ഒരു കല്യാണത്തിന്റെ ബഹളങ്ങള്‍ക്കുകൂടി അരങ്ങൊരുങ്ങുന്നതിനു മുമ്പ് ഒഴിവാകുന്നതാണ് ഭംഗിയെന്ന് കൃഷ്ണന്റെ മനസ്സ് മന്ത്രിച്ചു. രാത്രി കിടക്കുമ്പോള്‍ അയാള്‍ വളരെനേരം ആലോചിച്ചു. മുമ്പില്‍ അധികം വഴികളൊന്നുമില്ല തെരഞ്ഞെടുക്കാന്‍. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് പണ്ടയാള്‍ക്ക് പുച്ഛമായിരുന്നു. ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന ഭീരുക്കളെന്നേ അവരെക്കുറിച്ച് അയാള്‍ക്കു തോന്നിയിരുന്നുളളൂ. ഏതോ ഒരു നോവലില്‍ വായിച്ച ആത്മഹത്യാ രീതിയെക്കുറിച്ചും വെറുതെയോര്‍ത്തു അയാള്‍. ജീവിതം എവിടെയൊക്കെയോ തട്ടിത്തടഞ്ഞു നിന്നപ്പോള്‍ കൈയിലെ ഞരമ്പു മുറിച്ച് ചൂടുവെളളത്തില്‍ മുക്കിപ്പിടിച്ച്, രക്തംപോയി തീരുന്നതോടെ ഉറങ്ങിമരിക്കുന്ന ഒരാളായിരുന്നു അതിലെ നായകന്.
അന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കൃഷ്ണന് പതിവില്ലാത്ത ഉന്മേഷം തോന്നി. മനസ്സില്‍ നിന്നെല്ലാം പെയ്തിറങ്ങിയപോലെ. കാപ്പി കുടിച്ചു കഴിഞ്ഞ്, ഏറ്റവും നല്ലതെന്നു തോന്നിയ ഒരു ബ്രൗണ്‍ പാന്റും നീല ചെക്ക് ഷര്‍ട്ടുമെടുത്ത് അയാള്‍ ധരിച്ചു. പാന്റിട്ടിട്ട് കുറെ നാളുകളായി. കോളേജില്‍ നിന്ന പോന്ന ശേഷം പിന്നെയിന്ന്. കണ്ണാടി കണ്ടിട്ടും വളരെ നാളുകളായിരിക്കുന്നു. താടിയും മുടിയും കുറെ വളര്‍ന്നിരുന്നു. ചികുമ്പോള്‍ ചങ്ങലക്കെട്ടിയപോലെ മുടിയില്‍ ചീപ്പ് തങ്ങുന്നു.
തോള് സഞ്ചിയില്‍ കണ്ണില്‍ കണ്ടതൊക്കെ അയാള്‍ എടുത്തിട്ടു. ജോലി ചെയ്തതും പത്രത്തില്‍നിന്നു കിട്ടിയതുമൊക്കെയായി കുറച്ചുകൂടി രൂപയുണ്ട് അയാളുടെ കൈയില്‍. പ്രഫസ്സര്‍ ഡാനിയേലിനെ നന്ദിയോടുകൂടി മാത്രമേ അപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയൂ. അയാളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഇതുവരെ ആരോടും ചോദിക്കേണ്ട ഗതികേട് വന്നിട്ടില്ല.
പുറത്തേക്കുപോകുന്നുവെന്ന് അമ്മയോടു പറയുമ്പോള്‍ തൊണ്ട ഇടറിയോ എന്ന് അയാള്‍ സംശയിച്ചു. അസാധാരണ വേഷവിധാനം കണ്ട് അമ്മ അല്പനേരം നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാളുടെ കണ്ണുകള്‍ തൊടിയുടെ കിഴക്കേ മൂലയിലേക്ക് പാഞ്ഞുചെന്നു.
മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് കോളേജിലേക്ക് പോകാനിറങ്ങുമ്പോഴും ഇങ്ങനെ നോക്കിനിന്നത് കൃഷ്ണന് ഓര്‍ത്തു. അന്ന് ജീവിതത്തെ കീഴടക്കാന്‍ വേണ്ടിയുളള പുറപ്പാടായിരുന്നു.
ഇന്നോ?
അതിന്ന് കീഴ്പ്പെട്ടിട്ടോ ഈ യാത്ര? അതോ, മേറ്റ്ന്തെങ്കിലിനോടുമാണോ ഈ അടിയറവ്?
ഉച്ചയ്ക്കുമുമ്പേ അയാള്‍ ടൗണിലെത്തി. ലോഡ്ജില്‍ മുറിയെടുക്കുമ്പോള്‍, ആദ്യം ശരിക്കുളള പേരു പറയണോയെന്ന് ഒരുനിമിഷം സംശയിച്ചു. അതില്‍ കഴമ്പൊന്നുമില്ല എന്ന തോന്നലില്‍ യഥാര്‍ത്ഥവിലാസം തന്നെ കൊടുത്തു അയാള്‍ പിന്നെ. മുറിയില്‍ എല്ലാംവച്ച് മുഖം കഴുകി, പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത വിശപ്പ്. അടുത്തുളള ഹോട്ടലില്‍ കയറി വയറുനിറച്ചു കഴിച്ചു. ഇനി കോളേജിന്നടുത്തുവരെ പോകണം. പറ്റുകയാണെങ്കില്‍ ഉളളിലുമൊന്നു കയറണം.
കോളേജിന്റെ മുമ്പില്‍ ഓട്ടോറിക്ഷ നിറുത്തിച്ച് അയാള്‍ ആകെ ഒന്നുനോക്കി. ഇന്നു പരീക്ഷയൊന്നുമില്ലെന്നു തോന്നുന്നു. ദിവസമേതെന്നു നോക്കാനും മറന്നു പുറപ്പെടുമ്പോള്‍.
"ഇന്നേതാ ദിവസം?" ഓട്ടോറിക്ഷക്കാരനോട് അയാള്‍ അന്വേഷിച്ചു.
"ഞായറാഴ്ച". അതുപറയുമ്പോള്‍ ഇവനെവിടുന്നു വരുന്നെടാ! എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. അയാളെ പറഞ്ഞയച്ചിട്ട് കൃഷ്ണന് കോളേജിന്റെയുളളിലേക്കു കടന്നു. ശുഷ്കിച്ച്, വിളറിയ പുല്‍ത്തട്ടിലൂടെ നടന്ന് ഒരു പ്ലാവിന്റെ തണലില്‍ അയാള്‍ ചെന്നിരിക്കുകയായിരുന്നു. അതോരോന്നും പറിച്ചെടുത്തുകൊണ്ട് കുറെനേരം ആ തണലില്‍ ഇരുന്നു അയാള്‍. പിന്നെ നീണ്ട ഇടനാഴിയുടെ ഒരറ്റത്തു ചെന്നുനിന്നപ്പോള്‍ അയാള്‍ക്കൊന്നു കൂവണമെന്നു തോന്നി. ആ നീട്ടിക്കൂവലില്‍ തൂണുകള്‍ പ്രകമ്പനം കൊണ്ടു, പ്രതിധ്വനികള്‍ അയാളെ എവിടേക്കോ കൂട്ടിക്കൊണ്ടുപോകാനായി തിരിച്ചുവിളിച്ചു. അയാള്‍ അവിടെനിന്നും വേഗത്തില്‍ പുറത്തിറങ്ങി, റോഡിലേക്കു നടന്നു.
വീണ്ടും ഭക്ഷണം കഴിച്ചശേഷം അയാള്‍ ഒന്നു മയങ്ങാന്‍ കിടക്കുമ്പോള്‍ എത്ര വേഗമാണ് നിദ്ര കണ്പോളകളെ തഴുകാനെത്തുന്നത്. എത്ര നാള് കൂടിയാണ് തനിക്കിങ്ങനെയൊരു ദിവസം ഉണ്ടാവുന്നതെന്ന് കൃഷ്ണനോര്‍ത്തു. ഉറങ്ങാന്‍ കിടന്നാല്‍ ഒരുറപ്പുമില്ല അതു കിട്ടുമെന്ന്. ചിലപ്പോള്‍, തിരിഞ്ഞും മറിഞ്ഞും കിടന്ന് ചുമലു വേദനിക്കുന്നതേ ഫലമുണ്ടാവുകയുളളൂ.
നാലുമണിക്ക് ഉണരുമ്പോഴാണ് പാര്‍ക്കില്‍ ഒന്നുപോയാല്‍ കൊളളാമെന്ന് അയാള്‍ക്കു തോന്നിയത്.
തണലിലെ ഒരു സിമന്റു ബഞ്ചിലിരുന്ന് അയാള്‍ ചിപ്സുവില്ക്കുന്നയാളുടെ കൈയില്‍നിന്ന് ഓരോന്ന് വാങ്ങി തിന്നുകൊണ്ടിലുന്നു. അയാള്‍ക്കൊന്നും ആലോചിക്കാനില്ല. തുറമുഖത്തു കിടക്കുന്ന കപ്പല്‍ക്കൂട്ടങ്ങളില്‍ കുറെനേരം നോക്കിയിരിക്കും. ഒന്നും പുതുമയായിട്ട് അവിടെയില്ല. എങ്കിലും, വെറുതെ ഉപ്പിന്റെ ചുവയുളള കാറ്റുമേറ്റ് അങ്ങനെ നോക്കിയിരിക്കാന്‍ ഒരു പ്രത്യേകസുഖം. പിന്നെ കുറെനേരം ബോട്ടുജട്ടിയിലായിരിക്കും അയാളുടെ ശ്രദ്ധ. അവിടെ ബോട്ടുകള്‍ വന്നും പോയിയുമിരിക്കുന്നുണ്ട്. എല്ലാത്തിന്നും ഒരേ നിറം, ഒരേ സ്വരം. എങ്കിലും അയാള്‍ക്കിന്ന് അവയോടൊക്കെ വല്ലാത്തൊരു താല്പര്യം തോന്നി.
വെയിലുമങ്ങിയപ്പോള്‍ കുട്ടികള്‍ കളിക്കാനായെത്തി. എത്രപെട്ടന്നാണ് അവര്‍ കൂട്ടുകെട്ടുകളിലേര്‍പ്പെടുന്നതും കളികളില്‍ പങ്കെടുക്കുന്നതും.
കൃഷ്ണനാ കളിക്കളത്തിന്നടുത്തു തന്നെയായിരുന്നു ഇരുന്നിരുന്നത്. കുട്ടികളുടെ കാതടിപ്പിക്കുന്ന സ്വരം അയാള്‍ക്ക് അരോചകമായില്ല. പകരം, മനസ്സുകൊണ്ട് കുട്ടികളുടെയൊപ്പം വിനോദങ്ങളിലേര്‍പ്പെടുകയായിരുന്നു.
അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ സഞ്ചിയില്‍ നിന്നും ഒരു കഷണം കടലാസും പേനയും അയാള്‍ തപ്പിയെടുത്തു. എന്തെങ്കിലും എഴുതിവയ്ക്കണമെന്ന് അയാള്‍ക്കാഗ്രഹമുണ്ട്. പക്ഷേ, മനസ്സില്‍ നിന്ന് എല്ലാം ചോര്‍ന്നൊലിച്ചു പോയിരിക്കുന്നു. എത്ര സമാധാനമാണ് അവിടെ നിറഞ്ഞു നില്‍ക്കുന്നത്, ശുദ്ധമായ ശൂന്യതയുടെ രൂപത്തില്‍. ഇനി ഒന്നും അതിലേക്ക് കുത്തിനിറയ്ക്കേണ്ടെന്ന് അയാള്‍ വിചാരിച്ചു.
കടലാസും പേനയും സഞ്ചിയില്‍ത്തന്നെ എടുത്തുവച്ചു. പാതിരവരെ സമയം കളയുന്നതിന്ന് എന്താണൊരു വഴി? ഉറങ്ങാന്‍ കിടക്കേണ്ട. എഴുന്നേല്‍ക്കുന്നത് പുലര്‍ച്ചയ്ക്കാണെങ്കില്‍ ഒരു ദിവസമാണ് നഷ്ടപ്പെടുന്നത്.
അയാള്‍ക്ക് മദ്യം വേണ്ടിയിരുന്നില്ല. എങ്കില്‍ നേരം കളയുന്നതിന്, താഴെയുളള ബാറില്‍നിന്നും അരക്കുപ്പി റം വാങ്ങിക്കൊണ്ടു വന്നിരുന്ന് പതുക്കെ കഴിക്കാന്‍ ആരംഭിച്ചു.
കുപ്പിയില്‍ നിന്ന് അവസാനത്തെ തവണ ഗ്ലാസ്സിലേക്ക് പകരുമ്പോള്‍ സമയം പാതിര കഴിഞ്ഞിരുന്നു. അയാളത് വേഗം കാലിയാക്കി, സഞ്ചിയുമെടുത്ത് തോളിലിട്ട് പുറത്തിറങ്ങി.
താക്കോള്‍ കൗണ്ടറില്‍കൊടുത്ത് കണക്കുതീര്‍ക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു. "ഈ പാതിരയ്ക്ക്......?"
"രാത്രി വണ്ടിക്ക് പോണം." സുനിലിന്റെയൊപ്പം, ആരെയോ പണ്ട് യാത്രയാക്കാന്‍ വന്നയോര്‍മ്മ സംശയത്തിന്ന് ഇടകൊടുക്കാതെ അയാളെ കാത്തു.
ആത്മഹത്യയ്ക്കു പേരുകേട്ട ആ തുരപ്പില്‍ ചെന്നു നില്ക്കുന്നതുവരെ നിര്‍വികാരനായിരുന്നു അയാള്‍. ഡബിള്‍ ട്രാക്കില്‍ എവിടെ കിടക്കണമെന്ന് സംശയിച്ച് നില്ക്കുമ്പോള് തന്നെ പാര്‍ക്കിലെ കുട്ടികളുടെ ആരവം അയാളുടെ മനസ്സിനെ മഥിക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ ഉപ്പിന്റെ ചുവയുളള ആ കടല്‍ക്കാറ്റ്, തുറമുഖത്തു നിശ്ചലമായി കിടക്കുന്ന കപ്പലുകള്‍, പാന്റിന്റെ അടിഭാഗത്ത് തറഞ്ഞിരുന്ന കോളേജ് ഗ്രൗണ്ടിലെ സ്നേഹപ്പുല്‍ മുനകള്‍......അങ്ങനെ ഓരോന്ന് അയാളുടെ മനസ്സിലേക്ക് കടന്നുവരികയായി.
പിന്നെ പിടയ്ക്കുന്ന മനസ്സിനെ അടക്കി, ഒരു റെയിലില്‍ തറവച്ച് കുറെനേരം കൃഷ്ണന് കിടന്നു. മണിക്കൂറുകള്‍ നീണ്ട ഒരിടവേളയ്ക്കുശേഷം അയാള്‍ ആലോചിക്കുകയാണ് അങ്ങനെ കിടക്കുമ്പോള്‍. തികച്ചും പുതുമയുളള കാര്യങ്ങള്‍. കുട്ടികളുടെ ചിരിയും കളിയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ വന്ന് വിഷമിപ്പിക്കുന്നതിലെ തമാശയോര്‍ത്ത് മന്ദഹസിക്കാതെയുമിരുന്നില്ല അയാള്‍.
മനസ്സില്‍ മാറിമാറിത്തെളിയുന്ന ചിത്രങ്ങള്‍ക്കിടയില്‍ അമ്മയുടെ ആര്‍ദ്രമായ നയനങ്ങള്‍ കണ്ട നിമിഷത്തിലാണ് താന്‍ ചെയ്യാന്‍പോകുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് അയാള്‍ മനസ്സിലാക്കുന്നത്.
ഇരുമ്പ് പ്രകമ്പനം കൊളളുന്നതിന്റെ തരിപ്പ് കഴുത്തില്‍ അനുഭവപ്പെട്ടപ്പോള്‍ അയാളുടെ ഉളളിലൂടെ ഒരു മിന്നല്‍ കടന്നുപോയി. ഇപ്പോള്‍ ശബ്ദവും കേള്‍ക്കാം. കിടന്നുകൊണ്ടുതന്നെ അകലെനിന്നും വലിയ മഞ്ഞവെളിച്ചം പാഞ്ഞടുക്കുന്നതും കാണാം അയാള്‍ക്ക്. തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ആ ചരക്കുവണ്ടി കടന്നുപോകുമ്പോള്‍, ഏതു നിമിഷത്തിലാണ് താന്‍ അധൈര്യവാനായതെന്നുപോലും കൃഷ്ണന് മറന്നുപോയി.
ഇനിയുമൊരു പരീക്ഷണത്തിനു വയ്യ.
വിറയാര്‍ന്ന കരങ്ങളാല്‍ തോള്‍സഞ്ചിയുമെടുത്ത് അയാള്‍ സ്റ്റേഷനിലേക്കു തിരിച്ചുനടന്നു. രാത്രി വണ്ടി വരാറായിട്ടില്ല. പ്ലാറ്റ്ഫോമിലെ സിമന്റുബെഞ്ചില്‍ കുറെനേരം അയാള്‍ ഇരുന്നു. ഹൃദയമിടിപ്പ് സാധാരണഗതിയിലായിട്ടേ അടുത്തുളള ടാപ്പില്‍നിന്ന് വെളളം കുടിക്കാന്‍പോലും അയാള്‍ക്ക് സാധിച്ചുളളൂ. മുഖം കഴുകി വൃത്തിയാക്കി, ടിക്കറ്റ് കൗണ്ടറിലേക്ക് അയാള്‍ നടന്നു.
ക്ലര്‍ക്ക് ഉറക്കം തൂങ്ങുകയാണ്. അടുത്തുമുട്ടി ശബ്ദമുണ്ടാക്കി അയാളെ കൃഷ്ണന് ഉണര്‍ത്തി.
"എങ്ങോട്ടാ?" അയാള്‍ ഉറക്കച്ചടവോടെ ചോദിച്ചു.
എവിടേക്കു പോകണമെന്നു തീരുമാനിക്കാന്‍ കൃഷ്ണന് മറന്നുപോയിരുന്നു. പുറത്തുളള സ്ഥലങ്ങളെക്കുറിച്ച് വലിയ അറിവുമില്ല അയാള്‍ക്ക്.
കൈയില്‍ ശേഷിക്കുന്ന രൂപ മുഴുവനും അയാളെടുത്ത് പുറത്തിട്ടു. എല്ലാം എണ്ണിനോക്കി. കുറച്ചെടുത്ത് തിരികെ പോക്കറ്റിലിട്ടശേഷം, ബാക്കി ബുക്കിങ് ക്ലര്‍ക്കിന്റെ അടുത്തുകൊടുത്തുകൊണ്ട് കൃഷ്ണന് പറഞ്ഞു. "ആ കാശുകൊണ്ട് പോകാവുന്നയിടത്തേക്കുളള ടിക്കറ്റ് തന്നേക്കൂ."
അയാള്‍ കൃഷ്ണനെ കുറെനേരം തുറിച്ചുനോക്കി. പിന്നെ രൂപ എണ്ണി തിട്ടപ്പെടുത്തി, ഒരു ടിക്കേറ്റ്ടുത്ത് കൊടുത്തു.
എങ്ങോട്ടാണ് ടിക്കേറ്റ്ന്നു നോക്കിയില്ല. അതു വായിക്കാന്‍ ഇനിയുമേറെ സമയം ബാക്കി കിടക്കുന്നു. പ്ലാറ്റ്ഫോമില്‍ അധികം വെളിച്ചമില്ലാത്ത ഒരിടത്തൊരു സിമന്റു ബെഞ്ചില്‍ അയാള്‍ ചെന്നിരുന്നു.
രാത്രിവണ്ടിയുടെ സൈറണ്‍ അകലെ മുഴങ്ങുമ്പോള്‍ അയാള്‍ മയക്കം വിട്ടുണരുകയാണ്.
(നോവല്‍ ഇവിടെ അവസാനിക്കുന്നു.)
Sunday, July 08, 2007
അധ്യായം ഇരുപത്തിമൂന്ന്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
3:03 AM
9
അഭിപ്രായങ്ങള്‍
അധ്യായം ഇരുപത്തിരണ്ട്
ആഗ്നസില്‍ നിന്നും പെട്ടന്നൊരു മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. കോളേജില്‍ വച്ച് കാണാമെന്നാണ് അയാള്‍ ആഗ്നസിന് എഴുതിയിരുന്നത്. ചിലപ്പോള്‍, പരീക്ഷ എഴുതാതിരിക്കരുത് എന്ന ഉപദേശമാവും കത്തില്‍, അതല്ലെങ്കില്‍ വീട്ടിലെ നിര്‍ബന്ധങ്ങളെക്കുറിച്ച്. ആഗ്നസിന്റെ കത്ത് തുറക്കുന്നതിനു മുമ്പ് കൃഷ്ണന് ഊഹിച്ചു.
പക്ഷേ.....
ഹ്രസ്വമായ ആ കത്തിന്റെ ഉളളടക്കത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ കൈകള്‍ ആദ്യമായി വിറയ്ക്കുന്നത് കൃഷ്ണനറിഞ്ഞു. നിര്‍വികാരതയോ ലാഘവമോ, അതോ, നിസ്സഹായാവസ്ഥയോ ആ വരികളിലെന്ന് അയാള്‍ക്കു വിവേചിക്കാനായില്ല.
ഡിയര്‍ കൃഷ്ണന്,
അയച്ച കത്തു കിട്ടി. അല്ലെങ്കിലും ഞാന്‍ എഴുതണമായിരുന്നു. കുറച്ചുനേരത്തേ ഞാന്‍ തോറ്റുകൊടുത്തിരുന്നെങ്കില്‍ കൃഷ്ണന് പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വരുമായിരുന്നില്ല. അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഞാന്‍ കീഴടങ്ങിയെന്ന് കൂട്ടിക്കൊളളൂ. അടുത്ത ഞായറാഴ്ച എന്റെ വിവാഹമാണ്, എല്ലാം കൃഷ്ണന് ഊഹിക്കാവുന്നതുപോലെ. അറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ക്ഷണിക്കുന്നില്ല. നാം തമ്മിലിനി കാണാതിരിക്കുന്നതല്ലേ ഭംഗി. എക്സാമും എഴുതേണ്ടെന്നു തീരുമാനിച്ചു. സ്വിറ്റ്സര്‍ലന്റിലേക്ക് ഉടനെ തിരിക്കും, കൂടെ മമ്മിയുമുണ്ട്.
സുഖമെന്നു കരുതട്ടെ.
സ്നേഹപൂര്‍വ്വം ആഗ്നസ്.
തനിക്കു ചുറ്റുമുളള കാഴ്ചകള്‍ മങ്ങിമറയുകയാണോയെന്ന് കൃഷ്ണന് ഒരുനിമിഷം സംശയിച്ചു. കടലാസ്സിലെ അക്ഷരങ്ങളുടെ വളവുകള്‍ വലിയ കുരുക്കുകളായിത്തീരുന്നതും കൃഷ്ണനറിഞ്ഞു. ആത്മസംയമനം വീണ്ടെടുത്ത് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോഴും എന്തുചെയ്യണമെന്ന് മനസ്സില്‍ വ്യക്തമല്ലായിരുന്നു. പിന്നെ ഷര്‍ട്ടും മുണ്ടും മാറി അയാള്‍ പുറത്തിറങ്ങി.
തനിക്കെന്താണ് പറ്റിയത്? വിഭ്രാന്തിയിലോ? താനെങ്ങോട്ടാണ് പോകുന്നത്? ആരെക്കാണാനാണ്? എങ്കിലും, ടൗണിലേക്കുളള വണ്ടി വന്നപ്പോള്‍ അതില്‍ കയറി അയാള്‍ ഇരുന്നു. വിയര്‍പ്പുകണങ്ങളിന്‍മേല്‍ കാറ്റേറ്റ് ശരീരം തണുക്കുമ്പോള്‍ ആലോചിക്കാനുളള കഴിവെങ്കിലും അയാളുടെ മനസ്സിനു തിരിച്ചു കിട്ടുന്നു.
മിക്കവാറും ബാച്ചുകള്‍ക്കും സ്റ്റഡിലീവായതിനാല്‍ പ്രഫസ്സര്‍ വീട്ടിലുണ്ടാവാനിടയുണ്ട്. അദ്ദേഹമല്ലാതാരുണ്ട് ഇതൊക്കെ കേള്‍ക്കാന്‍? ആഗ്നസിന്റെ മനസ്സ് ഈ കുറഞ്ഞ നാളുകള്‍ക്കുളളില്‍ താനേ മാറാനിടയില്ല. അപ്പോള്‍പിന്നെ പ്രഫസ്സറും സമ്മദ്ദം പ്രയോഗിച്ചിട്ടുണ്ടാവുമോ? ആദ്യം തന്ന വാഗ്ദാനങ്ങളില്‍നിന്നും അദ്ദേഹം വ്യതിചലിക്കാന്‍ ഇടയില്ലാത്തതായിരുന്നു. അദ്ദേഹത്തെപ്പോലെ കുറച്ചുപേരെയെങ്കിലും വിശ്വസിക്കാമെന്നു കരുതിയായിരുന്നു തന്റെ ഇതുവരെയുളള നീക്കങ്ങള്‍. അവരും അവസാനം കൈയൊഴിയുകയാണോ? അതോ, ഇതെല്ലാം ജീവിതത്തിന്റെ മാറ്റിമറിക്കാനാവാത്ത വഴിത്തിരിവുകളോ? ചുഴികളും, ഇത്ര ദൈര്‍ഘ്യവുമുണ്ടെന്നറിഞ്ഞെങ്കില്‍ പച്ചപ്പ് കണ്ടപ്പോള്‍ താനീ പ്രവാഹത്തിലേക്ക് എടുത്തു ചാടുമായിരുന്നില്ല. അതോ, ഉറങ്ങി കിടന്നപ്പോള്‍ കരകവിഞ്ഞൊഴുകിയ പുഴ തന്നെയും മാറിലേറ്റിപ്പോയതോ? ഒന്നും വ്യക്തമല്ല. ഐസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം ശാസ്ത്രത്തിന്റെ ഉത്തുംഗഗോപുരങ്ങളില്‍ നിന്നിറങ്ങിവന്ന് വെറും ജീവിതത്തെയും ബാധിക്കുന്നു. ച്ഛെ, എന്താണിതൊക്കെ? ചിന്തകള്‍ കൂടിക്കുഴഞ്ഞ് ഭ്രാന്ത് പിടിപ്പിക്കുകയാണ്. ഒരേസമയത്തൊരായിരം ചിന്തകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ജ്വലിച്ച് അയാളുടെ തലച്ചോറിനെ ചൂടുപിടിപ്പിക്കുന്നു.
പ്രഫസ്സറുടെ വീട്ടിന്റെ വാതിലില്‍ മുട്ടുകയോ അതോ തട്ടുകയോയെന്ന് കൃഷ്ണന് വ്യക്തമല്ലായിരുന്നു. ഹെലനാണ് ഓടിവന്ന് വാതില്‍ തുറന്നത്. കൃഷ്ണനാണെന്നു കണ്ടപ്പോള്‍ അലിവോടെ നോക്കിക്കൊണ്ട് ഹെലന് മാറിനിന്നു.
"ഡാഡി മുകളിലുണ്ട്" അവള് പറഞ്ഞു. ചിരിക്കാനയാള്‍ ശ്രമിച്ചില്ല. എന്തിന് കഴിയാത്ത കാര്യം ചെയ്ത് പരാജയപ്പെടണമെന്നായിരുന്നു ആ മനസ്സിലപ്പോള്‍. മുകളിലേക്കു കയറിച്ചെന്നു നോക്കുമ്പോള്‍ പ്രഫസ്സര്‍ ഏതോ പുസ്തകത്തില്‍ നിന്ന് കുറിപ്പെഴുാതിയെടുക്കുന്നത് കൃഷ്ണന് കണ്ടു. കാല്‍പ്പെരുമാറ്റം കേട്ട് അദ്ദേഹം തിരിഞ്ഞുനോക്കി. പെട്ടന്ന് അയാളെ കണ്ടപ്പോള്‍ പ്രഫസ്സറിലുണ്ടായ ഭാവമാറ്റം വ്യക്തമായിരുന്നു.
"ഇരിക്കൂ കൃഷ്ണന്, ഞാന്‍ തന്നെ പ്രതീക്ഷിച്ചിരുന്നു." അദ്ദേഹം പറഞ്ഞു.
കൃഷ്ണന് ഒന്നും മിണ്ടിയില്ല. വികാരക്ഷോഭത്തിനിടയില്‍ വാക്കുകള്‍ മുങ്ങിപ്പോവുകയാണ്. എവിടെയോ അയാള്‍ ഇരുന്നു.
"ആഗ്നസറിയിച്ചായിരിക്കും അല്ലേ? മൂന്നു ദിവസമേ ആയിട്ടുളളൂ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട്. ഐ ആം റിയലി സോറി കൃഷ്ണന്. അവസാനഘട്ടം വരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒളിച്ചുകളിച്ചെങ്കിലും എനിക്ക് വാക്കുപാലിക്കാനായില്ല. കടകവിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടിയും വന്നു"
"ഇതുവരെ എന്റെയൊപ്പം നിന്നിട്ടും ഇപ്പോഴെന്നെ കൈവിട്ടത് ശരിയായില്ല സര്. ബാക്കിയുളളവരുടെയെല്ലാം സ്നേഹം നഷ്ടപ്പെടുത്തിയിട്ടാണ് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ആര്‍ക്കും വേണ്ടാത്തവനാണ് ഞാനിന്ന്. സാറെന്റെയൊപ്പം നിന്നിരുന്നെങ്കില്‍ എനിക്കെന്തെങ്കിലും ചെയ്യാനാവുമായിരുന്നു, ഞാനൊരാണാണ്. സ്ഥിതി വഷളായപ്പോള്‍ സാറെന്നെ അറിയിച്ചു പോലുമില്ല. ആക്ച്വലി, യു വേര് ചീറ്റിങ് മി......" കൃഷ്ണന്റെ വികാരം അണപൊട്ടി ഒഴുകുകയാണ്. എന്തൊക്കെയാണ് പിന്നെയും അയാള്‍ പുലമ്പുന്നത്. എല്ലാം കേട്ടിട്ടും അക്ഷോഭ്യനായി പ്രഫസ്സര്‍ ഇരുന്നു.
ഒരിടവേളയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. "ആഗ്നസിന്റെ കുടുംബത്തെക്കുറിച്ച് കൃഷ്ണന് ശരിക്കറിയാമോയെന്ന് എനിക്ക് നിശ്ചയമില്ല. ആന്‍സിയുടെ മൂത്തമകന് നേവിയില്‍ വച്ചു മരണപ്പെട്ടു. അന്നുമുതല്‍ ആന്‍സി സ്ഥിരബോധത്തിലല്ല എല്ലായ്പ്പോഴും. ചെറിയൊരു പ്രകോപനം മതി എല്ലാത്തിന്റെയും താളം തെറ്റാന്‍. ഇത്തവണ വലിയൊരു പൊട്ടിത്തെറിയുടെ വക്കത്തായിരുന്നു ആന്‍സി അവസാന നാളുകളില്‍."
"സര്, എന്നെയാശ്വസിപ്പിക്കുന്നതിന് ഇങ്ങനെയോരൊന്നു പറയുന്നതില്‍ വല്ല അര്‍ത്ഥമുണ്ടോ?"
"തീര്‍ച്ചയായുമുണ്ട് കൃഷ്ണന്. ഞാന്‍ നിങ്ങള്‍ക്കൊരു വാഗ്ദാനം നല്‍കിയിരുന്നു. അതെനിക്ക് പാലിക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് കൃഷ്ണന് അറിയണം."
അയാള്‍ക്കൊന്നും മറുപടി പറയാനില്ലായിരുന്നു.
"ആഗ്നസിന്റെ പെരുമാറ്റത്തിലുണ്ടായ പന്തികേടുകൊണ്ടോ എന്തോ, ആന്‍സി എന്നെയും കൂടി സംശയിക്കാന്‍ തുടങ്ങി. നേരത്തേതന്നെ വിവാഹം നടത്തണമെന്ന ആന്‍സിയുടെ നിര്‍ബന്ധം, ആഗ്നസ് എന്റെ സഹായത്താല്‍ നീട്ടി വയ്പിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്കി. ഒരാഴ്ചമുമ്പ് ഒരു ഭ്രാന്തിയെപ്പോലെ ആന്‍സി ഇവിടെ ഓടിക്കിതച്ചെത്തി. ശരിക്ക് ഡ്രസ്സുപോലും ചെയ്യാതെയാണ് അവള് വന്നത്. ആഗ്നസുമായി വഴക്കുകൂടിയാണ് അന്നെത്തിയതെന്ന് പിന്നെ ഞാനറിഞ്ഞു. വന്നപാടെ അവള് പറഞ്ഞു, 'ഡാനീ, എന്റെ എഡ്ഢിയെ കൊലയ്ക്കുകൊടുത്തത് നീയാണ്. അവന് നേവിയില്‍ സെലക്ഷന് കിട്ടിയപ്പോള്‍, എനിക്കുളള ഏക ആണ്‍തരിയാണ്, എഡ്ഢീ പോകേണ്ട എന്നുപറഞ്ഞപ്പോള്‍ നീയാണ് ഡാനീ എന്നെ നിര്‍ബന്ധിച്ച് അവനെ വിടാന്‍ സമ്മതിപ്പിച്ചത്. ഇനി നീ ആഗ്നസിനെക്കൂടി വഴി തെറ്റിക്കുകയാണെങ്കില്‍ നിന്റെ ആത്മാവിനുപോലും ഗുണം കിട്ടില്ല. ഒരമ്മയുടെ വിഷമം നിനക്കറിയില്ല, നീയൊരാണാണ്. നിന്നെക്കാളധികം ആ കൊച്ചുകുട്ടിക്കു മനസ്സിലാകും. എന്റെ വാക്കു ധിക്കരിച്ച് ആഗ്നസ് എന്തിനെങ്കിലും പുറപ്പെടുന്നയന്ന് ഞാന്‍ ജീവിതം അവസാനിപ്പിക്കും. ആരുടെയും ശല്യമില്ലാതെ നീ സുഖമായി കഴിഞ്ഞോ പിന്നെ". ഉടനെത്തന്നെ ആന്‍സി ഇവിടെനിന്നും പോയി. ഹെലന് അടുത്തുണ്ടായിരുന്നു അപ്പോള്‍. പല രഹസ്യങ്ങളും അവള്‍വഴി ആന്‍സി അറിഞ്ഞോയെന്ന് ഞാന്‍ സംശയിക്കുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു ആന്‍സിയുടെ സംസാരമെങ്കിലും ആ വാക്കുകള്‍ പലതുമെന്റെ മനസ്സിലേക്ക് തുളച്ചുകയറി. എഡ്ഢിയുടെ മരണത്തിന്റെ ഉത്തരവാദിയും ഞാനായി. ഒരര്‍ത്ഥത്തില്‍ അതു ശരിയല്ലേ? ഇനിയുമെന്തിന് ഒരു ദുരന്തത്തിന്റെ തുടക്കക്കാരന് ആവണമെന്നു ഞാന്‍ ചിന്തിച്ചുപോയെങ്കില്‍ അതൊരപരാധമാണോ കൃഷ്ണന്? പറയൂ".
പ്രഫസ്സര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ചുമരിലെ ഷെല്‍ഫില്‍ നിന്നും കുപ്പിയും ഗ്ലാസ്സും വെളളവുമൊക്കെ എടുക്കാനാഞ്ഞു. പെട്ടെന്നു തിരിഞ്ഞുനിന്ന് അയാളോടു ചോദിച്ചു. "ഹാര്‍ഡ് ഓര് സോഫ്റ്റ്?"
"എന്തെങ്കിലും". കൃഷ്ണന് മറുപടി പറഞ്ഞു.
എല്ലാം വേഗമെടുത്തുവച്ച്, ഗ്ലാസ്സുകളിലേക്ക് പകര്‍ന്ന് പ്രഫസ്സര്‍ ഒരു സിപ്പെടുത്തു. ഗ്ലാസ്സു മുഖത്തേക്കടുപ്പിച്ചപ്പോള്‍ അതു മദ്യം തന്നെയാണെന്ന് കൃഷ്ണന് ഉറപ്പായി. കുറച്ചുകൂടി വെളളമൊഴിച്ച് അയാള്‍ രണ്ടു കവിളില്‍ അതകത്താക്കുമ്പോള്‍ ദാഹജലം കഴിക്കുന്ന ലാഘവമേ തോന്നിയുളളൂ, അതിന്റെ തന്നെ തൃപ്തിയും. പ്രഫസ്സര്‍ വീണ്ടുമൊഴിക്കുമ്പോള്‍ അയാള്‍ തടഞ്ഞില്ല.
ഗ്ലാസ്സ് കാലിയാക്കി പ്രഫസ്സറും അടുത്തതിന് തുടക്കമിട്ടു. എന്നിട്ടു പറഞ്ഞുഃ "കൃഷ്ണന്, ഞാന്‍ എന്തു ക്രൂരതയാണ് നിങ്ങളോട് കാണിച്ചത്. ആന്‍സി അന്നിവിടെനിന്നു പോയ ഉടനെ ഞാന്‍ ചെയ്തതെന്താണെന്നറിയാമോ? ബാംഗ്ലൂരിലെ ആഗ്നസിന്റെ അങ്കിള്‍ മിസ്റ്റര്‍ ലോറന്‍സിനെ ആദ്യം വിളിച്ചു. എന്നിട്ടു പറഞ്ഞുഃ നിങ്ങള്‍ അവിടെയെങ്ങാനും എത്തുകയാണെങ്കില്‍ ഒരു സഹായവും ചെയ്തുകൊടുക്കരുതെന്ന്. അക്കാര്യമെന്നിട്ട് ആഗ്നസിനെ അറിയിച്ചു. ഞാനിതെല്ലാം തുറന്നുപറയുന്നത് കൃഷ്ണന് ഉള്‍ക്കൊളളാന്‍ കഴിയുമെന്ന വിശ്വാസംകൊണ്ടാണ്."
ഇപ്പോള്‍ അയാള്‍ക്കൊന്നും തിരിയുന്നില്ല. ഉളളില്‍ ജ്വലിച്ചു വരുന്ന രോഷം എവിടെയോവച്ച് അണഞ്ഞുപോകുന്നു.
പ്രഫസ്സര്‍ പിന്നെയും പറയുകയാണ്. "നീണ്ടൊരു വാചകത്തിനിടയ്ക്ക് പറ്റിയ അക്ഷരത്തെറ്റാണെന്നു കരുതിയാല്‍ മതി കൃഷ്ണന്. ജീവിതത്തിന് നിറം കൊടുക്കാന്‍ തനിക്കിനിയും കഴിയും. തന്റെ ബന്ധത്തിലുളള ആ കുട്ടിയുടെ പെരെന്തെന്നാണ് പറഞ്ഞത്? ഞാന്‍ മറന്നുപോയി. പിണക്കമൊക്കെ ഉടനെ തീര്‍ക്കൂ. നഗരത്തിലേക്കു വന്നപ്പോള്‍ പറ്റിയ ഒരു പിഴവാണെന്നു കരുതിയാല്‍ മതി ഇതൊക്കെ. കൃഷ്ണന് ആ കുട്ടിയുടെ പേര് പറഞ്ഞില്ല. ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട് ആ കുട്ടിയെ....."
ഒന്നും ഉരിയാടാതെ, കൃഷ്ണന് അവിടെ നിന്നെഴുന്നേറ്റ് താഴേക്കിറങ്ങുമ്പോള്‍ പ്രഫസ്സര്‍ വിസ്മയം പൂണ്ടിരിക്കുകയായിരുന്നു. താഴെ ഹെലനെ കാണുന്നില്ല. വാതില്‍ തുറന്ന് അയാള്‍ പുറത്തുകടന്നു. ചുറ്റുമുളള മങ്ങിയ കാഴ്ചയിലൂടെ ഒരോട്ടോറിക്ഷ വന്നുനിന്നു അയാളുടെ മുമ്പില്‍. പ്രയാസപ്പെട്ട് അതിലേക്കു കയറി ഇരിക്കുമ്പോള്‍, പിന്നില്‍, പ്രഫസ്സറുടെ വീട്ടിലേക്കു തിരിഞ്ഞു നോക്കാന്‍കൂടി തോന്നിയില്ല അയാള്‍ക്ക്.
ഒന്നും ചെയ്യാനില്ലാതെ വീട്ടിലെ ഇരിപ്പു തുടര്‍ന്നപ്പോള്‍ കൃഷ്ണന് തന്നോടുതന്നെ വെറുപ്പുതോന്നി. ദിനപ്പത്രംപോലും വായിക്കാന്‍ താല്പര്യമില്ലാത്ത അവസ്ഥ. ഇതൊക്കെ അറിഞ്ഞിട്ടെന്തു കാര്യമെന്ന ചിന്തയാണ് അയാളെ ഭരിക്കുന്നത്. ഭക്ഷണത്തിന്റെ സമയമാകുമ്പോള്‍ അമ്മ വിളിക്കും, പോയി ഇരുന്ന് കഴിക്കും. അത്രതന്നെ. മിക്കവാറും ഒന്നും സംസാരിക്കാറില്ല. ഉറങ്ങാന്‍ ശ്രമിച്ചാല്‍ മാത്രം ചിലപ്പോള്‍ വിജയിക്കുന്നു.
ഒരുദിവസം ഏട്ടന് മുറിയിലേക്കു ചെന്നു.
"എന്താ.... ഏട്ടാ, പതിവില്ലാതെ?" അയാള്‍ ചോദിച്ചു.
സാധാരണ ഏട്ടന് മുറിയിലേക്കു വരാറില്ല. മിക്കവാറും പാതിരയാവും ജോലി കഴിഞ്ഞെത്തുമ്പോള്‍. ഒരു സ്വകാര്യകമ്പനിയുടെ അക്കൗണ്ടും നോക്കുന്നുണ്ട്. ഈയിടെ, പലപ്പോഴും ഏട്ടന് തന്നില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായി അയാള്‍ക്കു തോന്നുന്നു.
"നിന്നോടെനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു."
"എന്താ വിശേഷിച്ച്?"
"വേറെയൊന്നുമില്ല, ഞാന്‍ അശ്വതിയെ മംഗല്യം ചെയ്യാനുറച്ചു. നിന്നോട് ഞാന്‍ ഇങ്ങനെവന്ന് പറയുന്നതിന്റെ സാഹചര്യങ്ങളെല്ലാം അറിയാലോ. കൂടുതലൊന്നും പറയണില്ല. ബന്ധങ്ങള്‍ക്ക് ഞാന്‍ വിലകല്പിക്കുന്നുണ്ടെന്ന് കരുത്യാ മതി, അല്ലെങ്കില്‍ ഞാനീ സാഹസത്തിന് പുറപ്പെടില്ലായിരുന്നു."
ഞെട്ടേണ്ട അവസ്ഥയെല്ലാം എന്നേ കഴിഞ്ഞു അയാളുടെ ജീവിതത്തില്‍. ഏട്ടന് പിന്നെയും കുറെനേരം അവിടെ നിന്നു. പോകാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞുഃ "രണ്ടാഴ്ച കഴിഞ്ഞാണ് ചടങ്ങ് വച്ചിരിക്കുന്നത്. എല്ലാം ലളിതമായിട്ടാണ്. നീയെല്ലാമൊന്ന് നോക്കിപ്പിടിച്ചെടുക്കണം."
കൃഷ്ണന് മറുപടിയൊന്നും കൊടുത്തില്ല. ആ ഭംഗിവാക്കുകള്‍ക്ക് ഏട്ടന് ഉത്തരമൊന്നും പ്രതീക്ഷിക്കുന്നുണ്ടാവുകയുമില്ല.
ഏട്ടന്റെ തണുപ്പന്‍മട്ട് എവിടെയോ പോയി ഒളിച്ചിരിക്കുന്നു. ആ വാക്കുകള്‍ പൗരുഷത്തിന്റേതല്ലെങ്കിലും ഉറപ്പുളളവയാണ്. അതിന്റെ ധ്വനി എത്ര വ്യക്തംഃ നീയെന്തിന് ഇവിടെയൊരു കരടായി കൂടുന്നു? മേറ്റ്വിടെയെങ്കിലും പോയി തുലഞ്ഞുകൂടേ? ഞാനെങ്കിലും ഒരു ജീവിതം കെട്ടിപ്പടുക്കട്ടെ.
പാവം! ഏട്ടന് അങ്ങനെയൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. എങ്കിലും മനസ്സിന്റെ അഗാധതയില്‍ നിന്നുവരുന്ന ആ വാക്കുകളെ അവിശ്വസിക്കേണ്ടിയിരിക്കുന്നു.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:52 AM
0
അഭിപ്രായങ്ങള്‍
അധ്യായം ഇരുപത്തൊന്ന്
പിറ്റേന്ന് അതിരാവിലെ ഗോപാലന് വന്ന് പെരിഞ്ചേരിയിലേക്ക് ചെല്ലാന്‍ പറയുമ്പോള്‍ ഇനിയുമെന്തെങ്കിലും സംഭവിച്ചോയെന്ന ഭയമായിരുന്നു കൃഷ്ണന്റെ മനസ്സില്‍. പെരിഞ്ചേരിയിലെത്തി വരാന്തയിലേക്ക് കയറുന്നതിനു മുമ്പ് ഒരുനിമിഷം അറച്ചുനില്‍ക്കാതെയിരുന്നില്ല. എങ്കിലും കുറച്ചുനാളത്തേക്ക് എല്ലാം മറക്കണമെന്ന വിചാരത്താല്‍ അയാള്‍ ഉളളിലേക്കു കയറിച്ചെന്നു. അടുക്കള ഭാഗത്ത് അമ്മയും അമ്മായിയും, പിന്നെ കാരണവന്മാരിലാരോ ചിലരും. വാതില്പടിയില് അയാള്‍ ശങ്കിച്ചു നില്ക്കുമ്പോള് ക്ഷണം കിട്ടി, "കൃഷ്ണന്‍കുട്ടിക്കും കൂടാം ഇതില്‍, അവ്ടെ ഇരുന്നോളൂ."
കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ അമ്മായിയുടെ അനിയന്, നാരായണന് നായര്‍, പറയാന്‍ തുടങ്ങി ഃ "ശങ്കരന് ചേട്ടന് മരിക്കുന്നതിനു മുമ്പ് ഒന്നും പറഞ്ഞുവയ്ക്കാതിരുന്നതിനാല്‍ ഇനി ബാക്കിയുളള കാര്യങ്ങള്‍ തിരുമാനിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു ആണ്‍തരി അവശേഷിക്കണില്യാന്ന് കൃഷ്ണന്‍കുട്ടിക്കറിയാലോ?"
വല ചുരുങ്ങുകയാണ്. എങ്കിലും ഒന്നുമറിയാത്തവണ്ണം കൃഷ്ണന് പറഞ്ഞു, "അതൊക്കെ തീരുമാനിക്കാന്‍ ഞാന്‍ കൂടി വരേണ്ടിയിരുന്നോ ചേട്ടാ? നിങ്ങള്‍ മതിയായിരുന്നു. ഇളംതലമുറയ്ക്ക് അഭിപ്രായം പറയാനുളള യോഗ്യതയുണ്ടോ ഇത്തരം കാര്യങ്ങളില്‍?"
നാരായണന്‍നായര്‍ അതുകേട്ട് പൊട്ടിച്ചിരിച്ചു. അതിന്റെ ശക്തിയേറ്റിട്ടെന്നപോലെ മറ്റുളളവരും ഊറി ചിരിക്കുന്നുണ്ട്.
"വളരെ പ്രധാനപ്പെട്ടൊരു കാര്യം, എങ്ങനെ ഒറ്റവാക്കാലെ പറയുമെന്നു കരുതിയാണ് ഇത്ര വളച്ചുകെട്ടാനൊക്കെ പോയത്. അശ്വതിയെ കൃഷ്ണന്‍കുട്ടി ഉടനെ മംഗല്യം ചെയ്യണം. പെരിഞ്ചേരി അന്യാധീനപ്പെടാതിരിക്കണമെങ്കില്‍ നീയത് ചെയ്തേ തീരൂ. പ്രായം രണ്ടുപേര്‍ക്കും ഇത്തിരി കുറവാണെങ്കിലും പണ്ടത്തെ കാലമൊക്കെ വച്ചു നോക്കുമ്പോള്‍ കുറച്ചധികം തന്ന്യാ, എന്ത്യേ കുറുപ്പേ?" കുറുപ്പുചേട്ടന്‍ അയല്‍ക്കാരനാണ്, അദ്ദേഹം അതു ശരിവെച്ചു.
ഓരോ നയനങ്ങളില്‍നിന്നും അയാളിലേക്ക് ശരങ്ങള്‍ പെയ്യുകയാണ്. മുന്‍കരുതലുകളുടെ കോട്ടയെ അവ ഭേദിക്കുന്നു.
അമ്മായിക്ക് ഇത് തന്നോടാവശ്യപ്പെടാനുളള മനഃസാന്നിദ്ധ്യമുണ്ടാവില്ല - അയാള്‍ ചിന്തിച്ചു. അമ്മാവന് പണ്ടേ പരാജയമടഞ്ഞതാണ് അമ്മയ്ക്ക് തക്ക മറുപടി കൊടുക്കാനും പറ്റുമായിരുന്നു. പക്ഷേ, ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍. അയാള്‍ക്ക് തന്റെ നിസ്സഹായത മനസ്സിലാവുകയാണ്. മറുപടി പറയാതിരിക്കാനാവില്ല. അയാള്‍ ഒരു കാലത്ത് വളരെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ അയാളുടെ മുമ്പില്‍ എല്ലാവരും ചേര്‍ന്ന് സമര്‍പ്പിക്കുന്നത്. ഇരിപ്പിടത്തിലിരുന്നുകൊണ്ടു തന്നെ കൈ നീട്ടേണ്ട കാര്യമേയുളളൂ ആ താലം കൈയിലേക്കു വാങ്ങാന്‍. കയ്പുനിറഞ്ഞ ഫലങ്ങളാണെന്നറിഞ്ഞ് അയാള്‍ അവ ഉപേക്ഷിക്കുകയും ചെയ്തതാണ്. ഒരിക്കല്‍. ഋതുഭേദങ്ങള്‍ കൊടുത്ത പുതിയ വര്‍ണ്ണങ്ങളില്‍ അവ വീണ്ടും അയാളുടെ മുമ്പിലെത്തുമ്പോള്‍ പഴയ ആകര്‍ഷണീയത അനുഭവപ്പെടുന്നില്ല. ഈ വിഷമസന്ധി അയാള്‍ക്ക് പ്രതികൂലവുമാണ്. രക്ഷപ്പെടാതിരിക്കാനൊരു മുള്‍വേലി സൃഷ്ടിച്ചുകൊണ്ട് അതയാളെ വലയം ചെയ്തിരിക്കുന്നു. വേലിക്കരികില്‍ നിന്നുകൊണ്ട് കാവല്‍ക്കാരന്റെ ധാര്‍ഷ്ട്യത്തോടെ നാരായണന്‍നായര്‍ പറയുന്നുഃ "കൃഷ്ണാ, നീയെന്താണ് ഒന്നുംപറയാതെ ഇങ്ങനെയിരുന്ന് ആലോചിക്കുന്നത്? കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല, ഇപ്പോള്‍ നിന്റെ കര്‍ത്തവ്യം എന്താണെന്നറിയാമല്ലോ."
മറുപടിയായി പറയാനുളള വാക്കുകള്‍ കൃഷ്ണന്റെ നാവിന് തുമ്പത്തു തന്നെയുണ്ട്. പക്ഷേ, അവയൊന്നും സന്ദര്‍ഭോചിതമായിരിക്കയില്ല. കളളം പറഞ്ഞ്, ആരെയും തൃപ്തിപ്പെടുത്തേണ്ട കാര്യവുമില്ല അയാള്‍ക്ക്. കസേരയില്‍ നിന്നെഴുന്നേല്ക്കുമ്പോള് തന്റെ മനസ്സ് കൂടുതല്‍ കഠിനമായിട്ടുണ്ടെന്ന് കൃഷ്ണന് അറിഞ്ഞു. പുറത്തേക്കുളള ആ നടപ്പ് വേഗത്തിലാകുമ്പോള്‍ ആരൊക്കെയൊ പിന്നില്‍ നിന്ന് വിളിച്ചു. പിന്നെയാ വിളി കൂട്ടത്തോടെയായെങ്കിലും അയാള്‍ തിടുക്കത്തില്‍ പുറത്തേക്ക് നടന്നു.
നിശബ്ദതയുടെ തുരുത്തില്, മുറിക്കുളളില്‍ കൃഷ്ണന് വെറുതെയിരിക്കുമ്പോള്‍ പുസ്തകങ്ങള്‍ പോലും വഴങ്ങുന്നില്ല അയാളുടെ ബുദ്ധിക്ക്. ഭാവിപരിപാടികള്‍ക്ക് ബിരുദം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിപ്പോള്‍ വളരെ ദൂരെയായതു പോലെ അയാള്‍ക്കു തോന്നുന്നു. വിഷയങ്ങള്‍ ഒന്നോടിച്ചു നോക്കേണ്ട കാര്യമേ അയാള്‍ക്ക് ആവശ്യമായിരുന്നുളളൂ എങ്കിലും, ഇപ്പോള്‍ തലയില്‍ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. റീമാന്‍ സര്‍ഫസും കോഷീസ് തിയറവും ലാപ്ലാസ് ഇക്വേഷന്നുമൊക്കെ അന്യമല്ല ഇപ്പോഴും. എന്നാലും പുസ്തകം നിവര്‍ത്താനോ വരികള്‍ക്കിടയില്‍ മുങ്ങിനിവരാനോ അയാള്‍ക്കാവുന്നില്ല. ഒരു പാസ്മാര്‍ക്ക് ഒപ്പിക്കാന്‍ അവശേഷിക്കുന്ന ഒരാഴ്ചകൊണ്ടു പറ്റും. പക്ഷേ, ആദ്യം മുതലേ അതായിരുന്നില്ല അയാളുടെ മനസ്സില്‍. നല്ല മാര്‍ക്കോടെ ഒരു വിജയം തന്നെയായിരുന്നു.
ആഗ്നസിന്റെ കത്തൊന്നും കണ്ടില്ല ഇതുവരെ. തീര്‍ച്ചയായുമെഴുതും, മറുപടി അയയ്ക്കണം എന്നൊക്കെ പിരിയുമ്പോള്‍ പറഞ്ഞു സമ്മതിപ്പിച്ചിട്ടാണ് ആഗ്നസ് പോയത്. പരീക്ഷയ്ക്കുളള തയ്യാറെടുപ്പില്‍ ആകെ മുങ്ങിയിരിക്കുകയായിരിക്കും. ആദ്യത്തെയും രണ്ടാമത്തെയും വര്‍ഷങ്ങളിലെ പേപ്പറുകളില്‍ ചിലതും ആഗ്നസിന്ന് കിട്ടാനുണ്ട്. പാലായനത്തിന്നുമുമ്പ് എല്ലാം ഭംഗിയാക്കിയിട്ട് പോകാമെന്നതിന്റെ ഭാഗമായിരിക്കും ആ തയ്യാറെടുപ്പ്.
പരീക്ഷ എഴുതണോ വേണ്ടയോയെന്ന അയാളുടെ ചിന്ത അനിശ്ചിതാവസ്ഥയില്‍ ഒന്നുരണ്ടു ദിവസം കൂടി നീണ്ടു. ഒരു ലക്ഷ്യം മനസ്സിലുളളതുകൊണ്ടാണ് അതങ്ങനെ നീണ്ടുപോയത്. അതല്ലെങ്കില്‍ പണ്ടേ ഉപേക്ഷിക്കാമായിരുന്നു. പഠനത്തിലും അധികം ശ്രദ്ധ ചെലുത്താനാവുന്നില്ല. അവസാനം തീരുമാനത്തിലെത്തി അയാള്‍, എന്തായാലും റിസള്‍ട്ടു വരുന്നതിന്നു മുമ്പ് ബാംഗ്ലൂര്‍ക്ക് തിരിക്കും. എല്ലാം ഒന്നടങ്ങി, മനസ്സിന്ന് ശാന്തത ലഭിച്ചതിന്നുശേഷം പരീക്ഷ ഭംഗിയായി എഴുതാം. അതിന്നിടയിലുളള സമയത്ത്, ബിരുദമില്ലാത്തതുകൊണ്ട്, ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. കൃഷ്ണന് ആശ്വസിച്ചു.
അങ്ങനെയൊരു തീരുമാനത്തിലെത്തിയപ്പോള്‍ കുറച്ചു സമാധാനമായി അയാള്‍ക്ക്. പോരാത്തതിന് പുതിയ വാര്‍ത്തകളൊന്നും അയാളുടെ ചെവിയിലേക്കെത്തുന്നുമില്ല. അമ്മ പെരിഞ്ചേരിയില്‍ നിന്ന് മടങ്ങി വന്നെങ്കിലും അധികമൊന്നും ഉരിയാടാറില്ല. വന്ന അന്നുതന്നെ അയാള്‍ പ്രതീക്ഷിച്ചിരുന്ന ആ ചോദ്യമുണ്ടായി. "നീയെന്തിനാ പിളേള അവിടന്ന് ചാടിത്തുളളി ഇറങ്ങിപ്പോന്നത്?"
"ഞാനവിടെ വച്ച് എന്തു മറുപടി പറയാനാ അമ്മേ? എല്ലാം അമ്മയ്ക്കറിയാലോ. പിന്നെയെന്തിനാ ഓരോന്ന് ചോദിക്കുന്നത്?"
"രക്തബന്ധത്തിന് എപ്പോഴും വിലയുണ്ടാവുമെന്നോര്‍ത്തോ. അവരോട് ഇത്തിരി ക്ഷമിച്ചെന്നും സഹിച്ചെന്നും കരുതി ഒന്നും നഷ്ടപ്പെടാന്‍ പോണില്ല."
അയാള്‍ ഒന്നും മിണ്ടിയില്ല. അമ്മ അവിടെനിന്ന് പോവുകയും ചെയ്തു.
പുതിയ തീരുമാനത്തെക്കുറിച്ച് കൃഷ്ണന് ആഗ്നസിന്ന് ഒരു കത്തിട്ടു. ഒപ്പം അതിന്നു നിര്‍ബന്ധിതനാകേണ്ടിവന്നതിന്റെ കാരണങ്ങളും. പരീക്ഷ തുടങ്ങുന്നയന്ന് കാണാമെന്നും എഴുതി. പ്രഫസ്സറെയും കാണണം. പാലായനത്തിന്റെ പാത സുഗമമാക്കേണ്ടതുണ്ട്.
ഒരു ദിവസം
അമ്മായി ഉമ്മറത്തു വന്നു നിന്ന് വിളിക്കുന്ന കേട്ടാണ് കൃഷ്ണന് ഇറങ്ങിച്ചെന്നത്. അശ്വതിയുമുണ്ട് കൂടെ. അയാളുടെ മനസ്സില്‍ പെട്ടന്നൊരു ഇരമ്പലാണ് ആ മുഖാമുഖം സൃഷ്ടിച്ചത്. അശ്വതിയോ അതോ താനോ ആദ്യം ചിരിച്ചത്? അയാള്‍ക്കു സംശയമായി. അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തുമ്പോള്‍ പെരുമാറ്റത്തിലൊന്നും പ്രകടമാകാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. അമ്മയെ തൊടിയില്‍നിന്നു വിളിച്ചുകൊണ്ടുവന്നശേഷം അയാള്‍ മുറിയിലേക്കു നടന്നു. അകത്തു നിന്നും വര്‍ത്തമാനത്തിന്റെ സ്വരം ഉയരുന്നുണ്ടെങ്കിലും അശ്വതിയുടെ ശബ്ദം ഇല്ല അതില്‍. കൃഷ്ണന് അങ്ങനെ ചിന്തിച്ചു കിടക്കുമ്പോള്‍ മുറിയുടെ വാതില്ക്കല് കാല്‍പ്പെരുമാറ്റം കേട്ടു നോക്കി . പുറത്ത് അശ്വതി നില്ക്കുന്നു.
"എനിക്ക് അകത്തേക്കു വരാമോ?" അവള് ചോദിച്ചു.
"അതെന്താ അശ്വതി അങ്ങനെ ചോദിക്കുന്നത്?" എത്രനാള്‍ കൂടിയാണ് ഇങ്ങനെയൊരു സംസാരം.
"ഒന്നുമുണ്ടായിട്ടല്ല, മര്യാദയതാണല്ലോ എന്നു കരുതിയാണ്."
ഒന്നും പറയാന്‍ തോന്നുന്നില്ല അയാള്‍ക്ക്. തന്റെ ധാര്‍ഷ്ട്യത്തിന്റെ കോട്ടമേല് സ്നേഹമസൃണമായ വാക്കുകള്‍ തുരങ്കം വയ്ക്കുന്നു - അയാള്‍ ചിന്തിച്ചു. ലക്ഷ്യത്തിലേക്കു നടന്നടുക്കുമ്പോള്‍ അവ കാലുകളില്‍ ചുറ്റിപ്പിണഞ്ഞ് വീഴ്ത്തുന്നു. നിമിഷാര്‍ദ്ധത്തില്‍ മനസ്സിലൂടെ കടന്നുപോയ ആ വെളിപാടിന്റെ ശക്തിയില്‍, നിശ്ചയദാര്‍ഢ്യത്തോടെ കൃഷ്ണന് അശ്വതിയെ നോക്കിയിരുന്നു.
അശ്വതി അപ്പോഴും നില്‍ക്കുകയാണ്.
"അശ്വതി ഇരിക്കൂ."
അവള് ഇരുന്നില്ല. അയാളുടെ നോട്ടത്തിന്നു മുമ്പില്‍ പണ്ടേ മുഖം താഴ്ത്തിയിരുന്നു. അങ്ങനെ മൗനം ഘനീഭവിക്കുമ്പോള്‍ അശ്വതിയുടെ കണ്ണുകള്‍ നനയുന്നത് അയാള്‍ കണ്ടു.
"അശ്വതി എന്താണിങ്ങനെ വെറുതേ വന്നു നിന്ന് കരയുന്നത്?"
"കൃഷ്ണേട്ടന് ഇനിയുമെനിക്ക് മാപ്പുതരാന്‍ തയ്യാറാവണില്ല." അയാള്‍ പ്രതീക്ഷിക്കാതിരുന്ന മറുപടിയാണ് അശ്വതിയുടെ അധരങ്ങളില്‍ നിന്ന് പൊടുന്നനെ അടര്‍ന്നുവീണത്. അവള് എല്ലാം ഓര്‍ക്കുന്നു, അവയെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ വികാരങ്ങള്‍ ഒറ്റൊരു വാചകത്തിലൂടെ പുറത്തുവന്നിരിക്കയാണ്, ഒരഗ്നിപര്‍വ്വതസ്ഫോടനം പോലെ. അതിലെ അതിതപ്തപ്രവാഹം തന്റെ മനസ്സിലേക്കും കടന്നുചെന്നുവോ? ഇല്ല, ആ ദുര്‍ഗ്ഗത്തിന്റെ കന്മതിലുകള് ബലവത്താണ്. ഒരു നിമിഷം അങ്ങനെ ആലോചിച്ചിരുന്നിട്ട് കൃഷ്ണന് പറഞ്ഞു, "അശ്വതീ, മാപ്പു നല്കാന് ഞാന്‍ ആരാണ്?"
"എന്റെ തെറ്റുകള്‍ക്കുളള ശിക്ഷ മുഴുവനും ഈശ്വരന് തന്നു കഴിഞ്ഞു. ഇനി എന്തു പ്രായശ്ചിത്തം കൂടി വേണമെന്നു പറഞ്ഞോളൂ, ഞാന്‍ ചെയ്യാം." അതു പറയുമ്പോള്‍ അശ്വതി ശരിക്കും വിങ്ങിക്കരയുകയായിരുന്നു.
"എനിക്കൊന്നും മനസ്സിലാകുന്നില്ല അശ്വതീ." അതോ, അയാള്‍ മനസ്സിലാക്കാതിരിക്കാന്‍ ശ്രമിക്കുകയോ?
കണ്ണില്‍നിന്ന് പുറത്തേക്കൊഴുകുന്ന ജലകണങ്ങളെ കൈകൊണ്ട് തുടച്ച്, ആ ചുവന്ന കണ്ണുകളാല്‍ നോക്കി അശ്വതി പുറത്തേക്കിറങ്ങുമ്പോള്‍ അസ്വസ്ഥതയുടെ കനല് ജ്വലിച്ചു തുടങ്ങുകയായി അയാളുടെ മനസ്സില്‍. എങ്കിലും, വെല്‍ഡിങ് ഇലക്ട്രോഡിന്റെ ജ്വാലയേറ്റു തണുത്ത ഒരു ലോഹക്കഷണം പോലെ അയാളുടെയുളളം കഠിനതരമാവുകയാണ്. പ്രലോഭനങ്ങള്‍ ഒന്നൊന്നായി അതില്‍ത്തട്ടി വീഴണം. ഇനി അതേയുളളൂ എല്ലാത്തിനെയും നേരിടാനുളള ആയുധമായി.
പിറ്റേന്ന് രാവിലെ അമ്മായിയും അശ്വതിയും മടങ്ങാനൊരുങ്ങുമ്പോള്‍ യാത്രപറയാനായി കൃഷ്ണന്റെ മുറിയുടെ വാതിക്കല്‍വരെ ചെന്നു. അശ്വതിയുടെ മുഖത്ത് വിഷമത്തിന്റെ ലാഞ്ചനയൊന്നുമില്ല, അതോ അയാളുടെ തോന്നലോ? അവള് ചിരിക്കുന്നുമുണ്ട്. ചിരിക്കാന്‍ കഴിയാത്തതിപ്പോള്‍ അയാള്‍ക്കാണ്. കാല്‍വെപ്പുകള്‍ ആദ്യമായി പരാജയത്തിലേക്കോയെന്ന ഭീതി അയാളില്‍ ഉണരുന്നു. ലോകം മുഴുവന്‍ തനിക്കുചുറ്റം വട്ടമിട്ടു നില്ക്കുന്നു. താന്‍ ആ വലയത്തിന്നുളളില്‍ ഒരു കളിവസ്തു മാത്രമാവുകയാണോ? അയാള്‍ സംശയിച്ചു. അമ്മായിയുടെ മുഖത്തുനോക്കി കൃഷ്ണന് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് യാന്ത്രികമാവുകയാണ്. ഒരുപക്ഷേ, വികൃതമായ ഒരു ഗോഷ്ടി കണക്കെ അത് അവര്‍ക്ക് തോന്നിയിരിക്കും.
അമ്മായിയും അശ്വതിയും പോയിക്കഴിഞ്ഞപ്പോള്‍ അമ്മ കൃഷ്ണന്റെ മുറിയിലേക്കു ചെന്നു. എന്നിട്ടു ചോദിച്ചു, "കൃഷ്ണാ, അമ്മായീം അശ്വതീം വന്നത് നീ കണ്ടില്ലേ?"
ആ ചോദ്യത്തിന്റെയെല്ലാ അര്‍ത്ഥങ്ങളും മനസ്സിലായിട്ടും തര്‍ക്കുത്തരം കണക്കെ അയാള്‍ പറഞ്ഞു, "എനിക്ക് കണ്ണുംകാതുമൊക്കെയുണ്ടെന്ന് അമ്മയ്ക്കറിയാലോ."
കണ്ടാലും കേട്ടാലും പോര മോനേ, അതനുസരിച്ച് പ്രവര്‍ത്തിക്കാനറിയണം."
"എനിക്കൊന്നും അറിയാഞ്ഞിട്ടല്ല. ഈ ബന്ധത്തിന് എനിക്ക് കഴിയില്ലാത്തതുകൊണ്ടാണ്."
"അവര്‍ നിന്നോട് ചെയ്തിട്ടുളളതിനൊക്കെ പശിലയടക്കം അനുഭവിച്ചില്ലേ. ഇപ്പോ കാലുപിടിക്കാന്‍ കൂടി തയ്യാറാ അവര്‍. അഭയംതേടി വന്നോരെ, ഈ സന്ദര്‍ഭത്തില്‍, പുറംകാലുകൊണ്ട് തട്ടിമാറ്റുന്നത് ഒട്ടും ശരിയല്ല. തന്തേല്ലാത്ത കുട്ട്യാണ്. വിവരക്കേടുകൊണ്ട് പണ്ടെങ്ങോ എന്തോ പറഞ്ഞെന്നുവച്ച്. പോരാത്തതിന് അന്യനൊന്നുമല്ലല്ലോ. മറക്കാനും പൊറുക്കാനും മനുഷ്യനോട് പറഞ്ഞിട്ടുളളതാ, ഇല്ലെങ്കില്‍ ഈശ്വരന് ക്ഷമിക്കൂല."
ആ വാക്ശരങ്ങളേറ്റ് കീറിപ്പറിഞ്ഞിരിക്കുന്നു താന്‍ അമ്മയ്ക്കു മുമ്പില്‍ പടുത്തുയര്‍ത്തിയിരുന്ന കടലാസ്സു കോട്ട. ഏവരുടെയും മുമ്പില്‍ ഏകപ്രശ്നമായിട്ടുളളത് പെരിഞ്ചേരിയില്‍വച്ചു തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ മാത്രമാണ്. ആഗ്നസുമായുളള ബന്ധത്തെക്കുറിച്ച് അശ്വതിക്ക് കുറച്ചൊക്കെ അറിയാമെങ്കിലും ഇത്രത്തോളമായത് അറിയാനിടയില്ല - അയാള്‍ ആലോചിച്ചു.
അതമ്മയെ അറിയിക്കാന്‍ വളരെ വൈകിയിരിക്കുന്നു. ആ ഒരനാവരണം മാത്രമേ ഒരു മാര്‍ഗ്ഗമായി അയാളുടെ മുമ്പിലുളളൂ. എതിര്‍പ്പുകളെ നേരിടേണ്ടി വരിക ഇനി ഏതാനും ദിവസത്തേക്കു മാത്രം. പിന്നെ?
വേണ്ട, അതൊന്നും ആലോചിക്കാനുളള സമയമല്ലിത്. എന്തോ മറുപടി പ്രതീക്ഷിച്ച് അയാളുടെ അമ്മ അപ്പാഴും വാതില്ക്കല് നില്‍ക്കുകയാണ്.
നീണ്ട മൗനത്തെ ഭജ്ഞിച്ച്, കൃഷ്ണന് അമ്മയ്ക്കജ്ഞാതമായിരുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ പൊട്ടിത്തെറിയൊന്നുമുണ്ടായില്ല. നിര്‍വ്വികാരതയാല്‍ ശാന്തമായ ആ മുഖം അയാളില്‍ അത്ഭുതം ജനിപ്പിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞ് കൃഷ്ണന് വീണ്ടുമൊരു നിശബ്ദതയ്ക്ക് തുടക്കമിടുമ്പോള്‍ അവര്‍ ഒരു നെടുവീര്‍പ്പയച്ച് തിരഞ്ഞു നടന്നു.
എന്തിനാണിതൊക്കെ എന്ന് അയാള്‍ അപ്പോള്‍ ആലോചിക്കാതെയിരുന്നില്ല. അതിന്നുത്തരം നേരത്തേ ലഭിക്കുമെങ്കില്‍, പിന്നെ ഊഷരമായ ഈ പാതയിലൂടെ മുമ്പിലേക്ക് നടക്കുന്നതിന്നെന്തര്‍ത്ഥമെന്നോര്‍ത്ത് അയാള്‍ സമാധാനിച്ചു.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:50 AM
0
അഭിപ്രായങ്ങള്‍
അധ്യായം ഇരുപത്
മൂന്നുവര്‍ഷങ്ങള്‍ക്കുളളില്‍ ഇതാദ്യമായാണ് വീട്ടിലേക്കുപോകുമ്പോള്‍, എവിടെയും അനിശ്ചിതത്വമെങ്കിലും, സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കണികകള്‍ തന്റെ മനസ്സിലുളളതായി കൃഷ്ണന് അറിയുന്നത്. വരുന്ന ദിനങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ട് അയാള്‍ക്ക്. തനിക്കു കീഴടക്കേണ്ടവ മുമ്പില്‍ ഉയര്‍ന്നു കിടക്കുന്നു ഃ നാട്ടിലേക്കുളള ബസ്സിലിരിക്കുമ്പോള്‍ കൃഷ്ണന് ചിന്തിച്ചു. മുമ്പ് തനിക്ക് ചുറ്റും അവ്യക്തതയുടെ പുകമഞ്ഞായിരുന്നു. യഥാര്‍ത്ഥ ദിശയെക്കുറിച്ചറിയാതെ, പലപ്പോഴും മിന്നാംമിനുങ്ങുകളുടെ വെട്ടവും ശബ്ദങ്ങള്‍ വരുന്ന ദിക്കും ആധാരമാക്കിയായിരുന്നല്ലോ യാത്ര. അസംഭാവ്യതയുടെ അതിരുകളിലെത്തുന്നുവെങ്കിലും ദൃഢമായ തീരുമാനങ്ങള്‍ ഇന്ന് മനസ്സിലുണ്ട്. ഒപ്പം അതിന്നു നേരിടേണ്ട വൈഷമ്യങ്ങള്‍ക്കുമുണ്ട് കടുപ്പം. അവയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല ഇനി.
ഒരു മാസത്തിലധികം സ്റ്റഡിലീവുണ്ട്. ഒരു പേപ്പറൊഴിച്ച് ബാക്കിയുളളവയെല്ലാം വളരെ എളുപ്പമായിട്ടാണ് കൃഷ്ണന് തോന്നിയിട്ടുളളത്. മിക്കവാറും വിഷയങ്ങളിലെ പ്രശ്നങ്ങള്‍ ഒരാവര്‍ത്തി ചെയ്തിട്ടുമുണ്ട്. അതിനാല്‍ ഇനി അധികസമയം ചിവഴിക്കേണ്ട കാര്യമില്ല.
മൈസൂരില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ വിനയന് വന്ന വാര്‍ത്തയാണ് നാട്ടിലെത്തിയപ്പോള്‍ കൃഷ്ണനെ കാത്തിരുന്നത്. അമ്മായിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാതെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു - അമ്മ വിനയനെത്തിയ വിശേഷം പറയുമ്പോള്‍ കൃഷ്ണന് ഓര്‍ത്തു.
"എന്നാലും ഇങ്ങനെയുണ്ടോ ഒരു സൃഷ്ടി." അമ്മ അതുപറയുമ്പോള്‍ കൃഷ്ണന് മനോവ്യാപാരങ്ങളില്‍ നിന്ന് ഉണര്‍ന്നു, പിന്നെ തിരക്കി, "എന്താ?"
"നെഞ്ചെത്തെ താടി വളര്‍ത്തി, കാവിയും രുദ്രാക്ഷവുമണിഞ്ഞ് സന്യാസ്യേപ്പോലാണത്രേ വിനയന് വന്നിരിക്കണെ. ഞാന്‍ കണ്ടില്യ. ഗോപാലന് പറഞ്ഞതാ. ഏതു സമേത്തും പൊകേം വലിച്ചോണ്ട് ഒരേ ഇര്പ്പാ. കാര്ന്നോമ്മാര് ചെന്ന് അതുമിതുമൊക്കെ ചോദിച്ചിട്ട് ഒന്നിനും കൃത്യമായ മറുപടീല്യ."
അതുകേട്ട് കൃഷ്ണന് ഒന്നും പറഞ്ഞില്ല. മനസ്സിന്റെ ഏതോ കോണില്‍ പകയുടെ വിഷബീജങ്ങള്‍ തിമിര്‍ത്താര്‍ക്കുന്നുണ്ടോ? അശ്വതിയുടെ ദൗര്‍ഭാഗ്യം എന്ന് ആലോചിക്കാന്‍ ശ്രമിച്ചു അയാള്‍ പിന്നെ.
പെരിഞ്ചേരിയില്‍ നിന്നുളള പോക്കുവരവ് തീരെ കുറഞ്ഞിരുന്നു. അമ്മാവനാണ് പണ്ട് കൂടെക്കൂടെ വന്നിരുന്നത്. അമ്മാവന് അടുത്തയിടെ തീരെ വയ്യാതായിട്ടുണ്ട്. വിശേഷിച്ചെന്തെങ്കിലുമുണ്ടെങ്കില്‍ ഇപ്പോള്‍ ഗോപാലനാണ് വരിക. ഒരു ദിവസം ഗോപാലന് വന്നപ്പോള്‍ വിനയനെക്കുറിച്ച് സവിസ്തരം കൃഷ്ണനോടു പറഞ്ഞു. ലഹരിമരുന്ന് കഴിച്ച് മാനസികനില തകര്‍ന്നായിരുന്നത്രേ ആ വരവ്. വന്നതിനുശേഷം ഇതുവരെ കുളിച്ചിട്ടില്ല. ദേഹത്തോ വസ്ത്രത്തിലോ തൊടാന്‍പോലും സമ്മതിക്കുന്നില്ല. കുറേശ്ശേ ഭക്ഷണം കഴിക്കും. ഉറക്കവും വളരെ അപൂര്‍വ്വമായേ ഉളളൂ. അമ്മായിയുടെ പ്രതീക്ഷകകളെല്ലാം വിനയന് വന്ന അന്നു തന്നെ പൊലിഞ്ഞുപോയി. അവര്‍ ആകെ തകര്‍ന്നിരിക്കയാണത്രേ. വിനയന്റെ വീട്ടിലെക്കാളും ദുഃഖം തളംകെട്ടി നില്‍ക്കുന്നത് പെരിഞ്ചേരിയിലാണ്. അമ്മാവന് ആദ്യമേ നിശ്ചേഷ്ടനായി ഒരിടത്ത്, ഇപ്പോള്‍ അമ്മായിയും അശ്വതിയും. വിനയന്റെ പരീക്ഷകഴിഞ്ഞാല്‍ ഉടനെ അശ്വതിയുമായുളള വിവാഹം ഉറപ്പിക്കണമെന്നും പറഞ്ഞ് ധൃതിയില്‍ കോപ്പുകൂട്ടുകയായിരുന്നു അമ്മായി. അമ്മായിയുടെ വീട്ടിന്നും പെരിഞ്ചേരിക്കുമിടയിലുളള ദൂതു മുഴുവന്നും ഗോപാലനാണ് നിര്‍വ്വഹിക്കുക. അതിനാല്‍ എല്ലാത്തിന്നും സാക്ഷിയാകേണ്ടിവന്നു അയാള്‍.
അന്ന് വിശേഷങ്ങളെല്ലാം പറഞ്ഞ് പോയശേഷം പൈറ്റ് ദിവസവും ഗോപാലന് പടികയറിവരുന്നതു കണ്ടപ്പോള്‍ പ്രത്യേകിച്ചെന്തെങ്കിലും കാര്യത്തിന്നായിരിക്കുമെന്ന് കൃഷ്ണന് ഊഹിച്ചു. ഒരുപക്ഷേ, താനിവിടെയുണ്ടെന്നറിഞ്ഞ് അമ്മാവന് ഇനിയും പെരിഞ്ചേരിയിലേക്ക് ക്ഷണിച്ചിരിക്കുകയായിരിക്കുമോ?
ഗോപാലന്റെ മുഖത്ത് സാധാരണയുളള പ്രസരിപ്പും പുഞ്ചിരിയും കാണാനില്ല. മുറ്റത്തുനിന്നുതന്നെ അയാള്‍ കൃഷ്ണനെ വിളിച്ചു ഃ "കുഞ്ഞിങ്ങോട്ടിറങ്ങി വന്നേ."
പുറത്തേക്കിറങ്ങി ചെല്ലുമ്പോള്‍ ഗോപാലന് പതുക്കെ ചോദിച്ചു, "അമ്മ അകത്തുണ്ടോ?"
"ഉവ്വ്, വിളിക്കണോ?"
വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാട്ടി. എന്നിട്ട് തൊടിയിലേക്ക് കൃഷ്ണനെ വിളിച്ചിറക്കിക്കൊണ്ടുപോയി പറഞ്ഞു, "കുഞ്ഞേ, അമ്മാവന് ഇത്തിരി കൂടുതലാ. നമുക്കമ്മേക്കൂട്ടി ഒടനെ അങ്ങോട്ടുപോകാം, കാറ് കൊണ്ടുവന്നിട്ടുണ്ട്." എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു ഗോപാലന്.
ആ പെരുമാറ്റത്തില്‍ ആകെ ഒരു പന്തികേട്. സംശയത്തിന്റെ കറുത്ത പക്ഷികള്‍ കൃഷ്ണന്റെ മനസ്സിന്നുളളില്‍ കിടന്ന് ചിറകിട്ടടിച്ചാര്‍ക്കുകയാണ്.
"സത്യം പറ ഗോപാലാ, അമ്മാവന് എന്താ പറ്റ്യേ?"
ഗോപാലന് അപ്പോള്‍ മേറ്റ്വിടെയോ ദൃഷ്ടിയൂന്നി നില്‍ക്കുകയായിരുന്നു. കൃഷ്ണന് വീണ്ടും ചോദിച്ചു, "എന്നോടൊന്നും ഒളിച്ചു വയ്ക്കേണ്ട ഗോപാലാ, ഞാന്‍ അറിഞ്ഞെന്നു വച്ച് ഒന്നും വരാനില്ല. എന്താണ്ടായേ?"
ഗോപാലന് വീണ്ടും കൃഷ്ണന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ആ നയനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. അര്‍ത്ഥഗര്‍ഭമായ ആ നോട്ടവും മൗനവും തന്റെ മനസ്സിനെയും ഉലയ്ക്കുകയാണെന്ന് കൃഷ്ണനറിഞ്ഞു.
അമ്മയോട് അമ്മാവന് കൂടുതലാണെന്നേ പറഞ്ഞുളളൂ. പക്ഷേ, പെരിഞ്ചേരിയോടടുക്കുന്തോറും അമ്മയും യാഥാര്‍ത്ഥ്യം അറിയുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും വെറുതെ എന്തിന് നുണപറയണമെന്നു കരുതി അയാള്‍ മറുപടിയൊന്നും കൊടുത്തില്ല, മൗനസമ്മതങ്ങള്‍ പോലെ. അപ്പോഴേ വിതുമ്പിത്തുടങ്ങിയിരുന്നു അമ്മ. പെരിഞ്ചേരിയുടെ പടികയറുമ്പോള്‍ ഉളളില്‍ നിന്നുമുയരുന്ന വിലപനങ്ങളുടെ മുഴക്കം മതിയായിരുന്നു അമ്മയുടെകരച്ചില്‍ ഉറക്കെയാവാന്‍.
എല്ലാത്തിലും അയാള്‍ ഒരു പ്രതിമ കണക്കെ നിന്നു. ശേഷക്രിയയ്ക്ക് അനന്തരവന്റെ സ്ഥാനത്തുനിന്നുളള കാര്യങ്ങള്‍ ചെയ്യണം. പതിന്നാലു കഴിയുന്നതുവരെ പെരിഞ്ചേരിയിലെ ഔട്ട്ഹൗസിലായിരുന്നു താമസം. തീരെ ഇഷ്ടമുണ്ടായിട്ടല്ല അയാള്‍ അവിടെ കഴിഞ്ഞത്, എങ്കിലും മറ്റുളളവരെപ്രതി അമ്മാവന്റെ ആത്മാവിനെ നിന്ദിക്കാന്‍ എട കൊടുക്കരുത്. ഏട്ടന് ഒരു കാരണവരെപ്പോലെയാണ് പെരുമാറുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും ഓടിനടക്കാനും വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കാനും ഏട്ടന് മുന്‍നിരയില്‍ തന്നെയുണ്ട്. പഴയ ആ തണുപ്പന്‍ പ്രകൃതം എവിടെയൊ പോയി ഒളിച്ചിരിക്കുന്നു.
ആഗ്നസിനെ വിശേഷങ്ങള്‍ എഴുതി അറിയിക്കണമെന്ന് കൃഷ്ണന് വിചാരിച്ചിരുന്നതാണ്. പിന്നെ വെണ്ടന്നു വച്ചു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയശേഷം സ്വസ്ഥമായിരുന്നൊരു കത്തെഴുതാം.
പതിന്നാലു കഴിഞ്ഞ അന്നുസന്ധ്യക്കുതന്നെ കൃഷ്ണന് ഔട്ട്ഹൗസില്‍ നിന്ന് പെരിഞ്ചേരിയിലേക്കു വന്നു, വീട്ടിലേക്കു പോകാന്‍ തയ്യാറായി. അയാളുടെ വേഷം തീരെ മുഷിഞ്ഞിരുന്നു അപ്പോഴേക്കും.
ഉമ്മറത്ത് ആരെയും കാണുന്നില്ല. അമ്മയെയാണ് കൃഷ്ണന് വിളിച്ചത്. അയാളെ കണ്ടയുടനെ അമ്മ ചോദിച്ചു, "നീ പോവ്വായിരിക്കും, അല്ലേ?"
"ങ്ഹാ, പരീക്ഷയടുക്കാറായില്ലേ. അമ്മായിയെ ഒന്നു വിളിക്കൂ."
അകത്ത് കാല്പ്പെരുമാറ്റങ്ങള്. ആരൊക്കെയോ തന്നെ ശ്രദ്ധിച്ച് ഉളളില്‍ നില്‍ക്കുന്നുണ്ടെന്ന് വ്യക്തം. അയാള്‍ അങ്ങോട്ട് നോക്കാന്‍ പോയില്ല.
അമ്മായി വരാന്തയില്‍ വന്നു നില്‍ക്കുന്നത് കൃഷ്ണനറിഞ്ഞു. കരഞ്ഞു ചീര്‍ത്ത അവരുടെ കണ്പോളകള് ഇപ്പോഴും അങ്ങനെ തന്നെ. കണ്ണുകള്‍ കൂടുതല്‍ ഉളളിലേക്കാണ്ടു പോയിരിക്കുന്നു.
"നീ ഇങ്ങോട്ട് കയറണില്ലേ, കൃഷ്ണാ?" അമ്മായി ചോദിക്കുന്നു. അതു മനഃപൂര്‍വ്വം തന്നെയാണല്ലോ. എങ്കിലും അയാള്‍ മറുപടി കൊടുത്തു, "ഓ, ഞാന്‍ കേറണില്ല അമ്മായി. പോവ്വാണെന്നു പറയാന്‍ വിളിച്ചതാ, പരീക്ഷയ്ക്കിനി കുറച്ചു ദിവസമേയുളളൂ."
"നീയും പൊയ്ക്കോ മോനെ, ഞങ്ങള്‍ക്ക് ആരും വേണ്ടല്ലോ." അവരതു പറഞ്ഞു മുഴുപ്പിക്കുന്നതിനു മുമ്പുതന്നെ കണ്ണുകള്‍ ആര്‍ദ്രമാകുന്നതു കണ്ടു. മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണീരൊപ്പി, അവര്‍ തുടര്‍ന്നു, "എനിക്കു നിന്നെ തടുത്തുനിര്‍ത്താനുളള അര്‍ഹതയില്ലല്ലോ. അതാ ഞാന്‍ പറയാത്തേ."
"അമ്മ ഇവിടെ ഉണ്ടല്ലോ അമ്മായി. ഏട്ടനേം ഞാന്‍ ഇങ്ങോട്ട് പറഞ്ഞു വിടാം."
"ങ്ഹാ, ശരി."
പടിയിറങ്ങി നടക്കുമ്പോള്‍ അമ്മായിയുടെ സ്വഭാവവ്യത്യാസത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു അയാള്‍. അശ്വതിക്ക് വിനയന് അല്ലെങ്കില്‍ മറ്റൊരാള്‍ എന്നേ കരുതിയിരുന്നുളളൂ. പക്ഷേ, കുറച്ചു മുമ്പു കേട്ട ആ വാക്കുകളുടെ ധ്വനി വീണ്ടും തന്നെ ഒരു വിഷമവൃത്തത്തില്‍ കുടുക്കുന്നതിന്റേതാണ്. അമ്മാവന്റെ വിയോഗം മൂലം പെരിഞ്ചേരിയില്‍ ഒരു ആണ്‍തുണ അത്യാവശ്യമാണ്. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ നേരെ തന്നിലേക്കേ തിരിയുകയുളളൂ. ഇടയ്ക്കുണ്ടായ അപശ്രുതികളൊന്നും ആര്‍ക്കുമറിയില്ല. കൃഷ്ണന് ചിന്തിച്ചു.
ഏറെ ആലോചിക്കാതിരിക്കുന്നതാണ് നന്നെന്ന് പിന്നെ അയാള്‍ക്കു തോന്നി.
വീട്ടിലെത്തി കുളിച്ചു. വെളളത്തിന്റെ കുളിര്‍മ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. പഠിക്കാനിരുന്നപ്പോള് ഏട്ടിലെയക്ഷരങ്ങള്‍ വളരെ അകലെയെന്ന വണ്ണം തോന്നിപ്പിക്കുന്നു. ഒപ്പം തലവേദനയും. കിടക്കയിലേക്കു ചരിയുമ്പോള്‍ സ്റ്റഡിലീവിലെ പൊലിഞ്ഞു പോയ പകുതി ദിനങ്ങളെക്കുറിച്ച് അയാള്‍ വെറുതെ ഓര്‍ത്തു.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:47 AM
1 അഭിപ്രായങ്ങള്‍
അധ്യായം പത്തൊമ്പത്
ഒരു തീരുമാനത്തിലേക്ക് അയാളുടെ ആലോചനകള്‍ ചെന്നെത്തുന്നില്ല. എവിടെയും ഞെരുക്കങ്ങളും കൂടിക്കുഴച്ചിലുകളുടെ സങ്കീര്‍ണ്ണതയും. അവസാനം കൃഷ്ണനൊരു കാര്യം മനസ്സിലായി- തനിക്കു സ്വന്തമായൊരു തിരുമാനത്തിലെത്തിച്ചേരാനാവില്ല, ബന്ധങ്ങളുടെയും കടപ്പാടുകളുടെയും വളളികള്‍ തന്റെ കൈകാലുകളില്‍ പിണഞ്ഞു കിടക്കുന്നു.
പ്രഫസ്സറുടെ വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സിന്റെ പിരിമുറുക്കമൊന്നയഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏതുപദേശവും സ്വീകരിക്കാനുളള മനസാന്നിദ്ധ്യം ഉണ്ടെന്ന തോന്നല്‍ അയാളുടെ നടപ്പിന്നു വേഗതയേകി.
ഒരു സാധാരണ സന്ദര്‍ശനമെന്ന രീതിയിലേ കൃഷ്ണന് പ്രഫസ്സറോട് ആദ്യം പെരുമാറിയുളളൂ. സംഭരിച്ചുകൊണ്ടുവന്ന ധൈര്യം എവിടെയോ ചോര്‍ന്നൊലിച്ചു പോയതുപോലെ. പുറത്ത് ഇരുട്ട് പരക്കുന്നു. അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിക്കുകയാണ്. ചില സമയങ്ങളില്‍ പ്രഫസ്സറുടെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ.
പ്രഫസ്സര്‍ പറയുന്ന കാര്യങ്ങളൊന്നും കൃഷ്ണന്റെ മനസ്സിലേക്കു കയറുന്നില്ല. പ്രശ്നമെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലാണ്ടിരിക്കുകയാണ് അയാള്‍.
അവസാനം പ്രഫസ്സര്‍ തന്നെ അതിന്ന് വഴിയൊരുക്കി, "കൃഷ്ണനെന്താണിന്ന് മൂഡ് ഓഫായി ഇരിക്കുന്നത്?"
"സോറി സര്, ഞാന്‍ വേറെ ചില കാര്യങ്ങള്‍ സംസാരിക്കാനാണ് ഇങ്ങോട്ടു വന്നത്. പക്ഷേ, ഇതുവരെ അതു പറയുവാനുളള കരുത്ത് കിട്ടിയില്ല എനിക്ക്."
"ബി സ്റ്റെഡി കൃഷ്ണന്. എന്തു കാര്യമാണെങ്കിലും പറഞ്ഞുകൊളളൂ, മടിക്കേണ്ട. വരൂ, നമുക്ക് മുകളിലേക്ക് പോകാം. അവിടെസ്വസ്ഥമായിരുന്ന് സംസാരിക്കാം."
മുകളില്‍ വച്ച് അയാള്‍ പ്രഫസ്സറോട് എല്ലാം പറഞ്ഞു - അശ്വതിയുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതുമുതല്‍ ബാംഗ്ലൂരിലേക്കുളള പാലായനത്തിന്റെ വിശദാംശങ്ങള്‍ വരെ. അദ്ദേഹം എല്ലാം അക്ഷോഭ്യനായി ഇരുന്നു കേട്ടു. ഒരു പേമാരിക്കുശേഷമുളള കുളിര്‍മയും സമാധാനവുമായിരുന്നു കൃഷ്ണന്റെ മനസ്സിന്ന് അപ്പോള്‍.
എന്തോ ആലോചിക്കും വണ്ണം അദ്ദേഹം കുറെ നേരം നിശബ്ദനായി ഇരുന്നു. ഒടുവില്‍ പറഞ്ഞു, "കൃഷ്ണനും ആഗ്നസും തമ്മിലുളള ബന്ധത്തിന് ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷേ കൃഷ്ണനറിയാമോ, ആഗ്നസിന്റെ മമ്മി എനിക്കീ ലോകത്താകെക്കൂടിയുളള ഒരു ബന്ധുവാണ്. അവളുടെയോ നിങ്ങളുടെയോ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാനും എനിക്ക് സാധ്യമല്ല. സ്റ്റില്‍ ഐ ആം വിത് ദ ന്യൂ ജനറേഷന്. എല്ലാം സംഭവിച്ചശേഷം ഞാന്‍ ആഗ്നസിന്റെ മമ്മിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാം. ആരോടും മിണ്ടാതെ നിങ്ങള്‍ ബാംഗ്ലൂരിലേക്ക് പോകാതെയിരുന്നത് ഏതായാലും നന്നായി. ഒരുപക്ഷേ, അദ്ദേഹം നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടായേനെ. ഞാനെല്ലാം ശരിയാക്കാം നോക്കാം. മിസ്റ്റര്‍ ലോറന്‍സിനെ എനിക്കും അടുത്തറിയാം. പുതിയ ചിന്താഗതിക്കാരനാണ്, നിങ്ങളെ കൈയൊഴിയുമെന്ന് എനിക്ക് തോന്നുന്നില്ല."
സമ്മിശ്രവികാരങ്ങളുടെ അഗ്നിപര്‍വ്വതം എത്ര പെട്ടന്നാണ് മനസിന്നുളളില്‍ നിറഞ്ഞു കവിയുന്നത്. ഒന്നും അയാള്‍ക്ക് നിയന്ത്രിക്കാനാവുന്നില്ല. മേശയില്‍ മുഖമമര്‍ത്തി കൃഷ്ണന് ഏങ്ങിക്കരഞ്ഞു. പടികളിറങ്ങി പ്രഫസ്സര്‍ താഴേക്കു പോകുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാനാവുന്നുണ്ട്. കൃഷ്ണന് അവിടെത്തന്നെ ഇരുന്നു. വേലിയേറ്റത്തിലെ ഓളങ്ങളുടെ ശക്തി താനേ കുറഞ്ഞുവന്നു പിന്നെ.
പ്രഫസ്സര്‍ തിരികെ മുകളിലേക്ക് വന്ന് കൃഷ്ണന്റെ മുഖം പിടിച്ചിയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ വൈന്‍ നിറച്ച സ്ഫടികപ്പാത്രം അയാള്‍ കണ്ടു. അദ്ദേഹം അതു നീട്ടുന്നതിനു മുമ്പുതന്നെ കൃഷ്ണന് കൈയില്‍ വാങ്ങി കുടിച്ചു. പ്രഫസ്സറുടെ ചുണ്ടുകളിലൂടെ മന്ദസ്മിതത്തിന്റെ ഒരല കടന്നുപോയി അപ്പോള്‍.
പ്രഫസ്സര്‍ അയാളുടെ അരികിലൊരിടത്തു തന്നെ ഇരുന്നു, കൃഷ്ണന് അക്ഷോഭ്യനായി ഇരിക്കാന്‍ ശ്രമിക്കുകയും.
നീണ്ട നിശബ്ദതയ്ക്ക് പ്രഫസ്സര്‍ തന്നെ വിരാമമിട്ടു ഃ "കൃഷ്ണന്, നിങ്ങളെന്തായാലും സ്റ്റഡിലീവിനിടയ്ക്ക് ബാംഗ്ലൂരിലേക്കു പോകേണ്ട. കാരണം സമ്പത്തിന്റെ ഇരിപ്പിടത്തിലേക്കാണ് ചെല്ലുന്നതെങ്കിലും ഈ സാഹചര്യത്തില്‍ കൃഷ്ണനൊരു ജോലി അത്യാവശ്യമാണ്. പരീക്ഷ കഴിയുമ്പോഴേക്കും മി. ലോറന്‍സിന്റെ സ്വാധീനത്താല്‍ ഒരു നല്ല ജോലി ബാംഗ്ലൂരില്‍തന്നെ സംഘടിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഒളിച്ചോട്ടത്തിന്റെ പേരില്‍ രണ്ടുപേരും ഡിഗ്രി വെറുതെ കളഞ്ഞു കുളിക്കുകയും വേണ്ട, കൃഷ്ണന് സ്വന്തം കാലില്‍ നില്ക്കാനുമാവും."
ആ നിര്‍ദ്ദേശം നല്ലതാണെന്നു കൃഷ്ണനും തോന്നി. മറ്റൊരാളുടെ കൈയിലെ പണവും കണ്ട് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.
പ്രഫസ്സറും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പൈറ്റ്ദിവസം കൃഷ്ണന് ആഗ്നസിന്നെ അറിയിച്ചപ്പോള്‍ എല്ലാം പ്രതീക്ഷിച്ചതുപോലെയാണ് അവള് പ്രതികരിച്ചത്.
എങ്കിലും പിരിയുമ്പോള്‍ അവള് പറഞ്ഞു, "എല്ലാം വിചാരിച്ചപോലെ നടക്കുന്നുണ്ടെങ്കിലും മനസ്സിനൊരു സ്വസ്ഥത കിട്ടുന്നില്ല കൃഷ്ണന്. വീട്ടില്‍ ചെന്നാല്‍ നരകത്തിലെത്തിയപോലെയാണ് ഓരോ കാര്യങ്ങള്‍. ഇറ്റ് ഈസ് സര്‍പ്രൈസിങ് ദാറ്റ് എവരിതിങ് ഈസ് ഫോര്‍ ലവ്."
'നവതരംഗ'ത്തിലെ ശാസ്ത്രപംക്തി ഒരു ബാധ്യതയായി തോന്നി കൃഷ്ണന്. പരീക്ഷ കഴിഞ്ഞാല്‍പ്പിന്നെ കലങ്ങിമറിഞ്ഞ ഒരന്തരീക്ഷമാവും തനിക്കു ചുറ്റും, അതുവരെ പ്രക്ഷുബ്ധമായ മനസ്സും. പഠിക്കാന്‍ തന്നെ ശാന്തത ലഭിച്ചെന്നു വരികയില്ല. പത്രത്തില്‍ നിന്ന് ഉടനെ വിടുതി നേടുന്നതാണ് നല്ലതെന്ന് കൃഷ്ണന് തോന്നി. ശാസ്ത്രപംക്തി കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നു കാണിച്ച് പത്രാധിപര്‍ക്കെഴുതുമ്പോള്‍ ഒന്നു രണ്ടുവട്ടം വീണ്ടും ആലോചിച്ചിരുന്നു അയാള്‍. വേണോ വേണ്ടയോയെന്ന ചിന്തയ്ക്ക് കൃത്യമായ ഉത്തരം അപ്പോഴും മനസ്സ് കൊടുക്കുന്നില്ല. താനര്‍ഹിക്കുന്നതിലധികം പേരും പെരുമയും ആ പംക്തിയിലൂടെ കിട്ടിയിട്ടുണ്ട്, കൃഷ്ണന് ഓര്‍ത്തു. അടുത്ത നാളുകളില്‍ പ്രസംഗിക്കാന്‍ പല ശാസ്ത്രീയ സംഘടനകളുടെ ക്ഷണങ്ങള്‍ പോലും കിട്ടിത്തുടങ്ങിയിരുന്നു. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ശാസ്ത്രീയ വിജ്ഞാനം, ആധികാരികമായും വ്യക്തമായും കൃഷ്ണന്റെ പംക്തിയില്‍ വിവരിക്കപ്പെടുന്നതു കൊണ്ടാണ് അത് പെട്ടന്ന് പ്രസിദ്ധി നേടിയത്.
ഒടുവില്‍ കൃഷ്ണന് തീരുമാനമെടുത്തു - ശാസ്ത്രപംക്തി ഉപേക്ഷിക്കുക. അത്രയെങ്കിലും സമാധാനം മനസ്സിന്നും ബുദ്ധിക്കും ലഭിക്കട്ടെ.
എല്ലാം തീര്‍ത്ത്, ഒരു ദിവസം കൃഷ്ണന് സുഖമായി കിടന്നുറങ്ങി. കോളേജില്‍ പോകേണ്ട, 'നവതരംഗ'ത്തിന്നു വേണ്ടി റഫര്‍ ചേയ്യേണ്ട. എല്ലാത്തിലും നിന്ന് അകന്നുമാറി ഒരു തുരുത്തിലെത്തപ്പെട്ടതുപോലെ, അവിടെ ആഗ്നസും.
ആഗ്നസിനോട് അയാള്‍ എല്ലാം വിവരിച്ചു. 'നവതരംഗ'ത്തിലെ ജോലി ഉപേക്ഷിച്ചുവെന്ന് പറഞ്ഞപ്പോള്‍ അവള് അഭിപ്രായപ്പെട്ടു, "അതു കളയേണ്ടായിരുന്നു. കൃഷ്ണന് അത് തുടര്‍ന്നു നടത്താനുളള കഴിവുണ്ട്, ഏതു പ്രശ്നങ്ങളുടെ നടുവില്‍ നിന്നായാലും."
തമാശയ്ക്കെന്നവണ്ണം അപ്പോള്‍ കൃഷ്ണന് പറഞ്ഞു, "ഒരു ബാധ്യത തലയിലേറ്റുന്നതിനു വേണ്ടി, മറ്റുളളവയെല്ലാം ഞാന്‍ ഒഴിവാക്കുകയാണ്."
അവളുടെ മുഖത്ത് ഇരുള്‍പരക്കുന്നത് കൃഷ്ണന് കണ്ടു. അവളെ സ്വാന്തനപ്പെടുത്തുമ്പോള്‍ ഒരു വിഭ്രാന്തിയിലെന്നവണ്ണം അയാള്‍ പറഞ്ഞുപോയി, "നീയെനിക്കൊരു മാലാഖയാണാഗ്നസ്. എന്നെ തോളിലേറ്റി നീ പറക്കുമ്പോഴാണ് ഞാന്‍ ഈ ലോകം മുഴുവന്‍ കാണുന്നതും സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി അറിയുന്നതും. നീയെനിക്ക് ഒരിക്കലും ബാധ്യതയാവില്ല, ഒരിക്കലും. സത്യം." അയാള്‍ ആഗ്നസിന്റെ കവിളില്‍ കൈയമര്‍ത്തി, അവിടെ രക്തച്ഛവി പടരുന്നത് ശ്രദ്ധിച്ചിരുന്നു പിന്നെ. പാര്‍ക്കില്‍ ഇടതൂര്‍ന്നു വളരുന്ന മെയിലാഞ്ചിച്ചെടിയുടെ സ്വകാര്യതയില്‍ അവരുടെ അധരങ്ങള്‍ കോര്‍ക്കുമ്പോള്‍, വേലിയേറ്റം കണ്ട് ഞണ്ടുകള്‍ കായല്‍തീരത്തെ കായല്‍ക്കെട്ടിന്നുളളില്‍ നിന്ന് മുകളിലേക്ക് കയറുകയായിരുന്നു.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:43 AM
0
അഭിപ്രായങ്ങള്‍
അധ്യായം പതിനെട്ട്
രണ്ടുമൂന്നു മാസങ്ങള്‍ക്കുളളില്‍ കൃഷ്ണന്റെ ജീവിതത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങള്‍ ഏറെ സന്തോഷിപ്പിച്ചത് ആഗ്നസിനെ ആയിരുന്നു. ബീച്ചിലോ പാര്‍ക്കിലോ വച്ച് അവളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടിയാല്‍ ഉടനെ അയാളെ പരിചയപ്പെടുത്തിക്കൊടുക്കും", കൃഷ്ണകുമാറിനെ അറിയില്ലേ? 'നവതരംഗ'ത്തിന്റെ വീക്കെന്റിലെ സയന്‍സ് സെക്ഷന്‍ കൈകാര്യം ചെയ്യുന്നത് കൃഷ്ണകുമാറാണ്." പലപ്പോഴും അറിയില്ലെന്നാവും പ്രതികരണം. പിന്നെ അതെക്കുറിച്ച് വിസ്തരിച്ച് പറഞ്ഞു തുടങ്ങുകയായി അവള്. അയാള്‍ക്ക് വളരെ പാടുപെടേണ്ടിവരും സംഭാഷണം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ട് ബോറടി ഒഴിവാക്കാന്‍.
ചിങ്ങം പിറന്നപ്പോഴാണ് ആകാശത്തൊരിത്തിരി വെട്ടം വീണത് വാടകമുറിയുടെ പിന്നില്‍ തുമ്പയും മുക്കൂറ്റിയും പൂത്തു. പാത്രത്തിലെ കരി ഒലിച്ചിറങ്ങുന്നിടത്തേക്ക് പടര്‍ന്നു കയറിയ പച്ചപ്പില്‍ കാക്കപൂവുകള്‍ വിരിഞ്ഞു. വിവിധ വര്‍ണ്ണങ്ങളിലുളള കാശിത്തുമ്പകളുടെ പൂക്കളാല്‍ ഹെലന്റെ പൂന്തോട്ടം നിറഞ്ഞപ്പോള്‍ അത് എക്കാലത്തെക്കാളും മനോഹരമായി.
സായാഹ്നങ്ങളില്‍ ആകാശം വരളുമെന്നു തോന്നുന്നു. പ്രഭാതത്തിലെ ചാറ്റല്‍ മഴ, പാര്‍ക്കിലെ ബഞ്ചുകളില്‍ സൃഷ്ടിക്കുന്ന നനവ് വൈകുന്നേരത്തോടെ വലിഞ്ഞിട്ടുണ്ടാകും. ഒഴിവുവേളകള്‍ വീണ്ടും പാര്‍ക്കിലും ബീച്ചിലുമൊക്കെയായി. ഹെലനെ അത്തവണ ഒന്നാംക്ലാസ്സില്‍ ചേര്‍ത്തതിനാല്‍ വളരെ അപൂര്‍വ്വമായേ അവള് കൃഷ്ണന്റെയും ആഗ്നസിന്റെയുമൊപ്പം ചെല്ലാറുളളൂ.
ഒന്നും മിണ്ടാതെ ഇരിപ്പിടത്തില്‍ നിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ് പാര്‍ക്കിനോടു ചേര്‍ന്നുളള ബോട്ടുജട്ടിയിലെ ആള്‍ക്കൂട്ടത്തിലേക്ക് ആഗ്നസ് മറയുമ്പോള്‍ കൃഷ്ണന് ഇതികര്‍ത്തവ്യമൂഡനായി ഇരിക്കാനേ കഴിഞ്ഞൂളളൂ. ഇത്ര വചിത്രമായ രീതിയില്‍ അവള് പെരുമാറാനുളള കാരണമന്വേഷിച്ച് അയാള്‍ ചുറ്റും നോക്കി. അപ്പോഴാണ് അകലെ വെട്ടിനിര്‍ത്തിയിരിക്കുന്ന നെല്ലിച്ചെടികളുടെ ഇടയിലൂടെ ആഗ്നസിന്റെ മമ്മി നടന്നടുക്കുന്നതു കണ്ടത്. തന്റെ കൂടെ ബീച്ചിലേക്കോ പാര്‍ക്കിലേക്കോ വരുന്നു എന്ന് പറഞ്ഞാല്‍ മമ്മി തടയാറില്ല എന്നാണല്ലോ ആഗ്നസ് പറയാറ്. ആഗ്നസിപ്പോള്‍ മമ്മിയില്‍ നിന്നും ഒളിച്ചോടിയതാണെന്ന് വ്യക്തം. അയാള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല.
ആഗ്നസിന്റെ മമ്മി അയാളുടെ അടുത്തെത്തി. എങ്ങോട്ടും തിരിയാതെയാണ് ആ നടപ്പ്. കൃഷ്ണനെ അകലെ നിന്ന് കണ്ടോ എന്തോ; അയാളിരുന്ന ഭാഗത്തേക്ക് നോക്കാതെ അവര്‍ ധൃതിയില്‍ നേരെ നടന്നുപോയി.
ജട്ടിയില്‍ ഇപ്പോഴും നല്ല തിരക്കുണ്ട്. എങ്ങോട്ടെങ്കിലും പോകാനായിരുന്നെങ്കില്‍ ആഗ്നസ് പറയാതെ പോകുമായിരുന്നില്ല. അവള് അവിടെയുണ്ടൊ എന്നറിയാന്‍ കടല്‍ഭിത്തിയുടെ മറവും തിരക്കും തടസ്സമാകുന്നു. മമ്മി കാണാതെ മറഞ്ഞു നില്ക്കുന്നതാണെന്ന കാര്യം തീര്‍ച്ച. പക്ഷേ, അതിന്റെ കാരണമെന്തെന്നാണ് അയാള്‍ക്ക് മനസ്സിലാകാത്തത്.
കുറെ കഴിഞ്ഞപ്പോള്‍ നാലുപാടും നോക്കിക്കൊണ്ട് ആഗ്നസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇറങ്ങിവരുന്നത് അയാള്‍ കണ്ടു. ആ മുഖം വിളറി വെളുത്തിരുന്നു. എന്തൊക്കെയോ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുംപോലെ അവള് കൃഷ്ണന്റെ മുഖത്തുതന്നെ നോക്കി
"ആഗ്നസ്, എനിക്കൊന്നും മനസ്സിലാകുന്നില്ല. മമ്മി ഇതുവഴി പോകുന്ന കണ്ടു", അയാള്‍ പറഞ്ഞു.
അപ്പോള്‍ ആ വദനം വീണ്ടും വാടി. നിലത്തെവിടെയോ ദൃഷ്ടിയൂന്നിക്കൊണ്ട് ഒരേയിരുപ്പ്.
ഇഴഞ്ഞുനീങ്ങുന്ന ഘടികാരസൂചിയുടെ സ്പന്ദനം പോലും തിരിച്ചിയാവുന്ന നിശബ്ദത.
"വലിയൊരു പ്രശ്നത്തില്‍ ഞാനകപ്പെട്ടിട്ട് നാളുകളായി കൃഷ്ണന്. ഞാനതെങ്ങനെ പറയുമെന്നാലോചിച്ച് വിഷമിച്ചു നടക്കുകയായിരുന്നു. കുറച്ചുമുമ്പിവിടെ നടന്ന നാടകത്തിന്റെ അര്‍ത്ഥം പറയണമെങ്കില്‍ ഞാനാദ്യം മുതലേ തുടങ്ങണം." അവള് പറഞ്ഞു.
എന്തോ ആലോചിച്ച് ആഗ്നസ് വീണ്ടും മൗനിയായി. പിന്നെ തുടര്‍ന്നു", ഞാന്‍ ഒന്നും വളച്ചുകെട്ടുന്നില്ല കൃഷ്ണന്. ഒരു ഫ്രെണ്ട്ഷിപ്പ് എന്നതിലധികം നമ്മുടെ റിലേഷനെപ്പറ്റി മമ്മിക്ക് അടുത്തനാള്‍വരെ ഒന്നുമറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഇപ്പോള്‍ മമ്മിക്ക് അങ്ങനെയല്ല തോന്നുന്നത്."
"ഞാന്‍ മമ്മിയോട് എല്ലാം തുറന്നു പറയണമെന്നു കരുതി ഇരിക്കുകയായിരുന്നു. ഇനി ആഗ്നസെന്തങ്കിലും സൂചിപ്പിച്ചോ?"
"അതൊന്നുമല്ല കൃഷ്ണന് പ്രശ്നം. സാഹചര്യങ്ങള്‍ക്കൊത്ത് മമ്മിക്കുണ്ടാകാവുന്ന തോന്നലുകളാണ്. നമ്മുടെ കാര്യത്തിലതു ശരിയായെന്നു മാത്രം."
"ഞാന്‍ അതെക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് ശരിയായിരിക്കുമെന്നു തോന്നുന്നില്ല. കുടുംബ ബന്ധങ്ങളില്‍ എന്തെല്ലാം കാര്യങ്ങള്‍ മറച്ചുവയ്ക്കാനുണ്ടാകും..."
"ഞാനൊന്നും മറച്ചുവയ്ക്കുന്നതല്ല കൃഷ്ണന്. മനസിന് ടെന്‍ഷനായാല്‍ പിന്നെ എന്തു പറയണമെന്നുപോലും മറക്കുന്നു. പൂര്‍വ്വബന്ധങ്ങളുടെ കുറെ പൊട്ടിയ ചരടുകള്‍. അവ കൂട്ടിയിഴപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലതു പൊട്ടിക്കേണ്ടി വരുന്നു. അത്രതന്നെ."
"ആഗ്നസ് ഒരു സന്യാസിയെപ്പോലെ സംസാരിക്കുന്നു", കളിയാക്കുന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
"സോറി കൃഷ്ണന്. ഞാനെല്ലാം പറയാം. ഫോര്‍ട്ടുകൊച്ചിയില്‍ മമ്മിക്കൊരു ഫ്രണ്ടുണ്ടായിരുന്നു. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അവര്‍ സ്വിറ്റ്സര്‍ലന്റിലേക്ക് ഭര്‍ത്താവിനോടൊപ്പം പോയി. ഞാന്‍ അവരെ ആന്റിയെന്നാണ് വിളിച്ചിരുന്നത്. ഇവിടെ നിന്നുപോകുമ്പോള്‍ ആന്റിക്ക് ഒരു മകനുണ്ടായിരുന്നു - മൈക്ക്. തല്ലു കൂടുന്നതിനിടയില്‍ ഫ്ലവര്‍വേസെടുത്ത് മൈക്കിന്റെ തലയ്ക്കെറിഞ്ഞ ഒരു നേരിയ ഓര്‍മയേ ആ ബന്ധത്തെപ്പറ്റി എനിക്കുളളൂ. മൈക്കിപ്പോള്‍ ഡോക്ടറാണത്രേ. സ്വിറ്റ്സര്‍ലന്റിലേക്ക് പോയശേഷം ആന്റി നാട്ടില്‍ വരുന്നത് ഈയിടെയാണ്. ആന്റിക്ക് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ടായി അതിന്നിടയ്ക്ക്. ഒരു ദിവസം ആന്റിയെ സന്ദര്‍ശിച്ച് മടങ്ങിവന്നശേഷമാണ് മമ്മി ഓരോന്ന് പറഞ്ഞു തുടങ്ങുന്നത്. എന്റെ സെന്റിമെന്റ്സ് ഉണര്‍ത്താനെന്നപോലെ എന്നെയും മൈക്കിനെയും ചേര്‍ത്ത് ബാല്യകാലത്തു നടന്ന ഓരോ കാര്യങ്ങള്‍ മമ്മി വിവരിച്ചു. ഞാന്‍ ഫ്ലവര്‍വേസ് എടുത്തെറിഞ്ഞത്, എന്റെ ഫ്രോക്കിലെ വളളികള്‍ മൈക്ക് ടേബിളിന്റെ കാലില്‍ കെട്ടിയിട്ടത്, അതിന്ന് പ്രതികാരമെന്നോണം ബോട്ടുജട്ടിയില്‍ വച്ച് മൈക്കിനെ ഞാന്‍ തളളിയിട്ട് ഉപ്പുവെളളം കുടിപ്പിച്ചത്.... അങ്ങനെ പലതും. എന്നില്‍ പ്രതികരണമൊന്നും കാണാതായപ്പോള്‍ മമ്മി ഉളളകാര്യം വെട്ടിത്തുറന്നു പറഞ്ഞു. ആന്റിയാണ് പ്രൊപ്പോസല്‍ വെച്ചത്. മമ്മിക്കുപ്രായം ഏറി വരികയല്ലേ. മൈക്കിനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് എന്നെ സ്വിറ്റ്സര്‍ലന്റിലേക്ക് അയയ്ക്കുകയാണെങ്കില് മമ്മിയുടെ ഭാരം ഒഴിയും. ഫ്രണ്ട് എന്നനിലയില്‍ ആന്റി മമ്മിയോടുളള കടമ നിറവേറ്റുകയാണത്രേ. അതൊക്കെ കേള്‍ക്കുമ്പോഴും ഞാന്‍ നിശബ്ദയായി നിന്നതാണ് ഈ സംശയങ്ങള്‍ക്കൊക്കെ കാരണമെന്നു തോന്നുന്നു. ഈ ദിവസങ്ങളില്‍ വീട്ടില്‍ ചിലവഴിക്കാന്‍ വളരെ വിഷമമാണ് കൃഷ്ണന്. സമ്മതത്തിനുവേണ്ടി മമ്മിയുടെ വിവിധ സ്വരങ്ങളിലുളള സമ്മര്‍ദ്ദം. കൂടെക്കൂടെയുളള ആന്റിയുടെ സന്ദര്‍ശനവും മകളോടെന്നതുപോലെയുളള പെരുമാറ്റവും. എത്രയധികം ഡ്രസ്സാണെന്നോ വീട്ടില്‍ ആന്റി കൊണ്ടുവന്നിട്ടിരിക്കുന്നത്. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ സ്നേഹവും ദുസ്സഹമാവുകയാണ് കൃഷ്ണന്."
യഥാര്‍ത്ഥ ജീവിതം, പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നീളുന്ന നൈരന്തര്യമാണെന്നു പറയുന്നത് ശരിയാവുകയാണ്. അങ്ങനെയെങ്കില്‍ ജീവിതത്തിലെ സ്വച്ഛന്ദമായ ഒരവധിക്കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഒന്നുംപറഞ്ഞ് ആഗ്നസിനെ വിഷമിപ്പിക്കേണ്ട. ഭാവിയെക്കുറിച്ച് എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ വേറൊരവസരത്തില്‍ ഒന്നിച്ചിരുന്നു പറയാം, കൃഷ്ണന് വിചാരിച്ചു.
സ്വാന്തനപ്പെടുത്താന്‍ വാക്കുകളില്ല. ഒന്നുകില്‍ നഷ്ടബോധത്തിന്റെ അതല്ലെങ്കില്‍ സ്വാര്‍ത്ഥതയുടെ പുഴുക്കുത്തുകളുളള വാക്കുകളായിരിക്കാം മനസ്സറിയാതെ വരിക. ഈ പാവക്കൂത്തിലെ ചമയങ്ങള്‍ ചാര്‍ത്തിയൊരു കോലമായല്ലോ താനും. എങ്കിലും, എന്തെങ്കിലും രണ്ടുവാക്കുകള്‍ പറയേണ്ടേ നന്ന വിചാരത്താല്‍ അയാള്‍ പറഞ്ഞു, "നാം കുഞ്ഞുങ്ങളല്ലല്ലോ ആഗ്നസ്. സ്വന്തം വ്യക്തിത്വത്തെ ഹോമിക്കാതെ തീരുമാനമെടുക്കൂ. എങ്ങുമെത്താത്ത ആലോചനയാണ് മനസ്സിന് കൂടുതല്‍ വിഷമകരമാവുക."
കോളേജ് ലൈബ്രറിയില്‍ വച്ച് അയാള്‍ പിന്നെ ആഗ്നസിനെ കണ്ടപ്പോള്‍ അന്ന് ഗ്രൗണ്ടില്‍ കണ്ടുമുട്ടാമെന്നു പറഞ്ഞു.
കുറെ നാളുകളായി അയാള്‍ ഗ്രൗണ്ടിലേക്ക് വന്നിട്ട്. ഗ്രൗണ്ടില്‍ മുഴുവന്‍ കറുക വളര്‍ന്ന് എങ്ങും പച്ചപ്പായിരിക്കുന്നു. മൂലയിലെ പ്ലാവിന്നരികത്ത്, തൊലി പൊളിഞ്ഞ പ്ലാവിന്‍തടിപോലെ വിളറിയ ചുവപ്പുനിറം പൂണ്ടിരിക്കുന്നു ആഗ്നസ്. ക്ഷീണിതയെങ്കിലും പ്രസരിപ്പിന്റെ തിളക്കുമണ്ടാ മുഖത്ത്.
അയാള്‍ അരികിലെത്തിയ പാടെ സന്തോഷവതിയായി അവള് പറഞ്ഞു, "കൃഷ്ണന്, അറ്റ് ലാസ്റ്റ് ഐ ഗോട്ട് എ സൊല്യൂഷന്."
"എന്താണ്?" അയാളും അക്ഷമനായി.
"അവിടെയിരിക്കൂ. എല്ലാം വിസ്തരിച്ച് പറയാം."
അയാള്‍ ആഗ്നസിനോടു ചേര്‍ന്നിരുന്നു. കാര്യമായതെന്തോ പറയുവാനുളള തയ്യാറെടുപ്പുകള്‍ അവളുടെ പെരുമാറ്റത്തിലുണ്ട്.
"എക്സാം അടുത്തില്ലേ കൃഷ്ണന്. അതുവരെ ക്ഷമിക്കാന്‍ പറഞ്ഞാന്‍ മമ്മി അടങ്ങും. ആന്റിക്കും അത് സമ്മതമാകാതെയിരിക്കില്ല, ധാരാളം അവധിയുണ്ട്. ഇനിയെല്ലാം ഒറ്റ വാചകത്തില്‍ പറയാം കൃഷ്ണന്, കിട്ടിയ സമയം ഉപയോഗിച്ച് നമുക്ക് ഒളിച്ചോടാം."
"ആഗ്നസ് ഒരു കുട്ടിയെപ്പോലെ സംസാരിക്കുന്നു. ആഗ്നസിന്റെ മമ്മി, പ്രഫസ്സര്‍. നാം അവരെക്കുറിച്ചൊന്നും ആലോചിക്കണ്ടേ? പിന്നെ എവിടേക്കാണു പോവുക? നമ്മുടെ കൈയില്‍ എന്തുണ്ട് ആഗ്നസ് ജീവിക്കാന്‍?"
"മമ്മിയെയും പ്രഫസ്സറങ്കിളിനെയും തല്ക്കാലം മറക്കൂ കൃഷ്ണന്. നമുക്ക് പോകാന്‍ ഒരിടമുണ്ട്. എന്റെ ഡാഡിയുടെ ഒരു ഫ്രണ്ട് ബാംഗ്ലൂരുണ്ട്, ലോറന്‍സ് അങ്കിള്‍. വളരെക്കാലം നേവിയിലായിരുന്നു. പാവം. ആരുമില്ല ലോറന്‍സങ്കിളിന്ന് സ്വന്തക്കാരായി. ബാങ്കുനിക്ഷേപം മുഴുവന്‍ ഒരു ട്രസ്റ്റിനും ബംഗ്ലാവും അതിനൊത്തുളള പഴത്തോട്ടവും കൂടി എനിക്കുമായാണ് വില്‍പ്പത്രമെഴുതിയിട്ടുളളത്. നമ്മള് അവിടെ ചെന്നു പറ്റിയാല്‍ അങ്കിള്‍ ഒരിക്കലും ഉപേക്ഷിക്കില്ല. സന്തോഷമാവുകയും ചെയ്യും."
"ഒരുപക്ഷേ, അദ്ദേഹവും ഉപേക്ഷിച്ചാല്‍ നമുക്കെന്താണൊരു വഴി? കൈയില്‍ വന്ന സൗഭാഗ്യത്തെയാണ് തട്ടിത്തെറിപ്പിക്കുന്നതെന്നോര്‍ക്കണം. വാഗ്ദാനങ്ങളെല്ലാം സാധാരണ നിലയിലുളളതാണ്; ആഗ്നസിന്റെ കുടുംബത്തിന്നും സമുദായത്തിന്നും അനുയോജ്യനായ ഒരു ഭര്‍ത്താവ്, അങ്ങനെ മറ്റു പലകാര്യങ്ങളും. അങ്ങനെയൊരവസ്ഥയിലല്ല നാം അവിടേക്ക് ചെല്ലുന്നത്."
ആഗ്നസ് കൃഷ്ണന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഒന്നുമില്ല പറയാന്‍. ആര്ദ്രമാകുന്ന ആ നയനങ്ങള്‍ അധികനേരം കണ്ടിരിക്കാനാവില്ല അയാള്‍ക്ക്. മുഖം തിരിച്ച്, ദൂരെയെവിടെയോ നോക്കിയിരിന്നു.
പിന്നെ എപ്പോഴോ അയാള്‍ പറഞ്ഞു, "ഞാന്‍ ഒന്നു കൂടി ആലോചിക്കട്ടെ ആഗ്നസ്. എടുത്തു ചാടാന്‍ വേഗം കഴിയും. എന്റെ വീട്ടില്‍ വലിയ പ്രശ്നങ്ങളുണ്ടാവില്ലായിരിക്കും. പക്ഷേ, പ്രഫസ്സറോടുളള കടപ്പാടുകളാണ് എന്നെ കൂടുതല്‍ ബന്ധിതനാക്കുന്നത്. ഉണ്ട ചോറിന് നന്ദിയില്ലാത്തവന്‍ എന്ന് ഒരാള്‍ കൂടി പറയാന്‍ അവസരം കൊടുക്കരുത്."
"ഡാനിയേല്‍ അങ്കിളുമായി ഇത്ര അടുത്തിടപഴകിയിട്ടും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടില്ലേ കൃഷ്ണന്? മറ്റൊരാളുടെ, പ്രൈവസി, അതേതു കാര്യത്തിലായാലും, നിഷേധിക്കുന്നത് അങ്കിളിന് ഇഷ്ടമുളള കാര്യമല്ല. അതുകൊണ്ട് പരസ്യമായിട്ടല്ലെങ്കിലും മനസ്സുകൊണ്ട് അങ്കിള്‍ നമ്മുടെ ബന്ധത്തെ അനുകൂലിക്കുമെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ചും കൃഷ്ണനുള്‍പ്പെടുന്ന കാര്യമായതിനാല്‍."
"വ്യക്തി സ്വാതന്ത്ര്യവും പുരോഗമന ചിന്തയുമൊക്കെ സ്വന്തം കാര്യങ്ങളില്‍ അവഗണിക്കുകയാണ് പതിവ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. എല്ലാത്തിന്നും കുറെ ചട്ടക്കൂടുകളുണ്ട്. സമൂഹത്തില്‍ കഴിയാന്‍ അവ ആവശ്യവുമാണ്. ആഗ്നസിനറിയാമോ, എനിക്ക് വേണ്ടപ്പെട്ടവരൊക്കെയുണ്ടായിരുന്നിട്ടും ഒരു രക്ഷകര്‍ത്താവിന്റെ സ്നേഹവും തണലും ലഭിച്ചത് പ്രഫസ്സറുടെയടുത്തു നിന്നു മാത്രമാണ്. അവയെല്ലാം ഒരു ദിവസം തകര്‍ത്തെറിഞ്ഞ്, ഭീരുക്കളെപ്പോലെ നാം ഒളിച്ചോടുന്നതിനെക്കുറിച്ചോര്‍ക്കുമ്പോഴാണ് എനിക്ക് എത്തും പിടിയും കിട്ടാത്തത്."
"കൃഷ്ണന്, ജീവിതത്തില്‍ നിന്നല്ലല്ലോ നാം ഒളിച്ചോടുന്നത്. ജീവിതത്തിലേക്കല്ലേ."
"അതുകൊണ്ടാണാഗ്നസ് എന്നെയീ ആലോചന വിഷമവൃത്തത്തിലാക്കിയിരിക്കുന്നതും. അല്ലെങ്കില്‍ അതെപ്പോഴേ ഉപേക്ഷിക്കാമായിരുന്നു."
ഒരു നിശബ്ദതയ്ക്കുശേഷം കൃഷ്ണന് പറഞ്ഞു, "എനിക്കൊരു ദിവസത്തെ സമയം തരൂ ആഗ്നസ്. ഞാനൊന്ന് കൂടി ആലോചിക്കട്ടെ. ഏതു ദിശയിലേക്കായാലും ദൃഢമായ കാല്‍വെപ്പുകള്‍ക്ക് ഉറച്ച തീരുമാനം ആവശ്യമാണ്."
പിരിഞ്ഞതെപ്പോഴെന്നറിയില്ല.
അസ്വസ്ഥമായ മനസ്സും ബുദ്ധിയും. കിടന്നിട്ട് നിദ്രപോലുമെത്തുന്നില്ല
അയാള്‍ക്കൊരാശ്വാസമായി.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:40 AM
0
അഭിപ്രായങ്ങള്‍
അധ്യായം പതിനേഴ്
ആഗ്നസുമായുളള ബന്ധത്തിന് ഒരു പുതിയ തുടര്‍ച്ച വന്നതോടെ തന്നിലേക്കു മാത്രമായി ചുരുങ്ങിയിരുന്ന കൃഷ്ണന്റെ കോളേജ് ജീവിതത്തിന് വളരെ വ്യത്യാസങ്ങളുണ്ടായി. കാമ്പസിനുളളിലെ ഓരോ നിമിഷവും മുളളിലെന്നവണ്ണമാണ് അയാള്‍ നിന്നിരുന്നത്. അതിനാല്‍ കൃത്യസമയത്ത് മാത്രം എത്തും, എത്ര നേരത്തെ പോരാമോ അത്രയും വേഗത്തില്‍ അവിടെ നിന്ന് രക്ഷപ്പെടും. ഇപ്പോള്‍ പക്ഷേ ആരൊക്കെയോ തനിക്കുണ്ടെന്ന അവബോധം കൃഷ്ണനെ അവിടെ തടുത്തു നിര്‍ത്തുന്നു.
നീണ്ടുപോകാറുളള സംഭാഷണങ്ങള്‍ക്ക് ആഗ്നസാണ് പലപ്പോഴും മുന്‍കൈ എടുക്കുക. പ്രഭാതങ്ങളില്‍, ജോലിയില്ലാത്ത സായാഹ്നങ്ങളില്‍ ഒക്കെ അവള് എവിടെയെങ്കിലും വച്ച് പിടിച്ചു നിറുത്തും. കോളേജ് ഗ്രൗണ്ടിലെ ഉണങ്ങിയ സ്നേഹപ്പുല്ലുകള്‍, ക്ലാസ്സിലേക്കു കയറുന്ന നടക്കല്ലിലേക്ക് ചാഞ്ഞു കിടക്കുന്ന പ്ലാവിന്റെ ശിഖരങ്ങള്‍, മമ്മദിക്കയുടെ ചായക്കടയിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ എന്നിവ യാതൊര്‍ത്ഥവുമില്ലാത്ത ആ വര്‍ത്തമാനങ്ങള്‍ കേട്ട് മടുത്തിട്ടുണ്ടാകും.
അശ്വതിയെ ആകസ്മികമായി കണ്ടുമുട്ടുമ്പോള്‍ കൃഷ്ണന്റെ മനസ്സില്‍ ഒരിക്കലും വിദ്വേഷത്തിന്റെ നാമ്പുകള്‍ കുരുത്തിട്ടില്ല, മറിച്ച് വേദനയുടേതാണ്. പക്ഷേ, അവള്‍ക്ക് അങ്ങനെയല്ലെന്ന് ആ ഭാവപ്രകടനങ്ങളില്‍ നിന്ന് സ്പഷ്ടമായിരുന്നു. ഉരുണ്ടുകൂടിയ കാര്‍മേഘപടലങ്ങളോടെ മുഖം വെട്ടിച്ച് ഒരേപോക്കാണ് അയാളെ കാണുമ്പോള്‍. അനുഭവങ്ങളുടെ പരുക്കന്‍ അരികുകള്‍, കൊഴിഞ്ഞു വീഴുന്ന ദിനങ്ങള്‍ മിനുക്കി തെളിച്ചപ്പോള്‍ കൃഷ്ണന് ഒരേട്ടന്റെ സ്ഥാനത്തുനിന്ന് അവളോട് സംസാരിക്കണമെന്നുവരെ തോന്നി. താന്‍ ചെന്നുകേറി സംസാരിച്ചാല്‍ നല്ല രീതിയിലാവില്ല അവളും അമ്മായിയും അതിനെ കാണുക. മുതല്‍ തട്ടിയെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നു വരെ അവര്‍ പറഞ്ഞേക്കും. വേണ്ട വെറുതെ ആ മാനഹാനി വരുത്തി വയ്ക്കേണ്ട കാര്യമില്ല. ഇടിയും മിന്നലുമുണ്ടാവുമെങ്കിലും മഴമേഘങ്ങള്‍ പെയ്തുതന്നെ ഒടുങ്ങട്ടെ. അതുവരെ കാത്തിരിക്കാം. കൃഷ്ണന് തീരുമാനിച്ചു.
സമയമെത്ര വേഗമാണ് നീങ്ങുന്നത്. ആദ്യ വര്‍ഷത്തെ റിസല്‍ട്ട് വന്നു. അയാളുടേത് മോശമില്ലായിരുന്നു. ഇംപ്രൂവ്മെന്റ് ചെയ്യേണ്ട കാര്യമില്ല. മെയിനിന്റെ ഒരു പേപ്പറിന് മുഴുവന്‍ മാര്‍ക്കും കിട്ടി.
രണ്ടാംവര്‍ഷത്തെ പരീക്ഷയടുത്തപ്പോളാണ് ജോലി കൃഷ്ണനൊരു പ്രശ്നമായത്. പ്രഫസ്സര്‍ തക്കസമയത്തു തന്നെ സഹായിച്ചു. ജോലി നഷ്ടപ്പെടാതെ സ്റ്റഡിലീവിലും പരീക്ഷാസമയത്തും അവധി ശരിയാക്കി കൊടുത്തു.
സ്റ്റിഡിലീവ് മുഴുവന്‍ വീട്ടില്‍ ചിലവഴിക്കണമെന്നാണ് അയാള്‍ തീരുമാനിച്ചിരുന്നത്. പിന്നെ വേണ്ടെന്നു വച്ചു. വീട്ടിലായാല്‍ അമ്മ ആവര്‍ത്തിച്ചു പറയും. "നീ ചെന്ന് അമ്മാമനോട് ക്ഷമ ചോദിച്ചു വാ. കാരണവന്മാരെ ധിക്കരിക്കല് അനന്തരവന്മാര്ക്ക് ചേര്‍ന്നതല്ല." കൂടുതല്‍ ദിവസങ്ങള്‍ അവിടെ തങ്ങിയാല്‍ ആ പല്ലവി കേട്ട് ക്ഷമ നശിക്കുമെന്നത് തീര്‍ച്ചയാണ്. എന്തെങ്കിലും തിരിച്ചു പറഞ്ഞാല്‍ അമ്മ കരച്ചിലിന്റെ വക്കോളമെത്തും. അത് തന്റെയും മനസ്സിന് വിഷമകരമാവും. എല്ലാം ആലോചിക്കുമ്പോള്‍ വീട്ടിലേക്കു പോകാതിരിക്കുന്നതു തന്നെയാണ് ഭംഗിയെന്ന് അയാള്‍ക്ക് തോന്നി. ഇപ്പോള്‍ത്തന്നെ ഹ്രസ്വസന്ദര്‍ശകനായി മാറിയിട്ടുണ്ട് വീട്ടില്‍ അയാള്‍.
മിക്ക സായാഹ്നങ്ങളും കൃഷ്ണന് പാര്‍ക്കിലാവും ചിലവഴിക്കുക. കൂടെ ഹെലനും ചിലപ്പോള്‍ ആഗ്നസും. തനിക്കു കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നിയാണാവോ, ഒരു ദിവസം ഹെലനെ വിളിച്ചപ്പോള്‍ വരുന്നില്ലെന്നു പറഞ്ഞു. കുറെ നിര്‍ബന്ധിക്കേണ്ടി വന്നു അയാള്‍ക്ക്.
ഇത്ര സന്തോഷകരമായ ഒരു പരീക്ഷാകാലം ഇതുവരെ അയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പരീക്ഷയെ നേരിടേണ്ടതിനെക്കുറിച്ചുളള പിരിമുറുക്കമായിരിക്കും മിക്കവാറും. അതു കഴിഞ്ഞു കിട്ടിയാല്‍ പിന്നെ ഫലത്തെക്കുറിച്ചോര്‍ത്താവും. ഇതു രണ്ടുമുണ്ടായില്ല ഇത്തവണ. ഉയര്‍ന്ന വിജയത്തെക്കുറിച്ച് സംശയം തീരെയില്ല. പക്ഷേ, ആഗ്നസ് ഓരോ പരീക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോഴും തോല്‍ക്കുമെന്നു പറഞ്ഞാവും വരിക. പോരാത്തതിന് ആദ്യവര്‍ഷത്തെ പേപ്പറുകളുമുണ്ട് അവള്‍ക്ക് എഴുതിയെടുക്കാന്‍.
പരീക്ഷകഴിഞ്ഞുളള രണ്ടാഴ്ചത്തെ അവധിക്ക് എന്നും കൃഷ്ണന് ജോലിക്കുപോയി. ചെറിയൊരു സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞു ആ നാളുകള്‍ കൊണ്ട്.
അവസാനവര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ മഴ കൊടുമ്പിരിക്കൊണ്ടിരുന്നു. കടല്‍ക്ഷോഭത്തെ അകലെനിന്ന് വീക്ഷിക്കുന്നത് രസകരമെങ്കിലും വീശിയടിക്കുന്ന കാറ്റും പേമാരിയും പാര്‍ക്കിലേക്കു പോകുന്ന ദിനങ്ങളെ ചുരുക്കി. ഒഴിവുളള സായാഹ്നങ്ങള്‍ മിക്കവാറും പ്രഫസ്സറുടെ ലൈബ്രറിയിലാവും അയാള്‍ ചിലവഴിക്കുക. ഒരു ദിവസം ചെന്നപ്പോള്‍ പുതുതായി ഒരു മേശയും കസേരയും അവിടെ ഇട്ടിരിക്കുന്നതുകണ്ടു. പ്രഫസ്സര്‍ അതേക്കുറിച്ച് സന്തോഷപൂര്‍വ്വം പറയുകയും ചെയ്തു. "കൃഷ്ണനു വേണ്ടിയാണ് ആ പുതിയ ടേബിള്‍. എന്തെങ്കിലും എഴുതിയെടുക്കണമെങ്കില്‍ സൗകര്യമായല്ലോ."
അപ്രതീക്ഷിതമായ കുറെ കാര്യങ്ങള്‍ ആ വര്‍ഷകാലത്ത് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജക്ഷാമത്തെ പരിഹരിക്കാന്‍വേണ്ടി, ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി പ്രശസ്തമായ ഒരു വാരികയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു അത്. ഉര്‍ജ്ജനിലയത്തെ പിന്താങ്ങിയും എതിര്‍ത്തും എങ്ങുമെങ്ങും തൊടാതെയും പല ശാസ്ത്രജ്ഞരും പരിസ്ഥിതി വാദികളും സാമൂഹ്യപ്രവര്‍ത്തകരും എഴുതി. ഭൂതകാലാനുഭവങ്ങളും സ്ഥിതിവിവരകണക്കുകളും വച്ചുകൊണ്ടുളള അഭ്യാസങ്ങളായിട്ടേ പല ലേഖനങ്ങളും കൃഷ്ണന് തോന്നിയുളളൂ. കഴമ്പുളളവ ശാസൃതീയാംശത്തിന്റെ അതിപ്രസരത്താല്‍ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹങ്ങളുമായി. മൊത്തത്തില്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാകാത്ത രീതിയിലായിരുന്നു ആ ചര്‍ച്ചകളുടെ പോക്ക്. അക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി, സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചിട്ടുളളവര്‍ക്ക് ചര്‍ച്ചകളിലേക്ക് കടന്നുചെല്ലാനാവുംവിധം ആണവനിലയത്തിന്റെ പ്രാഥമിക ആശയങ്ങളെയും ഉള്‍ക്കൊളളിച്ചുകൊണ്ട് ആ വാരികയിലേക്ക് നീണ്ട ഒരു കത്തുതന്നെ എഴുതി കൃഷ്ണന്.
മൂന്നാഴ്ചകള്‍ കഴിഞ്ഞ് വാരികയെടുത്തു നിവര്‍ത്തിയപ്പോള്‍ കൃഷ്ണന് അമ്പരന്നുപോയി. അയാളുടെ കത്തിന്നൊരു തലവാചകവും കൊടുത്ത് അത്തവണത്തെ ചര്‍ച്ചയിലെ ലേഖനമാക്കിയിരിക്കുന്നു. കൂടെ പത്രാധികരുടെ 'വെറുമൊരു കത്തില്‍ കവിഞ്ഞ പ്രാധാന്യമുളളതിനാല്‍ ഇത് ചര്‍ച്ചയുടെ ഭാഗമാക്കുന്നു' എന്ന കുറിപ്പും.
താമസിയാതെ പത്രാധിപരില്‍ നിന്ന് ശാസ്ത്രീയകാര്യങ്ങളെക്കുറിച്ച് ഇനിയും എഴുതണമെന്നു പറഞ്ഞുളള കത്തും നൂറുരൂപയുടെ ചെക്കും ലഭിച്ചു.
പ്രഫസ്സര്‍ അതെല്ലാം അറിഞ്ഞപ്പോള്‍ അഭിനന്ദനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു അയാളെ. തന്റെ ലൈബ്രറി ആദ്യമായിട്ടൊരാള് ഫലപ്രദമായി ഉപയോഗിച്ചല്ലോ എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍.
വാരികയിലെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട പ്രശസ്തനായ ഒരു ശാസ്ത്രസാഹിത്യകാരന്‍ അതിന്നു മറുപടി പറയുമ്പോള്‍ കൃഷ്ണന്റെ ലേഖനത്തിന്റെ സദുദ്ദ്യേശത്തെ പേരെടുത്തു പറഞ്ഞു പ്രകീര്‍ത്തിച്ചു. സാധാരണക്കാരനെ, അവന്നു മനസ്സിലാകുന്ന ഭാഷയില്‍ ശാസ്ത്രം പറഞ്ഞു മനസ്സിലാക്കുകയാണ് യഥാര്‍ത്ഥ ശാസ്ത്രസാഹിത്യകാരന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. പോരാത്തതിന് അതിനെക്കുറിച്ചുളള കുറെ കത്തുകളും.
തന്റെ ആദ്യസൃഷ്ടിതന്നെ ഇത്രയേറെ വിജയിച്ചത് കൃഷ്ണന് പ്രചോദനമായി. പിന്നെ തുടര്‍ച്ചയായി രണ്ടുമൂന്നു ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. സ്വന്തം കൃതികള്‍ അച്ചടിമഷി പുരണ്ടു വരുന്ന സന്തോഷത്തോടൊപ്പം നല്ലൊരു തുകയും കൈയില്‍ വന്നുചേരുന്നത് കൃഷ്ണന് അറിഞ്ഞു.
നാലാമത്തെ കൃതിക്കുളള പ്രതിഫലം പത്രാധിപര്‍ നൂറ്റമ്പതുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. താന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന തോന്നല്‍ അത് കൃഷ്ണനിലുളവാക്കി.
ആ സാഹിത്യശ്രമങ്ങള്‍ ക്യാമ്പസിനുളളില്‍ അയാള്‍ക്ക് പ്രശസ്തിയും നേടിക്കൊടുത്തു. അയാള്‍ അറിയാത്ത, മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകര്‍ തടുത്തുനിര്‍ത്തി അഭിനന്ദനങ്ങള്‍ അറിയിക്കുമ്പോള്‍ കൃഷ്ണന് ഉളളില്‍ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം തോന്നാതെയിരുന്നില്ല. അപ്പോഴൊക്കെ പ്രഫസ്സറെയും കൃഷ്ണന് ഓര്‍ത്തു. എല്ലാം അദ്ദേഹത്തിന്റെ സൗജന്യത്തിന്റെ ഫലമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്ഷയനിധിയിലെ നുറുങ്ങുകള്‍ ചേര്‍ത്തുവച്ച് താന്‍ പ്രശസ്തനുമായിരിക്കുന്നു.
ഒരു ദിവസം കൃഷ്ണന് പ്രഫസ്സറുടെ ലൈബ്രറിയിലേക്കു കടന്നു ചെല്ലുമ്പോള്‍ വളരെ സന്തോഷവാനായാണ് അദ്ദേഹം സ്വീകരിച്ചത്.
"ഞാന്‍ തന്നെയും കാത്തിരിക്കുകയായിരുന്നു"
"പ്രത്യേകിച്ചെന്തെങ്കിലും.......?"
"തനിക്ക് നല്ലൊരു ഓഫര്‍ വന്നിട്ടുണ്ട്, നഗരത്തിലെ 'നവതരംഗം' പത്രത്തില്‍ നിന്ന്. എന്റെയൊരു സുഹൃത്താണ് അതിന്റെ ഇപ്പോഴത്തെ പത്രാധിപര്‍ ആര്.കെ.പിളള. ഇന്നലെ ഞങ്ങള്‍ കണ്ടു സംസാരിച്ചപ്പോള്‍ തന്റെ കാര്യവും ഞാന്‍ പറഞ്ഞു. പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഒരു ശാസ്ത്രപംക്തിയുണ്ട്. മിസ്റ്റര്‍ പിളളയായിരുന്നു ഇതുവരെ അതു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴയാള്‍ക്ക് മടുത്തു, വായിക്കാന്‍ സമയം കിട്ടാറില്ലത്രെ പത്രാധിപരായശേഷം. അദ്ദേഹം തന്നെപ്പറ്റി കേട്ടിട്ടുമുണ്ട്. പറ്റുമെങ്കില്‍ തുടര്‍ച്ചയായി എഴുതാനും പറഞ്ഞു. നാനൂറ് രൂപവച്ച് തരാമെന്ന് ആദ്യം പറഞ്ഞെങ്കിലും വാദിച്ച് ഞാനത് അറുന്നൂറാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഫലമല്ല കാര്യം, കഴിവുണ്ടെന്നു തെളിഞ്ഞാല്‍ പഠനത്തിനുശേഷം ചിലപ്പോള്‍ സബ്എഡിറ്ററായി എടുത്തേക്കും. സര്‍ക്കുലേഷന്‍ ഒരുവിധം കൂടിവരുന്ന ഘട്ടത്തിലാണ് 'നവതരംഗം' ഇപ്പോള്‍.
ഒന്നും സംശയിക്കാതെ അയാള്‍ പ്രഫസ്സറോട് സമ്മതംമൂളി. എത് ഉറപ്പുളള വരുമാനമാണെങ്കില്‍ ഇനി 'ശക്തി പ്രഷര്‍ വെസല്‍സി'ലേക്ക് പോകേണ്ട. ഫ്ലക്സ് കരിഞ്ഞമണം ശ്വസിക്കേണ്ട, കണ്ണും ചുവപ്പിച്ച് ഉറക്കമൊഴിഞ്ഞിരിക്കേണ്ട.
പത്രമോഫീസിലേക്ക് പ്രഫസ്സറോടൊപ്പമാണ് കൃഷ്ണന് പോയത്. ആര്.കെ.പിളള ഉപദേശിക്കുന്ന മട്ടില്‍ കുറെ സംസാരിച്ചു. പിന്നെ ഒരു രേഖയില്‍ അയാളെക്കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുകയും ചെയ്തു. താന്‍ കൈകാര്യം ചെയ്യുന്ന പംക്തി മുടക്കുവരുത്താതെ നടത്തിക്കൊളളാമെന്ന വാഗ്ദാനം ഉള്‍ക്കൊണ്ടതായിരുന്നു അത്. പ്രതിഫലത്തെപ്പറ്റി ഒന്നും അതില്‍ എഴുതി കണ്ടില്ല.
തിരിച്ചു വരുമ്പോള്‍ 'ശക്തി'യില്‍ നിന്നും വിട്ടുപോരുന്നതിനെപറ്റി കൃഷ്ണന് പ്രഫസ്സറോട് സംസാരിച്ചു.
"പഠിക്കുന്ന സമയത്ത് സമ്പാദിക്കാന്‍ താല്പര്യമില്ലെങ്കില് അവിടെ നിന്ന് രാജിവച്ചുകൊളളൂ. പൊരാത്തതിന് അവസാനവര്‍ഷവുമല്ലേ."
അടുത്ത സുഹൃത്തുക്കളായി 'ശക്തി'യില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിട്ടുപോരാനും തീരെ വിഷമമില്ലായിരുന്നു. ജോലി ഉപേക്ഷിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടുളള ഒരു കത്ത്, സൂപ്രണ്ടിന്റെ നനഞ്ഞ ചിരി, അത്രമാത്രം.
ആഴ്ചതോറും എഴുതേണ്ടതുകൊണ്ട് വിഷയദൗര്‍ലഭ്യം ഒരു പ്രശ്നമാണ്. ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും അറിവുകളും പരതിയെടുക്കാന്‍ പരന്ന വായനതന്നെ വേണം. വിദേശ മാസികകള്‍ വായിച്ച് കുറിപ്പുകളെഴുതിയെടുക്കാന്‍ ആഴ്ചയില്‍ രണ്ടു സായാഹ്നങ്ങള്‍ പബ്ലിക് ലൈബ്രറിയിലേക്കുവേണ്ടി മാറ്റി വച്ചു. പിന്നെ അടിസ്ഥാന വിവരങ്ങള്‍ക്ക് പ്രഫസ്സറുടെ ലൈബ്രറി. എല്ലാം ശേഖരിച്ചു കഴിഞ്ഞാല്‍ ലേഖനരൂപത്തിലാക്കാന്‍ വലിയ വിഷമം അയാള്‍ക്ക് തോന്നിയിരുന്നില്ല.
ഇപ്പോള്‍ ആകെകൂടി ഒരു സ്വസ്ഥത കൈവന്നിട്ടുണ്ട് അയാള്‍ക്ക്. അലച്ചിലിന്റെ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുറച്ച് അധ്വാനിക്കണമെങ്കിലും അതിന്റെ ഫലം വളരെ വലുതാണ്; മോശമല്ലാത്ത പ്രതിഫലം, പ്രശസ്തി, എവിടെച്ചെന്നാലും ഒരെഴുത്തുകാരനെന്ന വില.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:37 AM
0
അഭിപ്രായങ്ങള്‍
അധ്യായം പതിനാറ്
അപ്പോള്‍ കൃഷ്ണന് ഹെലനുമായി പാര്‍ക്കിനോടു ചേര്‍ന്നുളള കടല്‍ ഭിത്തിയിലിരിക്കുകയാണ്. കാറ്റ് കായലില്‍ ഓളങ്ങള്‍ ഞൊറിഞ്ഞ് കരയോടു ചേര്‍ത്ത് തുന്നുന്നു. ഞായറാഴ്ച ആയതിനാലാണെന്നു തോന്നുന്നു പാര്‍ക്കില്‍ ധാരാളമാളുകള്‍. പരുക്കനല്ലാത്ത കുട്ടികളുടെ ശബ്ദങ്ങള്‍ കൂടിക്കുഴഞ്ഞാല്‍ വാദ്യമേളത്തിന്റെ പ്രതീതിയാണ്. ഹെലന് അവരുടെ കൂടെയൊന്നും കൂടുന്നില്ല. ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ് അവള്. ചില സമയങ്ങളില്‍ ഹെലന് ഒന്നും മിണ്ടില്ല. പക്ഷേ, സംസാരിക്കാന്‍ തുടങ്ങിയാല്‍ അണ തുറന്നതുപോലെ.
പാര്‍ക്കിലിരുന്നാല്‍ തുറമുഖം കാണാം, അവിടെ അടുത്തിരിക്കുന്ന കപ്പലുകളും. കാറ്റില്ലെങ്കില്‍ കരയിലെ വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രതിബിംബങ്ങളാല്‍ സായാഹ്നവേളയില്‍ ഉജ്ജ്വലമാകുന്ന കായല്‍പ്പരപ്പ് ഇടയ്ക്ക്. കടല്‍ക്കെട്ടിലെ കല്‍പ്പോതുകളിലിരിക്കുന്ന വര്‍ണ്ണഭംഗിയുളള ഞണ്ടുകളുടെ കാഴ്ച വെറെയാണ്.
പെട്ടന്നേതോ കപ്പലില്‍ നിന്ന് സൈറണ്‍ മുഴങ്ങിയപ്പോള്‍ അവരുടെ സംഭാഷണം മുറിഞ്ഞു. കൃഷ്ണന് ഓളങ്ങളില്ലാത്ത ആ കായല്‍പ്പരപ്പ് ശ്രദ്ധിച്ചിരുന്നു പോയി. ഹെലനാണെങ്കിലും ഒന്നും മിണ്ടുന്നില്ല. ആ നിശബ്ദത കുറെനേരം തുടര്‍ന്നു. ഒടുവില്‍...
"അങ്കിള്‍, ഞാനുടനെ വരാം. അവിടെ എന്റെയൊരു ഫ്രണ്ട് വന്നിട്ടുണ്ടെന്ന് തോന്നുന്നു".
"ഓ.കെ."
കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഒരിടത്തേക്കാണ് അവള് പോയത്. വെറുതെയിരുന്നപ്പോള്‍ കൃഷ്ണന്റെ മനസ്സിലേക്ക് ഓരോ വിചാരങ്ങള്‍ കടന്നുവന്നു. കടലില്‍ നിന്ന് ഉപ്പും തണുപ്പും വഹിച്ചെത്തുന്ന കാറ്റ്. താനൊരു നിമിഷം മയങ്ങിയോ? ചുമലില്‍ ആരോ സ്പര്‍ശിച്ചതറിഞ്ഞപ്പോഴാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്.
ആഗ്നസ്!
അയാള്‍ ചിരിച്ചെന്നു വരുത്തി, ഉവ്വോ? സംശയമാണ്.
"ഇവിടെയിരുന്ന് ഉറക്കം തൂങ്ങിയാല്‍ വെളളത്തിലേക്ക് വീഴില്ലേ?" ആഗ്നസ് ചോദിക്കുന്നു.
"ആരെങ്കിലും വന്ന് ഉണര്‍ത്തുമെന്ന് തോന്നിയിരുന്നു", തമാശ കണക്കെ അയാള്‍ പറഞ്ഞു.
"ഇവിടെ എപ്പോഴും വരാറുണ്ടോ?"
"സമയം കിട്ടുമ്പോഴൊക്കെ, ഹെലനും കൂടെയുണ്ട്. അവള് കൂട്ടുകാരുടെയടുത്തേക്ക് പോയിരിക്കയാണ്".
ആഗ്നസ് ഭിത്തിയില്‍ അയാളുടെ ഒപ്പമിരുന്നു. വെണ്ണയുടെ നിറമുളള ഷോര്‍ട്ട് സ്കര്‍ട്ടാണ് വേഷം. ആ ഇരുപ്പ് വസ്ത്രത്തിന്റെ അതേ നിറമുളള ഉരുണ്ട കാല്‍മുട്ടുകളെ നഗ്നമാക്കി. ഒരു നിമിഷം അയാളുടെ ദൃഷ്ടി അവിടെ ഉറക്കി നിന്നു.
"കൃഷ്ണനെ കാണണമെന്നു വിചാരിച്ച് ഞാന്‍ കുറെ നാളായി നടക്കുന്നു. ഭയങ്കര തിരക്കല്ലേ. പിന്നെയെങ്ങനെയാണ് ഒന്നു കണ്ടുകിട്ടുക?"
"അതു കളളം. ഞാനൊരിക്കലും ക്ലാസ്സില്‍ വരാതിരുന്നിട്ടില്ല".
കുറച്ചു സമയത്തേക്ക് ആഗ്നസ് ഒന്നും മിണ്ടിയില്ല, എന്തോ ആലോചിക്കുന്നതുപോലെ.
"കൃഷ്ണന്, അതൊരു ചെറിയ നുണയായിരുന്നു. സോറി. ശരിക്കു പറയാണെങ്കില്, കൃഷ്ണനെ നേരിടാനുളള ധൈര്യമുണ്ടായില്ല എനിക്ക്. ഭയങ്കര ചമ്മല്. ഒരു നിമിഷം നിയന്ത്രണം വീട്ട് ഞാനങ്ങനെയങ്ങു പറഞ്ഞുപോയി. കൃഷ്ണന്, താനിപ്പോള്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടോ?"
എന്തുത്തരം പറയാനാണ് അയാള്‍? ഒന്നും മിണ്ടാതിരുന്നു.
എങ്കിലും ആ ഓര്‍മ്മകള്‍ അയാളെ പൊതിഞ്ഞു. പെരിഞ്ചേരിയില്‍ നിന്നുപോന്നിട്ട് അധികനാളുകളായിട്ടില്ലായിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങളുടെ ചീളുകള്‍ തലച്ചോറിനെപ്പോലും വ്രണപ്പെടുത്തുന്ന സമയം. ഇഷ്ടമാണോയെന്ന് ആഗ്നസ് ചോദിച്ചപ്പോള്‍ ഒന്നുമാലോചിക്കാന്‍ തോന്നിയില്ല അയാള്‍ക്ക്.
ആഗ്നസിപ്പോള്‍ അന്വേഷിക്കുന്നു, അതൊക്കെ ഓര്‍ക്കുന്നുണ്ടോയെന്ന്. ഞാനതേക്കുറിച്ച് ആലോചിക്കണോ ആഗ്നസ്? എനിക്കു ചുറ്റും കടലാണ്. ഒരു കര പറ്റാന്‍ നീന്തുമ്പോള്‍ അതാലോചിക്കാന്‍ സമയമുണ്ടോ? ശ്രമിച്ചിട്ടില്ല. ഈ കടലിന്റെ നിശബ്ദത അസഹനീയമെങ്കിലും- കൃഷ്ണന് ഉളളില്‍ പറഞ്ഞു.
"കൃഷ്ണന് എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്? ഞാനൊന്നും കരുതിക്കൂട്ടി പറഞ്ഞതല്ലാട്ടോ. ആ പഴയ കൃഷ്ണന് ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കിയതാണ്."
വീണ്ടും വെളിച്ചത്തിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന അപരിചിതത്വവും അവ്യക്തതയുമാണ് അയാള്‍ക്കുണ്ടാകുന്നത്.
"ങ്ഹാ, എന്നിട്ട് പഴയ കൃഷ്ണനെക്കണ്ടോ?"
"നാമിപ്പോള്‍ കണ്ടുമുട്ടിയതല്ലേയുളളൂ. അവസാനം റിസള്‍ട്ട് പറയാം."
"ശരി."
ജോലിക്കാര്യത്തെപ്പറ്റി കൃഷ്ണന് ആഗ്നസിനോട് പറഞ്ഞു. ചിരിക്കുമ്പോഴും ആഗ്നസിന്റെ കണ്ണുകളില്‍ സഹതാപം നിഴലിടുന്നത് അയാള്‍ കണ്ടു. പലപ്പോഴും സഹിക്കാന്‍ കഴിയാത്തതും അതുതന്നെയാണ് അയാള്‍ക്ക്.
ഹെലന് മടങ്ങിയെത്തിയപ്പോള്‍ അവര്‍ ഐസ്ക്രീം പാര്‍ലറിലേക്കുനീങ്ങി. ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വില്പനക്കാരന് സുന്ദരേട്ടന്റെ കുസൃതിച്ചോദ്യം. "പുതിയ ആള്?"
"ഞങ്ങള്‍ ഒരേ കോളേജിലാണ് സുന്ദരേട്ടാ." കൃഷ്ണന് പറഞ്ഞു. സുന്ദരേട്ടനപ്പോള്‍ 'ഉം, ഉവ്വട കളളാ' എന്ന മട്ടില്‍ ഒരു ചിരി മുഖത്തു വരുത്തിക്കൊണ്ട് തിരിഞ്ഞു നടന്നു.
ആഗ്നസ് 'ഗുഡ്ബൈ' പറയുമ്പോള്‍ അയാള്‍ക്ക് ചോദിക്കാതിരിക്കാനായില്ല. "കൃഷ്ണന് ഇപ്പോഴുമുണ്ടോ?"
"മരിച്ചിട്ടില്ല. ഇനിയും ജീവിക്കാവുന്നതേയുളളൂ." അതും പറഞ്ഞിട്ട് അവള് തിടുക്കത്തില്‍ നടന്നുപോയി.
കൃഷ്ണന്റെ മനസ്സില്‍ മുഴുവന്‍ ചിന്തകളായിരുന്നു. ഹെലന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതിന്റെ സീല്‍ക്കാരം. എന്തെല്ലാമോ തട്ടിമറിഞ്ഞു വീഴുന്ന വിചിത്രാനുഭവം. തുളഞ്ഞു കയറുന്ന വേദനയുടെ മൂര്‍ച്ച. മങ്ങി വരുന്ന ബോധം, ഇരുട്ട്.
കൃഷ്ണന് ബോധം തെളിയുമ്പോള്‍ ഒരു ഡെസ്കില്‍ കിടക്കുകയായിരുന്നു. എങ്ങും സ്പിരിറ്റിന്റെ മണം തങ്ങി നില്ക്കുന്നു. ആരൊക്കെയോ ചുറ്റിലും ഉണ്ട്. കാഴ്ച കുറച്ചുകൂടി വ്യക്തമാകുമ്പോള്‍ പ്രഫസ്സര്‍ ഡാനിയേലിനെയും ആഗ്നസിനെയും മനസ്സിലായി.
കൃഷ്ണന്റെ മനസ്സില്‍ ഹെലന്റെ വിചാരമായിരുന്നു. നാവനക്കാന്‍ പറ്റുമോയെന്ന് നോക്കി. ഉവ്വ്, കുഴപ്പമില്ല.
"ഹെലന്.....?" പലതും അന്വേഷിക്കാന്‍ കൃഷ്ണന് ശ്രമിച്ചെങ്കിലും അത്രയും പറയാനേ പറ്റിയുളളൂ.
"യേശു അവളെ കാത്തു. ഒരു പോറല്‍പോലുമേറ്റില്ല." ആഗ്നസാണത് പറഞ്ഞത്. ആ കണ്ണിലെ ഉറവുകള്‍ തിളങ്ങുന്നുണ്ടോ?
താന്‍ സംസാരിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങള്‍ പ്രകാശിക്കുന്നതും അയാള്‍ ശ്രദ്ധിച്ചു.
അയാള്‍ക്ക് പറയത്തക്ക പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. മോട്ടോര്‍ സൈക്കിളാണ് ഇടിച്ചത്. ബ്രേക്ക് ചെയ്തിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. പെട്ടന്നുണ്ടായ ഷോക്കുമൂലമാണത്രേ ബോധം പോയത്. എങ്കിലും രണ്ടു ദിവസം കിടന്നിട്ട് പോയാല്‍ മതിയെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം.
വീട്ടില്‍ അറിയിക്കാന്‍ സാധ്യതയുളളതിനാല്‍ അങ്ങനെ ചെയ്യരുതെന്ന് പ്രഫസ്സറോട് കൃഷ്ണന് പറഞ്ഞേല്പിച്ചു. എന്തിനു വെറുതെ അവരെ വിഷമിപ്പിക്കണം. അയാള്‍ അങ്ങനെയാണ് ചിന്തിച്ചത്.
എഴുന്നേറ്റ് നടക്കാന്‍ വിഷമമുണ്ടായിരുന്നില്ലെങ്കിലും കൈയിലും കാലിലുമുളള മുറിവുകള്‍ വേദനിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന അന്ന് പ്രഫസ്സര്‍ കാറും കൊണ്ടെത്തി.
തിരിച്ചുപോകുമ്പോള്‍ വണ്ടി മാര്‍ക്കറ്റു റോഡും കഴിഞ്ഞ് പ്രഫസ്സറുടെ വീട്ടിലേക്കുളള വഴിയിലേക്കാണ് തിരിയുന്നത്.
"സര്, ഞാന്‍ റൂമിലേക്കു പൊയ്ക്കൊളളാം. ഞാന്‍ ഇനി അവിടെയും വന്ന് ബുദ്ധിമുട്ടിക്കണോ?"
"ഡോണ്ട് ബി ചെയില്‍ഡിഷ് കൃഷ്ണന്. ഈ പരുക്കുകളൊക്കെ വച്ച് എങ്ങനെയാണവിടെ ഒറ്റയ്ക്ക് കഴിയുക?"
ഉത്തരമില്ല. അയാള്‍ നേരത്തെയത് ആലോചിച്ചുമില്ല. എങ്കിലും പറഞ്ഞു. "സാറും ഹെലനും മാത്രമല്ലേയുളളൂ അവിടെ......."
"അതോര്‍ത്ത് വിഷമിക്കേണ്ട. ഇടയ്ക്കൊക്കെ വന്ന് സഹായിക്കാന്‍ ഞാന്‍ ആഗ്നസിനോട് പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം എടുക്കണമെന്ന് ഡോക്ടര്‍ നിര്ദ്ദേശിച്ചിട്ടുളള സ്ഥിതിക്ക് കൃഷ്ണന് ഒറ്റയ്ക്കു താമസിക്കുന്നത് ശരിയാവില്ല."
പിന്നെ ഒന്നും അയാള്‍ പറഞ്ഞില്ല. ഒന്നും ചിന്തിക്കാനില്ലാതെ പുറത്തു നോക്കിയിരുന്നു. പിന്നിലേക്ക് തെന്നിനീങ്ങുന്ന വൃക്ഷങ്ങള്‍, വീടുകള്‍, ആള്‍ക്കൂട്ടങ്ങള്‍....അവസാനം ഹെലന് വില്ലയുടെ ഗേറ്റ്. ഡാലിയയുടെയും നാനാതരം റോസുകളുടെയും പുഷ്പങ്ങളാല്‍ മനോഹരമായ തൊടി. ഫ്രില്ലുകള്‍ പിടിപ്പിച്ച ഹെലന്റെ ശുഭവസ്ത്രം. വെളുത്ത പനിനീര്‍പ്പൂവിന്റെയത്രയും നൈര്‍മ്മല്യമുളള അവളുടെ പുഞ്ചിരി.
അവളധികം മിണ്ടുന്നില്ല. കൃഷ്ണനെന്തോ വലിയ ആപത്ത് പിണഞ്ഞതുപോലെയാണ് അവളുടെ വാക്കും നോക്കും.
ആദ്യത്തെ ഒരാഴ്ച അധികം ഇറങ്ങി നടക്കരുതെന്ന വിലക്കുണ്ടായിരുന്നു. കട്ടിലില്‍ കിടക്കുകയോ അല്ലെങ്കില്‍ അടുത്തിട്ടിട്ടുളള കസേരയില്‍ ഇരിക്കുകയോ മാത്രം. രാവിലെയും വൈകീട്ട് കോളേജ് കഴിഞ്ഞു വരുമ്പോഴും ആഗ്നസ് എത്തുമായിരുന്നു. വൈകുന്നേരം വരുമ്പോള്‍ കൂട്ടുകാരെയും കൂട്ടിക്കൊണ്ടായിരിക്കും മിക്കവാറും അവളുടെ വരവ്. തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് അയാള്‍ പറഞ്ഞാലും അധികം സംസാരിക്കാതെ, സഹതാപം സ്ഫുരിക്കുന്ന നയനങ്ങളോടെ അവര്‍ കൃഷ്ണനെ ചുറ്റിപ്പറ്റി നില്ക്കും.
രണ്ടാമത്തെ ആഴ്ചമുതല്‍ പ്രഫസ്സറുടെ ലൈബ്രറിയിലെ ഈസിചെയറിലായി വിശ്രമം. അറിവിന്റെയും ആത്മാവിഷ്ക്കാരങ്ങളുടെയും മനോജ്ഞമായ കവാടം തനിക്കു മുമ്പില്‍ തുറന്നു കിടക്കുന്നതായി കൃഷ്ണന് അറിഞ്ഞു കുറഞ്ഞ നാളുകള്‍ക്കൊണ്ട് അയാള്‍ അതിലൂടെ ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്തു. വളരെ നാളുകളായി വായിക്കാനാഗ്രഹിച്ചിരുന്ന പുസ്തകങ്ങള്‍, സംശയനിവൃത്തിക്കായി പലതരം റഫറന്‍സ് ഗ്രന്ഥങ്ങള്‍.... അങ്ങനെ ഒരു നിധിയായിത്തന്നെ തോന്നി കൃഷ്ണന് ആ ഗ്രന്ഥശേഖരം.
ഒരു ദിവസം അസമയത്ത്, ഉച്ചയ്ക്ക്, ആഗ്നസ് ലൈബ്രറിയിലേക്കു കടന്നുവന്നു.
"എന്താ ആഗ്നസ്, ഉച്ചകഴിഞ്ഞ് ക്ലാസ്സില്ലേ?" കൃഷ്ണന് ചോദിച്ചു.
"ഉവ്വ്. രണ്ടവറും ഇലക്ട്രോണിക്സാ. ദാറ്റ് റ്റു അവേഴ്സ് വില്‍ മേക്ക് മി മാഡ്."
"ഇത്ര ബോറാണോ ഇലക്ട്രോണിക്സ്?"
"ഹോ, ഒന്നും പറയണ്ട. ഈ ഫിസിക്സ് എടുത്തതുതന്നെ ഇപ്പോള്‍ വലിയ അബദ്ധമായെന്നു തോന്നുന്നു."
"ബട്ട്, യു ആര് റ്റൂ ലേറ്റ്"
"യെസ്, ഐ ഹാവ് റ്റു സഫര്‍."
കാര്‍ലോസ് ഫുവന്റസിന്റെ ഒരു നോവലാണ് അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. ആഗ്നസ് അതു വാങ്ങി മറിച്ചു നോക്കിയിട്ട് ഷെല്‍ഫിനുളളിലേക്കു വച്ചു.
കുറച്ചുനേരം ഒന്നും ഉരിയാടാതെ അയാളുടെ കണ്ണുകളില്‍ത്തന്നെ നോക്കിനിന്നു അവള്. പിന്നെ പറഞ്ഞു "നമുക്ക് താഴേക്കു പോകാം. ഇവിടെയിരുന്നാല്‍ കൃഷ്ണന്റെ മനസ്സു മുഴുവന്‍ പുസ്തകങ്ങളിലായിരിക്കും. ഐ ലൈക് റ്റു ഹിയര്‍ യു, വെന്‍ യുവര്‍ മൈന്‍ഡ് ഈസ് വൈഡ്ലി ഓപ്പണ്‍ഡ്."
താഴെയെത്തിയപ്പോള്‍ തിടുക്കത്തില്‍ ആഗ്നസ് ഉളളിലേക്കുപോയി. ട്രേയില്‍ രണ്ടുകപ്പ് ചായയുമായാണ് തിരിച്ചുവന്നത്.
"ഇത് ഇത്ര പെട്ടന്ന് എങ്ങനെയുണ്ടാക്കി?"
"രാവിലെ ബാക്കിയുണ്ടായിരുന്നത് ഫ്ലാസ്കിലെടുത്തു വച്ചതാണ്." അവള് പറഞ്ഞു.
എന്തിനോവേണ്ടി തയ്യാറെടുക്കുന്നതുപോലെയാണ് അവളുടെ പെരുമാറ്റം. ചായ ഊതിയൂതി കുടിക്കുന്നുമുണ്ട്. കപ്പ് കാലിയാക്കിയിട്ടേ നിലത്തുവച്ചുളളൂ.
"ഞാന്‍ ഒരു ദുഃശ്ശകുനമെന്നോ ശപിക്കപ്പെട്ടവളെന്നോ ഒക്കെ കൃഷ്ണന് തോന്നിയിട്ടുണ്ടോ?" ആഗ്നസില്‍ നിന്ന് പെട്ടന്നൊരു ചോദ്യം.
"ആഗ്നസെന്തൊക്കെയാണീ പറയുന്നത്?"
ഇടറിയ കണ്ഠത്തോടെ, വേഗതകൊണ്ട് ചിലമ്പിയ ശബ്ദത്തില്‍ അവള് തുടര്‍ന്നു. "എന്നെ പ്രസവിച്ചെന്നറിഞ്ഞ് തിടുക്കത്തില്‍ കാണാന്‍ വന്ന വഴിക്കാണ് ഡാഡി മരിച്ചത്. അന്നെനിക്ക് ഒന്നുമറിയില്ലല്ലോ. എല്ലാ കുത്തുവാക്കുകളും മമ്മി സഹിച്ചു. പക്ഷേ, രണ്ടാമത്തെ തവണ എനിക്കെന്റെ മമ്മിപോലും താങ്ങായില്ല. എന്റെ പതിനഞ്ചാമത്തെ പിറന്നാള്‍ ആഘോഷിക്കുമ്പോഴായിരുന്നു അത്. എല്ലാ മെഴുകുതിരികളും ഊതിക്കെടുത്തി കേക്കില്‍ കത്തിവയ്ക്കാന്‍ പോവുകയായിരുന്നു. അപ്പോളാണ് യൂണിഫോമില്‍ നേവല്‍ ബേസില്‍ നിന്നെത്തിയ ഒരോഫീസര്‍ കടന്നുവന്നത്, ബ്രദറിന്റെ മരണവാര്‍ത്തയുമായി. അന്ന് മമ്മി എന്നെയും കൂട്ടി ഒരു മുറിയില്‍ കയറി വാതിലടച്ചു. മമ്മി കരയുകയാണോ അലറുകയാണോയെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ ഇരുകവിളുകളിലും അവര്‍ മാറിമാറി അടിച്ചു; തലമുടിയില്‍ പിടിച്ച് വലിച്ച് തല ചുമരിലിടിപ്പിച്ചു. ആരോ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഒരു വര്‍ഷക്കാലത്തേക്ക് തികച്ചും ഒരു ഭ്രാന്തിയായിരുന്നു മമ്മി. എന്നെ കാണുമ്പോള്‍ 'ചെകുത്താന്റെ സന്തതി' എന്ന് പിറുപിറുത്ത് കുരിശു വരയ്ക്കുകപോലും ചെയ്യുമായിരുന്നു അവര്‍."
"ഒരു കാരണവുമില്ലാതെ ഇതൊക്കെയെന്തിനാ ആഗ്നസിപ്പോള്‍ പറയുന്നത്? ഇനി വീട്ടിലെന്തെങ്കിലും......" കൃഷ്ണന് ഇടയ്ക്കു ചോദിച്ചു.
"പറയാന്‍ കാരണമുണ്ട് കൃഷ്ണന്. ഇന്നെനിക്ക് ഇരുപത് വയസ്സ് തികഞ്ഞു. ടീനേജ് അവസാനിച്ച ദിവസമല്ലേ. ഞാന്‍ രാവിലെ എഴുന്നേറ്റ് മമ്മിയോടു ചോദിച്ചു, 'മമ്മീ, ഇന്നെന്താണ് വിശേഷമെന്നറിയാമോ?" അപ്പോള്‍ മമ്മി പറഞ്ഞതെന്താണെന്നറിയാമോ കൃഷ്ണന്, 'ഓ, ഞാനതെങ്ങനെ മറക്കും ആഗ്നസ്? ഇന്ന് ഒരപകടവും സംഭവിക്കാതിരിക്കാന്‍ ഞാന്‍ മാതാവിന് രണ്ട് മെഴുകുതിരി നേര്‍ന്നിട്ടുണ്ട്' എന്ന്. തിരിച്ച് കിടക്കയില്‍ പോയിവീണ്, തലയിണ കുതിര്‍ന്ന് ഒട്ടുന്നതുവരെ ഞാന്‍ കരഞ്ഞു. എല്ലാം ആരുടെയടുത്തും പറയാതിരുന്നാല്‍ വീണ്ടും കരഞ്ഞുപോകുമെന്ന് തോന്നിയപ്പോഴാണ് ഞാന്‍ ക്ലാസ്സും കട്ട് ചെയ്ത് ഇങ്ങോട്ട് പോന്നത്." വിതുമ്പുന്ന ചുണ്ടുകള്‍ കൈകൊണ്ട് മറച്ച് ആഗ്നസ് കുനിഞ്ഞിരുന്നു.
ആ ഏങ്ങലടിയുടെ താളം അയാള്‍ക്കു ചുറ്റും ഇരമ്പിയാര്‍ത്തു. അയാളുടെ ഹൃദയഭാരം ഏറുകയായിരുന്നു. വിയര്‍പ്പും കണ്ണീരുംകൊണ്ട് കുതിര്‍ന്ന ആ വദനം അയാള്‍ പിടിച്ചുയര്‍ത്തി. ചുവന്നു കലങ്ങിയ രണ്ടു കണ്ണുകള്‍ അയാളെ ഉറ്റുനോക്കി. ആ നയനങ്ങള്‍ വീണ്ടും നിറയുമ്പോള്‍ ആര്‍ദ്രമായി അയാള്‍ വിളിച്ചു. "ആഗ്നസ്"
നനവൂറുന്ന ആ ശബ്ദം കേട്ടപ്പോള്‍ ആഗ്നസ് അയാളുടെ മാറിലേക്ക് ചാഞ്ഞു.
"ആഗ്നസ് കരയാതെ. എനിക്കിതിലൊന്നും തീരെ വിശ്വാസമില്ല. മോറോവര്‍ വി ആര് സയന്‍സ് സ്റ്റുഡന്റ്സ്." അയാള്‍ ആശ്വസിപ്പിച്ചു.
"യു ആര് ലയിങ് കൃഷ്ണന്. എന്റെ മമ്മി പറയുന്നതാണു ശരി, ഞാന്‍ ശപിക്കപ്പെട്ടവളാണ്."
"നെവര്‍ ആഗ്നസ്. ഞാന്‍ നിന്റെ കൂടെയുണ്ട്. എപ്പോഴും."
"എനിക്കത് വിശ്വസിക്കാമോ കൃഷ്ണന്? ആദ്യമായെനിക്കൊരു കൂട്ടുണ്ടായിരിക്കുന്നു. ആരെയും മൈന്റ് ചെയ്യാതെ നമുക്കെന്തെല്ലാം പറഞ്ഞിരിക്കാം, അല്ലേ?"
"ആഗ്നസ് എന്തൊക്കെയാണീ പറയുന്നത്?"
"ഓ, സോറി കൃഷ്ണന്. ഐ വാസ് ഇന്‍ എ ഡ്രീം, ഒഫ് കോഴ്സ് എ ഡ്രീം."
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:36 AM
0
അഭിപ്രായങ്ങള്‍
അധ്യായം പതിനഞ്ച്
ആദ്യദിവസം 'ശക്തി പ്രഷര്‍ വെസ്സല്‍സി'ല്‍ ചെന്നപ്പോള്‍ കൃഷ്ണന് ഉപയോഗശൂന്യമായ ലോഹത്തകിടുകളില് പരിശീലിച്ചതേയുളളൂ. തുടക്കത്തില്‍ 'ആര്‍ക്ക്' സ്ഥിരമായി നിര്‍ത്താന്‍ തന്നെ ബുദ്ധിമുട്ടി. പക്ഷേ, രണ്ടുമൂന്നു മണിക്കൂറുകള്‍ക്കുളളില്‍ വലിയ കുഴപ്പമില്ലാതെ വെല്‍ഡുചെയ്യാമെന്ന നിലവന്നു. പിന്നെ അവിടെ വരാവുന്ന എല്ലാ രീതികളിലുമുളള വെല്‍ഡിങ്ങും അയാള്‍ ചെയ്തുനോക്കി. അപ്പോള്‍ മാത്രമേ മനസ്സിനൊരു സമാധാനം ലഭിച്ചുളളൂ അയാള്‍ക്ക്.
രാത്രി, വെല്‍ഡിങ്ങിന് കൃഷ്ണനടക്കം അഞ്ചുപേരുണ്ട്. മറ്റു ജോലിക്കാര്‍ വേറെ. പിന്നെ വര്ക്കുഷോപ്പ് സൂപ്രണ്ട് ജോസഫ് മാത്യു. കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ എല്ലാ ജോലിക്കാരുമായും കൃഷ്ണന് സൗഹൃദം സ്ഥാപിച്ചു. പക്ഷേ, സൂപ്രണ്ട് ജോലിക്കാരില്‍ നിന്നും കുറച്ച് അകലമിടുന്നതുപോലെ തോന്നിച്ചു. പേര് ചോദിച്ചറിഞ്ഞതില്‍ കൂടുതല്‍ സംസാരത്തിനൊന്നും അയാള്‍ കൃഷ്ണന്റെയടുത്ത് വന്നിട്ടില്ല. സിഗരറ്റും പുകച്ച്, പണിചെയ്യുന്നതും വീക്ഷിച്ച് ക്യാബിനില്‍ അയാളിരിക്കും. ഇങ്ങനെ ഇമവെട്ടാതെ നോക്കിയിരുന്നാല്‍ 'ആര്‍ക്കി'ന്റെ തീഷ്ണമായ പ്രഭയേറ്റ് കണ്ണ് മങ്ങിപ്പോവുകയില്ലേയെന്ന് കൃഷ്ണന് സംശയിച്ചിട്ടുണ്ട്. അയാളുടെ ഗൗരവം പൂണ്ട മുഖത്തിന്നു താഴെയിരുന്ന് പണിചെയ്യുമ്പോള്‍ എന്തെങ്കിലും സംസാരിക്കാന്‍ കൂടി മിനക്കെടാറില്ല ആരും.
സന്ധ്യയ്ക്കു തുടങ്ങുന്ന നാരായണന്റെ ഉന്തുവണ്ടിയായിരുന്നു ഇടയ്ക്ക് പുറത്തിറങ്ങുമ്പോള്‍ എല്ലാത്തിനുമാശ്രയം. രാത്രി നാരായണന്റെ കട സ്ഥിരമായുളളതുകൊണ്ട് കുറച്ചു ദൂരത്തു നിന്നുപോലും അവിടെ ആളുകളെത്തും. പിന്നെ സെക്കന്റ്ഷോ കഴിഞ്ഞു പോകുന്നവര്‍.
അവിടെ രാത്രി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും പകലും അവിടെത്തന്നെ പണിയുണ്ട്. പക്ഷേ, പകല്‍ വേറെയെന്തെങ്കിലും ജോലി ചെയ്യാനേ മാനേജര്‍ ആന്റണി സമ്മതിക്കുകയുളളു. ഷീറ്റുകള്‍ മുറിക്കുകയോ രാകുകയോ മറ്റോ. പകലും രാത്രിയും വെല്‍ഡിങ് ആര്‍ക്കില്‍ നോക്കിയിരുന്നാല്‍, മാസ്കിലൂടെയാണെങ്കിലും കണ്ണിനതു ദോഷം ചെയ്യുമെന്നാണ് അദ്ദേഹം കാരണം പറയുന്നത്. പക്ഷേ, വെല്‍ഡിങ്ങു ചെയ്യുന്നതാണ് പണിക്കാര്‍ക്കിഷ്ടം. കൂടുതല്‍ വേതന നിരക്ക് വെല്‍ഡിങ്ങിനാണ്. അവിടെ മാസശമ്പളത്തിന്റെ പരിപാടിയേ ഇല്ല. പണിയുടെ വലിപ്പമനുസരിച്ചുളള പ്രതിഫലം മാത്രം.
പുറത്ത് വെളിച്ചം പരക്കുന്നതിനുമുമ്പ് പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി, ആവശ്യമുളളത്ര വെളളവും ശേഖരിച്ചു വയ്ക്കും. പിന്നെ പുറത്തേക്കിറങ്ങേണ്ടല്ലോ. വെപ്പും കുടിയുമെല്ലാം ആ മുറിക്കകത്തു തന്നെ. തലേന്ന് ജോലിയുളള ദിവസമാണെങ്കില്‍ ഉറക്കക്ഷീണമുണ്ടാകും. ക്ലാസ്സ് കഴിഞ്ഞെത്തിയാലേ അതു തീര്‍ക്കാനാവൂ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാറില്ല അയാള്‍ ഇപ്പോള്‍. കാലത്ത് വച്ചുവയ്ക്കുന്നത് ക്ലാസ്സ് കഴിഞ്ഞെത്തുമ്പോഴാണ് കഴിക്കുക. ഒന്നു രണ്ടു ദിവസം കോളേജിലേക്ക് ഭക്ഷണം കൊണ്ടുപോയി നോക്കിയിട്ട് ബുദ്ധിമുട്ടുതോന്നിയതിനാല്‍ അയാള്‍ അതുപേക്ഷിച്ചു.
കൂടുമാറ്റത്തിനുശേഷം ആദ്യത്തെ ഞായറാഴ്ച കൃഷ്ണന് വീട്ടില്‍ പോയി. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്ന് പറഞ്ഞപ്പോഴും അമ്മയുടെ മുഖം ശരിക്ക് പ്രകാശിച്ചു കണ്ടില്ല.
ഓര്‍മ്മകളിപ്പോഴും വേട്ടയാടുന്നുണ്ടാവും. അമ്മയോട് എത്ര പറഞ്ഞാലും സംഭവങ്ങളുടെ ഗൗരവം മനസ്സിലാകില്ല. കാലം വ്യക്തിബന്ധങ്ങളില്‍ വരുത്തിവച്ച മാറ്റങ്ങള്‍ അമ്മ ഉള്‍ക്കൊളളാഞ്ഞിട്ടാണ്. അമ്മയുടെ മനസ്സില്‍ ഇപ്പോഴും പഴയ തറവാടും കാരണവന്മാരുടെ വാക്കിനുമേല്‍ പക്ഷിപറക്കാത്ത അവസ്ഥയുമാണുളളത്. എങ്കിലും ആ സ്നേഹം തന്നെ വീര്‍പ്പുമുട്ടിക്കുന്നു. അയാള്‍ ആലോചിച്ചു.
അയാള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ ഒരു കുപ്പി അച്ചാര്‍ പൊതിഞ്ഞ് കൈയില്‍ കൊടുത്തു. പിന്നെ ഒരു കടലാസ്സുപൊതിയും. തുറന്നു നോക്കിയപ്പോള്‍ പഴക്കംചെന്ന നോട്ടുകളും കുറെ ചില്ലറയും അയാള്‍ അതില്‍ കണ്ടു. കൈയില്‍ ആവശ്യത്തിനു പണമുണ്ടെന്നും സാര്‍ സഹായിച്ചെന്നും പറഞ്ഞ് ആ പൊതി കൃഷ്ണന് തിരികെ കൊടുത്തു. അതു വാങ്ങുമ്പോള്‍ ആ മിഴികള്‍ നനഞ്ഞിരുന്നു. ഇനി എല്ലാ ആഴ്ചയും തന്നെ കാക്കേണ്ട എന്നു പറഞ്ഞിട്ടാണ് കൃഷ്ണന് പോന്നത്.
വീട്ടില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്ക്കാനാണ് ഇപ്പോള്‍ മനസ്സിന്റെ ആഗ്രഹം. അവിടത്തെ ഓരോ നിമിഷവും പൂര്‍വ്വസ്മൃതികളിലേക്ക് വലിച്ചിഴയ്ക്കുന്നു. പക്ഷേ, അമ്മയുാടെ മുഖം കുറെനാള്‍ അടുപ്പിച്ച് കാണാതിരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല- കൃഷ്ണന് ഓര്‍ത്തു.
പുതിയ ജീവിതത്തിന് വളരെവേഗം ഒരു താളം കൈവന്നതായി കൃഷ്ണന് അറിഞ്ഞു.
ജോലിയില്ലാതിരുന്ന ഒരു ദിവസമാണ് സുനിലും ടോമും കൃഷ്ണന്റെ പുതിയ വാസസ്ഥലം കാണാനെത്തിയത്. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവര്‍ അയാളുടെ കൂടെ ചെന്നു. അവിടെ എത്തിയ ഉടനെ ചായയ്ക്കു വെളളം അടുപ്പത്തു വച്ചു. ടോം അവിടം മുഴുവന്‍ ചുറ്റിനടന്നു കാണുകയാണ്. അതിനിടെ അടുത്ത വീടുകളിലേക്ക് എത്തിവലിഞ്ഞുളള നോട്ടങ്ങളും.
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ടോമാണ് പുതിയ പദ്ധതി കൊണ്ടുവന്നത്. "നമുക്കിന്നിവിടെ ഒന്ന് ആഘോഷിച്ചാലോ?"
"എങ്ങനെ?" സുനിലും കൃഷ്ണനും ഏതാണ്ടൊരുമിച്ചാണ് ചോദിച്ചത്.
"പാചകം ചെയ്യാന്‍ സകലസൗകര്യങ്ങളും ഇവിടെയുണ്ട്. ഒരു കോഴിയെ വാങ്ങി ശരിയാക്കുക. പിന്നെ പറയാനല്പം വിഷമമുണ്ട്; ടാ കൃഷ്ണാ, നിനക്ക് സമ്മതമാണെങ്കില്‍ വെഷോം. അത്രയൊക്കെയായാല്‍ നമുക്ക് സുഖിക്കാനുളള വകുപ്പായില്ലേ?"
സുനിലും ടോമും തന്റെ മുഖത്തേക്കു നോക്കുന്നത് കൃഷ്ണന് കണ്ടു.
ഹോട്ടലില്‍ വച്ച് അന്ന് ചെയ്ത സത്യം- മൂന്നുപേരും ഇനി ഒരുമിച്ചിരുന്ന് മദ്യപിക്കില്ലെന്ന്. പക്ഷേ, സത്യങ്ങളുടെയും വാഗ്ദാനങ്ങളുടെയുമൊക്കെ നാളുകള്‍ വീണുടഞ്ഞു പോയെന്ന് നേരത്തെ തോന്നിയിട്ടുളളതാണ് അയാള്‍ക്ക്.
അവരുടെ ആഗ്രഹത്തിന് കൃഷ്ണന് തടസ്സം നിന്നില്ല.
"ഞാന്‍ റെഡി", തന്റെ ഉളളിന്റെയുളളിലും ആ ആഗ്രഹം നാമ്പിട്ടുവോ? അതുപറയുമ്പോള്‍ കൃഷ്ണന് സംശയിച്ചു.
ടോം ഹുറേ വിളിച്ച് തുളളിച്ചാടി. സുനിലിന്റെ മുഖവും പ്രസന്നമാകുന്നത് അയാള്‍ കണ്ടു.
"പക്ഷേ, ഒരു കാര്യം. ഇതിനെല്ലാത്തിനും കൂടി എന്തു ചിലവുവരും? എന്റെ കൈയില്‍ പൈസ കമ്മിയാണ്". പ്രഫസ്സര്‍ അയാള്‍ക്കു കൊടുത്തതില്‍ ഇനി വളരെ കുറച്ചേയുളളൂ ബാക്കി.
"നീയൊരു കോഴിയെ വാങ്ങിയാല്‍ മതി, ഇരുപത്തഞ്ചുരൂപയില്‍ കൂടില്ല. അരക്കുപ്പിക്കുളള കാശ് ഞങ്ങളുടെ കൈയില്‍ കാണും." സുനിലാണ് പറഞ്ഞത്.
പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു.
സുനില്‍ വേണ്ടുന്ന സാധനങ്ങളുമായി എത്തിയപ്പോള്‍, ടോം കോഴിയെ കറിയാക്കുന്ന പണി ഏറ്റെടുത്തു. കോള്‍ഡ് സ്റ്റോറില്‍ നിന്ന് വൃത്തിയാക്കിയ കോഴിയെ വാങ്ങിയതുകൊണ്ട് നുറുക്കി, പൊടികളും ചേര്‍ത്ത് അടുപ്പത്തുവച്ചാല്‍ മതിയായിരുന്നു. ടോം ആ കാര്യത്തില്‍ പരിചയസമ്പന്നനുമാണ്. ഇടയ്ക്ക് ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടതായേ കൃഷ്ണന് വന്നുളളൂ. സംഭാഷണം പൊടിപൊടിച്ചു നടന്നു. അടുത്തുളള വീടുകളില്‍ നിന്ന് ദൃഷ്ടികള്‍ ആ മുറിയിലേക്ക് നീണ്ടുനിന്നു.
എല്ലാം ശരിയാക്കി അവര്‍ കഴിക്കാനിരുന്നു. കുപ്പി വളരെ പെട്ടെന്ന് കാലിയായി. ആര്‍ക്കും ഒന്നുമാവാത്ത അവസ്ഥ. എങ്കിലും അവരുടെ ബോധങ്ങളില്‍ നിലാവുദിച്ചുയര്‍ന്നു. ഭാവിയെപ്പറ്റിയും തങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയുമുളള സംസാരം കൊണ്ട് ആ മുറിനിറഞ്ഞു കവിഞ്ഞു.
സെക്കന്റ് ഷോയ്ക്കുളള സമയമാകുന്നു. സിനിമയ്ക്കു പോകാനുളള നിര്‍ദ്ദേശം വച്ചത് കൃഷ്ണനാണ്. ഉടനെ വാതിലടച്ച് പുറത്തുകടന്നു അവര്‍. സിനിമയുടെ പേരുപോലും നോക്കാതെയാണ് ടിക്കേറ്റ്ടുത്തത്.
ഇന്റര്‍വെല്ലായപ്പോഴേക്കും മഴ പെയ്തതുപോലെ തലയില്‍ നിന്നെല്ലാം ഇറങ്ങി. ക്ഷീണം അവരുടെ കണ്പോളകളെ തമ്മിലടുപ്പിക്കാന്‍ ബന്ധപ്പെടുന്നു. ഒരുവിധം മുഴുവന്‍ കണ്ടെന്നു വരുത്തി അവര്‍ തിയേറ്ററിന്നു പുറത്തിറങ്ങി.
തിരിച്ചു നടക്കുമ്പോള്‍ സുനില്‍ അയാളോടു പറഞ്ഞു. "നീയിങ്ങനെ ജീവിതം നേരത്തെ ആസ്വദിക്കാന്‍ തുടങ്ങുകയാണോ? എന്റെ വലിയൊരു സ്വപ്നമാണ് എല്ലാത്തിലും നിന്ന് അകന്നിരുന്ന് ജീവിതം നുകരുകയെന്നത്." അതുകേട്ടപ്പോള്‍ കൃഷ്ണന് വെറുതെ ചിരിച്ചു. ജീവിതം ആസ്വദിക്കുകയാണുപോലും. അതോ, ഇതൊക്കെയായിരിക്കുമോ ജീവിതത്തിന്റെ സ്വാദിഷ്ടമായ വിഭവങ്ങള്‍? ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും സംശയങ്ങള്‍ അയാളുടെ മനസ്സില്‍ പത്തിവിരിച്ചു നിന്നാടി.
ജോലിയില്ലാത്ത ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ക്ലാസ്സു കഴിഞ്ഞുവന്നശേഷം കുറച്ചുറങ്ങും, അന്നെടുത്തത് എല്ലാമൊന്നു മറിച്ചുനോക്കും. ബുദ്ധിമുട്ടുളള ഭാഗങ്ങളുമായി പൊരുതുന്നത് പാതിരയാകുമ്പോഴാണ്. രാത്രിക്ക് അപ്പോഴേ ഒരു സ്വച്ഛത കൈവരുകയുളളു. പകലുമ ചുറ്റുപാടില്‍ നിന്ന് വലിയ ശല്ല്യമൊന്നുമുണ്ടായിരുന്നില്ല. അടുത്ത വീടുകളില്‍ കുട്ടികളും കുറവാണ്. ഉളളവര്‍ക്ക് വാടകവീടിന്റെ നാലു ചുമരുകള്‍ക്കുളളില്‍ എങ്ങനെ കഴിയണമെന്ന ശിക്ഷണവും കിട്ടിയിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി.
കാര്യങ്ങളെല്ലാം സുഗമമായി നീങ്ങിത്തുടങ്ങിയതിനുശേഷമാണ് പ്രഫസ്സറുടെ വീട്ടില്‍ സ്ഥിരമായി കൃഷ്ണന് പോയിത്തുങ്ങിയത്. ചിലപ്പോള്‍ ഹെലനുമായി സംസാരിച്ചിരിക്കും. പിന്നെ അങ്ങോട്ട് പ്രഫസ്സര്‍ കടന്നുവരും. സൂര്യനു കീഴെയുളള സകലകാര്യങ്ങളും സംഭാഷണത്തിന് വിഷയമാകും. ഹെലന് അതെല്ലാം ആകാംക്ഷയോടെ ശ്രദ്ധിക്കുമെങ്കിലും, ഇടയ്ക്കുകയറി ഒന്നും പറയാറില്ല. തീരെ ബോറായി അനുഭവപ്പെടുമ്പോഴാണെന്നു തോന്നുന്നു, ഹെലന് എഴുന്നേറ്റു പോകും. പിന്നെ എന്തെങ്കിലും കൈപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാം.
ചില ദിവസങ്ങളില്‍ അയാള്‍ ലൈബ്രറിയില്‍ കയറിയാല്‍ പിന്നെ അവിടെത്തന്നെ ഇരുന്നുപോകും. പ്രഫസ്സറോ ഹെലനോ ശല്യപ്പെടുത്തില്ല. പുസ്തകങ്ങളൊന്നും അയാള്‍ മുറിയിലേക്കു കൊണ്ടുപോകാറില്ലായിരുന്നു. വേണ്ടത് അവിടെയിരുന്ന് വായിച്ചുതീര്‍ക്കും. നാനാതരം വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകങ്ങളുളള ആ ലൈബ്രറി ഒരു ഖാനി തന്നെയായിരുന്നു അയാള്‍ക്ക്. കുറെനാളുകളായി നിന്നുപോയിരുന്ന അയാളുടെ വായന അങ്ങനെ പുനരാരംഭിക്കാനായി.
ഒരു ദിവസം കൃഷ്ണന് ചെല്ലുമ്പോള്‍ ഹെലന് മുഖം വീര്‍പ്പിച്ചിരിക്കുന്നതാണ് കണ്ടത്. കാരണം നിസ്സാരം-ടൗണില്‍ ഏതോ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാന്‍ പ്രഫസ്സര്‍ അവളെ കൊണ്ടുപോകുന്നില്ല. അദ്ദേഹത്തിന് അത്യാവശ്യമായി എന്തോ കാര്യം ചെയ്തു തീര്‍ക്കണമായിരുന്നു. താന്‍ കൊണ്ടുപോകാം എന്ന് കൃഷ്ണന് പറഞ്ഞപ്പോള്‍ ഹെലന്റെ മുഖം തെളിഞ്ഞു. പ്രഫസ്സറും എതിര്‍ത്തില്ല; ഇരുട്ടുന്നതിനു മുമ്പ് തിരിച്ചെത്തണം എന്ന വ്യവസ്ഥയില്‍ അദ്ദേഹം അവരെ പറഞ്ഞുവിട്ടു.
ഘോഷയാത്ര കഴിഞ്ഞപ്പോള്‍ അവര്‍ പാര്‍ക്കില്‍പോയി കുറച്ചുനേരമിരുന്നു. ഹെലന് ആദ്യമായിട്ടല്ലേ തന്റെ കൂടെ വരുന്നതെന്നോര്‍ത്ത് ഒരു സ്റ്റേഷനറിക്കടയില്‍ കയറി ഹെലനോട് ഇഷ്ടമുളളത് തിരഞ്ഞെടുത്തോളാന്‍ കൃഷ്ണന് പറഞ്ഞു. അവളൊന്നും എടുക്കാന്‍ കൂട്ടാക്കിയില്ല. അവസാനം നിര്‍ബന്ധത്തിനുവഴങ്ങി ഒരു വെളുത്ത വള മാത്രമെടുത്തു.
ആ പതിവ് തുടര്‍ന്നു. സമയം കിട്ടുമ്പോഴൊക്കെ ഹെലനെയും കൂട്ടി അയാള്‍ പാര്‍ക്കില്‍പോയി ഇരിക്കും. പിന്നെ കുറച്ചുനേരം പാര്‍ക്കിന്റെ മൂലയിലുളള ഐസ്ക്രീം പാര്‍ലറില്‍. അവള് പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ കേട്ടിരിക്കുക ആസ്വാദ്യകരമായിരുന്നു അയാള്‍ക്ക്.
കഴിഞ്ഞ സംഭവങ്ങളുടെ ചീളുകള്‍ ചിലപ്പോഴെങ്കിലും കൃഷ്ണന്റെ മനസ്സില്‍ കടന്നുചെന്ന് മുറിവേല്‍പ്പിക്കുന്നു. അവ കഴിവതും ഒഴിവാക്കാന്‍ കോളേജിലൂടെ വളരെ ശ്രദ്ധിച്ചാണ് അയാള്‍ നടന്നത്. അശ്വതിയുടെ മാര്‍ഗ്ഗത്തിലെവിടെയെങ്കിലും കടന്നു ചെല്ലാതിരിക്കാന്‍ കാമ്പസിന്റെ ചില ഭാഗങ്ങളിലേക്ക് പോകാതെവരെ കൃഷ്ണന് സൂക്ഷിച്ചു. കോളേജിപ്പോള്‍ ക്ലാസ്സ് അറ്റന്റ് ചെയ്യാന്‍ മാത്രമുളള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് അയാള്‍ക്ക്. ടൗണിലായതുകൊണ്ട് ഏതുസമയത്തും വണ്ടികിട്ടാന്‍ ബുദ്ധിമുട്ടില്ല. ഏതാണ്ടു കൃത്യസമയത്തു മാത്രമേ അയാള്‍ ക്ലാസ്സിലെത്തുകയുളളൂ. മൂന്നരയ്ക്കു ക്ലാസ്സുകഴിഞ്ഞാല്‍ വേഗം മടങ്ങും. ജോലിയുളള ദിവസമാണെങ്കില്‍ നാലുമണിക്ക് 'ശക്തി'യിലെത്തണം. മുറിയില്‍ ചെന്ന്, ഊണുകഴിച്ചെന്നു വരുത്തി അങ്ങോട്ടുതിരിക്കും.
ആഗ്നസിനെ കാണുമ്പോള്‍ പലപ്പോഴും ഒഴിഞ്ഞു മാറിയിട്ടുണ്ട് അയാള്‍. ക്ലാസ്സില്‍ അയാളെ അന്വേഷിച്ച് ഇതുവരെ എത്തിയിട്ടുമില്ല. ഒരു പക്ഷേ ആ ചോദ്യം തന്നെ കൂടുതല്‍ പ്രശ്നങ്ങളിലേക്കു വലിച്ചിഴച്ചിരിക്കുമോയെന്ന് അവള് ഊഹിച്ചുകാണും. കൃഷ്ണന് വിചാരിച്ചു. അതിപ്പോഴും അയാളുടെ മനസ്സില്‍ കിടന്ന് കറങ്ങിത്തിരിയുകയാണ്. ഇതുവരെ അതിന്റെ ഉത്തരം എന്തായിരിക്കുമെന്നുപോലും അയാള്‍ ആലോചിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം അയാള്‍ക്ക് മനസ്സിലായിവരുന്നു. ഈ സ്വച്ഛന്ദത ഭീകരമാണ്. എന്തെങ്കിലും രണ്ടുവാക്കു പറയാനാവാതെ, സ്വന്തമെന്നു പറയാന്‍ ആരുമില്ലാതെ ഏകനായി....
ആദ്യശമ്പളം കിട്ടിയ ശേഷമാണ് കൃഷ്ണന് വീട്ടില്‍ പോയത്. അത് അഞ്ഞൂറുരൂപയുടെ അടുത്ത് ഉണ്ടായിരുന്നു. പ്രഫസ്സറുടെ അടുത്ത് കടം വീട്ടാനെത്തിയപ്പോള്‍ അതു തികയില്ലെന്നായി അദ്ദേഹം. 'ഇതു കൃഷ്ണന്റെ കൈയില്‍ തന്നെ ഇരിക്കട്ടെ; തന്റെ നല്ല മനസ്സു മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുളളൂ' എന്ന് പറഞ്ഞ് അദ്ദേഹം അയാളെ തിരിച്ചയച്ചു. ആ വാക്കുകള്‍ക്കെതിരായി ഒന്നും പറയാനുണ്ടായില്ല അയാള്‍ക്ക്. തന്റെ കഷ്ടസ്ഥിതി അദ്ദേഹത്തിനു മാത്രമേ അറിയുകയുളളൂ- കൃഷ്ണന് ഓര്‍ത്തു.
വീട്ടിലേക്കെന്ത് വാങ്ങിക്കൊണ്ടു പോകണമെന്ന് കൃഷ്ണന് കുറെ ആലോചിച്ചു. അവസാനം അമ്മയ്ക്കൊരു കസവുനേര്യതും ഏട്ടനൊരു ഹീറോപ്പെന്നും വാങ്ങി. ഒരു പഴയ പേനയാണ് ഏട്ടനുപയോഗിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നതാണെന്നു തോന്നുന്നു. പേന ലീക്ക് ചെയ്ത് കൈവിരലുകള്‍ എപ്പോഴും വൃത്തികേടായിരിക്കുന്നതു കാണാം.
കൈയിലിരിക്കുന്ന നോട്ടുകള്‍ക്ക് ഭാരക്കൂടുതലുളളതായി അയാള്‍ക്കനുഭവപ്പെട്ടു. അതെടുത്തു ചിലവാക്കുമ്പോള്‍ വിയര്‍പ്പിന്റെ വിലയാണെന്ന ഓര്‍മ്മയും.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:35 AM
0
അഭിപ്രായങ്ങള്‍
അധ്യായം പതിന്നാല്
പിറ്റേന്ന് കോളേജില്‍ ഇറങ്ങാതെ, നേരെ ടൗണിലേക്കാണ് കൃഷ്ണന് പോയത്. ജോലിയുടെയും താമസത്തിന്റെയുമൊക്കെ കാര്യങ്ങള്‍ക്ക് തീരുമാനമായാലെ അയാള്‍ക്ക് ഇനി സമാധാനമാവുകയുള്ളൂ.
ടൗണിലെത്തി ആദ്യം 'ശക്തി പ്രഷര്‍ വെസ്സല്‍സ്' കണ്ടുപിടിച്ചു. കുറച്ചകലെ വച്ചുതന്നെ ഉരുക്കും ഉരുക്കും തമ്മിലിടയുന്നതിന്റെ പരുക്കന്‍ ശബ്ദം കേട്ടു തുടങ്ങി. കമ്പനിയുടെ കൂറ്റന്‍ ഇരുമ്പുവാതില്‍ കടന്ന് ഉളളില്‍ മാനേജരുടെ മുറിയിലെത്തി കൃഷ്ണന്. പ്രായം ചെന്ന ഒരാളാണ് മാനേജരുടെ മുറിയില്‍ ഇരിക്കുന്നത്.
"ഇരിക്കൂ." കയറിച്ചെന്ന ഉടനെ അദേഹം പറഞ്ഞു.
"എന്റെ പേര് കൃഷ്ണകുമാര്‍. ഒരു ജോലിക്കാര്യത്തിനുവേണ്ടി വന്നതാണ്." അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞപ്പോള്‍ കൃഷ്ണന് പറഞ്ഞു. പിന്നെ പ്രഫസ്സര്‍ ഡാനിയേലിന്റെ കത്തു കൊടുത്തു.
"പ്രഫസ്സര്‍ പറഞ്ഞിരുന്നു." കത്തില്‍ കണ്ണോടിച്ചുകൊണ്ട് മാനേജര്‍ സംസാരം തുടര്‍ന്നു. “കൃഷ്ണകുമാറിന് എന്നുമുതല്‍ വേണമെങ്കിലും ജോലിക്കു ചേരാം. ഇവിടെ ധാരാളം പണിയുണ്ട്. ഷിപ്പ് യാര്‍ഡില്‍ നിന്ന് അടുത്തയിടെ ഞങ്ങള്‍ക്ക് ഒരു വലിയ കോണ്‍ട്രാക്ട് കിട്ടി; അതുകൊണ്ട് നല്ല തിരക്കാണ്. പിന്നെ പ്രഫസ്സര്‍ എന്നോട് കുറെ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ചേ നിങ്ങള്‍ക്കിവിടെ ജോലി ചെയ്യാനൊക്കൂ."
"അതെന്താണ് സര്?"
"താല്‍ക്കാലിക ജോലിക്കാര്‍ക്ക് ഇവിടെ പ്രതിഫലം കൊടുക്കുന്നത് പീസ്റേറ്റ് അനുസരിച്ചാണ്. അതായത് ചെയ്തുന്ന ജോലിക്കനുസരിച്ച് കൂലി. പാര്‍ട്ട്ടൈം വെല്‍ഡര്‍മാര്‍ക്ക് വൈകുന്നേരം നാലുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ ജോലി ചെയ്യാം. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ജോലിചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് പ്രഫസ്സര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാലും ആഴ്ചയില്‍ അഞ്ഞൂറുരൂപ വരെ വലിയ പ്രയാസ്സമൊന്നുമില്ലാതെ ഉണ്ടാക്കാം. പണിയുടെ കുറവ് ഉണ്ടാവില്ല; എല്ലാം നിങ്ങളുടെ ഉത്സാഹത്തെ ആശ്രയിച്ചിരിക്കും."
പ്രഫസ്സര്‍ ഡാനിയേല്‍ വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധ ചെലുത്തിയിരിക്കുന്നു- കൃഷ്ണന് ചിന്തിച്ചു. പഠനത്തിന് ആവശ്യമായ സമയം ലഭിക്കാനാണ് ഒന്നരാടം ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞുവച്ചിരിക്കുന്നത്.
"അപ്പോള്‍ കൃഷ്ണന് എന്നു ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു?"
"നാളെ മുതല്‍ തന്നെ വന്നു തുടങ്ങാം സര്. പക്ഷേ, ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ എനിക്ക് ട്രെയിനിങ് തരണം. ഐ.ടി.ഐ.യില്‍ നിന്ന് പോന്നശേഷം എങ്ങും പോയിട്ടില്ല. രണ്ടു മൂന്നു വര്‍ഷമായി ഇലക്ട്രോഡ് ഹോള്‍ഡര്‍ കൈയിലെടുത്തിട്ട്."
"ഓവര്‍ഹെഡും ഇന്‍ക്ലൈനറുമൊന്നും ആദ്യം കൃഷ്ണകുമാര്‍ ചെയ്യേണ്ടിവരില്ല. അതിന് ഇവിടെ പരിചയം സിദ്ധിച്ച സ്ഥിരം ജോലിക്കാരുണ്ട്. ആദ്യം എളുപ്പമുള്ള ജോലികള്‍ തരാന്‍ ഞാന്‍ സൂപ്പര്‍വൈസറോടു പറയാം. കോണ്‍ഫിഡന്‍സ് ആവുന്നതുവരെ പ്രാക്ടീസ് ചെയ്താല്‍ മതി; ആ ദിവസങ്ങളില്‍ ദിവസം 200 രൂപ വച്ച് കൂലി തരാം."
"വളരെ ഉപകാരം സര്."
പുറത്തിറങ്ങിയപ്പോഴാണ് മാനേജരുടെ പേരു ചോദിക്കാന്‍ വിട്ടുപോയ കാര്യം അയാള്‍ ഓര്‍ത്തത്. ഗേറ്റില്‍ നില്ക്കുന്ന കാവല്ക്കാരനോട് മാനേജരുടെ പേര് ചോദിച്ചറിഞ്ഞു; ആന്റണി എന്നാണത്രെ.
ഉച്ചതിരിഞ്ഞ് കൃഷ്ണന് പ്രഫസ്സര്‍ പറഞ്ഞ വാടകവീടു തേടി പുറപ്പെട്ടു. അവസാനം ഉടമസ്ഥന്റെ വീട്ടില്‍ ചെന്നെത്തി. വീട് കാണിച്ചു കൊടുക്കാന്‍ അതിന്റെ ഉടമസ്ഥയെപ്പോലെ സംസാരിക്കുന്ന ഒരു സ്ത്രീയാണ് അയാളുടെ കൂടെ ചെന്നത്. സാമാന്യം വലിയ ഒരു മുറി. അതില്‍ ചെറിയ ഒരു മേശയും ഒരു സ്റ്റൂളുമുണ്ട്. ഫര്‍ണിച്ചറായി അവ മാത്രം. പിന്നെ മുറിയുടെ തുടര്‍ച്ചയെന്നോണം ഒരറ്റത്ത് ചെറിയ ഒരു അടുക്കളയും. അതില്‍ ഒരാള്‍ക്കു നിന്നുതിരിയാന്‍ മാത്രമേ പറ്റുകയുള്ളൂ.
അവര്‍ അഡ്വാന്‍സിന്റെയോ വാടകയുടെയോ കാര്യമൊന്നും കൃഷ്ണനോട് പറഞ്ഞില്ല. ഒരുപക്ഷേ പ്രഫസ്സര്‍ ഡാനിയേല്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിരിക്കും. ആ സ്ത്രീ മുറിയുടെ താക്കോല്‍ കൃഷ്ണനെ ഏല്പിച്ചിട്ട് തിരിച്ചുപോയി.
എന്തൊക്കെ വാങ്ങണമെന്ന് ആലോചിച്ച് കൃഷ്ണന് സ്റ്റൂളില്‍ കുറെനേരം ഇരുന്നു. ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതില്‍ അയാള്‍ക്ക് നല്ല അഭിമാനം തോന്നുകയും ചെയ്തു.
ടൗണിലേക്കു തിരിക്കുമ്പോള്‍ എന്തൊക്കെ വാങ്ങണമെന്നതിനെപ്പറ്റി അയാളുടെ മനസ്സില്‍ ചെറിയൊരു രൂപമുണ്ടായിരുന്നു. ഒരു സ്റ്റൗ, കുറെ പാത്രങ്ങള്‍, വില കുറഞ്ഞ ഒരു കിടക്ക, വിരിപ്പ്. അവയൊക്കെ ആയാല്‍ തല്ക്കാലം താമസം തുടങ്ങാമെന്നു തോന്നി അയാള്‍ക്ക്. പലവ്യജ്ഞനങ്ങളും മറ്റും എന്തൊക്കെ വേണമെന്ന് വീട്ടില്‍ ചെന്ന് അമ്മയോട് ആലോചിച്ചിട്ടാവാം. കുറെയൊക്കെ വീട്ടില്‍ നിന്ന് കൊണ്ടുവരാം.
സാധനങ്ങളെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയില്‍ മുറിയിലേക്കു കൊണ്ടുവന്നു. കൃഷ്ണന് എടുത്തതുപോലെയുള്ള വാടകവീടുകള്‍ അവിടെ വേറെയുമുണ്ട്. സാധനങ്ങള്‍ എല്ലാം കൊണ്ടുവരുന്നതു കണ്ടിട്ട് മറ്റു വാടകക്കാര്‍ പുതിയ അന്തേവാസി ആരെന്ന് ജനാലകളിലൂടെ നോക്കുന്നത് കൃഷ്ണന് ശ്രദ്ധിച്ചു.
എല്ലാം അടുക്കിപ്പെറുക്കി വച്ച് ബാക്കിയുളള പണം എണ്ണി നോക്കി. പ്രഫസ്സറില്‍ നിന്ന് കിട്ടിയതില്‍ നല്ലൊരു ഭാഗം തീര്‍ന്നിരിക്കുന്നു. അദ്ദേഹം സഹായിച്ചില്ലായിരുന്നെങ്കില്‍? തന്റെ പരിപാടികള്‍ ഒന്നും നടക്കുമായിരുന്നില്ല എന്ന് തീര്‍ച്ച- കൃഷ്ണന് ഓര്‍ത്തു.
ഇനി വീട്ടില്‍ പോകണം. നാളെ മുതല്‍ ഇവിടെ സ്ഥിരം അന്തേവാസിയാകാം. പോകുന്ന വഴി കൃഷ്ണന് പ്രഫസ്സറുടെ വീട്ടില്‍ കയറി എല്ലാം ശരിയായി എന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, "കാരി ഓണ്‍ മൈ ബോയ്, യു വില്‍ നോട്ട് ഫെയില്‍."
കവലയില്‍ വണ്ടിയിറങ്ങുമ്പോള്‍ തന്നെ ഇരുട്ടിയിരുന്നു. കണ്ണു കെട്ടിയാല്‍പോലും പാടത്തു കൂടി നടന്നു പോകാന്‍ കൃഷ്ണനാവും. അയാള്‍ മുറ്റത്തെത്തിയപ്പോള്‍ വരാന്തയില്‍ പ്രായം ചെന്ന ഒരാളുടെ സംസാരംകേട്ടു. ഇനി അമ്മാവനെങ്ങാനും? വരാന്‍ വളരെ സാധ്യതയുണ്ട്. ഒന്നും മിണ്ടാതെയല്ലേ പെരിഞ്ചേരിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്- കൃഷ്ണന് കണക്കു കൂട്ടി.
മിടിക്കുന്ന ഹൃദയത്തോടെയാണ് അയാള്‍ വീട്ടിലേക്ക് കയറിയത്. അയാളുടെ ഊഹങ്ങളൊന്നും തെറ്റിയില്ല.
"കൃഷ്ണാ, വസ്ത്രമൊക്കെ മാറിയിട്ടു വരൂ. എനിക്ക് നിന്നോട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്." അയാളെ കണ്ടയുടനെ അമ്മാവന് പറഞ്ഞു.
അമ്മയും ഏട്ടനും ഒന്നുമുരിയാടാതെ അമ്മാവന്റെ അടുത്ത് ഇരിക്കുകയാണ്.
കൈയും മുഖവും കഴുകി തുടച്ചു. വീണ്ടും ഇറയത്തേക്കുചെന്ന് കൃഷ്ണന് അമ്മാവന്റെ മുമ്പില്‍ നിന്നു.
"നീയെന്താ കുന്തക്കോല് പോലെ നിക്കണെ. അവിടെ ഇരിക്കൂ." അമ്മാവന് തനിക്ക് കഴിയുന്ന രീതിയില്‍ അയാളെ ശാന്തമാക്കുവാന്‍ ശ്രമിക്കുകയാണ്.
എങ്കിലും ഒരു ചെറിയ പരിഭ്രമത്തൊടെ കൃഷ്ണന് തിണ്ണയില്‍ ഇരുന്നു.
കുറെനേരം അവിടെ മൗനം തളംകെട്ടിനിന്നു. അവസാനം അമ്മാവന് തന്നെ അത് ഭജ്ഞിച്ചു, "എന്താ, കൃഷ്ണന്‍കുട്ട്യേ ഇതിന്റെയൊക്കെ അര്‍ത്ഥം? നിനക്ക് ഒരു വാക്കു പറഞ്ഞിട്ട് പോരാരുന്നല്ലോ വീട്ടീന്ന്."
കൃഷ്ണന് ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാനാണ് അയാള്‍?
"കാര്‍ത്തു എന്നോട് എല്ലാ വിവരോം പറഞ്ഞു. നിന്നെ പെരിഞ്ചേരിയിലേക്ക് കൊണ്ടുപോയത് അശ്വതിയല്ലലോ; ഞാനല്ലേ. അവള് പറഞ്ഞത് തെറ്റ് തന്നെ. പക്ഷേ, ക്ഷതം ഏല്പിക്കാന് കത്തിക്കല്ലാതെ ഈര്‍ക്കില്‍ത്തുമ്പിനു പറ്റ്വോ കൃഷ്ണന് കുട്ട്യേ?"
"പരിക്കു പറ്റില്ലെങ്കിലും ചൂലുകൊണ്ട് അടിയേല്‍ക്കുന്നത് കൊളളില്ല അമ്മാവാ." താനെങ്ങനെയാണത് പറഞ്ഞത്? ഒരു നിമിഷം വികാരധീനനായിപ്പോവുകയായിരുന്നു- കൃഷ്ണന് തന്റെ സമനില പെട്ടന്ന് വീണ്ടെടുത്തു. അത്തരമൊരു മറുപടി എങ്ങനെ തന്റെ നാവിലെത്തി എന്നൊര്‍ത്ത് അയാള്‍ അത്ഭുതപ്പെടുകയും ചെയ്തു.
അയാളുടെ മറുപടി കേട്ട് അമ്മാവന് അസ്തപ്രജ്ഞനായി ഇരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. അമ്മ കരയുകയാണ്.
"കൃഷ്ണന്‍കുട്ട്യേ, നീയെന്നെ പറഞ്ഞ് തോല്‍പ്പിച്ചു കളഞ്ഞു. എനിക്കിനി ഒന്നൂല്ല പറയാന്‍. ആ പടി നീയെപ്പൊ വന്നാലും തുറന്നു കിടക്കും; ഈ കണ്ണടയോളം."
അമ്മാവനതു പറയുമ്പോള്‍ തൊണ്ട ഇടറിയോ? കൃഷ്ണന് സംശയിച്ചു; അയാളുടെ മനസ്സില്‍ എവിടെയോ ഒരു ചെറിയ നൊമ്പരത്തിന്റെ സൂചി തറഞ്ഞുകേറുകയും.
"എനിക്ക് ടൗണിലൊരു ചെറിയ ജോലി കിട്ടി അമ്മാവാ. അടുത്തു തന്നെ ഒരു വാടകമുറിയും എടുത്തു. പഠിത്തം തീരുവോളം അവിടെ താമസിക്കാന്നാ വിചാരിക്കണെ."
"ങ്ഹാ, നീയായി, നിന്റെ പാടായി. കുട്ടികള്‍ വലുതാവുന്ന കാര്യം ചിലപ്പോള്‍ കാര്ന്നോമ്മാര് മറന്നു പോകും. കൈവിറയ്ക്കുമ്പോള്‍ ഒരു താങ്ങിന് ഇനി അന്യരേ ഉണ്ടാവൂ. അതില്ലാതിരിക്കാനാ ഞാനീ പാടൊക്കെപ്പെട്ടെ."
അമ്മാവന് ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് ഇരുളിലേക്കിറങ്ങി. പിന്നെ മുറുക്കിത്തുപ്പിക്കൊണ്ട് വായ കഴുകാന്‍ വെളളം ചോദിച്ചു. അമ്മ എഴുക്കേല്‍ക്കുമ്പോള്‍ അയാളോടു പറഞ്ഞു, "കാര്‍ന്നോമ്മാരെ ധിക്കരിക്കലാണ് നിന്റെയീ പ്രവൃത്തികളൊക്കെ."
അങ്ങനെയോരോന്ന് കേട്ടുകൊണ്ട് അധികസമയം അവിടെ നില്ക്കാന് കൃഷ്ണന് കഴിഞ്ഞില്ല. അകത്തു ചെന്ന് ലൈറ്റണച്ച് അയാള്‍ കിടന്നു. അമ്മ വന്നു വിളിക്കുമ്പോള്‍ താന്‍ ഒരു മയക്കത്തിലായിരുന്നതു പോലെ തോന്നി അയാള്‍ക്ക്.
"നീ വരുന്നില്ലെങ്കില്‍ അമ്മാവനും ഊണുകഴിക്കണില്ലാന്നാ പറയണെ."
ഊണു മേശയ്ക്കരികില്‍ ഒന്നുംമിണ്ടാതെ അമ്മാവനും ഏട്ടനും ഇരിക്കുന്നു. ഇതെല്ലാം താന്‍ മൂലമാണല്ലോ എന്ന വിചാരം ഉണ്ടായപ്പോള്‍ തീരെ ദുഃഖിതനായി അയാള്‍. അയാളെ കണ്ടപ്പോള്‍ അമ്മാവന് പറഞ്ഞു, "നിന്റെ ഉന്മേഷമൊക്കെ എവിടെപ്പോയി കുട്ട്യേ? ഞാന്‍ പറഞ്ഞതൊന്നും നീ കൂട്ടാക്കണ്ട. നല്ലതു വരണോന്നേ ഈ മനസ്സില്‍ എപ്പോഴും ഉളളൂ."
പിന്നെ അമ്മാവന് സംസാരിക്കുമ്പോള്‍ ബോധപൂര്‍വ്വം ആ കാര്യങ്ങളെയൊന്നും സ്പര്‍ശിക്കാതിരിക്കുന്നത് കൃഷ്ണന് ശ്രദ്ധിച്ചു.
രാവിലെ അയാള്‍ ഉണരുമ്പോള്‍ അമ്മാവന് പോയിക്കഴിഞ്ഞിരുന്നു. ടൗണിലേക്കു തിരിക്കാന്‍ അത്ര ധൃതി പിടിച്ചില്ല. ഇന്നും കോളേജില്‍ പോകേണ്ടന്നു വയ്ക്കാം. എല്ലാം ഒന്ന് ഒതുക്കിയാല്‍ പിന്നെ ക്ലാസ് സമയത്തിനിടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും ഓണേണ്ടല്ലോ- അയാള്‍ ചിന്തിച്ചു.
പോകുന്നതിന് മുമ്പ് അടുക്കളയിലേക്കു വേണ്ട അത്യാവശ്യം പലവ്യജ്ഞനങ്ങള് എല്ലാം കൃഷ്ണന് അമ്മയോടു ചോദിച്ചറിഞ്ഞു. പൊടിയായി കിട്ടുന്നതെല്ലാം അങ്ങനെ വാങ്ങാനാണ് അമ്മ പറഞ്ഞത്. പിന്നെ പെട്ടെന്ന് ഉണ്ടാക്കാവുന്ന രണ്ടുമൂന്ന് കറികളും പറഞ്ഞുകൊടുത്തു. അത്യാവശ്യത്തിനുള്ള കുറെ സാധനങ്ങള്‍ പൊതിഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു.
മുറ്റത്തേക്കിറങ്ങുമ്പോള്‍ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക് കൃഷ്ണന്റെ കണ്ണുകള്‍ കറങ്ങിത്തിരിഞ്ഞുചെന്നു. ജീവിതത്തിലെ മറ്റൊരധ്യായം ഇന്ന് അയാള്‍ തുടങ്ങുകയാണ്.
കടയില്‍ നിന്ന് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടാണ് കൃഷ്ണന് മുറിയിലേക്ക് ചെന്നത്. ഉച്ചഭക്ഷണം തന്നെ പാകപ്പെടുത്തി ഒരു പരീക്ഷണം നടത്തിക്കളയാമെന്ന് അയാള്‍ തീരുമാനിച്ചു.
അരി കഴുകി വെളളം കളയാന്‍ പുറത്തിറങ്ങിയപ്പോള്‍ ചെറിയ ചമ്മല് തോന്നി അയാള്‍ക്ക്. ആളുകള്‍ കാണുന്നുണ്ടാവില്ലേ. പിന്നെ എങ്ങും നോക്കാതെ എല്ലാം കഴിച്ച് വേഗം അകത്തേക്കു പോന്നു കൃഷ്ണന്.
അരി തിളച്ചുകൊണ്ടിരിക്കുമ്പോള്‍ തക്കാളിയും വെണ്ടയ്ക്കയും സവാളയുമെല്ലാം അരിഞ്ഞെടുത്തു.
ചോറ് വാര്‍ത്തുവയ്ക്കാനാണ് കൃഷ്ണന് ഏറെ പണിപ്പെട്ടത്. തിളച്ച വെളളം വീണ് കൈ കുറച്ച് പൊളളി.
പിന്നെ കറിവയ്ക്കാനുളള ശ്രമത്തിലായി. എണ്ണയൊഴിച്ച് സവാള മൂപ്പിച്ചു. കറിപ്പൊടികളും വെണ്ടയ്ക്കയും തക്കാളിയും അതിനുശേഷമിട്ടു; അമ്മ പറഞ്ഞ അത്രയും വെളളവും ഒഴിച്ച് ഉപ്പും ചേര്‍ത്തു. വെളളം തിളച്ച് കുറെ കഴിഞ്ഞപ്പോള്‍ താന്‍ ഇതുവരെ കഴിച്ചിട്ടില്ലാത്ത ആ കറി അയാള്‍ വാങ്ങിവച്ചു.
ഊണു കഴിക്കുമ്പോള്‍ കൃഷ്ണന് വലിയ രുചിയൊന്നും തോന്നിയില്ല. പക്ഷേ, എല്ലാത്തിലും വലുത് ഇങ്ങനെയൊക്കെ തനിക്ക് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നുള്ള ആത്മസംതൃപ്തിയായിരുന്നു അയാള്‍ക്ക്.
ഊണുകഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് നാളെ കോളേജില്‍ പോകേണ്ട കാര്യത്തെക്കുറിച്ച് അയാള്‍ ഓര്‍ക്കുന്നത്. പുസ്തകങ്ങളൊന്നും പെരിഞ്ചേരിയില്‍ നിന്ന് എടുത്തിട്ടില്ല.
അവിടെപ്പോയി എല്ലാം എടുത്ത് തിരിച്ചു പോരുന്നത് തീരെ വിഷമകരമാണ്. എത്ര പേരെയാണ് അവിടെ അഭിമൂഖീകരിക്കേണ്ടി വരിക. പിന്നെ ചോദ്യശരങ്ങള്‍ക്കുളള മറുപടികള്‍. മനസ്സും ശരീരവും ഒരു യുദ്ധസന്നാഹം തന്നെ എടുക്കണം അങ്ങോട്ടു പോകുന്നതിനുമുമ്പ്. എല്ലാം നേരിടാം. പക്ഷേ, അമ്മാവന്റെ മുഖം. അതോര്‍ക്കുമ്പോഴാണ് അയാള്‍ക്ക് ഏറ്റവും വിഷമം.
ഓട്ടോറിക്ഷയിലാണ് കൃഷ്ണന് പെരിഞ്ചേരിയിലേക്കു പോയത്. ട്രങ്കും തൂക്കി കവലയിലൂടെ വരാന്‍ പറ്റില്ല. നാട്ടുകാര്‍, നാരായണന് നായരുടെ ചായക്കട- അവയെല്ലാം മുളളുവേലികള്‍ പോലെ ഇപ്പോള്‍ അയാളുടെ മുമ്പില്‍ നില്ക്കുന്നു.
അമ്മാവന് ഉമ്മറത്തു തന്നെയുണ്ട്. കൂടെ രാമന് കുട്ടിയും. എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കുറച്ചു നേരം കൃഷ്ണന് അവിടെ പരുങ്ങി നിന്നു.
"സാധനങ്ങളൊക്കെ എടുക്കാനായിരിക്കും, അല്ലേ?" അമ്മാവന് അയാളോടു ചോദിച്ചു.
"അതെ."
"എന്നാല്‍ വൈകിക്കണ്ട."
അയാള്‍ നേരെ ഔട്ട്ഹൗസിലേക്കു നടന്നു. രാമന്‍കുട്ടിയും പിറകെ ചെന്നു.
"അപ്പൊ, പോകാന്‍ തന്നെ തീരുമാനിച്ചു,അല്ലേ?" രാമന്‍കുട്ടി ചോദിച്ചു.
"കാര്യങ്ങളൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. എല്ലാം അറിഞ്ഞില്ലേ?"
"ഉവ്വ്. കുട്ടിയുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇവിടെ നില്‍ക്കില്ല. എല്ലാം അവരുടെ പണിയാ." രാമന് കുട്ടി അമ്മായിയെയാണ് ഉദ്ദേശിക്കുന്നത്.
"മൈസൂര്‍ പഠിക്കുന്ന ആ ചെക്കന് വരുന്നുണ്ട്, വിനയന്. അതിനുമുമ്പ് കുളം ആകെയൊന്ന് കലക്കി മീന്‍പിടിക്കാനാണവരുടെ ശ്രമം. ഇപ്പൊ ഏതാണ്ടൊക്കെ ശരിയാവേം ചെയ്തു. ആ പെങ്കൊച്ച് പാവാ. പക്ഷേ, അമ്മയുടെ താളത്തിനൊത്ത് തുളളാനുളള വിവരേളളൂന്ന് മാത്രം. അല്ലെങ്കില്‍ നിസ്സാരപ്രശ്നങ്ങള്‍ക്ക് ഇങ്ങനെണ്ടാവ്വോ ഒരു മെന?"
എന്നാലും?
സാധനങ്ങളെല്ലാം എടുത്ത് വീണ്ടും പെരിഞ്ചേരിയിലെത്തി. ഉമ്മറത്തേക്കു കയറാന്‍ അയാള്‍ക്കു തോന്നിയില്ല.
"ചായ കുടിച്ചിട്ടു പോകാം കൃഷ്ണന്‍കുട്ട്യേ"
"ഇപ്പൊ വേണ്ടമ്മാവാ. ഞാന്‍ പോണു. വണ്ടിക്കാരന് കാത്തു നില്ക്കുന്നു."
"എന്നാ അങ്ങനെ ആയ്ക്കോട്ടെ." അമ്മാവന് ഇരിപ്പിടത്തില്‍ നിന്നും അനങ്ങിയിട്ടില്ല ഇതുവരെ.
ഓട്ടോറിക്ഷ കവലയിലെത്തി മെയിന്‍ റോഡിലേക്കു കടക്കുമ്പോള്‍ അയാള്‍ ആ കാഴ്ച കണ്ടു- അശ്വതി റോഡ് മുറിച്ചു കടന്നു വരുന്നു. വണ്ടിയുടെ മുരള്‍ച്ചകേട്ട് അവള് പാളിനോക്കി. വണ്ടിയിലിരിക്കുന്നത് അയാളാണെന്ന് മനസ്സിലായിട്ടാണെന്നു തോന്നുന്നു പെട്ടന്ന് മുഖം തിരിച്ച് അവള് നടന്നുപോയി.
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:27 AM
0
അഭിപ്രായങ്ങള്‍