Tuesday, January 23, 2007

അധ്യായം നാല്

അമ്പലക്കുളത്തില്‍ കുളിക്കാതെ ആദ്യമായാണ്‌ കൃഷ്ണന്‍ കോളേജിലേക്ക്‌ പോകുന്നത്‌. രാവിലെ ഒന്നു നീന്തിക്കുളിച്ച്‌; ഈറന്‍ മാറി; പടിക്കല്‍ നിന്നുതന്നെ തൊഴുത്‌; പിന്നെ ക്ലാസ്സിലേക്ക്‌ പോകാന്‍ പ്രത്യേക സുഖമാണ്‌. വയലുകളുണ്ടെങ്കിലും പെരിഞ്ചേരിക്കടുത്ത്‌ കുളിക്കാന്‍ പറ്റിയ കുളങ്ങളില്ല. പക്ഷേ, പമ്പുളളതുകൊണ്ട്‌ കുളി വേഗം കഴിക്കാം.

ഒരുക്കം കഴിഞ്ഞ്‌ കൃഷ്ണന്‍ പെരിഞ്ചേരിയിലേക്കു നടക്കുമ്പോള്‍ പുതിയൊരു പ്രശ്നം അയാളുടെ മനസ്സില്‍ ഉടക്കിക്കിടന്നു. അശ്വതിക്കും കാലത്തുതന്നെ പോകണം കോളേജിലേക്ക്‌; ഒരേ സമയത്താണ് ക്ലാസ്സ് തുടങ്ങുന്നത്. ഇനി മുതല്‍ ഒന്നിച്ചു പോകേണ്ടി വരുമോയെന്ന വിചാരം അയാളെ അലട്ടി. വരുന്നതുവരട്ടെ എന്ന്‌ പിന്നെ അയാള്‍ മനസ്സില്‍ കരുതുകയും ചെയ്തു.

പെരിഞ്ചേരിയില്‍ എത്തിയപ്പോള്‍ അവിടെ കാപ്പിയും പലഹാരവും തയ്യാറായി ഇരുപ്പുണ്ടായിരുന്നു. ഇളം തവിട്ടു നിറത്തിലുളള നല്ലരിപ്പുട്ടും, തൊലി കറുത്തു തുടങ്ങിയ ഞാലിപ്പൂവന്‍ പഴവും, പിന്നെ നല്ലവണ്ണം പാലൊഴിച്ചുണ്ടാക്കിയ കാപ്പിയും. തനിക്കുവേണ്ടി ഉണ്ടാക്കിയതാവും - കൃഷ്ണന്‍ വിചാരിച്ചു. അമ്മാവന്‌ കാലത്ത്‌ കഞ്ഞി കുടിക്കാതെ പറ്റില്ല. കാപ്പി കുടിക്കുമ്പോള്‍ അമ്മായി ഔട്ട്‌ഹൌസില്‍ അസൌകര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിച്ചു. അമ്മാവനെ എങ്ങും കാണുന്നില്ല. കാലത്തേതന്നെ പാടത്തേക്കു പോയിട്ടുണ്ടാവും.

അശ്വതി എവിടെയാണാവോ? പുറത്തു കാണുന്നില്ല. കാപ്പി കഴിക്കുമ്പോഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടയ്‌ക്കിടെ നാലുപാടും പരതി. ആലോചിച്ചിരിക്കെ അവള്‍ കടന്നുവന്നു. ഒരുങ്ങുകയായിരുന്നെന്നു തോന്നുന്നു. കോളേജിലേക്കുളള വേഷത്തിലാണ്‌. പാവാടയും ബ്ലൌസുമാണ്‌ അണിഞ്ഞിട്ടുളളത്‌. നല്ല യോജിപ്പുളള നിറം. കൃഷ്ണന്‍ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നുപോയി. പിന്നെ അമ്മായി അടുത്തെങ്ങുമില്ലല്ലോ എന്നോര്‍ത്ത്‌ സമാധാനിച്ചു.

"പുട്ടിന്‌ രുചിയുണ്ടോ?" ഒരു ചോദ്യവുമായി അവള്‍ കാലത്തേ തന്നെ വന്നിരിക്കുന്നു. നല്ല മറുപടി കൊടുക്കണമെന്നു തോന്നി അയാള്‍ക്ക്‌.

"അത്‌ ചോദിക്കാന്‍ പുട്ട്‌ ഉണ്ടാക്കിയോര്‍ക്കല്ലേ അവകാശം".

"എന്നാലും എനിക്കു തന്ന്യാ അവകാശം. കാലത്ത്‌ എഴുന്നേറ്റ്‌ ഉണ്ടാക്കീത്‌ ഞാനാ".

"അതുശരി. ഈ കായ പഴുക്കാന്‍ വച്ചതാരാ?"

"എന്താ?"

"പഴത്തിന്‌ നല്ല രുചി. അതിനും അവിടുത്തെ കരസ്പര്‍ശം ഏറ്റിരിക്കും, അല്ലേ?"

അശ്വതി ചിരിച്ചുകൊണ്ട്‌ അവിടെനിന്നും പോയി.

ചുറുചുറുക്കുളള കൈകളും പ്രസന്നവദനവുമാണ്‌ അശ്വതിയുടെ സൌന്ദര്യം എന്ന്‌ അയാളോര്‍ത്തു. ഭക്ഷണം കഴിഞ്ഞ്‌, അമ്മായിയോട്‌ യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുറത്ത് അശ്വതി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വലിയ തലവേദന ഒഴിവായല്ലോ എന്നോര്‍ത്ത്‌ കൃഷ്ണന്‍ ആശ്വസിച്ചു. അശ്വതിക്കുവേണ്ടി കാക്കേണ്ടിവന്നില്ല. തന്റെ കൂടെ പോയാല്‍ മതി എന്ന്‌ അമ്മാവനോ അമ്മായിയോ അശ്വതിയോട്‌ പറഞ്ഞിട്ടുണ്ടാവും. അല്ലാതെ അവളിങ്ങനെ കാത്തുനില്‍ക്കാനിടയില്ല. ഒന്നിച്ചു നടക്കുമ്പോള്‍ അങ്ങനെയോരോ ആലോചനകള്‍ അയാളുടെ മനസ്സിലേക്കു കടന്നുചെന്നു. ഇനിയിപ്പോള്‍ ആളുകള്‍ക്ക്‌ കുറെനാള്‍ പറയാന്‍ ഒരു വിഷയമായി.

"ദേ, ശങ്കരന്‍ നായര്‌ അനന്തരവനെ കൊണ്ടുവന്നു താമസിപ്പിച്ചേക്കണു. മോക്ക്‌ ഒര്‌ ആളായി. അന്യ വീട്ടില്‍ കഴിച്ചാ സമ്പാദിച്ചതൊക്കെ വല്ലോനും കൊണ്ടോയി തിന്നൂലേ. അല്ലേലും ശങ്കരന്‍ നായര്‌ ബുദ്ധിയുളേളാനാ".

എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണെന്നു തോന്നി അയാള്‍ക്ക്‌.

അശ്വതിയോട്‌ കോളേജിലെ വിശേഷങ്ങള്‍ തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചു. അശ്വതി നല്ലൊരു ശ്രോതാവുമാണ്‌. പക്ഷേ, രസം കെടുത്തുന്ന പല വിഡ്‌ഢിച്ചോദ്യങ്ങളും ഇടയ്‌ക്കു ചോദിക്കുമെന്നു മാത്രം. എന്തെങ്കിലും തിരിച്ചു പറയണമല്ലോ എന്നോര്‍ത്തു ചെയ്യുന്നതാവും.

കവലയിലെത്തിയപ്പോള്‍ നാരായണന്‍നായരുടെ കണ്ണുകള്‍ വിടരുന്നതു കണ്ടു. വെറുതെ ചിരിച്ചു.

ബസ്സിറങ്ങി കോളേജിലേക്കു നടക്കുമ്പോള്‍ അയാള്‍ അശ്വതിയോടൊപ്പം വേറെ പെണ്‍കുട്ടികളെയും കണ്ടു. അവരോടൊപ്പം പോവുകയാണെന്ന്‌ അശ്വതി കണ്ണുകൊണ്ട്‌ കാട്ടി.

കോളേജിലേക്ക്‌ ബസ്സ്‌ റൂട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം നടക്കണം. പ്രശസ്തമായ ഒരു കമ്പനിയുടെ സ്വകാര്യ വഴിയെയാണ്‌ കോളേജിലേക്ക്‌ പോകേണ്ടതും. റോഡിന്നിരുവശങ്ങളിലും വാകമരങ്ങള്‍ വളര്‍ന്നു നില്‌ക്കുന്നു. അതിന്റെ ചെറിയ ഇലകളില്‍ മഴവെളളത്തുളളികള്‍ തങ്ങി നിന്ന്‌ വെളളിപോലെ വെയിലില്‍ തിളങ്ങി. ധാരാളം പേര്‍ പോകുന്നുണ്ടെങ്കിലും പരിചയമുളള ഒരു മുഖം പോലും കാണാനില്ല. അശ്വതിയും കൂട്ടരും റോഡിന്നപ്പുറത്തുവശം ചേര്‍ന്നാണ്‌ പോകുന്നത്‌. കൃഷ്ണന്‍ ഒരു തവണ അങ്ങോട്ടു നോക്കിയപ്പോള്‍ അവള്‍ തന്നെ നോക്കി കൂടെയുളള പെണ്‍കുട്ടികളോട്‌ എന്തൊക്കെയോ പറയുന്നത്‌ കണ്ടു. അയാള്‍ നടപ്പിന്‌ വേഗത കൂട്ടി. അപ്പുറത്തു നടക്കുന്നവരുടെ ചിരിയും നോട്ടവുമെല്ലാം സഹിച്ച്‌ ഒറ്റയ്‌ക്കു നടക്കാനാവുന്നില്ല അയാള്‍ക്ക്‌.

പുതിയ ബിരുദവിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കോളേജില്‍ ചടങ്ങൊരുക്കിയിരുന്നു. ഫാ. ചില്ലിക്കൂടന്‍ ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങി; കുറെ കഴിഞ്ഞപ്പോള്‍ അത് മലയാളത്തിലാക്കി. കോളേജിന്റെ ചരിത്രം മുതലാണ്‌ അദ്ദേഹം പറഞ്ഞത്‌. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ വന്നതും അതിന്റെ സ്മരണയ്‌ക്ക്‌ ആ കോളേജ്‌ സ്ഥാപിച്ചതുമൊക്കെ. പിന്നെ ഓരോ ഡിപ്പാര്‍ട്ട്‌മെന്‍്‌റുകളിലെ പ്രധാന അദ്ധ്യാപകരെയും മറ്റും പരിചയപ്പെടുത്തി.

ഉച്ചയ്‌ക്കു മുമ്പുതന്നെ ചടങ്ങ്‌ അവസാനിച്ചു. കൃഷ്ണന്‍ ഹാളിനു വെളിയിലെത്തിയപ്പോള്‍ ടോണിയെ കണ്ടു. പ്രീഡിഗ്രിക്ക്‌ ഒപ്പം പഠിച്ചതാണ്‌. ഒരേ ക്ലാസ്സിലായിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല അവര്‍. നൂറിനടുത്ത്‌ കുട്ടികളുണ്ടായിരുന്ന ആ പ്രീഡിഗ്രി ക്ലാസ്സില്‍ എല്ലാവരോടും അടുത്തുബന്ധപ്പെടാന്‍ സാധ്യമല്ലായിരുന്നു. പക്ഷേ അന്യനാട്ടില്‍ വച്ചു കാണുമ്പോള്‍ നേരിയ പരിചയമേയുളളൂ എങ്കിലും അത്‌ വലിയ സുഹൃത്‌ബന്ധമായി വളരുമല്ലോ. ടോണിയോടൊപ്പം കൃഷ്ണന്‍ കോളേജാകെ നടന്നു കണ്ടു. ഇങ്ങോട്ടുതന്നെ വരാന്‍ കഴിഞ്ഞതില്‍ അയാള്‍ക്ക്‌ സന്തോഷം തോന്നുകയും ചെയ്തു.

ക്ലാസ്സിലെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത്‌ പിറ്റേന്നാണ്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എണ്ണത്തില്‍ ഏതാണ്ട്‌ തുല്യമായിരുന്നു. ആകെ മുപ്പതു പേരോളം. ക്ലാസ്സിലുളള പലര്‍ക്കും തന്നോടുവന്നു പരിചയപ്പെടാന്‍ ബുദ്ധിമുട്ടുളളതുപോലെ അനുഭവപ്പെട്ടു കൃഷ്ണന്‌. പ്രായവ്യത്യാസമാവും ആ അകല്‍ച്ചയുടെ കാരണം.

പക്ഷേ, സുനിലുമായി വളരെ പെട്ടെന്ന്‌ ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. സംസാരത്തിനിടയ്‌ക്ക്‌ പലപ്പോഴും താനും സുനിലും ഒരേ രീതിയില്‍ ചിന്തിക്കുന്നതുപോലെ തോന്നി അയാള്‍ക്ക്‌. രണ്ടുപേര്‍ക്കും ഒരുപോലെ താല്‍പര്യമുളള വിഷയങ്ങള്‍ ധാരാളമുണ്ടായിരുന്നു. സുനില്‍ നല്ലൊരു സാഹിത്യാസ്വാദകനും കലാകാരനുമാണ്‌. സുനിലിന്റെ വീട്‌ അടുത്താണ്‌. അവന്റെ കഥയും രസമുളളതായിരുന്നു. ആദ്യതവണ പ്രീഡിഗ്രി എഴുതിയപ്പോള്‍ ഇംഗ്ലീഷിനു തോറ്റുപോയി. സെപ്തംബര്‍ പരീക്ഷയ്‌ക്ക്‌ വാശിയോടെ കുത്തിയിരുന്ന്‌ പഠിച്ചു. വിധി അവിടെയും സുനിലിന്‌ എതിരായാണ്‌ നിന്നത്‌, ടൈഫോയ്‌ഡിന്റെ രൂപത്തില്‍. അടുത്ത അവസരം വന്നപ്പോഴേക്കും പാഠപുസ്തകങ്ങളെല്ലാം മാറിയിരുന്നു. അതുവരെ പഠിച്ചതെല്ലാം വെറുതെയായപ്പോള്‍ അയാള്‍ നിരാശനായി. ചേട്ടന്‌ ബോംബെയില്‍ ബിസ്സിനസ്സുണ്ട്‌. ചേട്ടനെ സഹായിക്കാനെന്നും പറഞ്ഞ്‌ അങ്ങോട്ടു വണ്ടി കയറി. രണ്ടുവര്‍ഷത്തോളം അവിടെയായിരുന്നു. ചേട്ടന്റെ നിര്‍ബന്ധപ്രകാരം തിരിച്ചുപോന്ന്‌, ട്യൂട്ടോറിയലില്‍ ചേര്‍ന്ന്‌ പഠിച്ച്‌ പിന്നെ ഇംഗ്ലീഷ്‌ എഴുതിയെടുത്തു. മാര്‍ക്ക്‌ അധികമൊന്നും ഉണ്ടായിരുന്നില്ല. ഫാ. ചില്ലിക്കൂടനെ ആദ്യം മുതലേ അറിയുമായിരുന്നത്രേ. അങ്ങനെ മാനേജുമെന്റ്‌ ക്വോട്ടയില്‍ ബി.എസ്സ്‌സിക്കു സീറ്റു കിട്ടി.

ദിവസങ്ങള്‍ പൊഴിയുമ്പോള്‍ ആ സുഹൃത്‌ബന്ധം ദൃഢമാവുകയായിരുന്നു. അതിന്നിടയ്‌ക്കാണ്‌ അവരുടെ ഇടയിലേക്ക്‌ വേറൊരാള്‍കൂടി കടന്നുവന്നത്‌- ടോം കുര്യാക്കോസ്‌. ഒരു പ്രത്യേക സാഹചര്യമായിരുന്നു ആ മൂന്നാമന്റെ വരവിന്‌ വഴിയൊരുക്കിയത്‌. ഒരു ദിവസം സുനിലുമൊത്ത്‌ കൃഷ്ണന്‍ നില്‌ക്കുമ്പോഴായിരുന്നു ടോമിന്റെ വരവ്‌. നല്ല ഉയരവും കട്ടിമീശയുമുളള ചെറുപ്പക്കാരന്‍. ക്ലാസ്സില്‍ കണ്ടു പരിചയമില്ലാത്തതുപോലെ തോന്നി. അപ്പോഴാണ്‌ ടോം ബി.എസ്സ്സി മാത്‌സിന്റെ ക്ലാ‍സ്സ്‌ അന്വേഷിക്കുന്നത്‌. വൈകി ചേര്‍ന്നതാണത്രേ. താമസം അടുത്തുളള ഒരു ലോഡ്‌ജിലും. ടോം രസികനാണ്‌. ഏതു കാര്യത്തിലും തമാശ കണ്ടെത്തുന്നതില്‍ പ്രത്യേക വിരുതുണ്ട്‌. സുഹൃത്‌വലയം മൂന്നു പേരുളളതായിത്തീരാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

മഴയുടെ സമയം നോക്കിയാണ്‌ കോളേജിലേക്ക്‌ ടോമിന്റെ വരവ്‌. ക്ലാസ്സ്‌ സമയത്തിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ മഴ തുടങ്ങിയിട്ടില്ലെങ്കില്‍, ഒരു മണിക്കൂര്‍ മുമ്പുതന്നെ ടോം കോളേജിലെത്തിയിട്ടുണ്ടാവും. അല്ലെങ്കില്‍ മഴ തോര്‍ന്നിട്ട്‌, അതെപ്പോഴായാലും, ആ നേരത്തേ അയാള്‍ ക്ലാസ്സിലെത്തൂ.

മാത്തമാറ്റിക്സ്‌ ഒരു പേപ്പര്‍ മാത്രമേ ആദ്യവര്‍ഷം ഉളളൂ. ബാക്കിയെല്ലാം ഉപവിഷയങ്ങളും ഭാഷകളും ആണ്‌. ക്ലാസ്സുകളെല്ലാം നിലവാരം പുലര്‍ത്തുന്നവയായിരുന്നു, സീനിയര്‍ പ്രഫസ്സര്‍മാര്‍ ക്ലാസ്സ്‌ എടുത്തിരുന്നില്ലെങ്കിലും.

പ്രീഡിഗ്രിക്കു പഠിച്ചിരുന്നപ്പോഴത്തേക്കാള്‍ അധികസമയം താന്‍ പുറംലോകവുമായി ഇടപഴകുന്നുണ്ടെന്ന്‌ കൃഷ്ണന്‌ മനസ്സിലായി. വീട്ടിലേക്കാള്‍ സ്വാതന്ത്ര്യമുണ്ട്‌. പെരിഞ്ചേരിയില്‍ സന്ധ്യകഴിഞ്ഞു ചെന്നാലും ആരും ഒന്നും ചോദിക്കാറില്ല. അമ്മാവനും അതൊരിക്കല്‍ സംസാരത്തിനിടെ സൂചിപ്പിച്ചു. "സ്വന്തം കാര്യം നോക്കാനുളള ത്രാണിയായില്ലേ. അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ പിറകെ നടക്കേണ്ട കാര്യമില്ല ഇനി." വീട്ടിലായിരുന്നപ്പോള്‍ കുറച്ചു സമയം തെറ്റിയാല്‍പ്പോലും അമ്മ വഴിയിലേക്ക്‌ നോക്കി കാത്തിരിക്കും. അതുകൊണ്ട്‌ കഴിയുന്നതും നേരത്തേ ചെല്ലാന്‍ ശ്രമിച്ചിരുന്നു അന്നൊക്കെ. വെളളിയാഴ്‌ച വൈകുന്നേരം മിക്കവാറും വീട്ടിലേക്കായിരിക്കും നേരേ പോവുക. അമ്മ പ്രത്യേകം പലഹാരമെന്തെങ്കിലും ഉണ്ടാക്കി വച്ച്‌ കാത്തിരിപ്പുണ്ടാകും. പെരിഞ്ചേരിയിലേക്ക്‌ പോകാന്‍ ഞായറാഴ്‌ച വൈകുന്നേരം തയ്യാറെടുക്കുമ്പോള്‍ ഒരു പൊതി കൂടി ഏല്‍പിക്കും. മിക്കവാറും കായയോ ചക്കയോ വറുത്തതായിരിക്കും അതില്‍. പെരിഞ്ചേരിയില്‍ അവയൊന്നും കിട്ടാത്ത വസ്തുക്കളല്ല എന്ന്‌ അമ്മക്കറിയാം; എന്നാലും അമ്മ അങ്ങനെയാണ്‌.

3 comments:

G.Manu said...

ഞാലിപ്പൂവന്‍ പഴം പോലെ മധുരമുള്ള വായന


jeevitharekhakal.blogspot.com

ശാലിനി said...

എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്. നന്നായിട്ടുണ്ട്.

കഥയിലേക്ക് വായനക്കാരേയും കൂട്ടി പോകുന്നതുപോലെ.

സുധി അറയ്ക്കൽ said...

നല്ലാതാണു.