അന്ന് ക്ലാസ്സ് നേരത്തെ കഴിഞ്ഞു. വേറെ പരിപാടികളൊന്നുമില്ലാതിരുന്നതിനാല്‍ കൃഷ്ണന് കോളജില്‍ നിന്ന് വേഗം മടങ്ങി. പെരിഞ്ചേരിയില്‍ എത്തി, കാപ്പി കുടിച്ച്, ഔട്ട് ഹൗസിലേക്ക് നടക്കുമ്പോള്‍ മുറി അടിച്ചു വാരാനെന്നും പറഞ്ഞ് അമ്മായി അയാളുടെ കൂടെ ചെന്നു. ജോലി ചെയ്യുമ്പോള്‍ പതിവില്ലാത്തവണ്ണം അവര്‍ ഓരോ കാര്യങ്ങള്‍ കൃഷ്ണനോട് ചോദിച്ചുകൊണ്ടിരുന്നു. അശ്വതി വീട്ടില്‍ വന്നുപറയാറുളള കോളേജിലെ കാര്യങ്ങളൊക്കെ പതിവില്ലാത്തവണ്ണം അവര്‍ സംസാരത്തിന് വിഷയമാക്കി.
"കൃഷ്ണന്‍കുട്ട്യേ, അശ്വതിക്കൊരു ആലോചന വന്നിട്ടുണ്ട്", പെട്ടെന്നവര്‍ വിഷയം മാറ്റിക്കൊണ്ടു പറഞ്ഞു.
അപ്രതീക്ഷിതമായി അങ്ങനെയൊരു കാര്യം കേട്ടപ്പോള്‍ അയാളുടെ ഉള്ളിലൂടെ ഒരു കൊളളിയാന് കടന്നുപോയി. ഏതോ പ്രധാനപ്പെട്ട കാര്യം പറയുവാനുള്ള മുഖവുരയായിരിക്കും അമ്മായിയുടെ എങ്ങും തൊടാതെയുള്ള സംസാരമെന്ന് അയാള്‍ക്ക് നേരത്തേ തോന്നിയിരുന്നു.
അതു മറച്ചുവച്ചുകൊണ്ട് അയാള്‍ ചോദിച്ചു, "എവിടന്നാ?"
"എന്റെ കൂട്ടത്തിലൊളളതാ, വെളളാരപ്പിളളീല്".
"ചെറുക്കന് ജോലിയെവിട്യാ?"
"അവന് എന്തിനാ കൃഷ്ണന്‍കുട്ട്യേ ഉദ്യോഗം. നടന്നെത്താന്‍ പറ്റാത്തത്രൊളള പറമ്പിലെ ഓരോ തെങ്ങുമ്മെ കട്ടിലിട്ട് കെടക്കാം. അങ്ങന്യാ തേങ്ങ വെളയണെ. ഇവിടെ അവരുടെ പറമ്പിലെ കൊഴിഞ്ഞു വീഴണ തേങ്ങക്കുള്ള കാശിന് വകയില്ല. പിന്നെ കൃഷിയാണെങ്കില്‍ ഒരു പാടം മുഴുവനും അവര്ട്യാ, പോരാത്തതിന് കുത്താനുളള മില്ലും കളോം. ഏറ്റോം എളേതാ അവന്. രണ്ടുപെങ്ങന്മാരുളളവരുടെ കല്യാണം കഴിഞ്ഞു. മൂത്തവനും കെട്ടി."
"ചെറുക്കന് എന്തോരം പഠിച്ചിട്ടുണ്ട്?"
"ഓ, ഞാനത് ഓര്‍ത്തില്യ കൃഷ്ണന്‍കുട്ട്യേ. അവനിപ്പൊ മൈസൂരിലാ പഠിക്കണെ, ഇഞ്ചിനീറിംഗിന്".
അമ്മായിക്ക് സ്വത്തിലാണ് നോട്ടം. മൈസൂരില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്നുവെങ്കില്‍ പൈസ കൊടുത്തായിരിക്കും അഡ്മിഷന് മേടിച്ചു കാണുക. അപ്പോള്‍ മോശപ്പെട്ട പാര്‍ട്ടിക്കാരല്ല ചെറുക്കന്റെ വീട്ടുകാര്‍.
പേരു ചോദിക്കാന്‍ വിട്ടുപോയി. കുഴപ്പമില്ല, രാമന്‍കുട്ടിയോട് ചോദിക്കാം. അമ്മായിയുടെ ബന്ധുക്കളെപ്പറ്റി രാമന്‍കുട്ടിക്ക് നല്ല അറിവാണ്. പെരിഞ്ചേരിയില്‍ എന്തു കാര്യം നടന്നാലും അത് അറിയിക്കാനും മറ്റുമായി എല്ലായിടങ്ങളിലും രാമന്‍കുട്ടിയാണ് പോവുക. ചെയ്യാനൊക്കുമെങ്കില്‍ അമ്മാവന് പോകേണ്ട കാര്യങ്ങള്‍പോലും രാമന്‍കുട്ടിയെ ഏല്പിക്കും. യാത്ര ചെയ്യുന്ന കാര്യത്തില്‍ അമ്മാവന് അശേഷം താല്പര്യമില്ല. പോരാത്തതിന് പുഴ കടന്നുവേണം അമ്മായിയുടെ സ്വന്തക്കാര് അധികമുളള വെളളാരപ്പിളളിയിലേക്ക് പോകാന്‍. അമ്മാവന് വഞ്ചിയില്‍ കയറാന്‍ ഭയങ്കര പേടിയാണ്. പെട്ടിയിലകപ്പെട്ട എലിയെപ്പോലെയാണ് വഞ്ചിക്കുളളിലെ അമ്മാവന്റെ പെരുമാറ്റമെന്ന് അമ്മായി പറയാറുണ്ട്.
തേടിയ വളളി കാലില്‍ ചുറ്റി. സന്ധ്യക്ക്, കുളിക്കാന്‍ കൃഷ്ണന് പമ്പിനടുത്തെത്തിയപ്പോള് രാമന്‍കുട്ടിയെ കണ്ടു. അശ്വതിക്ക് കണ്ടുവെച്ചിട്ടുളള ചെറുക്കനെപ്പറ്റിയുളള സൂചനകള്‍ കൃഷ്ണന് കൊടുത്തപ്പോള്‍ തന്നെ രാമന്‍കുട്ടിക്ക് ആളെ മനസ്സിലായി.
ചെറുക്കന്റെ പേര് വിനയന് എന്നാണ്. അമ്മായി പറഞ്ഞകാര്യങ്ങള്‍ ഏതാണ്ടെല്ലാം ശരിയായിരുന്നു. ബി.എസ്സ്.സ്സിയും കഴിഞ്ഞ് വിനയന് മൈസൂര്‍ക്ക് പഠിക്കാന്‍ പോയിട്ട്, രാമന്‍കുട്ടി കണക്കുകൂട്ടി നോക്കിയപ്പോള്‍, ഏതാണ്ട് ആറുകൊല്ലമായി.
നേരാംവണ്ണം പഠിക്കുകയാണെങ്കില്‍ നാലുകൊല്ലം കൊണ്ട് എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കാം. അപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്നു തീര്‍ച്ച. ഇടയ്ക്ക് തോറ്റിട്ടുണ്ടാവും. നാടും വീടും വിട്ടുനില്ക്കുകയല്ലേ; ഇഷംപോലെ പണവും. ഉഴപ്പാനുളള വഴികളൊക്കെ അവിടെ ധാരാളം കാണും. വീട്ടുകാര്‍ക്ക് ധനസ്ഥിതിയുണ്ടെങ്കിലും ഇത്ര വലിയ പഠിത്തത്തിനൊക്കെ തറവാട്ടില്‍ നിന്ന് ഒരാള്‍ പോകുന്നത് ആദ്യമായിട്ടാണ്. വീട്ടുകാരെ എന്തെങ്കിലുമൊക്കെ പറഞ്ഞുധരിപ്പിച്ച് വിനയന് രക്ഷപ്പെടുന്നുണ്ടാവും. കൃഷ്ണന് അങ്ങനെയോരോന്ന് ചിന്തിച്ചുപോയി.
കുളികഴിഞ്ഞ് കൃഷ്ണന് പെരിഞ്ചേരിയിലേക്ക് നടക്കുമ്പോള്‍ രാമന്‍കുട്ടി ചോദിച്ചു, "പിളള എന്തേ ഈ വിശേഷങ്ങളൊക്കെ ചോദിക്കാന്‍?"
"ഒന്നൂല്ല. വെറുതെ."
"ഒന്നും എന്നോട് മറയ്ക്കണ്ട. എനിക്കെല്ലാം അറിയാം. ഉളളുതുറന്ന് അമ്മാവന് എന്തെങ്കിലും പറയണത് എന്നോട് മാത്രാ. അമ്മാവനൊളേളാടത്തോളം കാലം പിളള ഒന്നുകൊണ്ടും പേടിക്കണ്ട. എന്തെങ്കിലും പെരിഞ്ചേരിയില്‍ നടക്കുന്നുണ്ടേല്‍ അത് അമ്മാവന്റെ ഇഷ്ടത്തിനൊത്തേ ഉണ്ടാകൂ".
രാമന്‍കുട്ടി കൃഷ്ണനോടൊപ്പം നേരെ ഔട്ഹൌസിലേക്ക് ചെന്നു. വളരെ നേരം അവര്‍ കുടുംബകാര്യങ്ങള്‍ സംസാരിച്ചിരുന്നു. പെരിഞ്ചേരിയുമായി ബന്ധമുളള എല്ലാ തറവാടുകളുടെയും ചരിത്രം രാമന്‍കുട്ടിക്കറിയാം; ആ കുടുംബങ്ങളിലെ ചിദ്രങ്ങളുടേതടക്കം.
പുതിയ വിശേഷങ്ങളെല്ലാം കോളേജില്‍ വച്ച് കൃഷ്ണന് അശ്വതിയോടു പറഞ്ഞു. പക്ഷേ, പ്രശ്നങ്ങളുടെ ഗൗരവം അവള് തീരെ മനസ്സിലാക്കുന്നില്ല. അച്ഛനെ അശ്വതിയ്ക്ക് വളരെ വിശ്വാസമാണ്. അദ്ദേഹമുളളപ്പോള്‍ നാമെന്തിന് ഭയപ്പെടണം എന്നാണ് അവള് കൃഷ്ണനോട് ചോദിക്കുന്നത്. ഈയിടെ അമ്മ തന്നോട് വിനയേട്ടനെപ്പറ്റി സംസാരിക്കാറുണ്ടെന്ന് അശ്വതി പറഞ്ഞു. ഒരുപക്ഷേ, വിനയന്റെ കോഴ്സ് കഴിഞ്ഞിട്ടുണ്ടാവും. അതായിരിക്കും അമ്മായിയുടെ തിടുക്കത്തിലുളള ഇത്തരം നീക്കങ്ങളുടെയൊക്കെ ഉദ്ദേശം; കൃഷ്ണന് ഊഹിച്ചു.
മഴ കൊണ്ടുപിടിച്ചിരിക്കുന്നതിനാല്‍ നഗരത്തില്‍ ചുറ്റിക്കറങ്ങാനോ, കടല്ക്കരയിലെ പാറക്കെട്ടില്‍ കൂടിയിരുന്ന് വാചകമടിക്കാനോ, പാര്‍ക്കില്‍ പോകാനോ ഒന്നും ഈയിടെ കൃഷ്ണന് സാധിക്കാറില്ല. ആകെ അയാള്‍ ചെയ്യുന്നത് ടോമിന്റെയും സുനിലിന്റെയും കൂടെപോയി പുതിയ സിനിമകള്‍ കാണുകയാണ്.
രണ്ടാംവര്‍ഷം പ്രൊഫസ്സര്‍ ഡാനിയേല്‍ റോഡ്രിഗ്സ് ക്ലാസ്സെടുക്കാനുണ്ടായിരുന്നു. പ്രീഡിഗ്രി കോളേജിലെ നീലകണ്ഠശര്‍മ്മ സാറിന്റെ ക്ലാസ്സുകള്‍ക്കുശേഷം ഇത്ര നല്ല ഗണിതശാസ്ത്ര ക്ലാസ്സില്‍ ഇരിക്കാന്‍ ആദ്യമായാണ് അയാള്‍ക്ക് സാധിക്കുന്നത്. പ്രീഡ്രിഗ്രിയുടേതിനെക്കാള്‍ ഗഹനങ്ങളായ കാര്യങ്ങള്‍ ചര്ച്ചചെയ്യപ്പെട്ടിരുന്നതുകൊണ്ട് ആ ക്ലാസ്സിലിരിക്കുവാന്‍ കൃഷ്ണന് വലിയ ഉത്സാഹമായിരുന്നു.
തന്റേതായ ഒരു കാഴ്ചപ്പാടോടെയാണ് പ്രഫസ്സര്‍ ഡാനിയേല്‍ ഗണിതശാസ്ത്രത്തെ സമീപിക്കുന്നതെന്ന് കുറെ ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന് മനസ്സിലായി. കുറെ സിദ്ധാന്തങ്ങളും സമവാക്യങ്ങളും ഗണിതപ്രക്രിയകളും മാത്രം മനസ്സിലാക്കി വച്ചിട്ടുളള ഒരാളല്ല അദ്ദേഹം. ക്ലാസ്സില്‍ ചര്‍ച്ചയ്ക്കെടുക്കുന്ന ഗണിതശാസ്ത്രസിദ്ധാന്തങ്ങള്‍, ഭൗതികലോകത്ത് അവയ്ക്കുള്ള പ്രയോഗങ്ങളെയും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കാറുളളത്; പ്രത്യേകിച്ചും വെക്ടര്‍ കാല്‍ക്കുലസ്സ് പോലെ ഭൗതികനിയമങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഗണിതശാസ്ത്രമേഖലകളിലെ സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍. ഗണിതശാസ്ത്രപ്രശ്നങ്ങള്‍ യാന്ത്രികമായി ചെയ്തു തീര്‍ക്കുക എന്ന പതിവിനേക്കാള്‍, ആസ്വാദ്യകരമായ അനുഭവങ്ങളാക്കി മാറ്റി അദ്ദേഹം തന്റെ ലക്ചറുകള്‍. സിലബസില്‍ ഇല്ലാത്ത കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ചിലര്‍ മുറുമുറുത്തെങ്കിലും പ്രഫസര്‍ ഡാനിയേലിനോട് അത് നേരെ പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ സഹാധ്യാപകര്‍ക്കോ ധൈര്യം ഉണ്ടായിരുന്നില്ല.
ഗണിതശാസ്ത്രത്തിന്റെ ഉയര്‍ന്ന മേഖലകളിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ സിദ്ധാന്തങ്ങളും അവയുടെ പ്രൂഫുകളും പഠിക്കേണ്ടതായി വന്നു. അപ്പോഴൊക്കെ പ്രഫസ്സര്‍ ഡാനിയേല്‍ അവ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തിനെത്തി. സാധ്യമാണെങ്കില്‍, ടെക്സ്റ്റുകളില്‍ കൊടുത്തിട്ടുളളതിനേക്കാള്‍ ലളിതമായ പ്രൂഫുകള്‍ തേടിപ്പിടിക്കുകയോ, എഴുതിയുണ്ടാക്കുകയോ ചെയ്യുമായിരുന്നു. അതിന്റെ ഓരോ സ്റ്റെപ്പും കുറച്ചുപേര്‍ക്കെങ്കിലും ക്ലാസ്സില്‍ മനസ്സിലായിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
അങ്ങനെ നേരെ മാര്‍ഗ്ഗത്തിലൂടെ പോയാല്‍ വളരെ ദൈര്‍ഘ്യമുള്ള ഒരു പ്രൂഫ് ചെറുതാക്കി, ഒരിക്കല്‍ അദ്ദേഹം ക്ലാസ്സില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രൂഫിന്റെ അവസാനഭാഗത്ത് എന്തോ ഒരു പാകപ്പിഴയുളളതുപോലെ തോന്നി കൃഷ്ണന്. അയാള്‍ ചോദിച്ചു, "സര്, ഹരിക്കുമ്പോള്‍ ന്യൂമറേറ്ററിലും ഡിനോമിനേറ്ററിലും സീറോ വന്നാല്‍ ഇന്‍ഡിറ്റര്‍മിനേറ്റ് ഫോം ആവില്ലേ? പിന്നെ സാറെന്താണ് അതിന്റെ ഫലം സീറോ എന്ന് എഴുതിയിരിക്കുന്നത്?"
"കൃഷ്ണകുമാര്‍ അവിടെ ഇരിക്കൂ. നിങ്ങളിലാരാണ് ആ ചോദ്യം ചോദിക്കുന്നതെന്ന് ഞാന്‍ നോക്കുകയായിരുന്നു. പ്രൂഫിന്റെ അവസാനഘട്ടത്തിലെ ഈ ഡിവിഷനില്‍ ന്യൂമറേറ്ററിലെ വില സീറോ ആണല്ലോ. പക്ഷേ, ഡിനോമിനേറ്ററിന്റെ വില വളരെ കൃത്യമായി പറഞ്ഞാല്‍ സീറോ അല്ല. അതു് സീറൊക്ക് വളരെ അടിത്താണെന്നേയുള്ളൂ. ഞാനൊരു ഉദാഹരണം പറഞ്ഞ് അതു വ്യക്തമാക്കാം. ആലുവയില്‍ നിന്ന് കുറച്ച് ദൂരെ താമസിക്കുന്നവര്‍ അകലെ ദേശങ്ങളില്‍ ചെന്നാല്‍ ആലുവാക്കാരെന്നേ പറയൂ. അവിടങ്ങളില്‍ വച്ച് അങ്ങനെ പറയുന്നതില്‍ തെറ്റുമില്ല. പക്ഷേ, ആലുവായുടെ ഹൃദയഭാഗത്തുചെന്നു നിന്ന് അവര്‍ അങ്ങനെ അവകാശപ്പെട്ടാല്‍ അത് തെറ്റാകില്ലേ. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ന്യൂമറേറ്റര്‍ സീറോ ആണ്. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഡിനോമിനേറ്റര്‍ സീറോ അല്ല. ഒരു വലിയ സംഖ്യയായിട്ടാണ് അതിനെ താരതമ്യം ചെയ്തതെങ്കില്‍ അത് സീറോ ആയേനെ. അങ്ങനെ ന്യൂമറേറ്ററിന്റെ ആപേക്ഷികമായ വില സീറോ ആയതിനാല്‍ ഡിവിഷന്റെ ഫലം സീറോ ആണെന്നു നമുക്കു പറയാം".
പ്രൂഫിപ്പോള്‍ അയാളുടെ മുമ്പില്‍ തെളിനീരുപോലെ കിടക്കുന്നു. അതിന്നടിയില് എന്തൊക്കെയുണ്ടെന്ന് നോക്കിക്കാണാവുന്നതേയുള്ളു. കൃഷ്ണന് ചിന്തിച്ചു.
ക്ലാസ്സ് കഴിഞ്ഞപ്പോള്‍ പ്രഫസ്സര്‍ ഡാനിയേല്‍ കൃഷ്ണനെ ഡിപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചു.
എങ്ങുമെങ്ങും കൂട്ടിമുട്ടാത്ത കുറെ ധാരണകളുമായാണ് ഉച്ചയ്ക്ക് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയാള്‍ നടന്നത്. അനുവാദം ചോദിച്ചിട്ട് പ്രഫസ്സറിന്റെ മുറിയിലേക്കു കടന്നു. അദ്ദേഹം എന്തോ വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. കൃഷ്ണനെ കണ്ടയുടനെ ചിരിച്ചു.
"സര്, എന്നോട് വരാന്‍ പറഞ്ഞത്...........?"
"കൃഷ്ണകുമാര്‍ ഇരിക്കൂ. പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല വിളിപ്പിച്ചത്. തന്റെ ഇന്നത്തെ ചോദ്യം എനിക്ക് വളരെ ഇഷപ്പെട്ടു. മാത്തമാറ്റിക്സ് എന്തെന്ന് കുട്ടികളില്‍ പലരും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. അവര്‍ തിയറികളും പ്രൂഫുകളും വിഴുങ്ങുകയാണ്. താന്‍ ആ കൂട്ടത്തിലല്ല എന്നാണ് ഇന്നെനിക്ക് തോന്നിയത്. നമ്മുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ചെറിയ ഒരു ലൈബ്രറി ഉണ്ട്. കൂടുതല്‍ വല്ലതും അറിയണമെന്നുണ്ടെങ്കില്‍ അവിടെ റഫര്‍ ചെയ്യാം. വീട് എവിടെയാണ്? ചോദിക്കാന്‍ വിട്ടുപോയി".
കൃഷ്ണന് എല്ലാം പറഞ്ഞു. അദ്ദേഹം ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. തന്നില്‍ അദ്ദേഹത്തിന് ഇത്ര താല്പര്യമുണ്ടാകാന് എന്തായിരിക്കും കാരണമെന്നോര്ത്തു് കൃഷ്ണന് അത്ഭുതപ്പെട്ടു.
സംസാരിക്കുന്നതിനിടയില്‍ ആഗ്നസിനെ പരിചയപ്പെട്ടകാര്യം അയാള്‍ പറഞ്ഞു. അവളുടെ അങ്കിളാണ് പ്രഫസ്സര്‍ ഡാനിയേലെന്ന് പരിചയപ്പെട്ട ദിവസം ആഗ്നസ് പറഞ്ഞത് അയാള്‍ക്ക് ഓര്‍മയുണ്ടായിരുന്നു.
അതുപറഞ്ഞപ്പോള്‍ എന്തോ ആലോചിച്ചിട്ടെന്നപോലെ അദ്ദേഹം സംസാരം പൊടുന്നനെ നിര്‍ത്തി.
പിന്നെ അദ്ദേഹം വളരെ പതുക്കെ പറഞ്ഞു, "ഹെലന് രണ്ടുവയസ്സുളളപ്പോഴാണ് എന്റെ മാര്‍ഗരറ്റ് ഞങ്ങളെ വിട്ടുപോയത്; മൂന്നുകൊല്ലം മുമ്പ്. പിന്നെ ഹെലനെ നോക്കിയതും ശുശ്രൂഷിച്ചതുമെല്ലാം ആഗ്നസായിരുന്നു. ഹെലന് ഈ വര്‍ഷം സ്കൂളില്‍ ചേര്‍ന്നപ്പോഴാണ് ആഗ്നസ് വീട്ടിലേക്ക് തിരിച്ചുപോയത്. ആഗ്നസ് എന്റെ സിസ്റ്ററുടെ മകളാണ്".
കൃഷ്ണന് അവയെല്ലാം പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. ഇത്ര ഹൃദയം തുറന്ന് എല്ലാ കാര്യങ്ങളും സംസാരിക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ് അയാള്‍.
"കൃഷ്ണന്, തനിക്ക് ഒഴിവുളളപ്പോഴൊക്കെ വീട്ടിലേക്കു വരൂ. താനവിടെ വെറുതെ ഇരിക്കുകയല്ലേ".
പുതിയ അനുഭവങ്ങള്‍ നിറഞ്ഞുകവിയുന്ന മനസ്സുമായി കൃഷ്ണന് പുറത്തേക്കിറങ്ങി. സ്നേഹത്തിന്റെ ഊഷ്മളത രാസപ്രക്രിയയെന്നപോലെ തന്റെ പ്രവൃത്തികളെപ്പോലും ത്വരിതഗതിയിലാക്കുന്നതായി അയാള്‍ അറിഞ്ഞു.
Tuesday, February 06, 2007
അധ്യായം എട്ട്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
11:49 PM
2
അഭിപ്രായങ്ങള്‍
Subscribe to:
Posts (Atom)