പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോള്‍ കൃഷ്‌ണന് ദേഹമാസകലം വേദനിക്കുന്നുണ്ടായിരുന്നു. തലേന്ന് താമസിച്ചേയെത്തൂ എന്ന് പറഞ്ഞിരുന്നതിനാല്‍ ആരും ഒന്നും ചോദിച്ചില്ല.
സൗകര്യം കിട്ടുമ്പോള്‍ അശ്വതിയോട് ഉളളുതുറന്നൊന്ന് സംസാരിക്കണമെന്ന് അയാള്‍ തീരുമാനിച്ചു. ഒന്നിച്ചാണ് കോളേജിലേക്ക് പോകുന്നതെങ്കിലും നാട്ടിന്‍പുറത്തെ കണ്ണും കാതുമുളള വഴിയിലൂടെ ഇങ്ങനെയുളള കാര്യങ്ങളൊക്കെ എങ്ങനെ പറഞ്ഞുകൊണ്ടുപോകും എന്ന ചിന്തയാണ് അയാളുടെ മനസ്സിനെ സദാ അലട്ടുന്നത്.
ഹോട്ടലിലെ ബാക്കി കഥ സുനില്‍ പറഞ്ഞറിഞ്ഞു. അവസാനം അവരോട് എഴുന്നേറ്റുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെവിക്കൊണ്ടില്ല. പിന്നെ ബലമായി പറഞ്ഞു വിട്ടത്രെ.
അന്ന് ടോം വൈകിയാണ് എത്തിയത്. കൃഷ്‌ണനെ കണ്ടപ്പോള്‍ അയാള്‍ വട്ടംകയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു, "കൃഷ്‌ണാ, ക്ഷമിക്കണം. വെളളത്തിന്റെ പുറത്ത് ഞാനെന്തൊക്കെയോ കാണിച്ചുകൂട്ടി. ഞാന്‍ പലപ്പോഴും നിന്നെ ഇന്‍സള്‍ട്ടു ചെയ്താണ് സംസാരിച്ചതെന്ന് പിന്നെയാണ് മനസ്സിലായത്".
"ഓ, അതൊക്കെ മറന്നു കളയടാ. നിന്നെ തളളിയിട്ട് പുറത്തിറങ്ങിയപ്പോള്‍ എനിക്കും വിഷമം തോന്നി. എന്തായാലും രണ്ടുപേരുടെയും പ്രശ്നം തീര്‍ന്നല്ലോ. അതുമതി." കൃഷ്‌ണന്‍ പറഞ്ഞു.
സ്നേഹബന്ധങ്ങള്‍ ഒന്നുകൂടി വലിച്ചുമുറുക്കി കെട്ടപ്പെട്ടതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.
ആ വെളളിയാഴ്‌ച കൃഷ്‌ണന്‍ വീട്ടില്‍ പോയില്ല, പെരിഞ്ചേരിയില്‍ തന്നെ കൂടി.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഊണും കഴിച്ച് അയാള്‍ വെറുതെ കിടക്കുകയായിരുന്നു. അപ്പോഴാണ് അശ്വതിയുടെ വരവ്. എന്തോ പുസ്തകങ്ങളൊക്കെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട്. സംശയം ചോദിക്കാനാവും എന്ന് അയാള്‍ ഊഹിച്ചു.
"കൃഷ്ണേട്ടാ, ഈ വെക്ടര്‍ ആള്‍ജിബ്രയിലെ കുറച്ച് പ്രോബ്ലംസ് ചെയ്യാന്‍ സഹായിക്കാമോ?"
"പിന്നെന്താ, ഏതൊക്കെയാണ്?"
അശ്വതി ടെക്സ്റ്റുബുക്ക് തുറന്നു. അതില്‍ കുറെ കണക്കുകളുടെ നേരെ അടയാളപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞുകൊടുത്തവയെല്ലാം അവള്‍ മനസ്സിലാക്കുന്നുണ്ട്, കുറെ നേരം എടുക്കുമെന്നു മാത്രം.
അശ്വതി കണക്കുചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ടോം പറഞ്ഞ കാര്യം കൃഷ്‌ണന്റെ ഓര്‍മ്മയില്‍ വന്നത്. ഉടനെ അശ്വതിയോട് അതിനെപ്പറ്റി ചോദിച്ചു കളയാമെന്ന് അയാള്‍ തന്നെ തീരുമാനിച്ചു.
"അശ്വതിയോട് ഒരു കാര്യം ചോദിക്കാന്‍ പോവാണ്. നേര് പറഞ്ഞേ തീരൂ". കൃഷ്‌ണന്‍ തമാശമട്ടില്‍ തുടങ്ങി.
"അങ്ങനെയാവട്ടെ തിരുമനസ്സേ". അശ്വതി ആര്‍ക്കും വിട്ടുകൊടുക്കാറില്ല.
"അശ്വതി റിന്‍സിയോട് എന്തെങ്കിലും പറഞ്ഞിരുന്നോ?"
"ഹൊ, ഇതാണോ ആനക്കാര്യമെന്നമട്ടില്‍ ചോദിക്കാന്‍ വന്നത്? ഞാന്‍ റിന്‍സിയോട് എന്തെല്ലാം കാര്യങ്ങള്‍ പറയാറുണ്ട്."
"എന്നെപ്പറ്റി എന്തെങ്കിലും.........?"
"കൃഷ്ണേട്ടനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ റിന്‍സിയോട് പറഞ്ഞിട്ടുണ്ട്".
"ഓ, അപ്പോള്‍ ഭയങ്കര കൂട്ടാണല്ലോ. എന്നിട്ട് അവള്‍ പറഞ്ഞു നടക്കുന്നത് എന്താണെന്നറിയാമോ?"
"നമ്മള്‍ തമ്മില്‍ ഇഷ്‌ടമാണെന്നായിരിക്കും, കൃഷ്ണേട്ടന് ഭയം തോന്നുന്നുണ്ടോ?"
അശ്വതി അങ്ങനെ പറയുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആ ചോദ്യം അയാള്‍ അശ്വതിയോട് ചോദിക്കേണ്ടതായിരുന്നല്ലോ.
അശ്വതി മുഖം കുനിച്ചിരിക്കുകയാണ്. വികാരക്ഷോഭത്തില്‍ പെട്ടന്നങ്ങനെ പറഞ്ഞുപോയതായിരിക്കും അവള്‍.
"അശ്വതി, എനിക്ക് നിന്നെ ഇഷ്‌ടമാണ്. അത് ഇവിടെ വന്നശേഷം എനിക്ക് തോന്നിയതൊന്നുമല്ല. നാം ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പ്രേമത്തിലാണെന്ന് പുറത്തുളളവരറിയുമ്പോള്‍ പല രീതിയിലായിരിക്കും ചിന്തിക്കുക. എനിക്ക് അനുഭവമുണ്ടായിക്കഴിഞ്ഞു", അയാള്‍ അശ്വതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"അപ്പോള്‍ ഞാന്‍ പുറത്തുവച്ചു കണ്ടാല്‍ മുഖംവെട്ടിച്ച് നടക്കണമെന്ന്, അല്ലേ?"
അതിന് ഉത്തരം കൊടുക്കാന്‍ സാധിച്ചില്ല അയാള്‍ക്ക്.
അശ്വതിയുടെ മനസ്സ് മനസ്സിലാക്കാന്‍ ഇനിയും തനിക്ക് കഴിഞ്ഞിട്ടില്ല. താന്‍ അവളുടെ മൃദുലവികാരങ്ങളെ ഉണര്‍ത്തി വിട്ടിരിക്കുന്നു. പക്ഷേ, തനിക്ക് ഒരു രക്ഷകര്‍ത്താവിന്റെയോ സംരക്ഷകന്റെയോ നിലയിലേക്കേ എത്താനാവുന്നുളളൂ. അവള്‍ അത് ഇഷ്‌ടപ്പെടുന്നില്ല. അവള്‍ക്ക് വെറുമൊരു കാമുകനെയാണിഷ്‌ടം. തന്നിലെ സന്മാര്‍ഗ്ഗവാദിയുടെ ചിലന്തിക്കണ്ണുകള്‍ തന്റെയും അവളുടെയും ഹൃദയങ്ങള്‍ക്കിടയ്‌ക്ക് വന്‍മതിലുകളെ കാട്ടിത്തരുന്നു. ബന്ധനങ്ങളില്‍ നിന്ന് വിമുക്തമായ മനസ്സിനേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കൂ എന്ന തോന്നലുമുണ്ടായി അയാള്‍ക്ക്. സകലവിധ മുന്‍ധാരണകളില്‍ നിന്നും വിമുക്തി നേടണം. കൃഷ്‌ണന്‍ ചിന്തിച്ചു. അല്ലെങ്കില്‍ ഒരു മഹാപാപം ഏറ്റുവാങ്ങേണ്ടിവരും. ഒരുപക്ഷേ, അശ്വതിയുടെ സ്നേഹം നഷ്‌ടപ്പെടാനും ഇതൊക്കെ ധാരാളമാണ്.
പിറ്റേന്ന് ബസ്‌റ്റോപ്പിലേക്കു പോകുമ്പോള്‍ അശ്വതി മിണ്ടാതെ നടക്കുന്നത് കൃഷ്ണന്‍ ശ്രദ്ധിച്ചു. അശ്വതിയുടെ പെരുമാറ്റത്തിലും അസാധാരണത്വം തോന്നി.
"പിണക്കമാണോ?" കൃഷ്‌ണന്‍ ചോദിച്ചു.
പ്രതികരണമില്ല. മുഖം കുനിച്ച് ഒരേ നടപ്പുതന്നെ.
"അശ്വതിയോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. ഉച്ചയ്‌ക്ക് ഫസ്‌റ്റു് ഫ്ലോറില്‍ ഏതെങ്കിലും ഒഴിവുളള ക്ലാസ്സ് റൂമില്‍ കാണാം".
അശ്വതി അപ്പോഴും ഒരേ നടപ്പായിരുന്നു. പിന്നെ അധികനേരം ഒന്നും മിണ്ടാതെ ഒപ്പം നടക്കാന്‍ കൃഷ്‌ണന് കഴിഞ്ഞില്ല. അയാള്‍ ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് നടന്നു.
ഉച്ചയടുത്തപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവത്തെപ്പറ്റി അയാള്‍ കൂടുതല്‍ ചിന്തിച്ചത്. സമയം പതുക്കെ നീങ്ങിയാല്‍ മതി എന്ന ആശയുണ്ടായി അയാള്‍ക്ക്. പക്ഷേ, പ്രഭാകരന്‍ സാറിന്റെ അറുബോറന്‍ ഫിസിക്സ് ലക്‌ചറിന്റെ നേരത്തുപോലും വാച്ചിന്റെ സൂചികള്‍ അസാധാരണ വേഗതയില്‍ നീങ്ങുന്നതുപോലെ തോന്നി.
ഉത്‌ക്കണ്‌ഠയോടെ കൃഷ്‌ണന്‍ ഒന്നാം നിലയിലേക്കുളള പടവുകള്‍ കയറി. അശ്വതിയെ അവിടെ കണ്ടില്ലെങ്കില്‍?
ചിന്തകള്‍ അയാളുടെ മനസ്സിനെ മഥിക്കുകയായിരുന്നു.
മുകളിലെത്തിയപ്പോള്‍ അശ്വതി റിന്‍സിയോട് സംസാരിച്ചു നില്‌ക്കുന്നതു കണ്ടു. അയാള്‍ക്കാശ്വാസമായി.
കൃഷ്‌ണന്‍ അടുത്തെത്തിയപ്പോള്‍ അവര്‍ സംഭാഷണം നിര്‍ത്തി. രാവിലത്തെ അശ്വതിയുടെ ഗൗരവം ഇപ്പോള്‍ ലജ്ജയായി പരിണമിച്ചെന്നുതോന്നുന്നു.
എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കൃഷ്‌ണന്‍ വലഞ്ഞു. അശ്വതി ചെറിയൊരു പുഞ്ചിരിയോടെ അയാളെന്തു പറയും എന്ന് നോക്കി നില്‍ക്കുകയാണ്.
"തനിക്കു കൂട്ടായല്ലോ. ഞാനിനി താഴേക്കു പോട്ടെ അശ്വതി?" റിന്‍സിയാണ്. ചുണ്ടില്‍ ഒരു കളളച്ചിരിയോടെ അവള്‍ നടന്നകന്നു.
അശ്വതിയുടെ പിണക്കം തീര്‍ന്നോ?" അയാള്‍ ചോദിച്ചു.
"ഇല്ലെങ്കില്‍ ഞാനിവിടെ കാത്തു നില്‍ക്വോ?" ഒരു കൊച്ചുകുട്ടിയുടെ നിഷ്‌ക്കളങ്കത ആ വാക്കുകളില്‍ തുടിച്ചു നിന്നു.
"ഈ സന്ദര്‍ഭത്തിന്റെ പ്രത്യേകത അശ്വതിക്കറിയാമോ?" അയാള്‍ ആ കണ്ണുകളില്‍ ഉറ്റുനോക്കിയപ്പോള്‍ അവള്‍ തലതാഴ്‌ത്തുന്നതു കണ്ടു, എല്ലാം മനസ്സിലാക്കിയെന്നപോലെ.
"ഒരേ വിചാരങ്ങളോടെ ആദ്യമായി നാം ഒത്തുകൂടുന്നത് ഇന്നല്ലേ അശ്വതി?" അപ്പോഴും അവള്‍ ഒരേ നില്‍പാണ്.
"അശ്വതി ചിന്തിക്കുന്നതിന് വിപരീതമായിട്ടാണ് പലപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നത്. അശ്വതി എന്റെ സ്വന്തമാകാന്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ തന്നെ ധാരാളമാണെന്ന് ഞാന്‍ കരുതി. അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ ഇട നല്‍കിയത് അശ്വതിയാണ്. മനസ്സുകള്‍ തമ്മിലുളള ഐക്യം ബന്ധങ്ങള്‍ക്ക് സൃഷ്ടിക്കാനാവില്ല".
"ഓ, മതി വേദാന്തം. ആരൊക്കെയോ പറഞ്ഞു തേയ്മാനം വന്ന വാചകങ്ങളല്ലേ അവ". അശ്വതിയിലെ പഴയ വായാടിപ്പെണ്ണിന്റെ പുനര്‍ജന്മം അയാളില്‍ ആഹ്ലാദം ജനിപ്പിച്ചു. പിന്നെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടു നിന്നു അവര്‍. സംസാരം ദീര്‍ഘിപ്പിക്കാന്‍ വേണ്ടിമാത്രം താന്‍ വിഷയങ്ങള്‍ എടുത്തിടുന്നതുപോലെ തോന്നി കൃഷ്‌ണന്.
സ്നേഹിക്കപ്പെടുന്നതിന്റെ സുഖം ആദ്യമായിട്ടാണ് അയാള്‍ അനുഭവിക്കുന്നത്. അയാളുടെ കൊട്ടിയടയ്ക്കപ്പെട്ടിരുന്ന മനസ്സിന്റെ ജാലകങ്ങള്‍ ഭൂമിയിലെ പച്ചപ്പിലേക്ക് മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. അവയിലൂടെ പറവകള്‍ അകത്തേക്കു കടന്നുവന്ന് എപ്പോഴും ഒച്ചവച്ചുകൊണ്ടേയിരുന്നു .
എല്ലാത്തിനുമൊരു അടുക്കും ചിട്ടയും കൈവന്നപോലെ.
കൃഷ്‌ണന് അശ്വതിയോട് കാര്യമായിട്ടെന്തെങ്കിലും സംസാരിക്കണമെന്നുണ്ടെങ്കില്‍ അതു കോളേജില്‍ വച്ചേ സാധിക്കുകയുളളൂ. സംശയങ്ങള്‍ തീര്‍ക്കാനെന്ന ഭാവേന അശ്വതി ഔട്ട്‌ഹൗസില്‍ എത്താറുണ്ട്. അമ്മാവനോ അമ്മായിയോ എത്തുമെന്ന് ഭയന്ന് പലപ്പോഴും സംസാരം കാര്യമാത്രപ്രസക്തമായിപ്പോകും.
ആദ്യമൊക്കെ അശ്വതിയുമായി സംസാരിക്കുമ്പോള്‍ വീട്ടുകാര്യങ്ങളും കോളേജിലെ വിശേഷങ്ങളും മറ്റുമായിരുന്നു വിഷയങ്ങളായിരുന്നത്. പക്ഷേ, പിന്നീട് ഭാവിയെപ്പറ്റി ഉത്‌ക്കണ്‌ഠയോടെ അശ്വതി സംസാരിക്കുന്നത് കൃഷ്‌ണന്‍ ശ്രദ്ധിച്ചു.
ഒരു ദിവസം അശ്വതി ലജ്ജയോടെ അതുപറഞ്ഞു, "കൃഷ്ണേട്ടന്റെ കോഴ്സ് കഴിയുമ്പോഴേക്കും അച്ഛന്‍ നമ്മുടെ കാര്യം ശരിയാക്കുമായിരിക്കും, അല്ലേ?"
കൃഷ്‌ണന്‍ അപ്പോള്‍ ചിരിച്ചതേയുളളൂ. അയാള്‍ മനസ്സിലോര്‍ത്തു. അമ്മാവന്‍ എന്തു വിചാരത്താലാണാവോ തന്നെ പെരിഞ്ചേരിയിലാക്കിയിരിക്കുന്നത്? ഒരഗതിയുടെ സ്ഥാനമോ, അതോ, മരുമകന്റെ സ്ഥാനമോ? ഒന്നും നിശ്ചയമില്ല. ഒരുപക്ഷേ, അമ്മായി ഈ ബന്ധത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അശ്വതിയെ കൈപിടിച്ചിറക്കിക്കൊണ്ടുവരാന്‍ തക്ക നിലയില്‍ എത്താന്‍ ഉടനെയൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല.
അതൊന്നും ഇപ്പോള്‍ വെറുതെ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്ന് പിന്നെ കൃഷ്‌ണന് തോന്നി.
Sunday, January 28, 2007
അധ്യായം ആറ്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
1:58 AM
Subscribe to:
Post Comments (Atom)
2 comments:
ആകാശത്ത് നിറങ്ങള്‍; ഭൂമിയില്‍ പൂക്കളും പറവകളും -- നോവലിന്റെ ആറാമധ്യായം ഇടുന്നു.
ഇത്ര പെട്ടെന്ന് കൃഷ്ണന്റെ മൂഡ് മാറുമെന്ന് കരുതിയില്ല.
Post a Comment