള കുഴലുകളില്‍ കൃഷ്‌ണന്‍ വെറുതെ തലോടി.
"ഈ ബ്യൂഗിളന്വേഷിച്ച് അവന്റെ കൂട്ടുകാര്‍ ഇപ്പോഴും വരും. തന്റെ ബ്യൂഗിളിന് ഹൃദയമുണ്ടെന്ന് ക്രിസ് പറയുമായിരുന്നു. ചോദിച്ചു വന്നവരോടെല്ലാം ഞാന്‍ തരില്ലെന്നു പറഞ്ഞു. അതുപോയാല്‍ എന്റെ ഓര്‍മകള്‍ കൂടി ഇല്ലാതാവില്ലേ."
"ഒന്നുകൊണ്ടും പേടിക്കേണ്ട മമ്മീ. ഞാന്‍ തന്നെ ഇവിടെ കൊണ്ടുവന്നേല്‍പിച്ചേക്കാം," കൃഷ്‌ണന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു.
"കുട്ടീ, ഞാന്‍ നിനക്ക് ഈ ബ്യൂഗിള്‍ തരുന്നതിന് പകരം നീയെനിക്ക് എന്തുതരും?"
"മമ്മി എന്തു വേണമെങ്കിലും ചോദിച്ചുകൊളളൂ"
"ഞാന്‍ നിന്നെ ക്രിസ് എന്നു വിളിച്ചോട്ടെ?"
"ഒഫ് കോഴ്‌സ്."
"താങ്ക് യൂ. ക്രിസ്. ക്രിസ്, ക്രിസ്, ക്രിസ്....." അവര്‍ക്കു സമനില തെറ്റുന്നതുപോലെ തോന്നി. കൃഷ്‌ണനെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു. അയാള്‍ ഒരു പ്രതിമ കണക്കെ നിന്നു കൊടുത്തു.
യാത്ര പറഞ്ഞ് കൃഷ്‌ണന്‍ പുറത്തിറങ്ങി. കുറച്ചു ദൂരം ആഗ്നസ് അനുഗമിച്ചു.
"കൃഷ്‌ണന്‍, മമ്മിയുടെ പെരുമാറ്റം ബോറായി തോന്നിയോ?"
"ഇല്ല. എന്നിക്കവരെ കുറെയൊക്കെ മനസ്സിലാക്കാനാവുന്നുണ്ട്. ക്രിസ്‌റ്റഫര്‍ തന്റെ ബ്രദറാണല്ലേ?"
"അതെ. ഒരിക്കല്‍ ക്രിസ് ഈ സ്‌ട്രീറ്റിന്റെ രോമാഞ്ചമായിരുന്നു. നേവിയില്‍ സെലക്ഷന്‍ കിട്ടി ഗോവയ്‌ക്കു പോകുമ്പോള്‍ ഞാന്‍ ഹൈസ്‌കൂളിലായിരുന്നു. പരിശീലനത്തിനിടയില്‍ ഡൈവുചെയ്യുമ്പോള്‍ ഫ്ലാറ്റ്‌ഫോമില്‍ തട്ടി മരിച്ചു. മമ്മിയുടെ മനസ്സ് അതിനുശേഷം ഇതുവരെ വളര്‍ന്നിട്ടില്ല. ചിന്തകള്‍ ഇപ്പോഴും ആ കാലഘട്ടത്തില്‍ കിടന്ന് വട്ടം തിരിയുകയാണ്. വേറെ കുഴപ്പങ്ങളൊന്നുമില്ലെന്ന സമാധാനം മാത്രം."
കൃഷ്‌ണനൊന്നും പറഞ്ഞില്ല.
"ഗുഡ് ബൈ ക്രിസ് ", അയാള്‍ ഓട്ടോറിക്ഷയിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ ആഗ്നസ് പറഞ്ഞു.
"വേണ്ട. ക്രിസ്സിന്റെ കോപ്പിറൈറ്റ് മമ്മിക്കാണ്."
"ദെന്‍, ഗുഡ്‌ബൈ കൃഷ്‌ണന്‍." അതു പറഞ്ഞ് ആഗ്നസ് പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.
Sunday, July 08, 2007
അധ്യായം പതിനൊന്ന്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:11 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment